Wednesday, July 25, 2007

ഹേ! മഹാസാഗരമേ! നിനക്കു നമോവാകം...

അനന്ത വിസ്ത്രുതിയാറ്ന്നു പരന്നു കിടക്കുന്ന ഹേ മഹാസാഗരമേ! നിനക്കു നമോവാകം. അപാരതയിലോളം അലയടിച്ചുയരുന്ന നിന്റെ ഗംഭീര വിഗ്രഹതിന്നു മുന്‍പില്‍ നിന്റെ ഈ തീരത്തു, കോടാനുകോടി മണല്‍തരികള്‍ക്കിടയില്‍, ഒരു കുഞ്ഞു മണല്‍ത്തരിയായി, സ്തബ്ദ്ധയായി വിസ്മയഭരിതയായി നിറ്നിമേഷം നില്‍ക്കുകയാണിവള്‍. ആശ്ചര്യാധീനയായി നിന്റെ മുന്‍പില്‍ മിഴിച്ചു നില്‍ക്കുന്ന തുച്ഛയായ ഇവള്‍ നിന്റെ മഹത്പ്രഭാവം എങ്ങിനെ അറിയാന്‍?

അടക്കുവാനാവാത്ത ഏതു വികാരമാണു നിന്നെ ഇത്രയും അസ്വസ്ഥമാക്കുന്നതു? എന്തിനെചൊല്ലിയുള്ള അമറ്ഷമാണു ഉള്ളിലൊതുങ്ങാതെ ഇപ്രകാരം വന്‍ തിരകളായി പാറക്കെട്ടുകളില്‍ വന്നലക്കുന്നതു? എന്തിനെ പ്രതിയുള്ള അടങ്ങാത്ത ക്രോധമാണു നിന്നെക്കൊണ്ടു ഇപ്രകാരം രൌദ്ര വേഷം ആടിക്കുന്നതു?

ഹേ സാഗരമേ! മനസ്സിലൊതുങ്ങാതെ പുറത്തേക്കു തള്ളി വരുന്ന ഈ സങ്കടം എന്തിനെ കരുതിയുള്ളതാണു? അസഹനീയമായ ദു:ഖത്തിന്റെ തള്ളിച്ച കൊണ്ടു പാറക്കെട്ടുകളില്‍ തലതല്ലി ക്കരയുകയാണോ? അതാവില്ല. എല്ലാം അടക്കാന്‍ കഴിവുള്ള നിന്റെ ഗംഭീരാകാരം കണ്ടാലറിയാം നിയന്ത്രണാതീതമായി നീ ഒരിക്കലും പൊട്ടിക്കരയുകയില്ലെന്നു.

അതോ, അതിയായ ആനന്ദമാണൊ നിന്നെ ഭരിക്കുന്നതു? ആനന്ദ പ്രകറ്ഷത്താല്‍ പൊട്ടിപ്പൊട്ടിച്ചിരിച്ചു കൊണ്ടു കൊച്ചു ക്കുട്ടികളെ പ്പോലെ തീരത്തെ ഓടിക്കളിക്കാന്‍ വിളിക്കുകയാണൊ? തൊട്ടു, തൊട്ടില്ലാ എന്നാകുമ്പോഴേക്കും കിലുകിലെ ചിരിച്ചുകൊണ്ടു പിന്‍ വാങ്ങുന്ന ‍നിന്റെ കുസ്രുതി കാണുമ്പോള്‍ നിന്നോടൊപ്പം, നിന്റെ കൈകളിലേക്കു എല്ലാം മറന്നു പതിക്കാനുള്ള എന്റെ വെമ്പല്‍ അനിയന്ത്രിതമാകുന്നു.

അല്ലയോ രത്നഗര്‍ഭയായ ജഗന്മാതാവേ! നിന്റെയുള്ളില്‍ കുടികൊള്ളുന്ന സഹസ്ര ലക്ഷം സന്താനങ്ങള്‍ ഉയറ്ത്തുന്ന പ്രകമ്പനങ്ങളാണോ അലയടികളായി രൂപം കൊള്ളുന്നതു? ഹേ സമുദ്രമേ! പലപ്പോഴും പ്രക്ഷുബ്ധമായി ഇളകിമറിയുന്ന നീ തന്നെയാണല്ലൊ ചിലപോഴെല്ലാം ശാന്തതയാറ്ന്നു മന്ദം മന്ദം ചലിക്കുന്ന കല്ലോലകരങ്ങളില്‍ തൊട്ടിലാട്ടുകയും ചെയ്യുന്നതു. നിന്റെ സന്താന വാത്സല്യം അതുല്യം തന്നെ.

നിന്നെ പ്പോലെ അങ്ങു മുകളില്‍ അനന്തമായ് പരന്നു കിടക്കുന്ന നീല വിഹായസ്സിനെ എത്തിപ്പിടിക്കാന്‍ വെമ്പി ആഹ്ലാദത്തോടെ തിരകൈകളുയറ്ത്തിപ്പൊങ്ങുകയാണൊ നീ? കരയില്‍ വന്നലക്കുന്ന വാനോളം ഉയറ്ന്ന തിരമാലകള്‍ കണ്ടാല്‍ സഹസ്ര ഫണങ്ങള്‍ വിടറ്ത്തി ആനന്ദ നറ്ത്തനമാടുന്ന മഹാസറ്പ്പമാണോ നീ എന്നു വിസ്മയിച്ചു പോകുന്നു. ഈ മഹാ ദറ്ശനത്തില്‍ അമ്പരന്നു വിസ്മിതയായി നില്‍ക്കുന്ന ഇവളെ നീ കാണുന്നുണ്ടോ?

ഹേ! മനുഷ്യാ! ഈ വിശ്വശക്തിക്കു മുന്‍പില്‍ നീ എത്ര നിസ്സാരന്‍! മണീമേടകളും മഹാസൌധങ്ങളും നിറ്മ്മിച്ചു വിജ്ഞാന ഭണ്ഡാകാരത്തിനുടമയായി, ഭൌതിക സുഖങ്ങളെല്ലാം ആറ്ജ്ജിച്ചു എന്നെല്ലാം അഹങ്കരിക്കുന്ന മാനവ ഗറ്വ്വമേ! ഈ പ്രക്രുതി ശക്തിയേ നീ കാണുന്നില്ലേ? ഈ വിരാട് രൂപം നിന്നെ വിഭ്രമിപ്പിക്കുന്നില്ലേ? ഈ ജഗത്തെല്ലാം നിറഞ്ഞു നില്‍ക്കുന്ന, ഈ മഹദ്രൂപത്തിലും, നിന്നിലും, ഒരു കുഞ്ഞുറുമ്പിലും കുടികൊള്ളുന്ന ആ ഏകചൈതന്യം ഒന്നുതന്നെയെന്നു നിനക്കു തിരിച്ചറിയാനാവുന്നില്ലേ?ആ വിശ്വചൈതന്യത്തെ ഒരു നിമിഷം ഒന്നോറ്ത്തു കൈകള്‍ കൂപ്പുക...

6 comments:

Vaikhari said...

അപാരതയോളം അലയടിച്ചുയരുന്ന മഹാസാഗര‍ത്തിനു മുന്‍പില്‍ സ്തബ്ദ്ധയായി നിന്നപ്പോള്‍..

P.R said...

ഈ ജഗത്തെല്ലാം നിറഞ്ഞു നില്�ക്കുന്ന, ഈ മഹദ്രൂപത്തിലും, നിന്നിലും, ഒരു കുഞ്ഞുറുമ്പിലും കുടികൊള്ളുന്ന ആ ഏകചൈതന്യം ഒന്നുതന്നെയെന്നു നിനക്കു തിരിച്ചറിയാനാവുന്നില്ലേ?ആ വിശ്വചൈതന്യത്തെ ഒരു നിമിഷം ഒന്നോറ്ത്തു കൈകള്� കൂപ്പുക...

ഈ വരികള്� മനോഹരം..
വൈഖരീ ജീ.. ഈയുള്ളവളുടെ ഹ്ര്�ദയം നിറഞ്ഞ ഒരു സ്വാഗതം!!

Vaikhari said...

നന്ദി പി.ആറ്!

Ardra said...

പ്രക്രുതിക്കു മുന്‍പില്‍ നമ്മള്‍ വെറും നിസ്സാരം- വളരെ വാസ്തവം...
സ്വാഗതം
ആറ്ദ്ര

chithrakaran ചിത്രകാരന്‍ said...

സത്യത്തില്‍ ഇതൊരു പ്രാര്‍ഥനയാണ്‌... തിരിച്ചറിവില്‍ നിന്നുമുണ്ടാകുന്ന പ്രാര്‍ഥന.
ആശംസകള്‍ !!

Vaikhari said...

നന്ദി ചിത്രകാ‍രന്‍!