Saturday, April 2, 2016

നൃത്തമാടുവാൻ മോഹം.






നൃത്തമാടണം പാട്ടൊന്നു പാടണം

നന്ദിനിക്കുള്ളിലേറെയുണ്ടാഗ്രഹം

കാണാനഴകില്ലുന്തിയ പല്ലാണു

കാർനിറമാർന്നൊരു ശോഷിച്ച മേനിയും

കണ്ണനായി കാളിയമർദ്ദനമാടണം,

മോഹിനിയായി ഭരതവുമാടണം

മോഹങ്ങളീവകയെങ്ങിനെ നേടേണ്ടൂ

മാനവും നോക്കീയവൾ ചിന്തയിലാണ്ടൂ

പാദവും കവിഞ്ഞുള്ള പാവാട ഭംഗിയിൽ

ചാലവെ ഞൊറിഞ്ഞങ്ങരയിലുറപ്പിച്ചു

കൺകളിലഞ്ജനമെഴുതി, കുറി വരച്ചു

പിന്നിയ കൂന്തലിൽ പൂക്കൾ ചൂടി

പിന്മുറ്റത്തു പന്തലിട്ടു നില്ക്കൊന്നൊരു

തേന്മാവിഞ്ചുവട്ടിലേക്കവളോടിയെത്തി

“കാലികൾ മേച്ചു ഗോപവൃന്ദവുമൊത്തുകൃഷ്ണൻ”

“കാലൈ തൂക്കി നിന്റ്രാടും ദൈവമെ”

ഈരടികളവൾ മന്ദമായ് മൂളി

പാദങ്ങൾ മെല്ലെ താളത്തിൽ ചലിച്ചു

ഇന്നലെയരങ്ങത്തു കണ്ടൊരു നാട്ട്യ

വിസ്മയം , സ്വയം മറന്നവളാടുകയായി

മുന്നിലുയരത്തിൽ നില്ക്കുന്ന തെങ്ങുകൾ

ഓലപ്പീലികൾ വീശിയനുമോദനമേകി

തെച്ചിയും, മന്ദാരവും വിടർന്ന പൂച്ചെണ്ടുകൾ

സ്നേഹപൂർവമവൾക്കായി നീട്ടി

ചെറുചില്ലകൾ തമ്മിൽ കൂട്ടിയടിച്ചു 

കരഘോഷം മുഴങ്ങീ കാതുകളിൽ

ആഹ്ളാദവായ്പ്പിൽ തന്നെയും മറന്നവൾ

ആനന്ദമോടെ കുളിരണിഞ്ഞു നിന്നു.