കണ്ണിന്നിമ്പമേകുന്നൊരു മയിൽ
കർണ്ണകഠോരം കേകാരവമോടെ
ചാലിട്ടു
ലാത്തുന്നുണ്ടങ്ങുമിങ്ങും
കുറ്റിച്ചെടിമറക്കുള്ളിലായ്
കണ്ണീൽ പ്പെടുമോ കൌതുകമൊടു
നിഷ്ഫലം തെല്ലു ഞാൻ നോക്കിനിന്നു
കാഴ്ച്ചവട്ടത്തു
വന്നില്ലചെടികൾതൻ
മറവിൽ ഒളിച്ചു കളിക്കയത്രെ.
“ഊം എന്നു
മൂളുന്നൊരു മൂങ്ങ
അങ്ങേ മരത്തിൻ കൊമ്പത്തിരുന്നു
പ്രഭാതത്തിലല്ലോമുടങ്ങാതെ
തൊണ്ടതൻ സാധകം ചെയ്തിടേണ്ടൂ.
കാണുന്നതില്ലതിനേയും ഘോരം
പുറപ്പെടും മൂളൽ മാത്രം
കലപില കളനാദം പൊഴിച്ചു
കുഞ്ഞുകിളികൾ തിടുക്കമായി
ചില്ലകളിൽ വന്നിരുന്നും പറന്നും
താണിറങ്ങിത്താഴെ മണ്ണിൽ വന്നും
തത്തി,തത്തി നടന്നും കൊത്തി-
പ്പെറുക്കുകയാണന്നത്തെയന്നം
കോലാഹലം മുഴക്കുന്നു കാക്കകൾ
കാകാരവം, മേലെ വാനത്തിൽ
ചിറകുകൾ വീശി ആയത്തിൽ
വേഗം പറന്നു ദൂരെ മറയുന്നു.
ഛിൽ,ഛിൽ ചിലച്ചു ബഹളമായ്
കൂടെ വരുന്നു ഞാനെന്നൊരണ്ണാൻ
മതിലിന്മുകളിലും,
മേല്ക്കൂരതന്നിലും
കലപിലയോടി തലങ്ങും വിലങ്ങും
കണ്ടതെല്ലാം വാരി
കുഞ്ഞിക്കയ്യിലെടുത്തു
വായിൽ നിറച്ചു വാലിളക്കി
കൂട്ടരുമായ്ക്കളിയാടിടുന്നു
കൌതുകമേറുന്നു നോക്കിനില്ക്കാൻ
പ്രഭാതഭേരി ഈവിധം ചുറ്റിലും
മെല്ലെപ്പരക്കുന്നു,വെളിച്ചമായി
കുഞ്ഞിളംകാറ്റൊന്നു വീശി പതുക്കെ
മെയ്യിൽത്തലോടി മനം
കുളിർപ്പിച്ചു
കുശലങ്ങളോതി ഉല്ലാസമായ്
ചാഞ്ചാടിയാടിക്കടന്നു പോയി
രണ്ടുനാലു കാലികളുണ്ടലഞ്ഞു
നടക്കുന്നു
എങ്ങെങ്കിലുമുണ്ടോ
പുല്ക്കൊടിത്തൂമ്പുകൾ?
വെള്ളക്കുടങ്ങളും ഒക്കിലേന്തി
മന്ദമായ് നടന്നു മങ്കമാരും
സൌമ്യമായ്,
ശാന്തമായ് നീങ്ങും പുലരിയിൽ
ചൂളം വിളിച്ചലറിപ്പഞ്ഞിതാ
ലക്ഷ്യവും നോക്കി ഓടി അണയുന്നു
കടകടാഘോഷമോടൊരു തീവണ്ടി.
ചക്രം തിരിഞ്ഞു ചലിക്കുന്നു
നിത്യവും
കാലരഥം തെറ്റാതെയഭംഗുരം
No comments:
Post a Comment