Saturday, April 2, 2016

നൃത്തമാടുവാൻ മോഹം.


നൃത്തമാടണം പാട്ടൊന്നു പാടണം

നന്ദിനിക്കുള്ളിലേറെയുണ്ടാഗ്രഹം

കാണാനഴകില്ലുന്തിയ പല്ലാണു

കാർനിറമാർന്നൊരു ശോഷിച്ച മേനിയും

കണ്ണനായി കാളിയമർദ്ദനമാടണം,

മോഹിനിയായി ഭരതവുമാടണം

മോഹങ്ങളീവകയെങ്ങിനെ നേടേണ്ടൂ

മാനവും നോക്കീയവൾ ചിന്തയിലാണ്ടൂ

പാദവും കവിഞ്ഞുള്ള പാവാട ഭംഗിയിൽ

ചാലവെ ഞൊറിഞ്ഞങ്ങരയിലുറപ്പിച്ചു

കൺകളിലഞ്ജനമെഴുതി, കുറി വരച്ചു

പിന്നിയ കൂന്തലിൽ പൂക്കൾ ചൂടി

പിന്മുറ്റത്തു പന്തലിട്ടു നില്ക്കൊന്നൊരു

തേന്മാവിഞ്ചുവട്ടിലേക്കവളോടിയെത്തി

“കാലികൾ മേച്ചു ഗോപവൃന്ദവുമൊത്തുകൃഷ്ണൻ”

“കാലൈ തൂക്കി നിന്റ്രാടും ദൈവമെ”

ഈരടികളവൾ മന്ദമായ് മൂളി

പാദങ്ങൾ മെല്ലെ താളത്തിൽ ചലിച്ചു

ഇന്നലെയരങ്ങത്തു കണ്ടൊരു നാട്ട്യ

വിസ്മയം , സ്വയം മറന്നവളാടുകയായി

മുന്നിലുയരത്തിൽ നില്ക്കുന്ന തെങ്ങുകൾ

ഓലപ്പീലികൾ വീശിയനുമോദനമേകി

തെച്ചിയും, മന്ദാരവും വിടർന്ന പൂച്ചെണ്ടുകൾ

സ്നേഹപൂർവമവൾക്കായി നീട്ടി

ചെറുചില്ലകൾ തമ്മിൽ കൂട്ടിയടിച്ചു 

കരഘോഷം മുഴങ്ങീ കാതുകളിൽ

ആഹ്ളാദവായ്പ്പിൽ തന്നെയും മറന്നവൾ

ആനന്ദമോടെ കുളിരണിഞ്ഞു നിന്നു.

Monday, October 6, 2014

രാമേശ്വരത്തെക്കൊരു യാത്രവളരെക്കാലമായി മനസ്സിൽ കൊണ്ടു നടക്കുന്നൊരു ആഗ്രഹമാണു രാമേശ്വരത്തൊന്നു പോകുക എന്നതു. ഈയിടെ അപ്രതീക്ഷിതമായി ആഗ്രഹം സാധിതമായി. മകളുടെ ഭർതൃകുടുംബാങ്ങങ്ങൾക്കൊപ്പമാണു ഭാഗ്യം കൈവന്നതു. യാത്രകളും അതിനോടനുബന്ധിച്ചുള്ള ക്ളേശങ്ങളും തീരെ ഇഷ്ടമല്ലാത്ത എന്റെ നല്ലപാതി എന്തുകൊണ്ടോ , എനിക്കു മുൻപേ തന്നെ യാത്രയ്ക്കു മുതിർന്നപ്പോൾ കുറഞ്ഞൊരു ആശ്ചര്യവും കൃതാർത്ഥതയും എനിക്കുണ്ടായി.

ഇക്കൊല്ലത്തെ ഓണം അവിട്ടത്തിന്നാൾ (8-9-2014) ഞങ്ങൾ 16 പേർ തക്കതായ ഒരു വാഹനത്തിൽ ഉച്ച ഊണിനു ശേഷം ത്രിശ്ശിനാപ്പള്ളി - തായന്നൂരിൽ നിന്നു പുറപ്പെട്ടു.സി വാഹനമായതുകൊണ്ടു യാത്രാക്ളേശം അനുഭവപ്പെട്ടില്ല. കൂടെ ഉള്ളവരെല്ലാം ആഹ്ളാദപ്രിയരും, ഉല്ലാസവാന്മാരും ആയതു കൊണ്ടൂ യാത്ര രസകരമായിരുന്നു. 6 മണിക്കൂറിലധികം തുടർച്ചയായ യാത്ര വേണം ഉദ്ദിഷ്ടസ്ഥലത്തെത്താൻ. ഞങ്ങൾ പകുതിയോളം പേർ 60 വയസ്സിനപ്പുറം കടന്നവരായതു കൊണ്ടു അതിന്റേതായ് ആരോഗ്യപ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഉൽസാഹത്തിനൊരു കുറവുമുണ്ടായിരുന്നില്ല.വഴിയിൽ നാലു മണിക്കു ഒരു ചായ കഴിക്കാൻ അര മണിക്കൂർ ചിലവിട്ടതൊഴിച്ചാൽ ഏകദേശം 8 മണിയോടു കൂടി രാമേശ്വരത്തെത്തി.


 ശ്രീരാമനു വേണ്ടി ലങ്കയിലേക്കു സമുദ്രം താണ്ടാൻ വാനരന്മാർ കരിങ്കല്ലുകൾ പാവി പടുത്തുയർത്തിയരാമസേതുഎന്നു പ്രസിദ്ധമായ ഇന്നത്തെ പാമ്പൻ പാലത്തിനു മുകളിലെത്തിയപ്പോൾ , ഇരുട്ടു പടർന്നിരുന്നുവെങ്കിലും എല്ലവരും വാഹനത്തിൽ നിന്നിറങ്ങി. കുറച്ചു  നേരം പാലത്തിന്മുകളിൽനിന്നുആകപ്പാടെ മനസ്സിൽ സന്തോഷം തിരയടിക്കുകയായിരുന്നു. ഞങ്ങളെപ്പോലെ കൂട്ടത്തിൽ വേറെയും ചിലർ ആദ്യമായിട്ടായിരുന്നു രാമേശ്വരത്തേക്കു വരുന്നതു. അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തി , നേരത്തെ പറഞ്ഞുറപ്പിച്ചിരുന്ന താമസസ്ഥലത്തെത്തി. മുറികൾ ഉദ്ദേശിച്ച അത്ര എണ്ണം കിട്ടിയില്ലെങ്കിലും കിട്ടിയവ നല്ല സൌകര്യവും വൃത്തിയും, വെടുപ്പും ഉള്ളതായിരുന്നു. എല്ലാവരും സാധനങ്ങളൊക്കെ മുറികളിൽ സൂക്ഷിച്ചു കാലും മുഖവും കഴുകി അത്താഴമന്വേഷിച്ചു ഇറങ്ങി.. അടുത്തടുത്തായി ധാരാളം ഹോട്ടലുകൾ ഉണ്ടെങ്കിലും മനസ്സിൽ പിടിച്ചതും വെണമല്ലൊ. ചുറ്റുപാടും വൃത്തികേടുകളും , തിരക്കും ഒക്കെ ഊണ്ടായിരുന്നെങ്കിലും ഞാൻ മനസ്സിൽ  കണ്ടിരുന്നത്ര നിരാശാജനകമായിരുന്നില്ല. അവസ്ഥ എന്നതിൽ സമാധാനമായി. അത്താഴം കഴിഞ്ഞു മുറികളിലെത്തി ഉറക്കത്തിന്നുള്ള ഒരുക്കമായി. ഞങ്ങൾ മൂന്നാലു പേർ ഒഴിച്ചു ബാക്കി എല്ലാവരും പിതൃകർമ്മങ്ങൾ  പൂർത്തിയാക്കാൻ വേണ്ടീയാണു യാത്രയ്ക്കൊരുങ്ങിയതു. പിറ്റേ ദിവസം അതിന്നുള്ള ഏർപ്പാടുകളെക്കുറിച്ചു ചർച്ച ചെയ്തു ഒരു തീരുമാനത്തിലെത്തിയതിന്നു ശേഷം എല്ലാവരും കിടന്നു. ഹാ!ആശ്ചര്യം തന്നെ. ഇന്ത്യയിൽ കൊതുകിന്റെ ശല്ല്യമില്ലാതെ ഒരു രാത്രി.പിറ്റെ ദിവസം നേരത്തെ കടലിൽ കുളിച്ചു എല്ലാവരും കൂടി കർമ്മങ്ങൾ ചെയ്യാനുള്ള സ്ഥലത്തെത്തി . ക്ഷേത്രപരിസരത്തുള്ള കടൽ ഭാഗം അലകളില്ലാതെ ശാന്തമായി കിടക്കുന്നതു കൊണ്ടു കുളിക്കാൻ എളുപ്പമാണു. അഗ്നിതീർത്ഥം  എന്നാണു  ഇവിടെ പേർ. കടവുകൾ കെട്ടി കൂടുതൽ സൌകര്യപ്പെടുത്തിയിട്ടുണ്ടു. മുൻപു തീരത്തിരുന്നു തന്നെ കർമ്മങ്ങളെല്ലാം ചെയ്തിരുന്നു. ഇപ്പോൾ അതിനായി പ്രത്യേകം ഗൃഹങ്ങളുണ്ടൂ. എല്ലാ ക്രിയകളും പൂർത്തിയായപ്പോൾ സമയം 9 മണി ആയി. പ്രാതൽ കഴിച്ചു കഴിഞ്ഞാവാം ക്ഷേത്രദർശനം എന്നു വെച്ചു.

 അമ്പലത്തിന്റെ ഗോപുരങ്ങളെല്ലാം പുതുക്കിപണിയുന്ന അവസരമായതു കൊണ്ടൂ വലിയ ഷീറ്റുകൾകെട്ടി മറച്ചിരിക്കുകയാണു. ഗോപുരത്തിനു പുറത്തു നിന്നു തന്നെ രണ്ടൂ വരികളിലായി ഭക്തർ നില്ക്കുന്നുണ്ടൂ. ഒരു വരി സാധാരണ ദർശാനക്കാർക്കു. മറ്റേതു പ്രത്യേകം ചാർജു കൊടുത്തു വേഗം ദർശനം വേണ്ടവർക്കു. ഞങ്ങൾ രണ്ടാമത്തേതു തിരഞ്ഞെടുത്തു. അകത്തു കടന്നാൽ കർശനമായ പരിശോധനയുണ്ടൂ,. മൊബൈൽ, കാമറ എല്ലാം അവിടെ ലോക്കറിൽ കൊടുക്കണം.

ശ്രീരാമൻ രാവണനിഗ്രഹം കഴിഞ്ഞു മടങ്ങിയെത്തി ബ്രഹ്മഹത്യാപാപത്തിൽനിന്നു മുക്തനാവാൻ കടൽ തീരത്തു ശിവപൂജ ചെയ്യാൻ ഒരുങ്ങി. ഒരു ശിവലിംഗം കൊണ്ടുവരാൻ ഹനുമാനെ നിയോഗിച്ചു. ശ്രീരാമൻ പ്രതിഷ്ഠിച്ചതാണു രാമനാഥ വിഗ്രഹം. രാമേശ്വരമെന്ന പേരിൽ പിതൃകർമ്മങ്ങൾക്കുള്ള പ്രധാനസ്ഥാനങ്ങളിലൊന്നായിപ്രസിദ്ധമായി. അമ്പലത്തിനുള്ളിൽ ചുറ്റുമായി നീണ്ട ഇടനാഴിയുണ്ടു. ഇതിൽ  കിഴക്കുനിന്നു പടിഞ്ഞാട്ടായി കിറ്റക്കുന്ന കിടക്കുന്ന  ഇടനാഴി ലോകത്തിൽ ഏറ്റവും നീളമുള്ളതാണു ത്രെ. (197 മീറ്റർ). അമ്പലത്തിൽ പുലർച്ചയ്ക്കു , ശങ്കരാചാര്യർ പ്രതിഷ്ഠിച്ച സ്ഫടികലിംഗത്തിനു പ്രത്യേക അഭിഷേകം ഉണ്ടു. ഇതു ദർശിക്കാൻ  വളരെ  നേരത്തെ ആളുകൾ എത്താറുണ്ടൂ. പ്രധാനഗോപുരം കടന്നു അകത്തെത്തിയാൽ പ്രത്യേകം കെട്ടി ഉയർത്തിയ നീണ്ട തറയിലായി 22 തീർത്ഥക്കിണറുകളുണ്ടൂ.ഇവയിലെ വെള്ളത്തിനു ഔഷധഗുണമുണ്ടെന്നാണു പറയുന്നതു. കിണറുകളിൽ നിന്നു തൊട്ടിയിൽ വെള്ളം കോരി സ്നാനം ചെയ്തിട്ടു വേണം രാമനാഥദർശനം നടത്താൻ.22-ആമത്തെ കിണറ്റിലെ വെള്ളം ചൂടുള്ളതാണു.കുളികഴിഞ്ഞു ഈറനോടെ നടക്കുന്നതിനാൽ പ്രദക്ഷിണവഴി മുഴുവൻ ജലപ്രളയമാണു. സൂക്ഷിച്ചു നടന്നില്ലെങ്കിൽ വീഴുമോ എന്ന  ശങ്ക.    മതില്ക്കകം മുഴുവൻ കരിങ്കല്ലിൽ കവിത വിരിയിച്ച മനോഹരമായ സ്തൂ  പങ്ങളും ശില്പ്പങ്ങളുമുണ്ടു. മേൽത്തട്ടിൽ ചായം പൂശിയ ചിത്രപ്പണികൾ അത്ത്യന്തം മനോഹരമാണു. വരിയിൽ നിന്നു അകത്തു കടന്നു ഭഗവാനെ തൊഴുതു. അപ്പുറത്തായി     ഭഗവതിയേയും തൊഴുതു. പുറത്തു മതില്ക്കെട്ടിൽ ആഞ്ജനേയവിഗ്രഹത്തേയും വന്ദിച്ചു, പുറത്തിറങ്ങി.

ഇനി അടുത്തുള്ള ധനുഷ്ക്കോടിയിലേക്കു.അവിടെ കടൽതീരം വരെ സ്വന്തം വാഹനത്തിൽ പോകാൻ കഴിയുകയില്ല. പകുതിദൂരം പോയി അവിടന്നങ്ങോട്ടു സർകാർ ഏർപ്പടുത്തിയിട്ടുള്ള വാഹനത്തിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ നിയന്ത്രിക്കുന്ന വാഹനങ്ങളിൽ വേണം പോകാൻ. 15,20 പേർക്കു കയറാവുന്ന നിരവധി വാനുകൾ സന്ദർശകരെ അങ്ങോട്ടുമിങ്ങോട്ടും കൊണ്ടൂ പോകുന്നു. മണൽ,മണൽ, ചുറ്റും മണൽ പരപ്പു മാത്രം. വാനുകൾ സഞ്ചരിക്കുന്ന ചാലുകൾ മാത്രമാണുള്ളതു. നല്ല പാതയൊന്നുമില്ല. മണലിൽ കൂടി കുലുങ്ങിയും മറിഞ്ഞുമാണു യാത്ര. പരിചയമില്ലെങ്കിൽ വാഹനം മണലിൽ പൂഴ്ന്നു പോകും. ഏകദേശം 12 കിലൊമീറ്റർ. അവിടവിടെ ആയി വെള്ളം കെട്ടികിടക്കുന്നുണ്ടൂ.


1964-ദിസംബർ 24,25 തിയ്യതികളിലായി ധനുഷ്ക്കോടി തീരത്തു വമ്പിച്ച ചുഴലിക്കാറ്റും, കടല്ക്ഷോഭവും ഉണ്ടായി. സാമാന്യം നല്ലൊരു ജനപദമായിരുന്ന ധനുഷ്ക്കോടീ പൂർണ്ണമായും കടലിൽ താഴ്ന്നു. റയിൽ വെസ്റ്റേഷൻ, പള്ളീ, പള്ളീക്കൂടം, അമ്പലം, എന്നു വേണ്ട സ്റ്റേഷനിൽ നിന്നു നൂറ്റില്ചില്ല്വാനം ആൾക്കാരെയും വഹിച്ചു പുറപ്പെട്ട ഒരു തീവണ്ടീമുഴുവനായും കടലിന്നടിയിലായി. ഇന്നിവിടം ഒരു ശ്മശാനഭൂമിയാണു. പ്ള്ളിയുടേയും, സ്റ്റേഷന്റേയും മറ്റു കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങൾ ചുറ്റും കാണാം. ഒരിടത്തു ഒരു തോണി മുഴുവനായും മണലിൽ പൂണ്ടു കിടക്കുന്നതു കണ്ടൂമുൻപു പിതൃകർമ്മങ്ങൾക്കായി ജനങ്ങൾ ധനുഷ്ക്കോടിയിലാണുത്രെ എത്താറു. ഞങ്ങളുടെ സംഘത്തിലെ പലർക്കും റയിൽവെ സ്റ്റേഷനും  പരിസരങ്ങളും ഒക്കെ ഓർമ്മയുണ്ടു. സ്റ്റേഷനിൽ വണ്ടിയിറങ്ങി കാളവണ്ടീയില്ക്കയറി കടൽതീരത്തേക്കു വന്നിരുന്ന കാലമൊക്കെ അവർ അയവിറക്കി. ഇപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും, കുറ്റിച്ചെടികളും, മണല്പരപ്പും മാത്രം. അങ്ങിങ്ങായി കുഴൽ ക്കിണർപോലെയുള്ള  ചെറിയ ജലാശയങ്ങൾ ഉണ്ടു. നല്ല തെളിഞ്ഞ വെള്ളം.ഉപ്പുരസം തീരെയില്ല . രാമേശ്വരത്തു എവിടെ അയാലും പൈപ്പുവെള്ളം പോലും കവിൾക്കൊള്ളാൻ പറ്റാത്തത്ര ഉപ്പുചുവയാണു എന്നോർക്കുമ്പോൾ ഇത ല്ഭുതമായി തോന്നും. വണ്ടി നിർത്തി ഞങ്ങൾ കടല്ക്കരയിലേക്കു നടന്നു.രണ്ടു സമുദ്രങ്ങൾ ഒന്നു ചേർന്നു ഒരു കുലച്ച വില്ലിന്റെ ആകൃതിയിൽ കിടക്കുന്നതു കൊണ്ടാണു ധനുഷ്ക്കോടി എന്ന പേർ വന്നതു. ശ്രീരാമൻ വരുണനോടു കോപിച്ചു യുദ്ധത്തിനൊരുങ്ങി വില്ലു കുത്തിയ   സ്ഥലമാണു ധനുഷ്ക്കോടി എന്നും പറയും. ഇന്ത്യൻ സമുദ്രവും, ബംഗാൾ   ഉൾക്കടൽ കൂടിച്ചേരുന്നു ഇവിടെ. ഒരിടത്തു കടൽ ശാന്തമായി കിടക്കുന്നു. മറുവശത്തു തിരമാലകൾ ആർത്തലക്കുന്നു. കടലിൽ തിരമാലകൾ മീതെക്കുമീതെ അലയടിച്ചു വരുന്നതു കാണുമ്പോൾ എനിക്കു എന്തെന്നില്ലാത്ത ആവേശം തോന്നും. അലകൾക്കൊപ്പം ആണ്ടാ​‍ാണ്ടൂ പോകാൻ തോന്നും. എന്നാൽ ധനുഷ്ക്കോടിയിൽ 1964 സംഭവിച്ച ദുരന്തവും, ഒരു നിമിഷം കൊണ്ടു സമുദ്രത്തിൽ  ആണ്ടൂ പോയ ജനപദവും  ഓർത്തപ്പോൾ ആവേശം മനസ്സിനു താങ്ങാനാവാത്ത ഒരു വിങ്ങലായി മാറി. ഇപ്പോൾ  അവിടെ ജനവാസമില്ല. ഇപ്പോഴും ഇടക്കു കടൽ കരയിലേക്കു കയറിവരാറുണ്ട ത്രെ. എങ്കിലും സന്ദർശകർ ധാരാളമായി എത്തുന്നുണ്ടു.സന്ദർശകരുണ്ടെങ്കിൽ അത്യാവശ്യം കടകളും ഉണ്ടാകുമല്ലൊ. അങ്ങിങ്ങായി, ശംഘുകൾ, മാലകൾ,അലംകാരവസ്തുക്കൾ എന്നിവ വില്ക്കുന്ന കടകളും, ശീതളപാനീയ ക്കടകളും ഒക്കെ ചില ഓലപ്പുരകളിൽ കണ്ടു. നടന്നു വരുന്ന വഴിക്കു മയിലിന്റെ കർണ്ണ കഠോര ശബ്ദം കേട്ടു ഞെട്ടിപ്പോയി. ഒരു  കെട്ടിടാവശിഷ്ടത്തിന്റെ  പിന്നിൽ പടർന്നു കിടക്കുന്ന കുറ്റിക്കാട്ടിൽ നിന്നാണു ശബ്ദം കേട്ടതു. എത്ര ശ്രമിച്ചിട്ടും അവ ദൃഷ്ടിയിൽ പെട്ടില്ല.    

നേരം നട്ടുച്ചയോടടുത്തു. മടങ്ങി രാമേശ്വരത്തെത്തി ഉച്ചഭക്ഷണം കഴിച്ചു കഴിയുന്നത്ര വേഗം    മടക്ക യാത്ര തുടങ്ങണം. കൂട്ടത്തിൽ ചിലർക്കു റ്റ്രിച്ചിയിലെത്തി ബാംഗ്ളൂരിലേക്കും കേരളത്തിലേക്കും തീവണ്ടി പിടിക്കണം.. രാമേശ്വരത്തുനിന്നു ചുരുങ്ങിയതു 6 മണിക്കൂർ യാത്രയും വേണമല്ലൊ. അതുകൊണ്ടു നേരത്തെ ഉദ്ദേശിച്ചിരുന്ന മധുര യാത്ര ഉപേക്ഷിച്ചു. രമേശ്വരത്തെത്തി ഭക്ഷണം കഴിച്ചു മുറികൾ ഒഴിഞ്ഞുകൊടുത്തു  ഉച്ചയ്ക്കു 2 മണിയോടു കൂടെ മടക്ക യാത്ര തുടങ്ങി. യഥാസമയം ട്രിച്ചി സ്റ്റേഷനിലിറങ്ങേണ്ടവരെ ഇറക്കി അതാതു വീടുകളിൽ രാത്രി 8 മണിയോടെ എത്തിച്ചേർന്നു. യാത്രയിൽ ഒന്നു രണ്ടു കുട്ടികൾക്കു  ചെറുതായി ശാരീരികാസ്വാസ്ഥ്യ്ം  ഉണ്ടായതൊഴിച്ചാൽ യാത്ര ആകപ്പാടെ സന്തോഷകരമായിരുന്നു.വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം സഫലമായതിൽ വളര കൃതാർത്ഥത തോന്നുന്നു.  Thursday, August 29, 2013

ജീവിതപ്പാത

ഇത്തിരി നേരം കളിക്കാം നമുക്കെന്നു
ചേലയിൽ തൂങ്ങികൊഞ്ചുന്നു കുട്ടൻ
കുട്ടാ, നേരമില്ലൊട്ടുമിപ്പോളെന്നു
മെല്ലെയാ കുഞ്ഞിക്കൈകൾ ഞാനടർത്തി
കുളിച്ചില്ല, കുപ്പായമിട്ടില്ല, പുസ്തകസഞ്ചി
കാണുന്നില്ലെനിക്കു പാലു വേണ്ട
നേരമേറെയായ് വണ്ടിയിപ്പോഴെത്തും
അമ്മിണി മുഖം കറുപ്പിച്ചു നില്ക്കുന്നു
ഉച്ചയൂണിനു പൊതി കെട്ടണമച്ഛനു
പൊട്ടിയ കുടുക്കൊന്നു തുന്നിപ്പിടിപ്പിക്കണം
കണ്ണടയെവിടെ, കൈലേസു കാണുന്നില്ല
എട്ടിന്റെ ഫാസ്റ്റിന്നു കിട്ടില്ല നിശ്ചയം
വട്ടം തിരിഞ്ഞും തലങ്ങു വിലങ്ങോടിയും
ശ്വാസം വിടാനമ്മയ്ക്കു നേരമില്ല
ദൈവമേ! കനിഞ്ഞു നീ കടം തരുമോ
കൈകൾ രണ്ടും , ഇത്തിരി നേരവും
പണികളെല്ലമൊതുക്കീ അമ്മയെത്തി
കുട്ടാ, വരിക നമുക്കിത്തിരി കളിക്കാം
പിന്നെ കുളിപ്പിച്ചു ചോറു നല്കി
കഥയൊന്നു ചൊല്ലി ചായുറക്കി
നാളുകളോടി മറഞ്ഞതറിഞ്ഞില്ലമ്മ
കണ്ണുകൾ മിഴിച്ചമ്പരന്നു നിന്നു
ചമയങ്ങൾ സ്വയം ചാർത്തിയിറങ്ങുന്നു
അമ്മിണി കലാശാലയിൽ പോകുന്നു
കുട്ടനോ കൂട്ടുകാരേറെയുണ്ടിപ്പോൾ
അമ്മയ്ക്കു ക്രിക്കറ്റ്, ഫൂട്ബാൾ വല്ലതുമറിയുമോ
കഥകൾ ചൊല്ലുവാൻ പുസ്തകങ്ങളും
താളുകൾ മറയുന്നിതൊന്നൊന്നായി
അമ്മിണി മുതിർന്നു പോയ് കുട്ടികളും
പതിയുമൊത്തു കഴിയുന്നു ദൂരെ സുഖമായ്
കുട്ടനും ദൂരെയായ് ജോലിയും കുടുംബവും
വാഴ്വൂ സുഖമായ് കടൽ കടന്നക്കരെ
അമ്മയ്ക്കില്ല തിരക്കൊട്ടുമിപ്പോൾ
പകലിന്നു നീളമേറെ നീണ്ടു പോയ്
ഉഴക്കരി വേവിക്കണം രണ്ടൂ പേർക്കായി
ചെയ്യുവാൻ ജോലി മറ്റൊന്നുമില്ല
മനസ്സിൽ മൌഢ്യം വന്നു കയറാതെ
നോക്കുവാനമ്മ പാടു പെടുന്നു
തുന്നലും വരയും പൊടി തുടച്ചെടുക്കുന്നു
തേടുന്നു പുസ്തകങ്ങൾ പലവിധം
കടലാസും  പേനയുമെടുക്കുന്നു കയ്യിൽ
സാഹസങ്ങൾ പലതും കുത്തിക്കുറിക്കുന്നു
നാളുകൾ നീങ്ങുന്നു വഴി പോലെ
കാലചക്രമുരുളുന്നു ത്വരിതമായ്
അനായാസേന മരണം , വിനാ ദൈന്യേന ജീവനം
മന്ത്രമുരുക്കഴിക്കുന്നിതമ്മ നിത്യവും.


(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)


Sunday, June 30, 2013

പ്രഭാതംകണ്ണിന്നിമ്പമേകുന്നൊരു മയിൽ
കർണ്ണകഠോരം കേകാരവമോടെ
ചാലിട്ടു ലാത്തുന്നുണ്ടങ്ങുമിങ്ങും
കുറ്റിച്ചെടിമറക്കുള്ളിലായ്
കണ്ണീൽ പ്പെടുമോ കൌതുകമൊടു
നിഷ്ഫലം തെല്ലു ഞാൻ നോക്കിനിന്നു
കാഴ്ച്ചവട്ടത്തു വന്നില്ലചെടികൾതൻ
മറവിൽ ഒളിച്ചു കളിക്കയത്രെ.


ഊം എന്നു മൂളുന്നൊരു മൂങ്ങ
അങ്ങേ മരത്തിൻ കൊമ്പത്തിരുന്നു
പ്രഭാതത്തിലല്ലോമുടങ്ങാതെ
തൊണ്ടതൻ സാധകം ചെയ്തിടേണ്ടൂ.
കാണുന്നതില്ലതിനേയും ഘോരം
പുറപ്പെടും മൂളൽ മാത്രം


കലപില കളനാദം പൊഴിച്ചു
കുഞ്ഞുകിളികൾ തിടുക്കമായി
ചില്ലകളിൽ വന്നിരുന്നും പറന്നും
താണിറങ്ങിത്താഴെ മണ്ണിൽ വന്നും
തത്തി,തത്തി നടന്നും കൊത്തി-
പ്പെറുക്കുകയാണന്നത്തെയന്നം


കോലാഹലം മുഴക്കുന്നു കാക്കകൾ
കാകാരവം, മേലെ വാനത്തിൽ
ചിറകുകൾ വീശി ആയത്തിൽ
വേഗം പറന്നു ദൂരെ മറയുന്നു.


ഛിൽ,ഛിൽ ചിലച്ചു ബഹളമായ്
കൂടെ വരുന്നു ഞാനെന്നൊരണ്ണാൻ
മതിലിന്മുകളിലും, മേല്ക്കൂരതന്നിലും
കലപിലയോടി തലങ്ങും വിലങ്ങും
കണ്ടതെല്ലാം വാരി കുഞ്ഞിക്കയ്യിലെടുത്തു
വായിൽ നിറച്ചു വാലിളക്കി
കൂട്ടരുമായ്ക്കളിയാടിടുന്നു
കൌതുകമേറുന്നു നോക്കിനില്ക്കാൻ


പ്രഭാതഭേരി ഈവിധം ചുറ്റിലും
മെല്ലെപ്പരക്കുന്നു,വെളിച്ചമായി
കുഞ്ഞിളംകാറ്റൊന്നു വീശി പതുക്കെ
മെയ്യിൽത്തലോടി മനം കുളിർപ്പിച്ചു
കുശലങ്ങളോതി ഉല്ലാസമായ്
ചാഞ്ചാടിയാടിക്കടന്നു പോയി


രണ്ടുനാലു കാലികളുണ്ടലഞ്ഞു നടക്കുന്നു
എങ്ങെങ്കിലുമുണ്ടോ പുല്ക്കൊടിത്തൂമ്പുകൾ?
വെള്ളക്കുടങ്ങളും ഒക്കിലേന്തി
മന്ദമായ് നടന്നു മങ്കമാരും
സൌമ്യമായ്, ശാന്തമായ് നീങ്ങും പുലരിയിൽ
ചൂളം വിളിച്ചലറിപ്പഞ്ഞിതാ
ലക്ഷ്യവും നോക്കി ഓടി അണയുന്നു
കടകടാഘോഷമോടൊരു തീവണ്ടി.
ചക്രം തിരിഞ്ഞു ചലിക്കുന്നു നിത്യവും
കാലരഥം തെറ്റാതെയഭംഗുരം