Monday, July 30, 2007

എവിടെ?

ഹൃദയമാകുന്ന വ്രുന്ദാവനത്തില്‍ ജ്ഞാനമാകുന്ന കാളിന്ദി ശാന്തമായി ഒഴുകുന്നു. പക്ഷെ അഹങ്കാരമാകുന്ന കാളിയന്‍ അവിടെയാണല്ലൊ വാസം- ദറ്പ്പമടക്കാന്‍ ഗോപകുമാരന്‍ എത്താത്തതെന്തേ? വേദ, വേദാന്ത ചിന്തകളാകുന്ന ഗോപകള്‍ക്കു അപകടം പിണഞ്ഞാല്‍ ഭഗവാന്‍ ഓടീ എത്താതിരിക്കുകയില്ല. ഗോപവാടങ്ങളില്‍ വെണ്ണ കവറ്ന്നും, കാലിയെ മേച്ചും, ന്രുത്തമാടിയും മുരളിയൂതിയും ലീലകളാടുന്ന ആ പൊന്നുണ്ണി എവിടെയാണു?
പ്രപഞ്ചമാകുന്ന കാട്ടില്‍ അലഞ്ഞു തിരിയുന്ന ഇന്ദ്രീയങ്ങളാകുന്ന ഗോക്കളെ, ശരീരമാകുന്ന മുരളിയിലൂടെ ബ്രഹ്മനാദം പൊഴിച്ചു ആകറ്ഷിക്കുന്ന ആ വിശ്വപാലകനെവിടെ?
വിരഹതപ്തയായ് ഭഗവത്ദറ്ശന കാംക്ഷിയായി ജീവനാകുന്ന രാധ കണ്ണനെ തേടി അലയുകയാണു. അമ്പാടിക്കണ്ണന്റെ കയ്യിലെ ഓടകുഴലാവാന്‍ കഴിഞ്ഞെങ്കില്‍! ആ ചുണ്ടിലൂടെ ഉതിരുന്ന ഗാനം ഈ കുഴലില്‍ കൂടെ നിറ്ഗളിച്ചെങ്കില്‍! നിന്റെ ദറ്ശനം ലഭിക്കുന്നതു ഇനി എന്നാണു? പീലി തിരുമുടിയും, വനമാലയും ധരിച്ചു വേണുഗോപാലനായി, വിശ്വപാലകനായി വിജയിച്ചരുളുന്ന ഹേ! ഗോവിന്ദാ! നിമിഷനേരത്തേക്കെങ്കിലും നിന്റെ കോമളരൂപം എന്നുള്ളില്‍ത്തെളിയാന്‍ ക്രുപയരുളണേ...

Wednesday, July 25, 2007

ഹേ! മഹാസാഗരമേ! നിനക്കു നമോവാകം...

അനന്ത വിസ്ത്രുതിയാറ്ന്നു പരന്നു കിടക്കുന്ന ഹേ മഹാസാഗരമേ! നിനക്കു നമോവാകം. അപാരതയിലോളം അലയടിച്ചുയരുന്ന നിന്റെ ഗംഭീര വിഗ്രഹതിന്നു മുന്‍പില്‍ നിന്റെ ഈ തീരത്തു, കോടാനുകോടി മണല്‍തരികള്‍ക്കിടയില്‍, ഒരു കുഞ്ഞു മണല്‍ത്തരിയായി, സ്തബ്ദ്ധയായി വിസ്മയഭരിതയായി നിറ്നിമേഷം നില്‍ക്കുകയാണിവള്‍. ആശ്ചര്യാധീനയായി നിന്റെ മുന്‍പില്‍ മിഴിച്ചു നില്‍ക്കുന്ന തുച്ഛയായ ഇവള്‍ നിന്റെ മഹത്പ്രഭാവം എങ്ങിനെ അറിയാന്‍?

അടക്കുവാനാവാത്ത ഏതു വികാരമാണു നിന്നെ ഇത്രയും അസ്വസ്ഥമാക്കുന്നതു? എന്തിനെചൊല്ലിയുള്ള അമറ്ഷമാണു ഉള്ളിലൊതുങ്ങാതെ ഇപ്രകാരം വന്‍ തിരകളായി പാറക്കെട്ടുകളില്‍ വന്നലക്കുന്നതു? എന്തിനെ പ്രതിയുള്ള അടങ്ങാത്ത ക്രോധമാണു നിന്നെക്കൊണ്ടു ഇപ്രകാരം രൌദ്ര വേഷം ആടിക്കുന്നതു?

ഹേ സാഗരമേ! മനസ്സിലൊതുങ്ങാതെ പുറത്തേക്കു തള്ളി വരുന്ന ഈ സങ്കടം എന്തിനെ കരുതിയുള്ളതാണു? അസഹനീയമായ ദു:ഖത്തിന്റെ തള്ളിച്ച കൊണ്ടു പാറക്കെട്ടുകളില്‍ തലതല്ലി ക്കരയുകയാണോ? അതാവില്ല. എല്ലാം അടക്കാന്‍ കഴിവുള്ള നിന്റെ ഗംഭീരാകാരം കണ്ടാലറിയാം നിയന്ത്രണാതീതമായി നീ ഒരിക്കലും പൊട്ടിക്കരയുകയില്ലെന്നു.

അതോ, അതിയായ ആനന്ദമാണൊ നിന്നെ ഭരിക്കുന്നതു? ആനന്ദ പ്രകറ്ഷത്താല്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു കൊണ്ടു കൊച്ചു ക്കുട്ടികളെ പ്പോലെ തീരത്തെ ഓടിക്കളിക്കാന്‍ വിളിക്കുകയാണൊ? തൊട്ടു, തൊട്ടില്ലാ എന്നാകുമ്പോഴേക്കും കിലുകിലെ ചിരിച്ചുകൊണ്ടു പിന്‍ വാങ്ങുന്ന ‍നിന്റെ കുസ്രുതി കാണുമ്പോള്‍ നിന്നോടൊപ്പം, നിന്റെ കൈകളിലേക്കു എല്ലാം മറന്നു പതിക്കാനുള്ള എന്റെ വെമ്പല്‍ അനിയന്ത്രിതമാകുന്നു.

അല്ലയോ രത്നഗര്‍ഭയായ ജഗന്മാതാവേ! നിന്റെയുള്ളില്‍ കുടികൊള്ളുന്ന സഹസ്ര ലക്ഷം സന്താനങ്ങള്‍ ഉയറ്ത്തുന്ന പ്രകമ്പനങ്ങളാണോ അലയടികളായി രൂപം കൊള്ളുന്നതു? ഹേ സമുദ്രമേ! പലപ്പോഴും പ്രക്ഷുബ്ധമായി ഇളകിമറിയുന്ന നീ തന്നെയാണല്ലൊ ചിലപോഴെല്ലാം ശാന്തതയാറ്ന്നു മന്ദം മന്ദം ചലിക്കുന്ന കല്ലോലകരങ്ങളില്‍ തൊട്ടിലാട്ടുകയും ചെയ്യുന്നതു. നിന്റെ സന്താന വാത്സല്യം അതുല്യം തന്നെ.

നിന്നെ പ്പോലെ അങ്ങു മുകളില്‍ അനന്തമായ് പരന്നു കിടക്കുന്ന നീല വിഹായസ്സിനെ എത്തിപ്പിടിക്കാന്‍ വെമ്പി ആഹ്ലാദത്തോടെ തിരകൈകളുയറ്ത്തിപ്പൊങ്ങുകയാണൊ നീ? കരയില്‍ വന്നലക്കുന്ന വാനോളം ഉയറ്ന്ന തിരമാലകള്‍ കണ്ടാല്‍ സഹസ്ര ഫണങ്ങള്‍ വിടറ്ത്തി ആനന്ദ നറ്ത്തനമാടുന്ന മഹാസറ്പ്പമാണോ നീ എന്നു വിസ്മയിച്ചു പോകുന്നു. ഈ മഹാ ദറ്ശനത്തില്‍ അമ്പരന്നു വിസ്മിതയായി നില്‍ക്കുന്ന ഇവളെ നീ കാണുന്നുണ്ടോ?

ഹേ! മനുഷ്യാ! ഈ വിശ്വശക്തിക്കു മുന്‍പില്‍ നീ എത്ര നിസ്സാരന്‍! മണീമേടകളും മഹാസൌധങ്ങളും നിറ്മ്മിച്ചു വിജ്ഞാന ഭണ്ഡാകാരത്തിനുടമയായി, ഭൌതിക സുഖങ്ങളെല്ലാം ആറ്ജ്ജിച്ചു എന്നെല്ലാം അഹങ്കരിക്കുന്ന മാനവ ഗറ്വ്വമേ! ഈ പ്രക്രുതി ശക്തിയേ നീ കാണുന്നില്ലേ? ഈ വിരാട് രൂപം നിന്നെ വിഭ്രമിപ്പിക്കുന്നില്ലേ? ഈ ജഗത്തെല്ലാം നിറഞ്ഞു നില്‍ക്കുന്ന, ഈ മഹദ്രൂപത്തിലും, നിന്നിലും, ഒരു കുഞ്ഞുറുമ്പിലും കുടികൊള്ളുന്ന ആ ഏകചൈതന്യം ഒന്നുതന്നെയെന്നു നിനക്കു തിരിച്ചറിയാനാവുന്നില്ലേ?ആ വിശ്വചൈതന്യത്തെ ഒരു നിമിഷം ഒന്നോറ്ത്തു കൈകള്‍ കൂപ്പുക...

Tuesday, July 24, 2007

അന്തരംഗം

അന്തരംഗത്തില്‍ ചിന്തകളാകുന്ന ചിത്രശലഭങ്ങള്‍ പാറിപാറി നടക്കുകയാണു. വിവിധ വറ്ണ്ണങ്ങളില്‍, വിവിധ രൂപങ്ങളില്‍ - ഹാ! എന്തു മനോഹരമായിരിക്കുന്നു. മോഹങ്ങളില്‍ പുഷ്പങ്ങളില്‍ നിന്നു തേന്‍ നുകരുവാനാണവയുടെ ശ്രമം. പൂവാടിയില്‍ പൂത്തുലഉഞ്ഞു നില്‍ക്കുവാന്‍ അറ്ഹതയുള്ളവ തന്നെയാണൊഈ പുഷ്പങ്ങള്‍? ചിലവ ദുറ്ഗ്ഗന്ധം വമിക്കുന്നവയും, ചിലവ കുരൂപികളും ആകുന്നവയല്ലെ? അവയെ നിഷ്കരുണം വെട്ടിമാറ്റിയേ പറ്റൂ. സുഗന്ധമില്ലെങ്കിലും ചിലതിന്റെ മോഹനരൂപത്തില്‍ ആക്രുഷ്ട്മായി പ്പോകുന്നു. അരുതു- രൂപത്തില്‍ മയങ്ങരുതു.കളകളെ പിഴുതെറിയുക തന്നെ വേണം.

Sunday, July 22, 2007

ഒരു പ്രാറ്ത്ത്ഥന

മനസ്സില്‍ നിറഞ്ഞു പൊന്തി വരുന്ന സങ്കല്പങ്ങ്ളെല്ലാം താളില്‍ പകറ്ത്തുന്നതെങ്ങിനെ? അടുക്കും ചിട്ടയുമില്ലാതെ അലതല്ലി വരുന്ന എത്രയെത്ര സങ്കല്‍പ്പങ്ങള്‍! എത്രയെത്ര ഭാവനകള്‍! അവ തിങ്ങി നിറയുമ്പോള്‍‍ മനസ്സാകുന്ന ഭാജനം കവിഞ്ഞൊഴുകുന്നു. ഹ! അവയെല്ലാമൊന്നു അടുക്കി പെറുക്കി എടുക്കാനായെങ്കില്‍! മനോഹരങ്ങളായ വാക്കുകളായും വാക്യങ്ങളായും ഒന്നിച്ചു കോറ്ത്തിണക്കാന്‍ കഴിഞ്ഞെങ്കില്‍! മനസ്സില്‍ ഘനപ്പെട്ടുവരുന്ന ഈ ഭാരം ഒന്നിറക്കിവെക്കാന്‍ കഴിഞ്ഞെങ്കില്‍! അപേക്ഷകള്‍, ആഗ്രഹങ്ങള്‍, പ്രാറ്ത്ത്ഥനകള്‍, അഭിപ്രായങ്ങള്‍,അങ്ങിനെ എന്തെല്ലാം എന്തെല്ലാം വികാര വിചാരങ്ങളാണു അലതല്ലുന്നതു! ആവുന്നില്ല-വേണ്ടപോലെ ഇഴചേറ്ത്തു വാക്കുകള്‍ കൊരുക്കുവാന്‍ ആകുന്നില്ല.
ദേവി! വാഗ്ദേവതേ! അനുഗ്രഹിക്കണേ. എന്നില്‍ വന്നു നിറയുന്ന സങ്കല്‍പ്പങ്ങളെല്ലാം നിന്നോടുള്ള പ്രാറ്ത്ത്ഥനയായി തീരാനെങ്കിലും എന്നില്‍ കനിയണേ...