(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)
Thursday, August 29, 2013
ജീവിതപ്പാത
(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)
Sunday, June 30, 2013
പ്രഭാതം
Saturday, June 29, 2013
പ്രണയം.
Friday, November 18, 2011
വര്‍ണ്ണ ശകലങ്ങള്‍
ചുറ്റും കാണുന്ന കാഴ്ച്ചകള്‍ , അലസനിമിഷങ്ങളില്‍ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലാം അപ്പപ്പോള്‍ താളില്‍ പകര്‍ന്നപ്പോള്‍:
1. പെയ്തു തോര്‍ന്ന മഴയില്‍ കുളിച്ചു തുവര്‍ത്തി തിളങ്ങുന്ന പച്ചപ്പട്ടു പരവതാനിയില്‍ അങ്ങിങ്ങായി കൊളുത്തി വെച്ച കൊച്ചു ചിരാതുകള്‍ പോലെ മഞ്ഞ പൂക്കള്‍ വിടര്‍ന്നു നില്ക്കുന്നു...
2. ജനലില്‍ക്കൂടി നോക്കുമ്പോള്‍ ചുറ്റുപാടും തളിര്‍ത്തും പൂത്തും നില്ക്കുന്ന മരങ്ങള്‍ക്കിടയില്‍ രണ്ടു മരങ്ങള്‍ മാത്രം ഉണങ്ങി പൊട്ടിത്തെറിച്ച് അവശേഷിച്ച കായ്ത്തൊണ്ടുകളും പേറി നിര്‍ജീവമായി നില്ക്കുന്നതെന്തേ എന്ന ആശ്ചര്യത്തിലായിരുന്നു ഞാന്‍. ഹാവൂ!അവയിലും കുഞ്ഞുതളിരുകള്‍ കൂമ്പി വരുവാന്‍ തുടങ്ങിയിരിക്കുന്നു.
3. പടഹ ഘോഷ്ങ്ങളില്ല, മിന്നല്പിണരുകളില്ല, മഴ നൂലുകള്‍ മാനത്തു നിന്നും പൊഴിയുന്നു.
4. മൂന്നു കിളികള്‍ ഒത്തൊരുന്മിച്ചു
ധാന്യ മണികള്‍
ഒന്നൊന്നായി കൊത്തിയെടുത്തു
തത്തി തത്തി പാറിയിറങ്ങി
5. അച്ചടക്കത്തോടുകൂടിയും , വരിതെറ്റാതെയും , ഭാരം ചുമന്നും. എതിരെ വരുന്നവരോടു കുശലം പറഞ്ഞും ധൃതിയില്‍ ദൂരേ ദൂരേക്കു...
6. ശാന്തമായി പരന്നു കിടക്കുന്ന വിണ്‍കടലില്‍ തോണിക്കാരനില്ലാതെ അലസം നീങ്ങുന്ന ഒരു വെണ്മുകില് തോണി.
7. മന്ദ്രമധുരമായി ശ്രുതിശുദ്ധമായി ത്രിസ്ഥാനങ്ങളില്‍ തൊട്ടു ഓംകാരധ്വനി ഒഴുകിപരക്കുന്നു.
8. സാന്ധ്യാകാശം സിന്ദ്ദൂരച്ഛവി പൂണ്ടുനില്ക്കുന്നു. ഗേറ്റിനുമുകളിലെ കമ്പിയില്‍ നാലഞ്ചു കുഞ്ഞിപ്പക്ഷികള്‍ പലവഴിയായി പറന്നെത്തി. തമ്മില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണോ?അതിലൊന്നു പെട്ടെന്നുഒരു നിമിഷം മൌനമായി ഇരുന്നു വേഗത്തില്‍ പറന്നു പോയി. കൂട്ടില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞുമക്കളെ ഓര്‍ത്തിരിക്കാം.
9. ഉമ്മറത്തു തൂക്കിയ കുടമണി കിലുങ്ങിയപ്പോള്‍ അതിഥിയാരെന്നു അറിയാന്‍ ഓടിച്ചെന്നു. വിശിഷ്ടാതിഥി തന്നെ. നിറപ്പകിട്ടും നീളന്‍ വാലുമുള്ള സുന്ദരന്‍ കിളി ജിജ്ഞാസയോടെ മണിനാക്കില്‍ കെട്ടിയ ചരടു കൊക്കുകൊണ്ടാഞ്ഞു വലിക്കുകയാണു.
10. ജനിച്ചനിമിഷം മുതല്‍ വേര്‍പിരിയാത്ത കൂട്ടുകാരി! എനിക്കു ചുറ്റും വലയം തീര്‍ത്തു അലയാനാണല്ലോ നിന്റ്റെ നിയോഗം. എന്നിലെ ചൈതന്യം നശിച്ചാല്‍ , തിരി കെട്ടാല്‍ നിനക്കു മോചനമായി.
Friday, October 21, 2011
ഒരുകുട്ടിപ്പാട്ട്
പച്ചിലച്ചാറ്ത്തിന്നിടയില്‍ മിന്നും
വെള്ളിപ്പൂക്കള്‍ കൊഴിഞ്ഞല്ലോ
ചില്ലകള്‍തോറും നീളന്‍ കായകള്‍
തോരണമണിഞ്ഞു നില്പ്പല്ലോ
പിന്മുറ്റത്താ മരവും നോക്കി
നിശ്ചലയായി ഇരിപ്പൂ ഞാന്‍
തത്തി തത്തിയടുത്തെത്തീ കലപില-
ചിലച്ചൊരു കിളിപ്പൈതല്‍
എന്തേയിങ്ങനെ ഇരിപ്പൂ മൌനം
മാനവും നോക്കി കിളീയാരാഞ്ഞു
കൌതുകമോടെ സ്വാഗതമോതി
നിര്‍ഭയമണയും കിളിയോടായ് ഞാന്‍
ഒരുപിടി ധാന്യം കയ്യിലെടുത്തു
കിളിക്കുമുന്നില്‍ വിതറീ ഞാന്‍
മണികളോരോന്നായ് കൊത്തിയെടുത്തു
ചാരത്തെത്തീ കിളീക്കുഞ്ഞു
നന്ദിയെഴുന്നൊരു മിഴികളുയറ്ത്തി
യാത്ര പറഞ്ഞു കിളിക്കുഞ്ഞു
നേരം മങ്ങീ സന്ധ്യയണഞ്ഞൂ
നാളെക്കാണാമെന്നോതീ
വന്നതുപോലേ മന്ദം മന്ദം
വാനിലുയറ്ന്നൂ കിളിക്കുഞ്ഞു!
Friday, November 12, 2010
ദാഹജലം
Friday, September 24, 2010
ഓണം- കാലങ്ങളിലൂടെ
ഇക്കൊല്ലവും ഞങ്ങളുടെ വായനശാലയിലെ വനിതാവിഭാഗം ഓണം കേമമായി ആഘോഷിക്കുകയുണ്ടായി. വിശിഷ്ടാതിഥികളെ ക്ഷണിച്ചു. കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, പൂവിടല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സംഘാംഗങ്ങള്‍ സ്വന്തം വീടുകളില്‍ പാകം ചെയ്തു കൊണ്ടു വന്ന ഓണവിഭവങ്ങള്‍ വിളംബിയ സദ്യയോടുകൂടിയാണ് ആഘോഷം സമാപിച്ചത്.കൂട്ടത്തില്‍ സംഘാംങ്ങളുടെ സൃഷ്ടികള്‍ ചേര്‍ത്ത് ഒരു വിശേഷാല്‍പ്രതിയും ഒരുക്കി. അതിലേക്കു എന്തെങ്കിലും ഒന്നെഴുതണമെന്ന ആവശ്യം വന്നപ്പോള്‍ എന്തു വേണം എന്ന ആലോചനയിലായി. വിഷയം ഓണം തന്നെയാകുന്നതാണ് ഭംഗി എന്ന അഭിപ്രായവും കൂടി ആയപ്പോള്‍ ഒരുചുറ്റുമതില്‍ക്കെട്ടിനുള്ളില്‍പ്പെട്ടതുപോലെയും ആയി.അങ്ങിനെ എന്റെ പഴയ ഓണക്കാലത്തേക്കു മനസ്സിനെ ഒന്നു പിന്നോക്കം നടത്താമെന്നു കരുതി.
എന്റെ കുട്ടിക്കാലത്ത് ഓണം തീര്‍ത്തും ഒരു ഗാര്‍ഹികാഘോഷമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഉത്സവം തന്നെയായിരിക്കും. പൂവിടല്‍, മാതേവരെ വെക്കല്‍, ഓണസദ്യ എല്ലാംപതിവാണ്. എന്റെ കുട്ടിക്കാലം മിക്കവാറും ഞാന്‍ ചെറിയമ്മയുടേയും കുടുംബത്തിന്റെയും കൂടെയായിരുന്നു. അമ്മമ്മയും ഉണ്ട്. ചെറിയമ്മയ്ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അവരുടെ മകള്‍ തന്നെയാണ് അന്നും ഇന്നും. ചെറിയമ്മയുടെ അഞ്ച് ആണ്മക്കള് .എല്ലാവരും എന്നില്‍ താഴെ. ഒന്നാമത് മൂത്ത പെണ്‍കുട്ടി, പിന്നെ താഴെയുള്ളവരെയെല്ലാം നോക്കേണ്ട ചുമതലയും. ,കുട്ടിക്കളിയും ബഹളംവെപ്പും ഒന്നും അനുവദനീയമല്ല. എങ്കിലും സഹോദരന്മാരോടൊത്തു പൂക്കള്‍ പറിക്കാനും, പൂവിടാനും ഒക്കെ ഉത്സാഹമായി കൂടാറുണ്ട്. വിശാലമായ തൊടിയില്‍ തന്നെ ധാരാളം പൂക്കള്‍ ഉള്ളതുകൊണ്ടു പൂവിനു ക്ഷാമം തീരെയില്ല. ഓരോദിവസവും മാറിമാറി പല വലുപ്പത്തിലും ആകൃതിയിലും പൂവിടുന്നതു വലിയ ആഹ്ലാദമായിരുന്നു. തൃക്കാക്കരാപ്പനെ വെക്കും. ഇതിനെല്ലാം വലിയ ഉത്സാഹത്തോടെ ചെറിയമ്മയും ഒപ്പമുണ്ടാകും. സദ്യ കേമം തന്നെയാകും. വീട്ടുപണിക്ക് അകത്തും , പുറത്തും സഹായിക്കുന്നവര്‍ക്കു സദ്യ നല്‍കും. താമസം തൃപ്പൂണിത്തുറയിലായിരുന്നു. അവിടത്തെ അത്തച്ചമയ ഘോഷയാത്ര പ്രസിദ്ധമാണല്ലൊ.പടിക്കല്‍ കൂടീ കടന്നു പോകുന്ന ഘോഷയാത്ര കാണാന്‍ ഞങ്ങളും ചെന്നു നില്ക്കും. ഓണപ്പുടവയെപ്പറ്റി ഓര്‍മിക്കത്തക്കതായി ഒന്നുമില്ല. അമ്മമ്മയും , ചെറിയമ്മയും , ഞാനും മാത്രമാണു സ്ത്രീപ്രജകള്‍ എന്നതുകൊണ്ട് കൈകൊട്ടിക്കളിയുടേയും പ്രസക്തിയില്ല.
അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം!. വളരെ വിരളമായ അവസരമായിരുന്നു അത്. പൂവിടലോ, മാതേവരെ വെക്കലോ ഒന്നും പതിവില്ല. സദ്യയും ഓണപ്പുടവയും തീര്‍ച്ചയായും ഉണ്ട്. കേരളത്തിലെ ഒരു പ്രസിദ്ധ ആയുര്‍വേദ സ്ഥാപനത്തില്‍ പ്രധാന വൈദ്യനായിരുന്നു എന്റെ അച്ഛന് . വൈദ്യശാല ഇന്നത്തെയത്ര ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നില്ല അന്ന്. അതുകൊണ്ടുതന്നെ വൈദ്യശാല ഞങ്ങളുടെ വീടും , ജീവനക്കാര്‍ കുടുംബാംഗങ്ങളും എന്നപോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാവര്ക്കും മുതിര്‍ന്ന കാരണവര്‍ അച്ഛന് തന്നെ. എന്തെങ്കിലും കാരണം കൊണ്ടു ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത ജീവനക്കാരേയും , അച്ഛന്റെ കീഴില്‍ വൈദ്യം പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒക്കെ ക്ഷണിച്ചു എല്ലാവര്ക്കും ഓണസദ്യ നല്കുന്ന പതിവു ഉണ്ടായിരു ന്നു. നടപ്പുരയില്‍ ഇലകള്‍ ഇട്ട് എല്ലാവരേയും ഇരുത്തി വിഭവങ്ങള്‍ വീണ്ടും വീണ്ടും വിളംബിച്ച്, തമാശകളും , പൊട്ടിച്ചിരികളുമായി ഊട്ടുന്ന അച്ഛന്റെ രൂപം ഇന്നും മനസ്സില്‍ സജീവമായി നില്‍ക്കുന്നുണ്ട്. എനിക്കു ഓര്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള ഓണസംകല്‍പ്പവും ഇതുതന്നെയാണ്. നിറങ്ങളും , പകിട്ടും ഒക്കെ ഭ്രമിപ്പിക്കുന്ന ആ പ്രായത്തില്‍ ഓണപ്പുടവയായി കിട്ടാറുള്ളത് ഇണപ്പുടവകളാണ്. അതില്‍ വലിയ ആവേശമൊന്നും തോന്നിയിരുന്നില്ല.
ഇന്നത്തെ പെണ്‍കുട്ടികള്‍ കോളേജ് ജീവിതവുമായി ആഹ്ലാദിക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹിതയായി നാടുവിട്ടു. പിന്നീട് ഓണം ആഘോഷിക്കുന്നതിന്റെ മട്ടു മുഴുവന്‍ മാറി. തിരുവോണം പലപ്പോഴും പ്രവര്‍ത്തിദിവസങ്ങളിലായിരിക്കും വരുന്നത്. അപ്പോള്‍ ഏറ്റവും അടുത്ത ഒരു ഒഴിവുദിവസമായിരിക്കും ഓണം ആഘോഷിക്കുന്നത്. സദ്യയൊരുക്കി സുഹൃത്തുക്കളെയൊക്കെ വിളിച്ചു ഒന്നിച്ച് ഓണം ആഘോഷിക്കാറുണ്ട്. അന്നേക്കു ഓണം ഗൃഹാന്തരീക്ഷത്തില്‍ നിന്നും കുറേശ്ശയായി പുറത്തേക്കു കടക്കാന്‍ തുടങ്ങിയിരുന്നു.
പിന്നീട് ഊരുചുറ്റലൊക്കെ കഴിഞ്ഞ് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള് ഞങ്ങളുടെ ഓണം വിവാഹിതയായ മകളുടെ കൂടെയായി. സ്വന്തമായി നടത്തിവരുന്ന ഒരു ആയുര്‍വേദ ഏജെന്സി മൂന്നാലു ദിവസം അടച്ചിടാന്‍ അപ്പോഴാണ് സൌകര്യം എന്ന നിലയ്ക്ക് മകളുടെ അടുത്തേക്കു പോകാന്‍ ആ അവസരം ഉപയോഗിക്കുകയാണ് പതിവ്. തമിഴ്നാട്ടില്‍ ആയതുകൊണ്ട് അവിടെയും ഓണം പ്രവര്‍ത്തിദിവസംതന്നെ. എങ്കിലും മരുമകന് അവധിയെടുക്കും. . ഓണവിഭവങ്ങളൊക്കെ ഒരുക്കി അവര്‍ രണ്ടുപേരും കൂടി അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ കൊണ്ടുപോയി കൊടുക്കും. മരുമകന്റെ അമ്മയും അമ്മമ്മയും ഒക്കെ അവിടെത്തന്നെയാണ്. അവര്‍ മുറ്റത്ത് പൂവിടാറുണ്ട്. മാതേവരെ വെക്കാറുണ്ട്.
ഇങ്ങിനെ പല ഘട്ടങ്ങളില്‍ പലതരത്തില്‍ ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഇന്ന് ഓണം സംഘടനകള്‍, വായനശാലകള്‍ തുടങ്ങി ഒരു സമൂഹം ചേര്‍ന്നു ആഘോഷിക്കുന്നു. നല്ലതുതന്നെ. വീടുകളില്‍ മിക്കവാറും എല്ലാവരും T.V. യുടെ മുന്പിലായിരിക്കും. പൂവിടല്‍, കൈകൊട്ടിക്കളി തുടങ്ങിയവയെല്ലാം ചാനലുകാര് നടത്തിക്കോളും. വിശേഷിച്ച് പുതിയ സിനിമകള്‍ , നടീ നടന്മാരുടെ അഭിമുഖം അങ്ങിനെ വേറെയും. ഓണസദ്യയ്ക്കു അങ്ങിനെയൊരു സൌകര്യമില്ലെന്നു വിഷമിക്കാനില്ല. വിഭവസ്മൃദ്ധമായ ഓണസദ്യ ഏറ്റെടുത്തു വിളംബുന്നവര്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമാണ്.
കാലം മാറുന്നതിനനുസരിച്ചു മറ്റെല്ലാകാര്യങ്ങളേയും പോലെ അഘോഷരീതികളും മാറാതെ തരമില്ല. ആഘോഷങ്ങളെല്ലാം മനുഷ്യര്‍ക്ക് ദു:ഖം മറന്നു ആഹ്ലാദിക്കാനുള്ള അവസരങ്ങളാണ്. പ്രത്യേകിച്ചും ഓണക്കാലം, മാനുഷരെല്ലാം ഒന്നിച്ചു ഒരുമയോടെ ആഹ്ലാദിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഈ ഓണക്കാലം വൈരാഗ്യവും , സ്പര്‍ദ്ധയും, വെറുപ്പും ഒക്കെ മാറ്റിവെച്ചു എല്ലാവിധ വേറുവിത്യാസങ്ങളും ഉപേക്ഷിച്ച് എല്ലാവരുമൊരുമിച്ച് നമുക്ക് ഉല്ലസിക്കാം.

