Friday, December 26, 2008

കുട്ടികള്‍ക്കൊരു ഒരു കൃസ്മസ് പാട്ട്

അയ്യയ്യാ എന്തൊരു ചന്തം കാണ്മാന്‍
ആരാരോ ആരിതിറങ്ങി വരുന്നു?
അപ്പൂപ്പനിതാ പോന്നുവരുന്നേ
കലമാനുകള്‍ തെളിക്കും തേരതിലേറി
മാനത്തുനിന്നൂര്‍ന്നൂര്‍ന്നിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകിയൊഴുകി
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ചെഞ്ചുകപ്പാര്‍ന്നൊരു കുപ്പായമുണ്ടേ
വേഷവും പാപ്പാസും കേമമാണേ
പഞ്ഞിപോല്‍ വെള്ളത്താടിയും മുടിയും
കാണുവാനെന്തൊരു ചേലാണേ
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഒരുകയ്യില്‍ സമ്മാനഭാണ്ഡമേന്തി
മറുകയ്യതിലൊരു കുടമണിയും
മണിയും കിലുക്കി ചിരിച്ചു കൊണ്ടേ
അപ്പൂപ്പനിതാ പോന്നുവരുന്നേ
പാട്ടുപാടിയും ആടിയുലഞ്ഞും
കുമ്പയും കുലുക്കി പോന്നുവരുന്നേ
ഉണ്ണിക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ
അപ്പൂപ്പന്‍ നിങ്ങള്‍ക്കായി കൊണ്ടൂവന്ന
സമ്മാനമെല്ലാം കാണേണ്ടേ
വണ്ടികള്‍ , പൂവുകള്‍, പാവകളയ്യയ്യാ
എന്തെല്ലാമെന്തെല്ലാം വിസ്മയങ്ങള്‍!
കലമാനുകള്‍ വലിക്കുന്ന തേരിലേറി
മാനത്തുനിന്നും ഊര്‍ന്നങ്ങിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകി നീങ്ങി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഓമല്‍ക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ.

Sunday, December 14, 2008

സപ്തസ്വരമാല

സപ്തസ്വരാക്ഷരവര്‍ണ്ണസുമങ്ങളാല്‍
ചാരുവാം മാല്യമതൊന്നൊരുക്കി
അംബികേ നിന്‍ തിരു പാദപ്ത്മങ്ങളില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.

ഷട്ജമാമാധാരനാദശ്രുതിയിലായ്
സംഗീതശില്പമുയര്‍ന്നു നില്‍പ്പൂ
ഷട്ജത്തിലത്രേ മയൂരഹര്‍ഷാരവം
പിച്ചിമലരല്ലോ ഷട്ജസ്വരം

രിഷഭസ്വരംതാന്‍ ദ്വിതീയമായതു
ഋഷഭധ്വനിയതു രിഷഭമത്രേ
ചെമ്പകപുഷ്പവും ഇളം മഞ്ഞവര്‍ണ്ണവും
രിഷഭസ്വരത്തിന്നടയാളമാം.

ഗാന്ധാരനാദം താന്‍ മേഷാരവങ്ങളും
പുന്നാഗമലരല്ലോ ഗാന്ധാരവും
സൌവര്‍ണ്ണവര്‍ണ്ണമായ് ശോഭിച്ചീടുന്നിതു
ഗാന്ധാരമാകും തൃതീയസ്വരം.

മധ്യമമാകും ചതുര്‍ഥസ്വരത്തിലായ്
വിരഹിയാം ക്രൌഞ്ചങ്ങള്‍ കേണീടുന്നു
ശുഭ്രമാം വര്‍ണ്ണവും മാലതീപുഷ്പവും
മദ്ധ്യമസ്വരത്തിലിണങ്ങി നില്‍പ്പൂ.

പഞ്ചമശ്രുതിയിലായ്, തളിരുന്ണ്ടു മത്തരായ്
കേളിയില്‍ കൂകുന്നു കോകിലങ്ങള്‍
കേതകീപുഷ്പത്തില്‍ പഞ്ചമം കല്പിതം
കര്‍ണ്ണപീയൂഷമീ നാദരൂപം.

ധൈവതസ്വരത്തില്‍ മുഴങ്ങുന്നു വാജിതന്‍-
ആരവം ഗംഭീരഘോഷമോടെ
അരളീപുഷ്പങ്ങളും, പീതമാം വര്‍ണ്ണവും
ധൈവതസ്വരത്തിന്നു കല്പിതമായ്

നിഷാദമാകുന്ന സപ്തമീസുസ്വരം
കളഭധ്വനിയിലുയര്‍ന്നു കേള്‍പ്പൂ
ചിത്രവര്‍ണ്ണങ്ങളില്‍ ജലജങ്ങളെന്നപോല്‍
നിഷാദസ്വരമതു ശോഭിക്കുന്നു

ഈവിധം ചിത്രമാം വര്‍ണ്ണങ്ങള്‍ ചേര്‍ന്നൊരു
സ്പ്തസ്വരാക്ഷരപുഷ്പമാല
വാണീഭഗവതീ നിന്‍ പാദമൂലത്തില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.
സംഗീതസാഗരത്തില്‍നിന്നൂറുന്ന
സുധാബിന്ദുവൊരിറ്റു നുകരുവാന്‍
സരസിജാസന വല്ലഭേ ശാരദേ
സന്തുഷ്ടിയാര്‍ന്നനുഗ്രഹമേകണേ .

Tuesday, December 2, 2008

മക്കളേ...


മക്കളേ!!!!!!!!!
പാല്‍ചുരത്തും നെഞ്ചിനെ വെട്ടല്ലെ മക്കളേ
ചുട്ടുകരിക്കൊല്ല സഹജാതരെ മക്കളേ
അതിരുകള്‍ വരഞ്ഞിടാനധികാരമേകിയില്ലാരും
എന്നതറിഞ്ഞീടുക സ്വാര്‍ഥരാം മക്കളേ
വേണ്ടുന്നതൊക്കെയും കനിവായ് ചുരത്തുമീ
മാതാവിന്‍ നെഞ്ചകം വിങ്ങുന്നു മക്കളേ
ആര്‍ത്തി പെരുത്തു സര്‍വവും തനിക്കെന്നു
അഹങ്കാരതാണ്ടവമാടായ്ക മക്കളേ
അത്യാര്‍ത്തിയും കൊടും പകയുമായ്
അധികാരവാളാല്‍ കൊത്തായ്ക പരസ്പരം
ബ്രഹ്മാസ്ത്രവും കരഗതമെന്നു ഹുങ്കാല്‍
കത്തിയെരിക്കായ്ക സഹജരെ നിര്‍ദ്ദയം
ദീനരായലയുമരുമക്കിടാങ്ങളും
വേദന തിന്നും വൃദ്ധജനങ്ങളും
കണ്ണൂനീരുവറ്റി ഇരുണ്ട പ്രേതങ്ങളായ്
അലഞ്ഞു തിരിയും യോഷാസമൂഹവും
പൃഥ്വിയില്‍ തിങ്ങി നിറയുന്നു മക്കളേ
ഭീതയായ് സ്തംഭിച്ചു ‍ നില്‍പ്പൂ ഞാന്‍ മക്കളേ
മേധയില്‍ കുരുത്തീടും കുടിലതന്ത്രങ്ങളാല്‍
പുതുപുത്തനാം തീയുണ്ടകള്‍ നിര്‍മ്മിച്ചു മക്കളേ
സഹജര്‍ക്കുനേര്‍ക്കായ് അയച്ചു വിനോദിക്കും
രാക്ഷസക്രൌര്യം വെടിയുക മക്കളേ
പകയും , വെറുപ്പും ചീര്‍ത്തൊരാ മൂര്‍ത്തിയാം
ചിരംജീവിദ്രൌണിയെ യാഗാശ്വമായി
അഴിച്ചുവിടൊല്ല ഭ്രാന്തരാം മക്കളേ
ബന്ധിപ്പതിന്നസാധ്യമെന്‍ മക്കളേ
ആയിരം നാമങ്ങള്‍ നിങ്ങളെനിക്കേകി
ക്ഷമാ, സര്‍വംസഹ, ധാത്രിയെന്നിങ്ങനേ
സഹനസീമകള്‍ താണ്ടൂന്നു മക്കളെ
സര്‍വംഹരയായി മാറ്റാതെ മക്കളേ
ക്രോധമെന്നിലുണര്‍ത്താതെ മക്കളേ
പുത്രഘാതിനിയെന്ന പേര്‍ വരുത്തായ്ക മക്കളേ
വാത്സല്യമൂറുംനെഞ്ചകമാകെ
ദു:ഖ തീക്കനല്‍ വാരി ചൊരിയായ്ക മക്കളേ!