Friday, November 12, 2010

ദാഹജലം

ശുഷ്കിച്ചു നീണ്ടൂള്ള കൈകള്‍ വിരിച്ചു
ദാഹാര്‍ത്തമായാലസ്യമാര്‍ന്നു മങ്ങീ
നിശ്ശബ്ദമായ്,നിര്‍വികാരമായ് നില്‍ക്കുന്നൂ
ചില്ലയൊന്നിറുന്നുവീഴുവാനൊരുങ്ങി


മൃദുസാന്ത്വനമൊന്നു കാതില്‍ മന്ദമായ്
മൊഴിയുവാനില്ലൊരു തളിര്‍ക്കുരുന്നുപോലും
ചെറുകാറ്റിലൂടെത്തും മര്‍മ്മരങ്ങളായ്
കേള്‍ക്കുവാനില്ലൊരു ചെല്ലച്ചിരിയൊച്ചയും


ഇറ്റുനീരിനായ് തേടി തലങ്ങും വിലങ്ങുമായ്
നനവറ്റ ഭൂമിയിലലയുന്നു വേരുകള്‍
അഗാധമാം ഉള്‍ത്തളങ്ങളിലെങ്ങോ
ആണ്ടൂപോയ് ധാത്ത്രിതന്‍ വാത്സല്യപീയുഷം


താതനാം കര്‍മസാക്ഷിതന്‍ കിരണങ്ങള്‍
ശിരസ്സിന്മുകളിലെരിയുന്നു ക്രുദ്ധമായ്
ക്രൂരമീദണ്ടനമെന്തിനെന്നറിയാതെ
വേപഥു പൂണ്ടു നില്‍ക്കുന്നൊരുമാമരം.

Friday, September 24, 2010

ഓണം- കാലങ്ങളിലൂടെ

ഇക്കൊല്ലവും ഞങ്ങളുടെ വായനശാലയിലെ വനിതാവിഭാഗം ഓണം കേമമായി ആഘോഷിക്കുകയുണ്ടായി. വിശിഷ്ടാതിഥികളെ ക്ഷണിച്ചു. കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, പൂവിടല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സംഘാംഗങ്ങള്‍ സ്വന്തം വീടുകളില്‍ പാകം ചെയ്തു കൊണ്ടു വന്ന ഓണവിഭവങ്ങള്‍ വിളംബിയ സദ്യയോടുകൂടിയാണ് ആഘോഷം സമാപിച്ചത്.കൂട്ടത്തില്‍ സംഘാംങ്ങളുടെ സൃഷ്ടികള്‍ ചേര്‍ത്ത് ഒരു വിശേഷാല്‍പ്രതിയും ഒരുക്കി. അതിലേക്കു എന്തെങ്കിലും ഒന്നെഴുതണമെന്ന ആവശ്യം വന്നപ്പോള്‍ എന്തു വേണം എന്ന ആലോചനയിലായി. വിഷയം ഓണം തന്നെയാകുന്നതാണ് ഭംഗി എന്ന അഭിപ്രായവും കൂടി ആയപ്പോള്‍ ഒരുചുറ്റുമതില്‍ക്കെട്ടിനുള്ളില്‍പ്പെട്ടതുപോലെയും ആയി.അങ്ങിനെ എന്‍റെ പഴയ ഓണക്കാലത്തേക്കു മനസ്സിനെ ഒന്നു പിന്നോക്കം നടത്താമെന്നു കരുതി.

എന്‍റെ കുട്ടിക്കാലത്ത് ഓണം തീര്‍ത്തും ഒരു ഗാര്‍ഹികാഘോഷമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഉത്സവം തന്നെയായിരിക്കും. പൂവിടല്‍, മാതേവരെ വെക്കല്‍, ഓണസദ്യ എല്ലാംപതിവാണ്. എന്‍റെ കുട്ടിക്കാലം മിക്കവാറും ഞാന്‍ ചെറിയമ്മയുടേയും കുടുംബത്തിന്‍റെ‍യും കൂടെയായിരുന്നു. അമ്മമ്മയും ഉണ്ട്. ചെറിയമ്മയ്ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അവരുടെ മകള്‍ തന്നെയാണ് അന്നും ഇന്നും. ചെറിയമ്മയുടെ അഞ്ച് ആണ്മക്കള്‍ .എല്ലാവരും എന്നില്‍ താഴെ. ഒന്നാമത് മൂത്ത പെണ്‍കുട്ടി, പിന്നെ താഴെയുള്ളവരെയെല്ലാം നോക്കേണ്ട ചുമതലയും. ,കുട്ടിക്കളിയും ബഹളംവെപ്പും ഒന്നും അനുവദനീയമല്ല. എങ്കിലും സഹോദരന്മാരോടൊത്തു പൂക്കള്‍ പറിക്കാനും, പൂവിടാനും ഒക്കെ ഉത്സാഹമായി കൂടാറുണ്ട്. വിശാലമായ തൊടിയില്‍ തന്നെ ധാരാളം പൂക്കള്‍‍ ഉള്ളതുകൊണ്ടു പൂവിനു ക്ഷാമം തീരെയില്ല. ഓരോദിവസവും മാറിമാറി പല വലുപ്പത്തിലും ആകൃതിയിലും പൂവിടുന്നതു വലിയ ആഹ്ലാദമായിരുന്നു. തൃക്കാക്കരാപ്പനെ വെക്കും. ഇതിനെല്ലാം വലിയ ഉത്സാഹത്തോടെ ചെറിയമ്മയും ഒപ്പമുണ്ടാകും. സദ്യ കേമം തന്നെയാകും. വീട്ടുപണിക്ക് അകത്തും , പുറത്തും സഹായിക്കുന്നവര്‍ക്കു സദ്യ നല്‍കും. താമസം തൃപ്പൂണിത്തുറയിലായിരുന്നു. അവിടത്തെ അത്തച്ചമയ ഘോഷയാത്ര പ്രസിദ്ധമാണല്ലൊ.പടിക്കല്‍ കൂടീ കടന്നു പോകുന്ന ഘോഷയാത്ര കാണാന്‍ ഞങ്ങളും ചെന്നു നില്‍ക്കും. ഓണപ്പുടവയെപ്പറ്റി ഓര്‍മിക്കത്തക്കതായി ഒന്നുമില്ല. അമ്മമ്മയും , ചെറിയമ്മയും , ഞാനും മാത്രമാണു സ്ത്രീപ്രജകള്‍ എന്നതുകൊണ്ട് കൈകൊട്ടിക്കളിയുടേയും പ്രസക്തിയില്ല.

അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം!. വളരെ വിരളമായ അവസരമായിരുന്നു അത്. പൂവിടലോ, മാതേവരെ വെക്കലോ ഒന്നും പതിവില്ല. സദ്യയും ഓണപ്പുടവയും തീര്‍ച്ചയായും ഉണ്ട്. കേരളത്തിലെ ഒരു പ്രസിദ്ധ ആയുര്‍വേദ സ്ഥാപനത്തില്‍‍ പ്രധാന വൈദ്യനായിരുന്നു എന്‍റെ അച്ഛന്‍ . വൈദ്യശാല ഇന്നത്തെയത്ര ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നില്ല അന്ന്. അതുകൊണ്ടുതന്നെ വൈദ്യശാല ഞങ്ങളുടെ വീടും , ജീവനക്കാര്‍ കുടുംബാംഗങ്ങളും എന്നപോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാവര്‍ക്കും മുതിര്‍ന്ന കാരണവര്‍ അച്ഛന്‍ തന്നെ. എന്തെങ്കിലും കാരണം കൊണ്ടു ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത ജീവനക്കാരേയും , അച്ഛന്‍റെ കീഴില്‍ വൈദ്യം പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒക്കെ ക്ഷണിച്ചു എല്ലാവര്‍ക്കും ഓണസദ്യ നല്‍കുന്ന പതിവു ഉണ്ടായിരു ന്നു. നടപ്പുരയില്‍ ഇലകള്‍ ഇട്ട് എല്ലാവരേയും ഇരുത്തി വിഭവങ്ങള്‍ വീണ്ടും വീണ്ടും വിളംബിച്ച്, തമാശകളും , പൊട്ടിച്ചിരികളുമായി ഊട്ടുന്ന അച്ഛന്‍റെ രൂപം ഇന്നും മനസ്സില്‍ സജീവമായി നില്‍ക്കുന്നുണ്ട്. എനിക്കു ഓര്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള ഓണസംകല്‍പ്പവും ഇതുതന്നെയാണ്. നിറങ്ങളും , പകിട്ടും ഒക്കെ ഭ്രമിപ്പിക്കുന്ന ആ പ്രായത്തില്‍ ഓണപ്പുടവയായി കിട്ടാറുള്ളത് ഇണപ്പുടവകളാണ്. അതില്‍ വലിയ ആവേശമൊന്നും തോന്നിയിരുന്നില്ല.

ഇന്നത്തെ പെണ്‍കുട്ടികള്‍ കോളേജ് ജീവിതവുമായി ആഹ്ലാദിക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹിതയായി നാടുവിട്ടു. പിന്നീട് ഓണം ആഘോഷിക്കുന്നതിന്‍റെ മട്ടു മുഴുവന്‍ മാറി. തിരുവോണം പലപ്പോഴും പ്രവര്‍ത്തിദിവസങ്ങളിലായിരിക്കും വരുന്നത്. അപ്പോള്‍ ഏറ്റവും അടുത്ത ഒരു ഒഴിവുദിവസമായിരിക്കും ഓണം ആഘോഷിക്കുന്നത്. സദ്യയൊരുക്കി സുഹൃത്തുക്കളെയൊക്കെ വിളിച്ചു ഒന്നിച്ച് ഓണം ആഘോഷിക്കാറുണ്ട്. അന്നേക്കു ഓണം ഗൃഹാന്തരീ‍ക്ഷത്തില്‍ നിന്നും കുറേശ്ശയായി പുറത്തേക്കു കടക്കാന്‍ തുടങ്ങിയിരുന്നു.

പിന്നീട് ഊരുചുറ്റലൊക്കെ കഴിഞ്ഞ് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ ഞങ്ങളുടെ ഓണം വിവാഹിതയായ മകളുടെ കൂടെയായി. സ്വന്തമായി നടത്തിവരുന്ന ഒരു ആയുര്‍വേദ ഏജെന്‍സി മൂന്നാലു ദിവസം അടച്ചിടാന്‍ അപ്പോഴാണ് സൌകര്യം എന്ന നിലയ്ക്ക് മകളുടെ അടുത്തേക്കു പോകാന്‍ ആ അവസരം ഉപയോഗിക്കുകയാണ് പതിവ്. തമിഴ്നാട്ടില്‍ ആയതുകൊണ്ട് അവിടെയും ഓണം പ്രവര്‍ത്തിദിവസംതന്നെ. എങ്കിലും മരുമകന്‍ അവധിയെടുക്കും. . ഓണവിഭവങ്ങളൊക്കെ ഒരുക്കി അവര്‍ രണ്ടുപേരും കൂടി അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ കൊണ്ടുപോയി കൊടുക്കും. മരുമകന്‍റെ അമ്മയും അമ്മമ്മയും ഒക്കെ അവിടെത്തന്നെയാണ്. അവര്‍ മുറ്റത്ത് പൂവിടാറുണ്ട്. മാതേവരെ വെക്കാറുണ്ട്.

ഇങ്ങിനെ പല ഘട്ടങ്ങളില്‍ പലതരത്തില്‍ ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഇന്ന് ഓണം സംഘടനകള്‍, വായനശാലകള്‍ തുടങ്ങി ഒരു സമൂഹം ചേര്‍ന്നു ആഘോഷിക്കുന്നു. നല്ലതുതന്നെ. വീടുകളില്‍ മിക്കവാറും എല്ലാവരും T.V. യുടെ മുന്‍പിലായിരിക്കും. പൂവിടല്‍, കൈകൊട്ടിക്കളി തുടങ്ങിയവയെല്ലാം ചാനലുകാര്‍ നടത്തിക്കോളും. വിശേഷിച്ച് പുതിയ സിനിമകള്‍ , നടീ നടന്മാരുടെ അഭിമുഖം അങ്ങിനെ വേറെയും. ഓണസദ്യയ്ക്കു അങ്ങിനെയൊരു സൌകര്യമില്ലെന്നു വിഷമിക്കാനില്ല. വിഭവസ്മൃദ്ധമായ ഓണസദ്യ ഏറ്റെടുത്തു വിളംബുന്നവര്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമാണ്.

കാലം മാറുന്നതിനനുസരിച്ചു മറ്റെല്ലാകാര്യങ്ങളേയും പോലെ അഘോഷരീതികളും മാറാതെ തരമില്ല. ആഘോഷങ്ങളെല്ലാം മനുഷ്യര്‍ക്ക് ദു:ഖം മറന്നു ആഹ്ലാദിക്കാനുള്ള അവസരങ്ങളാണ്. പ്രത്യേകിച്ചും ഓണക്കാലം, മാനുഷരെല്ലാം ഒന്നിച്ചു ഒരുമയോടെ ആഹ്ലാദിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഈ ഓണക്കാലം വൈരാഗ്യവും , സ്പര്‍ദ്ധയും, വെറുപ്പും ഒക്കെ മാറ്റിവെച്ചു എല്ലാവിധ വേറുവിത്യാസങ്ങളും ഉപേക്ഷിച്ച് എല്ലാവരുമൊരുമിച്ച് നമുക്ക് ഉല്ലസിക്കാം.

Friday, January 1, 2010

തിരുവാതിര

ധനുമാസത്തില്‍ തിരുവാതിരാ, ഭഗവാന്‍ തന്‍റെ തിരുനാളാണ്

ഭഗവതിയ്ക്കു തിരുനോല്‍മ്പാണ് ഉണ്ണരുത് ഉറങ്ങരുത്-“---


കുളത്തില്‍ സ്ത്രീകളും കുട്ടികളും തുടിച്ചു പാടുന്നു. മനസ്സും ഒന്ന് തുടിച്ചുണര്‍ന്നു. വെളുപ്പാന്‍ കാലത്ത് താടി വിറപ്പിക്കുന്ന തണുപ്പില്‍ കുളത്തില്‍ തുടിച്ചു പാടുന്ന ഈണങ്ങള്‍ , ഊഞ്ഞാലില്‍ ഉയരത്തില്‍ ഉയരത്തില്‍ കുതിക്കുമ്പോഴത്തെ ആഹ്ലാദം, എട്ടങ്ങാടി, പുഴുക്ക്, വറുത്തുപ്പേരി, ഇളനീര്‍, കൂവ വിരകിയത്, പാതിരാപ്പൂ ചൂടല്‍, മംഗല ആതിര ചൊല്ലി ശിവപാര്‍വതിമാരെ സ്തുതിച്ചു, വിസ്തരിച്ച കൈകൊട്ടിക്കളി എല്ലാ ചട്ങ്ങുകളും ഇക്കൊല്ലത്തെ തിരുവാതിരയ്ക്ക് ഞങ്ങള്‍‍ കുറച്ചു പേര്‍ യാഥാര്‍ഥ്യത്തിലേയ്ക്കു മടക്കികൊണ്ടുവന്നു.

ഇന്നു ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം ഉമ്മറത്തെ ചതുരപ്പെട്ടിയിലേയ്ക്കു ചുരുങ്ങിയഇരുക്കുകയാണ‍ല്ലൊ. കുട്ടികള്‍ക്കെല്ലാമൊന്നു യാഥാര്‍ഥ്യത്ത്യമാക്കി കൊടുക്കണമെന്നും, മുതിര്‍ന്നവര്‍ക്ക് പഴയ ഓര്‍മകളിലേയ്ക്കു ഒരു യാത്ര വേണമെന്നും , എല്ലാറ്റിനുമുപരി കൂട്ടായ്മയുടെ ആഹ്ലാദം, നിറഞ്ഞാസ്വദിക്കണമെന്നും ഒരു മോഹം ഉണര്‍ന്നു. അങ്ങിനെയാണ് ഞങ്ങള്‍ ഇങ്ങിനെയൊരു സംരംഭത്തിന്നു തുടക്കമിട്ടത്. ഞങ്ങളുടെ നാട്ടില്‍ പഴക്കമേറിയ, ഇന്നും വളരെ നല്ല നിലയില്‍ നടന്നു പോരുന്ന ഒരു വായനശാലയുണ്ട്. ഈയിടെയായി അതിനോടനുബന്ധിച്ച് ഒരു വനിതാവിഭാഗവും തുടങ്ങിയിരിക്കുന്നു. ഇവരാണു ഈ സംരംഭത്തിന്നു മുതിര്‍ന്നത്. വിവരമറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും അത്യുത്സാഹമായി. വനിതാവിഭാഗം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കേറിയിറങ്ങി എല്ലാവരേയും ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. പഴയ തറവാട്ട് നാലുകെട്ടില്‍ എല്ലാവരും ഒത്തുകൂടി. സ്തീകള്‍ മാത്രമല്ലാ, പുരുഷന്മാരും ഈ ആഘോഷമൊരു അവിസ്മരണീയമായ അനുഭവമാക്കി തീര്‍ക്കാന്‍ ഉത്സാഹത്തൊടെ സഹകരിച്ചു.

പിന്നത്തെ മേളം എന്തു പറയാന്‍!!!!!! മുതിര്‍ന്നവര്‍ക്കെല്ലാം ശാരീരികാസ്വാസ്ഥ്യങ്ങള്‍ പമ്പ കടന്നു. പൂര്‍ണമനസ്സോടെ ഊഞ്ഞാലാടാനും പാട്ടു പാടാനും കാണിച്ച ഉത്സാഹം കണ്ടുനിന്നവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്‍കി. അടുക്കളയില്‍ തകൃതിയായി കൂവ വിരകല്‍, ഉപ്പുമാവുണ്ടാക്കല്‍, അങ്ങിനെ ഒരുവക തിരക്ക്. നടുമുറ്റത്ത് അരിമാവ് അണിഞ്ഞ ആവണപ്പലകള്‍, ശിവപാര്‍വതീചിത്രം, കത്തിച്ച നിലവിളക്കു, ദശപുഷ്പം, പാതിരാപ്പുവ്, അടക്കാമണിയന്‍ തുടങ്ങിയവ ഒരുക്കി. മൂന്നു കൂട്ടാന്‍ (വെറ്റില, അടക്ക, ചുണ്ണാമ്പ്) മറ്റൊരു ദിക്കില്‍. കുട്ടികളെല്ലാം അമിതാവേശത്തില്‍. (പാതിരാപ്പൂവ്, അടക്കാമണിയന്‍ തുടങ്ങിയ ചെടികള്‍ പലര്‍ക്കും അപരിചിതമായിരുന്നു. )

എല്ലാവരും കൂടി കുളത്തില്‍ പ്പോയി തുടിച്ചു പാടി കുളിച്ചു (കുളത്തിലിറങ്ങാന്‍ പറ്റാത്തവര്‍ കരയില്‍ കാഴ്ച്ചക്കാരായി) മടങ്ങിയെത്തി. നടുമുറ്റത്തിറങ്ങി ഒരോരുത്തരായി ആവണപ്പലകയില്‍ ഇരുന്നു, പൂ ചൂടി, മൂന്നും കൂട്ടി മുറുക്കി, മംഗല ആതിര പാടി കളിച്ചു. പാര്‍വതീഭക്തയായ ഒരു കന്യകയ്ക്കു വേളി ദിവസം തന്നെ വൈധവ്യം വന്നു ഭവിച്ചപ്പോള്‍ അവളുടെ ദു:ഖത്തില്‍ മനമലിഞ്ഞ കരുണാമയിയായ പാര്‍വതീദേവി തന്‍റെ പതിയായ മഹേശ്വരനോട് അപേക്ഷിച്ച് തന്‍റെ ഭക്തയ്ക്ക് മാംഗല്യ ഭാഗ്യം തിരിച്ചു നല്‍കുന്നു. ഇതാണ് മംഗല ആതിര എന്ന പാട്ടിന്‍റെ സാരം. ഈ പാട്ടു പാടി സ്തുതിച്ചു സ്ത്രീകള്‍ മാംഗല്യവും, എല്ലാ ശ്രേയസ്സും നേടും എന്നാണു ഫലശ്രുതി. തിരുവാതിരദിവസം സ്ത്രീകള്‍ അരിഭക്ഷണം ഉപേക്ഷിക്കുനു. ഇളനീര്‍, കൂവ തുടങ്ങിയ തണുത്ത വിഭവങ്ങളും , കായ്കനികളുമാണ് കഴിക്കുന്നത്. വരാന്‍ പോകുന്ന വേനലിനെ ചെറുക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്നും പറയാറുണ്ട്. ഇനിയാണു വിസ്തരിച്ച കൈകൊട്ടിക്കളി. തിരുവാതിരയ്ക്കു ഉറക്കമൊഴിക്കണമെന്നതുകൊണ്ട് പുലരുന്നതുവരെയും ആവാം കൈകൊട്ടിക്കളി. (തിരുവാതിരക്കളീ, പാട്ടുപാടിക്കളി എന്നൊക്കെ പ്രാദേശികമായി ഭാഷാഭേദങ്ങള്‍ ഉണ്ട്.)

ഞങ്ങളില്‍ ഈ ആഘോഷങ്ങളുടെ ചുമതലക്കാരില്‍ രണ്ടു പേര്‍ തിരുവാതിരയുടെ പ്രത്യേകതയും , പ്രാധാന്യവും , ആചാരവിധികളും വിവരിച്ചു.
അതിനു ശേഷം നിറഞ്ഞ മനസ്സോടെ എല്ലാവരും പിരിയുകയും ചെയ്തു. അങ്ങിനെ ഇക്കൊല്ലത്തെ തിരുവാതിര സ്മരണയില്‍ പൊന്‍പീലി വിരിയിച്ചു സമാപിച്ചു.