വളരെക്കാലമായി
മനസ്സിൽ കൊണ്ടു നടക്കുന്നൊരു ആഗ്രഹമാണു
രാമേശ്വരത്തൊന്നു പോകുക എന്നതു. ഈയിടെ
അപ്രതീക്ഷിതമായി ആ ആഗ്രഹം
സാധിതമായി. മകളുടെ ഭർതൃകുടുംബാങ്ങങ്ങൾക്കൊപ്പമാണു ഈ ഭാഗ്യം
കൈവന്നതു. യാത്രകളും അതിനോടനുബന്ധിച്ചുള്ള ക്ളേശങ്ങളും
തീരെ ഇഷ്ടമല്ലാത്ത എന്റെ
നല്ലപാതി എന്തുകൊണ്ടോ , എനിക്കു മുൻപേ തന്നെ
ഈ യാത്രയ്ക്കു മുതിർന്നപ്പോൾ
കുറഞ്ഞൊരു ആശ്ചര്യവും കൃതാർത്ഥതയും എനിക്കുണ്ടായി.
ഇക്കൊല്ലത്തെ
ഓണം അവിട്ടത്തിന്നാൾ (8-9-2014) ഞങ്ങൾ 16 പേർ
തക്കതായ ഒരു വാഹനത്തിൽ
ഉച്ച ഊണിനു ശേഷം
ത്രിശ്ശിനാപ്പള്ളി - തായന്നൂരിൽ നിന്നു പുറപ്പെട്ടു. എ.സി വാഹനമായതുകൊണ്ടു
യാത്രാക്ളേശം അനുഭവപ്പെട്ടില്ല. കൂടെ ഉള്ളവരെല്ലാം ആഹ്ളാദപ്രിയരും,
ഉല്ലാസവാന്മാരും ആയതു കൊണ്ടൂ യാത്ര
രസകരമായിരുന്നു. 6 മണിക്കൂറിലധികം തുടർച്ചയായ യാത്ര വേണം
ഉദ്ദിഷ്ടസ്ഥലത്തെത്താൻ. ഞങ്ങൾ പകുതിയോളം പേർ
60 വയസ്സിനപ്പുറം കടന്നവരായതു കൊണ്ടു അതിന്റേതായ് ആരോഗ്യപ്രശ്നങ്ങളും
ബുദ്ധിമുട്ടുകളും ഉണ്ടെങ്കിലും ഉൽസാഹത്തിനൊരു കുറവുമുണ്ടായിരുന്നില്ല.വഴിയിൽ നാലു മണിക്കു
ഒരു ചായ കഴിക്കാൻ
അര മണിക്കൂർ ചിലവിട്ടതൊഴിച്ചാൽ
ഏകദേശം 8 മണിയോടു കൂടി രാമേശ്വരത്തെത്തി.
പിറ്റെ ദിവസം നേരത്തെ കടലിൽ
കുളിച്ചു എല്ലാവരും കൂടി കർമ്മങ്ങൾ
ചെയ്യാനുള്ള സ്ഥലത്തെത്തി . ക്ഷേത്രപരിസരത്തുള്ള കടൽ ഭാഗം
അലകളില്ലാതെ ശാന്തമായി കിടക്കുന്നതു കൊണ്ടു
കുളിക്കാൻ എളുപ്പമാണു. അഗ്നിതീർത്ഥം എന്നാണു
ഇവിടെ
പേർ. കടവുകൾ കെട്ടി
കൂടുതൽ സൌകര്യപ്പെടുത്തിയിട്ടുണ്ടു. മുൻപു തീരത്തിരുന്നു തന്നെ
കർമ്മങ്ങളെല്ലാം ചെയ്തിരുന്നു. ഇപ്പോൾ അതിനായി പ്രത്യേകം
ഗൃഹങ്ങളുണ്ടൂ. എല്ലാ ക്രിയകളും പൂർത്തിയായപ്പോൾ
സമയം 9 മണി ആയി.
പ്രാതൽ കഴിച്ചു കഴിഞ്ഞാവാം ക്ഷേത്രദർശനം
എന്നു വെച്ചു.
അമ്പലത്തിന്റെ
ഗോപുരങ്ങളെല്ലാം പുതുക്കിപണിയുന്ന അവസരമായതു കൊണ്ടൂ വലിയ
ഷീറ്റുകൾകെട്ടി മറച്ചിരിക്കുകയാണു. ഗോപുരത്തിനു പുറത്തു നിന്നു തന്നെ
രണ്ടൂ വരികളിലായി ഭക്തർ നില്ക്കുന്നുണ്ടൂ.
ഒരു വരി സാധാരണ
ദർശാനക്കാർക്കു. മറ്റേതു പ്രത്യേകം ചാർജു
കൊടുത്തു വേഗം ദർശനം വേണ്ടവർക്കു.
ഞങ്ങൾ രണ്ടാമത്തേതു തിരഞ്ഞെടുത്തു. അകത്തു കടന്നാൽ കർശനമായ
പരിശോധനയുണ്ടൂ,. മൊബൈൽ, കാമറ എല്ലാം
അവിടെ ലോക്കറിൽ കൊടുക്കണം.
ശ്രീരാമൻ രാവണനിഗ്രഹം കഴിഞ്ഞു മടങ്ങിയെത്തി ബ്രഹ്മഹത്യാപാപത്തിൽനിന്നു
മുക്തനാവാൻ കടൽ തീരത്തു ശിവപൂജ ചെയ്യാൻ ഒരുങ്ങി.
ഒരു ശിവലിംഗം കൊണ്ടുവരാൻ
ഹനുമാനെ നിയോഗിച്ചു. ശ്രീരാമൻ പ്രതിഷ്ഠിച്ചതാണു രാമനാഥ
വിഗ്രഹം. രാമേശ്വരമെന്ന പേരിൽ പിതൃകർമ്മങ്ങൾക്കുള്ള പ്രധാനസ്ഥാനങ്ങളിലൊന്നായിപ്രസിദ്ധമായി.
അമ്പലത്തിനുള്ളിൽ ചുറ്റുമായി നീണ്ട ഇടനാഴിയുണ്ടു.
ഇതിൽ കിഴക്കുനിന്നു
പടിഞ്ഞാട്ടായി കിറ്റക്കുന്ന കിടക്കുന്ന ഇടനാഴി
ലോകത്തിൽ ഏറ്റവും നീളമുള്ളതാണു ത്രെ.
(197 മീറ്റർ). അമ്പലത്തിൽ പുലർച്ചയ്ക്കു , ശങ്കരാചാര്യർ
പ്രതിഷ്ഠിച്ച സ്ഫടികലിംഗത്തിനു പ്രത്യേക അഭിഷേകം ഉണ്ടു.
ഇതു ദർശിക്കാൻ വളരെ നേരത്തെ
ആളുകൾ എത്താറുണ്ടൂ. പ്രധാനഗോപുരം കടന്നു അകത്തെത്തിയാൽ പ്രത്യേകം
കെട്ടി ഉയർത്തിയ നീണ്ട തറയിലായി
22 തീർത്ഥക്കിണറുകളുണ്ടൂ.ഇവയിലെ വെള്ളത്തിനു ഔഷധഗുണമുണ്ടെന്നാണു
പറയുന്നതു. ഈ കിണറുകളിൽ
നിന്നു തൊട്ടിയിൽ വെള്ളം കോരി
സ്നാനം ചെയ്തിട്ടു വേണം രാമനാഥദർശനം
നടത്താൻ.22-ആമത്തെ കിണറ്റിലെ വെള്ളം
ചൂടുള്ളതാണു.കുളികഴിഞ്ഞു ഈറനോടെ നടക്കുന്നതിനാൽ പ്രദക്ഷിണവഴി
മുഴുവൻ ജലപ്രളയമാണു. സൂക്ഷിച്ചു നടന്നില്ലെങ്കിൽ വീഴുമോ
എന്ന ശങ്ക. മതില്ക്കകം മുഴുവൻ കരിങ്കല്ലിൽ കവിത വിരിയിച്ച മനോഹരമായ
സ്തൂ പങ്ങളും ശില്പ്പങ്ങളുമുണ്ടു. മേൽത്തട്ടിൽ
ചായം പൂശിയ ചിത്രപ്പണികൾ
അത്ത്യന്തം മനോഹരമാണു. വരിയിൽ നിന്നു
അകത്തു കടന്നു ഭഗവാനെ തൊഴുതു.
അപ്പുറത്തായി ഭഗവതിയേയും തൊഴുതു. പുറത്തു മതില്ക്കെട്ടിൽ ആഞ്ജനേയവിഗ്രഹത്തേയും
വന്ദിച്ചു, പുറത്തിറങ്ങി.
ഇനി അടുത്തുള്ള ധനുഷ്ക്കോടിയിലേക്കു.അവിടെ
കടൽതീരം വരെ സ്വന്തം
വാഹനത്തിൽ പോകാൻ കഴിയുകയില്ല. പകുതിദൂരം
പോയി അവിടന്നങ്ങോട്ടു സർകാർ
ഏർപ്പടുത്തിയിട്ടുള്ള വാഹനത്തിൽ പരിചയസമ്പന്നരായ ഡ്രൈവർമാർ
നിയന്ത്രിക്കുന്ന വാഹനങ്ങളിൽ
വേണം പോകാൻ. 15,20 പേർക്കു
കയറാവുന്ന നിരവധി വാനുകൾ സന്ദർശകരെ അങ്ങോട്ടുമിങ്ങോട്ടും
കൊണ്ടൂ പോകുന്നു. മണൽ,മണൽ,
ചുറ്റും മണൽ പരപ്പു മാത്രം. ഈ വാനുകൾ
സഞ്ചരിക്കുന്ന ചാലുകൾ മാത്രമാണുള്ളതു. നല്ല
പാതയൊന്നുമില്ല. മണലിൽ കൂടി കുലുങ്ങിയും
മറിഞ്ഞുമാണു യാത്ര. പരിചയമില്ലെങ്കിൽ വാഹനം
മണലിൽ പൂഴ്ന്നു പോകും. ഏകദേശം
12 കിലൊമീറ്റർ. അവിടവിടെ ആയി വെള്ളം
കെട്ടികിടക്കുന്നുണ്ടൂ.
1964-ദിസംബർ
24,25 തിയ്യതികളിലായി ധനുഷ്ക്കോടി
തീരത്തു വമ്പിച്ച ചുഴലിക്കാറ്റും, കടല്ക്ഷോഭവും
ഉണ്ടായി. സാമാന്യം നല്ലൊരു ജനപദമായിരുന്ന
ധനുഷ്ക്കോടീ പൂർണ്ണമായും കടലിൽ താഴ്ന്നു. റയിൽ
വെസ്റ്റേഷൻ, പള്ളീ, പള്ളീക്കൂടം, അമ്പലം,
എന്നു വേണ്ട സ്റ്റേഷനിൽ നിന്നു
നൂറ്റില്ചില്ല്വാനം ആൾക്കാരെയും വഹിച്ചു പുറപ്പെട്ട ഒരു തീവണ്ടീമുഴുവനായും
കടലിന്നടിയിലായി. ഇന്നിവിടം ഒരു ശ്മശാനഭൂമിയാണു.
പ്ള്ളിയുടേയും, സ്റ്റേഷന്റേയും മറ്റു കെട്ടിടങ്ങളുടേയും അവശിഷ്ടങ്ങൾ
ചുറ്റും കാണാം. ഒരിടത്തു ഒരു
തോണി മുഴുവനായും മണലിൽ
പൂണ്ടു കിടക്കുന്നതു കണ്ടൂ> മുൻപു
പിതൃകർമ്മങ്ങൾക്കായി ജനങ്ങൾ ധനുഷ്ക്കോടിയിലാണുത്രെ എത്താറു.
ഞങ്ങളുടെ സംഘത്തിലെ പലർക്കും റയിൽവെ സ്റ്റേഷനും പരിസരങ്ങളും
ഒക്കെ ഓർമ്മയുണ്ടു. സ്റ്റേഷനിൽ വണ്ടിയിറങ്ങി കാളവണ്ടീയില്ക്കയറി
കടൽതീരത്തേക്കു വന്നിരുന്ന കാലമൊക്കെ അവർ
അയവിറക്കി. ഇപ്പോൾ ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും,
കുറ്റിച്ചെടികളും, മണല്പരപ്പും മാത്രം. അങ്ങിങ്ങായി കുഴൽ
ക്കിണർപോലെയുള്ള ചെറിയ
ജലാശയങ്ങൾ ഉണ്ടു. നല്ല തെളിഞ്ഞ
വെള്ളം.ഉപ്പുരസം തീരെയില്ല . രാമേശ്വരത്തു
എവിടെ അയാലും പൈപ്പുവെള്ളം പോലും
കവിൾക്കൊള്ളാൻ പറ്റാത്തത്ര ഉപ്പുചുവയാണു എന്നോർക്കുമ്പോൾ ഇത ല്ഭുതമായി
തോന്നും. വണ്ടി നിർത്തി ഞങ്ങൾ
കടല്ക്കരയിലേക്കു നടന്നു.
രണ്ടു സമുദ്രങ്ങൾ ഒന്നു ചേർന്നു ഒരു കുലച്ച വില്ലിന്റെ ആകൃതിയിൽ കിടക്കുന്നതു കൊണ്ടാണു ധനുഷ്ക്കോടി എന്ന പേർ വന്നതു. ശ്രീരാമൻ വരുണനോടു കോപിച്ചു യുദ്ധത്തിനൊരുങ്ങി വില്ലു കുത്തിയ സ്ഥലമാണു ധനുഷ്ക്കോടി എന്നും പറയും. ഇന്ത്യൻ സമുദ്രവും, ബംഗാൾ ഉൾക്കടൽ കൂടിച്ചേരുന്നു ഇവിടെ. ഒരിടത്തു കടൽ ശാന്തമായി കിടക്കുന്നു. മറുവശത്തു തിരമാലകൾ ആർത്തലക്കുന്നു. കടലിൽ തിരമാലകൾ മീതെക്കുമീതെ അലയടിച്ചു വരുന്നതു കാണുമ്പോൾ എനിക്കു എന്തെന്നില്ലാത്ത ആവേശം തോന്നും. ആ അലകൾക്കൊപ്പം ആണ്ടാാണ്ടൂ പോകാൻ തോന്നും. എന്നാൽ ധനുഷ്ക്കോടിയിൽ 1964ൽ സംഭവിച്ച ദുരന്തവും, ഒരു നിമിഷം കൊണ്ടു സമുദ്രത്തിൽ ആണ്ടൂ പോയ ജനപദവും ഓർത്തപ്പോൾ ആ ആവേശം മനസ്സിനു താങ്ങാനാവാത്ത ഒരു വിങ്ങലായി മാറി. ഇപ്പോൾ അവിടെ ജനവാസമില്ല. ഇപ്പോഴും ഇടക്കു കടൽ കരയിലേക്കു കയറിവരാറുണ്ട ത്രെ. എങ്കിലും സന്ദർശകർ ധാരാളമായി എത്തുന്നുണ്ടു.സന്ദർശകരുണ്ടെങ്കിൽ അത്യാവശ്യം കടകളും ഉണ്ടാകുമല്ലൊ. അങ്ങിങ്ങായി, ശംഘുകൾ, മാലകൾ,അലംകാരവസ്തുക്കൾ എന്നിവ വില്ക്കുന്ന കടകളും, ശീതളപാനീയ ക്കടകളും ഒക്കെ ചില ഓലപ്പുരകളിൽ കണ്ടു. നടന്നു വരുന്ന വഴിക്കു മയിലിന്റെ കർണ്ണ കഠോര ശബ്ദം കേട്ടു ഞെട്ടിപ്പോയി. ഒരു കെട്ടിടാവശിഷ്ടത്തിന്റെ പിന്നിൽ പടർന്നു കിടക്കുന്ന കുറ്റിക്കാട്ടിൽ നിന്നാണു ശബ്ദം കേട്ടതു. എത്ര ശ്രമിച്ചിട്ടും അവ ദൃഷ്ടിയിൽ പെട്ടില്ല.
നേരം നട്ടുച്ചയോടടുത്തു. മടങ്ങി രാമേശ്വരത്തെത്തി ഉച്ചഭക്ഷണം കഴിച്ചു കഴിയുന്നത്ര വേഗം മടക്ക യാത്ര തുടങ്ങണം. കൂട്ടത്തിൽ ചിലർക്കു റ്റ്രിച്ചിയിലെത്തി ബാംഗ്ളൂരിലേക്കും കേരളത്തിലേക്കും തീവണ്ടി പിടിക്കണം.. രാമേശ്വരത്തുനിന്നു ചുരുങ്ങിയതു 6 മണിക്കൂർ യാത്രയും വേണമല്ലൊ. അതുകൊണ്ടു നേരത്തെ ഉദ്ദേശിച്ചിരുന്ന മധുര യാത്ര ഉപേക്ഷിച്ചു. രമേശ്വരത്തെത്തി ഭക്ഷണം കഴിച്ചു മുറികൾ ഒഴിഞ്ഞുകൊടുത്തു ഉച്ചയ്ക്കു 2 മണിയോടു കൂടെ മടക്ക യാത്ര തുടങ്ങി. യഥാസമയം ട്രിച്ചി സ്റ്റേഷനിലിറങ്ങേണ്ടവരെ ഇറക്കി അതാതു വീടുകളിൽ രാത്രി 8 മണിയോടെ എത്തിച്ചേർന്നു. യാത്രയിൽ ഒന്നു രണ്ടു കുട്ടികൾക്കു ചെറുതായി ശാരീരികാസ്വാസ്ഥ്യ്ം ഉണ്ടായതൊഴിച്ചാൽ യാത്ര ആകപ്പാടെ സന്തോഷകരമായിരുന്നു.വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ആഗ്രഹം സഫലമായതിൽ വളര കൃതാർത്ഥത തോന്നുന്നു.
No comments:
Post a Comment