Friday, December 26, 2008

കുട്ടികള്‍ക്കൊരു ഒരു കൃസ്മസ് പാട്ട്

അയ്യയ്യാ എന്തൊരു ചന്തം കാണ്മാന്‍
ആരാരോ ആരിതിറങ്ങി വരുന്നു?
അപ്പൂപ്പനിതാ പോന്നുവരുന്നേ
കലമാനുകള്‍ തെളിക്കും തേരതിലേറി
മാനത്തുനിന്നൂര്‍ന്നൂര്‍ന്നിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകിയൊഴുകി
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ചെഞ്ചുകപ്പാര്‍ന്നൊരു കുപ്പായമുണ്ടേ
വേഷവും പാപ്പാസും കേമമാണേ
പഞ്ഞിപോല്‍ വെള്ളത്താടിയും മുടിയും
കാണുവാനെന്തൊരു ചേലാണേ
കലമാനുകള്‍ തെളിക്കും തേരതിലേറി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഒരുകയ്യില്‍ സമ്മാനഭാണ്ഡമേന്തി
മറുകയ്യതിലൊരു കുടമണിയും
മണിയും കിലുക്കി ചിരിച്ചു കൊണ്ടേ
അപ്പൂപ്പനിതാ പോന്നുവരുന്നേ
പാട്ടുപാടിയും ആടിയുലഞ്ഞും
കുമ്പയും കുലുക്കി പോന്നുവരുന്നേ
ഉണ്ണിക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ
അപ്പൂപ്പന്‍ നിങ്ങള്‍ക്കായി കൊണ്ടൂവന്ന
സമ്മാനമെല്ലാം കാണേണ്ടേ
വണ്ടികള്‍ , പൂവുകള്‍, പാവകളയ്യയ്യാ
എന്തെല്ലാമെന്തെല്ലാം വിസ്മയങ്ങള്‍!
കലമാനുകള്‍ വലിക്കുന്ന തേരിലേറി
മാനത്തുനിന്നും ഊര്‍ന്നങ്ങിറങ്ങി
മഞ്ഞിന്‍പുഴയിലൂടൊഴുകി നീങ്ങി
അപ്പൂപ്പനിതാ പോന്നുവരുന്നേ
ഓമല്‍ക്കിടാങ്ങളേ ഓടിവരുവിന്‍
അപ്പൂപ്പനിതാ പോന്നുവരുന്നേ.

Sunday, December 14, 2008

സപ്തസ്വരമാല

സപ്തസ്വരാക്ഷരവര്‍ണ്ണസുമങ്ങളാല്‍
ചാരുവാം മാല്യമതൊന്നൊരുക്കി
അംബികേ നിന്‍ തിരു പാദപ്ത്മങ്ങളില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.

ഷട്ജമാമാധാരനാദശ്രുതിയിലായ്
സംഗീതശില്പമുയര്‍ന്നു നില്‍പ്പൂ
ഷട്ജത്തിലത്രേ മയൂരഹര്‍ഷാരവം
പിച്ചിമലരല്ലോ ഷട്ജസ്വരം

രിഷഭസ്വരംതാന്‍ ദ്വിതീയമായതു
ഋഷഭധ്വനിയതു രിഷഭമത്രേ
ചെമ്പകപുഷ്പവും ഇളം മഞ്ഞവര്‍ണ്ണവും
രിഷഭസ്വരത്തിന്നടയാളമാം.

ഗാന്ധാരനാദം താന്‍ മേഷാരവങ്ങളും
പുന്നാഗമലരല്ലോ ഗാന്ധാരവും
സൌവര്‍ണ്ണവര്‍ണ്ണമായ് ശോഭിച്ചീടുന്നിതു
ഗാന്ധാരമാകും തൃതീയസ്വരം.

മധ്യമമാകും ചതുര്‍ഥസ്വരത്തിലായ്
വിരഹിയാം ക്രൌഞ്ചങ്ങള്‍ കേണീടുന്നു
ശുഭ്രമാം വര്‍ണ്ണവും മാലതീപുഷ്പവും
മദ്ധ്യമസ്വരത്തിലിണങ്ങി നില്‍പ്പൂ.

പഞ്ചമശ്രുതിയിലായ്, തളിരുന്ണ്ടു മത്തരായ്
കേളിയില്‍ കൂകുന്നു കോകിലങ്ങള്‍
കേതകീപുഷ്പത്തില്‍ പഞ്ചമം കല്പിതം
കര്‍ണ്ണപീയൂഷമീ നാദരൂപം.

ധൈവതസ്വരത്തില്‍ മുഴങ്ങുന്നു വാജിതന്‍-
ആരവം ഗംഭീരഘോഷമോടെ
അരളീപുഷ്പങ്ങളും, പീതമാം വര്‍ണ്ണവും
ധൈവതസ്വരത്തിന്നു കല്പിതമായ്

നിഷാദമാകുന്ന സപ്തമീസുസ്വരം
കളഭധ്വനിയിലുയര്‍ന്നു കേള്‍പ്പൂ
ചിത്രവര്‍ണ്ണങ്ങളില്‍ ജലജങ്ങളെന്നപോല്‍
നിഷാദസ്വരമതു ശോഭിക്കുന്നു

ഈവിധം ചിത്രമാം വര്‍ണ്ണങ്ങള്‍ ചേര്‍ന്നൊരു
സ്പ്തസ്വരാക്ഷരപുഷ്പമാല
വാണീഭഗവതീ നിന്‍ പാദമൂലത്തില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.
സംഗീതസാഗരത്തില്‍നിന്നൂറുന്ന
സുധാബിന്ദുവൊരിറ്റു നുകരുവാന്‍
സരസിജാസന വല്ലഭേ ശാരദേ
സന്തുഷ്ടിയാര്‍ന്നനുഗ്രഹമേകണേ .

Tuesday, December 2, 2008

മക്കളേ...


മക്കളേ!!!!!!!!!
പാല്‍ചുരത്തും നെഞ്ചിനെ വെട്ടല്ലെ മക്കളേ
ചുട്ടുകരിക്കൊല്ല സഹജാതരെ മക്കളേ
അതിരുകള്‍ വരഞ്ഞിടാനധികാരമേകിയില്ലാരും
എന്നതറിഞ്ഞീടുക സ്വാര്‍ഥരാം മക്കളേ
വേണ്ടുന്നതൊക്കെയും കനിവായ് ചുരത്തുമീ
മാതാവിന്‍ നെഞ്ചകം വിങ്ങുന്നു മക്കളേ
ആര്‍ത്തി പെരുത്തു സര്‍വവും തനിക്കെന്നു
അഹങ്കാരതാണ്ടവമാടായ്ക മക്കളേ
അത്യാര്‍ത്തിയും കൊടും പകയുമായ്
അധികാരവാളാല്‍ കൊത്തായ്ക പരസ്പരം
ബ്രഹ്മാസ്ത്രവും കരഗതമെന്നു ഹുങ്കാല്‍
കത്തിയെരിക്കായ്ക സഹജരെ നിര്‍ദ്ദയം
ദീനരായലയുമരുമക്കിടാങ്ങളും
വേദന തിന്നും വൃദ്ധജനങ്ങളും
കണ്ണൂനീരുവറ്റി ഇരുണ്ട പ്രേതങ്ങളായ്
അലഞ്ഞു തിരിയും യോഷാസമൂഹവും
പൃഥ്വിയില്‍ തിങ്ങി നിറയുന്നു മക്കളേ
ഭീതയായ് സ്തംഭിച്ചു ‍ നില്‍പ്പൂ ഞാന്‍ മക്കളേ
മേധയില്‍ കുരുത്തീടും കുടിലതന്ത്രങ്ങളാല്‍
പുതുപുത്തനാം തീയുണ്ടകള്‍ നിര്‍മ്മിച്ചു മക്കളേ
സഹജര്‍ക്കുനേര്‍ക്കായ് അയച്ചു വിനോദിക്കും
രാക്ഷസക്രൌര്യം വെടിയുക മക്കളേ
പകയും , വെറുപ്പും ചീര്‍ത്തൊരാ മൂര്‍ത്തിയാം
ചിരംജീവിദ്രൌണിയെ യാഗാശ്വമായി
അഴിച്ചുവിടൊല്ല ഭ്രാന്തരാം മക്കളേ
ബന്ധിപ്പതിന്നസാധ്യമെന്‍ മക്കളേ
ആയിരം നാമങ്ങള്‍ നിങ്ങളെനിക്കേകി
ക്ഷമാ, സര്‍വംസഹ, ധാത്രിയെന്നിങ്ങനേ
സഹനസീമകള്‍ താണ്ടൂന്നു മക്കളെ
സര്‍വംഹരയായി മാറ്റാതെ മക്കളേ
ക്രോധമെന്നിലുണര്‍ത്താതെ മക്കളേ
പുത്രഘാതിനിയെന്ന പേര്‍ വരുത്തായ്ക മക്കളേ
വാത്സല്യമൂറുംനെഞ്ചകമാകെ
ദു:ഖ തീക്കനല്‍ വാരി ചൊരിയായ്ക മക്കളേ!


Sunday, November 23, 2008

ജന്മനിയോഗങ്ങള്‍

മനുഷ്യനായി ജനിച്ചാല്‍ മനുജധര്‍മം നിറവേറ്റിയേ പറ്റൂ. ധര്‍മ്മപാലനത്തിനായി ഈ ഭൂമിയില്‍
മനുഷ്യനായി പിറന്നവനാണ് ഈ കൃഷ്ണന്‍.

കാരാഗൃഹത്തിലാണു ജനനം. ഇടയവംശത്തില്‍ ഗോപാലനായി വളര്‍ന്നു. വൃന്ദാവനവും, കാളിന്ദിയും , ഗോവര്‍ധനപര്‍വതവുമെല്ലാം തന്‍റെ കളിത്തട്ടായി. വെണ്‍നിലാവു പരന്ന യാമിനിയില്‍ യമുനയിലെ ഓളങ്ങള്‍ വെട്ടിത്തിളങ്ങുന്നതു മറക്കുന്നതെങ്ങിനെ? യശോദാമ്മയുടെ വാത്സല്യദുഗ്ദ്ധം നുകരാന്‍ കഴിഞ്ഞ കണ്ണന്‍ എത്ര ധന്യന്‍?

നന്ദപിതാവിന്‍റെ സ്നേഹലാളനകള്‍ക്ക് അതിരുണ്ടായിരുന്നില്ലല്ലൊ. ഗോപാലരോടൊത്തുള്ള ലീലാവിലാസങ്ങള്‍ , ഗോപികമാരുടെ ആത്മാര്‍പ്പണം , എല്ലാം ഓര്‍ക്കുമ്പോ‍ള്‍ ശിഷ്ടസംരക്ഷണത്തിനും , ദുഷ്ടശിക്ഷണത്തിനും ആണ് തന്‍റെ നിയോഗം എന്നത് പലപ്പോഴും മറന്നുപോകുന്നു. വൃന്ദാവനത്തിന്‍റെ കാനനഭംഗിയില്‍ മുഴുകി , ഗോപീഗോപാലരോടൊത്തു ആഹ്ലാദതിമിര്‍പ്പില്‍ കാലം കഴിക്കാനല്ല വിധി തന്നെ നിയോഗിച്ചിരിക്കുന്നത് . അല്ലെങ്കില്‍ താന്‍ സ്വയം നിയോഗിതനായിരിക്കുന്നത് . തന്‍റെ ധര്‍മ്മം വേറെയാണ്. ഉല്‍കൃഷ്ടകുലത്തില്‍ മാത്രമല്ല , ഇടയച്ചേരികളിലും പുണ്ണ്യജന്മങ്ങള്‍ ഉടലെടുക്കാമെന്ന് താന്‍ ലോകത്തിന്ന് കാണിച്ചുകൊടുത്തു.


തന്‍റെ ധര്‍മ്മരക്ഷണമെന്ന നിയോഗം പാലിക്കപ്പെടേണ്ട സമയമായപ്പോള്‍ തനിക്ക് വൃന്ദാവനം ഉപേക്ഷിക്കേണ്ടിവന്നു. കംസനിഗ്രഹം നടത്തി മധുരയില്‍ സദ്ഭരണം ഏര്‍പ്പെടുത്തേണ്ടത് തന്‍റെ ചുമതലയായിരുന്നു. മനുഷ്യജീവിതത്തില്‍ അതാതു കാലത്തില്‍ അനുഷ്ഠിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ക്കായി ലോകത്തെ ഉദ്യുക്തമാക്കുക എന്നതും തന്‍റെ ജീവിതം കൊണ്ട് സാധിക്കേണ്ട കര്‍മ്മമായിരുന്നുവല്ലൊ.ദു:ഖത്തോടെ തനിക്കു വിട നല്‍കിയ യശോദയുടേയും, നന്ദഗോപന്‍റേയും മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. വൃന്ദാവനവും , ഗോക്കളും ഗോപാലന്മ്മാരും കണ്ണന് അന്യമായി. അവരുടെ ദു:ഖങ്ങള്‍ തന്‍റേതായി മാറി. നിര്‍മമനാണ് താന്‍ എന്നു ഒരു നൊടിയിട മറന്നു പോയി. എന്നാല്‍ ഒന്നിനോടും അമിതമായ മമത വെച്ചു പുലര്‍ത്തരുതെന്നു പഠിപ്പിക്കലും തന്‍റെ ധര്‍മ്മമായിരുന്നു. ഓരോരോ കാലങ്ങളില്‍ ഓരോരോ കര്‍മങ്ങള്‍ മനുഷ്യജന്മത്തില്‍ വിധിച്ചിട്ടുണ്ടെന്നും, ഫലമിച്ഛിക്കാതെ ആ കര്‍മ്മങ്ങള്‍ നിറവെറ്റണമെന്നും , വിധിയുടെ നിയോഗം ബ്രഹ്മന്നുപോലും തടുക്കാവതല്ല എന്നും, ഉള്ള ഉപദേശങ്ങള്‍ അവര്‍ക്കു നല്‍കാന്‍ ഗോകുലത്തിലേക്കു ഉദ്ധവനെ നിയോഗിച്ചയച്ചതും അതു കൊണ്ടുതന്നെ. തന്നോളം ഭക്തി മറ്റാര്‍ക്കുമില്ലെന്ന ഉദ്ധവന്‍റെ ഔദ്ധത്ത്യത്തിന് ഒരു പാഠവും അത്യാവശ്ശ്യമായിരുന്നു.


വൃന്ദാവനത്തില്‍ ഏവരുടേയും കണ്ണിലുണ്ണിയായി , ക്രീഡാലോലനായി കഴിഞ്ഞിരുന്ന ആ ബാലഗോപാലന്‍തന്നെയാണ് , മധുരയില്‍ ദുഷ്ടനിഗ്രഹം ചെയ്ത് , ധര്‍മപാലനവ്യഗ്രനായി രാജ്യം ഭരിക്കുന്ന ശ്രീകൃഷ്ണന്‍. ഇവിടന്നങ്ങോട്ട് തന്‍റെ കര്‍മവേദി രാജശാസനമാണ്. മാതാപിതാക്കളുടെ മനസ്സില്‍ പ്രതിഷ്ഠിതനായ കണ്ണന്‍ അവരെ വിട്ടു എങ്ങും പോയിട്ടില്ലെന്നും ഒരിക്കലും അവരെ ഉപേക്ഷിക്കുകയില്ലെന്നും അറിയിക്കാന്‍ തന്‍റെ സന്തത സഹചാരിയും, സഖാവും , മന്ത്രിയുമായ ഉദ്ധവനെപ്പോലെ ഉചിതജ്ഞനായ മറ്റാരാണുള്ളത്!


രാധ!!! രാധയെ ഓര്‍മിക്കാത്ത ഒരു നിമിഷം പോലും കണ്ണനുന്ണ്ടോ? ആരാണ് കണ്ണന് രാധ. നിര്‍വചിക്കാന്‍ കഴിയില്ല. രാധയുടെ ഏകാന്തത, രാധയുടെ കണ്ണുനീര്‍, രാധയുടെ വിരഹദു:ഖം, രാധയുടെ കണ്ണനു വേണ്ടിയുള്ള അനന്തമായ കാത്തിരുപ്പ് ഇതെല്ലാം വര്‍ണ്ണിക്കാത്ത ഒരു കവിയും ലോകത്തില്‍ ഉണ്ടായിട്ടില്ല. കണ്ണന്‍റെ ഹൃദയം ആരും അറിഞ്ഞില്ല. കണ്ണനത് ആരേയും അറിയിക്കാനും നിവൃത്തിയില്ല. കൃഷ്ണന്‍ രാജാവാണ്. രാജാവിന്‍റെ ജീവിതപഥം വേറെയാണ് . രാജാവിന് സ്വന്തമായൊരു ജീവിതമില്ല. അതേ, അന്നത്തെ, രാജനീതിക്കും, ആചാരത്തിനും എല്ലാം അനുസൃതമായി കൃഷ്ണന്‍ ഒന്നിലധികം വേളി കഴിച്ചു. പലരും പുരസ്കാരമായി കാഴ്ച്ച വെച്ചത് വധുക്കളെയായിരുന്നു. അന്നത്തെ നാട്ടുനടപ്പില്‍ അത് അസാധാരണമായിരുന്നില്ല. കളങ്കലേശമില്ലാതേയും ആര്‍ക്കും ഒരു പരാതിയുമില്ലാതേയും കൃഷ്ണന്‍ അവരെയെല്ലാം പരിപാലിച്ചു. ഈ ജന്മ നിയോഗമായിരുന്നു അത്. അതിനര്‍ഥം കൃഷ്ണന്‍ രാധയെ മറന്നു എന്നല്ല. കൃഷ്ണനും രാധയും രണ്ടല്ല. രാധ കണ്ണനും, കണ്ണന്‍ രാധയുമാണ്. സുചരിതയും സുശീലയുമായ രാധ അതറിയുന്നുണ്ട്. പരിഭവലേശമില്ലാതെ കണ്ണന്‍റെ ഓര്‍മ്മകളില്‍ മുഴുകിക്കഴിയുന്ന രാധയോടു ചോദിക്കൂ‍. അവള്‍‍ പറയും , രാധയില്‍നിന്നു നിമിഷാര്‍ദ്ധം പോലും കണ്ണന്‍ വേറിട്ടിട്ടില്ലെന്ന്. അവരെ പരസ്പരം പിരിക്കാന്‍ ഒരു നിയതിക്കും സാദ്ധ്യമല്ലെന്ന്.

വ്യത്യസ്ത കര്‍മ്മയോഗങ്ങളില്‍പ്പെട്ടു വിഭിന്ന ജീവിതം നയിക്കുന്ന രാധാകൃഷ്ണന്മാര്‍ എന്നും ഒന്നിച്ചിരിക്കുന്നു. യുഗയുഗാന്തരങ്ങളായി ഉള്ളില്‍ കണ്ണനേയും പ്രതിഷ്ഠിച്ചു രാധ കഴിയുന്നു. കണ്ണന്‍റെ ജീവശ്വാസമാണ് രാധിക. രാധികയ്ക്കോ, താന്‍ സ്വയം തന്നെയാണു കണ്ണന്‍.
സമസ്ത സൃഷ്ടികളേയും ഊര്‍ജ്വസ്വലാരാക്കി, കര്‍മോത്സുകരാക്കുന്ന‍ ഉള്ളില്‍ വിളങ്ങുന്ന ആ ഏക ചൈതന്യം തന്നെയാണു കണ്ണന്‍. ആ ചൈതന്യത്തെ സര്‍വദാ തേടിനടക്കുന്ന ജീവാത്മാവു തന്നെ രാധ. ഈ അറിവു മനസ്സില്‍ ഉണര്‍ന്നാല്‍ ജീവിതം ധന്യമായി.


Wednesday, October 15, 2008

കുന്തീദേവി

ഇപ്പോള്‍‍ പിറന്ന പിഞ്ചുകുഞ്ഞ്. തങ്കം പോലെ തിളങ്ങുന്നു. ജന്മനാ സിദ്ധിച്ച കവചകുണ്ഡലങ്ങള്‍ മേനിയില്‍ കിടന്നു ജ്വലിക്കുന്നു. കുന്തിയുടെ കാനീനപുത്രന്‍ . ഉള്ളം വിങ്ങുകയാണ്. ഇവനെയുമെടുത്തു എങ്ങോട്ടെങ്കിലും ഓടിയാലോ , ഒരു നിമിഷം ചിന്തിച്ചു പോയി. കുന്തിക്കതു ചെയ്യാനാവില്ല. പിതാവായ ശൂരസേനന്‍റെ , സുഹൃത്തിനോടുള്ള പ്രതിജ്ഞയാല്‍ ബന്ധിതയാണ് ഈ പൃഥ. കുന്തിഭോജമഹാരാജാവ് തന്നിലര്‍പ്പിച്ചിരിക്കുന്ന വാത്സല്യ , വിശ്വാസങ്ങള്‍ തിരസ്കരിക്കാന്‍ ഇവള്‍ക്കു കഴിവില്ല. അപമാനഭീതി , മാതൃത്വത്തെ പരാജയപ്പെടുത്തി. കര്‍ത്തവ്യബോധം , മാതൃത്വത്തെ കടപുഴക്കി എറിഞ്ഞു. സത്പാത്രത്തില്‍ എത്തിച്ചേരണേ എന്നു സര്‍വദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടു കുഞ്ഞിനെ പെട്ടിയിലടച്ചു പുഴയിലൊഴുക്കുകതന്നെ ചെയ്യേണ്ടിവന്നു. കഠിനഹൃദയയാണ് താനെന്നു അവള്‍ക്കു സ്വയം അറിയാമായിരുന്നു.

പിന്നീടു ഈ പൃഥയുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവങ്ങള്‍! ഇന്നിപ്പോള്‍ തന്‍റെ പ്രഥമപുത്രനെ കാണാന്‍ പുറപ്പെടുകയാണ് ഈ അമ്മ. എന്തിന്? ഇത്രയും നാള്‍ കാത്തു സൂക്ഷിച്ച രഹസ്യം വെളിപ്പെടുത്തി അവന്‍റെ വീര്യം നശിപ്പിക്കാനോ? ഇത്ര കാലം ശത്രുക്കളായി കരുതിയിരുന്നവര്‍ സഹോദരന്മാരാണെന്നു അറിയിച്ചു അവരുടെ ജീവന്‍ യാചിക്കുവാനോ?എല്ലാവരുടേയും നന്മയാണ് ഈ മാതാവ് കാങ്ക്ഷിക്കുന്നതു. ഈ അമ്മയുടെ അഞ്ചു പുത്രന്മാര്‍ക്കു, തന്‍റെ സഹോദരപുത്രന്‍ ശ്രീകൃഷ്ണന്‍ സഖാവായി ഉള്ളപ്പോള്‍ യാതൊരാശങ്കയ്ക്കും അവകാശമില്ല. എന്നാല്‍ ! കര്‍ണ്ണന്‍ ! അവനാരുണ്ടു തുണ? സ്വന്തം വീര്യ ശൌര്യ, പരാക്രമങ്ങള്‍ മാത്രം. ധര്‍മാത്മാവായ, ആദര്‍ശധീരനായ കര്‍ണ്ണന്‍ സൌഹൃദത്തിന്‍റെ , കടപ്പാടിന്‍റെ പേരില്‍ അധര്‍മപക്ഷത്തോടു ചേര്‍ന്നിരിക്കുന്നു. ഈ അമ്മയുടെ ഉള്ളം വേവുകയാണ്.

നദീതീരത്ത് മണല്‍ത്തിട്ടയില്‍ , സൂര്യനെ നോക്കി ധ്യാനത്തില്‍ നില്‍ക്കുന്ന പുത്രന്‍റെ ദീര്‍ഘകായത്തിന്‍റെ നിഴലില്‍ ആ അമ്മ നിന്നു. ഈ അവസരത്തില്‍ പൂര്‍വകാലസ്മരണകള്‍ മനസ്സാകുന്ന വേദിയില്‍ തിക്കി തിരക്കി കയറിവരുകയാണ്. ഈ പൃഥക്കു സുഖം എന്നതു എന്നും നിമിഷനേരം നിലനില്‍ക്കുന്ന ഒരു സ്വപ്നം പോലെയാണ്. ബാല്യത്തില്‍തന്നെ സ്വന്തം പിതാവ് സുഹൃത്തിനു നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടി മാതാപിതാക്കളെ പിരിയേണ്ടി വന്നു. കുന്തിഭോജരാജാവിന്‍റെ കൊട്ടാരത്തിലെത്തിയ പൃഥ കുന്തിയായി മാറി. മാതാപിതാക്കളെ പിരിഞ്ഞ് അന്യഗൃഹത്തില്‍ കഴ്യേണ്ടി വരുമ്പോഴുള്ള ദു:ഖം ഇവള്‍ക്കു നന്നായിട്ടറിയാം. കര്‍ണ്ണാ!മകനേ! പിഞ്ചു കണ്ണുകള്‍ തുറന്നപ്പോള്‍ മുതല്‍ രാധയും അതിരഥനും തന്നെയാണു നിന്‍റെ മാതാപിതാക്കള്‍ . എന്നാല്‍ ഈ കുന്തി തിരിച്ചറിവു വന്നതിനു ശേഷമാണു പെറ്റമ്മയെ പിരിഞ്ഞത്. പുതിയ കൊട്ടാരത്തില്‍ അവള്‍ക്കു നിറവേറ്റേണ്ടി വന്ന ചുമതല കഠിനമായതായിരുന്നു. കൌമാരം വിടപറഞ്ഞുതുടങ്ങുന്ന, നിഷ്കളങ്ക പ്രായത്തില്‍ , ക്രോധത്തിന്‍റെ മൂര്‍ത്തസ്വരൂപനായ ദുര്‍വാസാവുമഹര്‍ഷിയെ പരിചരിച്ചു പ്രീതിപ്പെടുത്താനുള്ള നിയോഗം അവളിലര്‍പ്പിക്കപ്പെട്ടു. കഠിനനിഷ്ഠയോടെ അവള്‍ ആ ദൌത്യം നിര്‍വഹിക്കുകയും ചെയ്തു. മഹര്‍ഷി പ്രീതനായി. വരുംവരായ്കകള്‍ തിരിച്ചറിയാന്‍ കഴിയാത്ത ആ ബാലികയ്ക്കു മഹര്‍ഷി നല്‍കിയ അനുഗ്രഹമോ? വിചിത്രം തന്നെ. “ദേവാഹൂതി മന്ത്രം.”ആ ബാലിക കൌതുകം പൂണ്ടു മന്ത്രത്തിന്‍റെ ഫലപ്രാപ്തി പരീക്ഷിച്ചറിയാന്‍ ഒരുങ്ങിയതിനെ കുറ്റപ്പെടുത്തുന്നത് എങ്ങിനെയാണ്? നന്മതിന്മകള്‍ ചൂണ്ടിക്കാണിക്കാന്‍ അവള്‍ക്കരികില്‍ അമ്മ ഉണ്ടായിരുന്നില്ലല്ലോ. സൂര്യതേജസ്സില്‍ ആകൃഷ്ടയായ അവള്‍‍ മന്ത്രം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വിവേകമുറക്കാത്ത ബാലികയ്ക്കു മന്ത്രശക്തിയേകിയ മഹര്‍ഷിയാണോ കുറ്റക്കാരന്‍? ആഹ്വാനം ചെയ്തത് , ഭവിഷ്യത്തില്‍ അജ്ഞയായ ഒരു കുമാരിയാണെന്നു കരുതാതിരുന്ന ജ്ഞാനമൂര്‍ത്തിയായ ആ തേജപു:ഞ്ജമാണോ അപരാധി?അതോ വിധാതാവോ? ആ ഒരൊറ്റ നിമിഷം കൊണ്ടു ആ ബാലിക ആപാദചൂഡം മാറിപ്പോയി. വൃദ്ധയായ ദാസി മാത്രമേ അവള്‍ക്കു ആശ്രയമായി ഉണ്ടായിരുന്നുള്ളു. എല്ലാ മോഹങ്ങളേയും, വികാരങ്ങളേയും സ്വപ്നങ്ങളേയും ചുട്ടുകരിച്ചുകൊണ്ടു ആ കന്യകാമാതാവു തന്‍റെ കുഞ്ഞിനെ നെഞ്ചില്‍നിന്നും പറിച്ചെറിയുകതന്നെ ചെയ്തു.

വര്‍ഷങ്ങളായി അവള്‍ പശ്ചാത്താപത്തിലും മാതൃസ്നേഹത്തിലും വെന്തെരിയുകയാണ്. മകന്‍റെ തേജസ്സുറ്റ രൂപം അവളുടെ മുന്‍പില്‍ തന്നെ വളര്‍ന്നു വന്നു . “സൂതപുത്രന്‍, സൂതപുത്രന്‍ “എന്നു ജനങ്ങള്‍ക്കൊപ്പം തന്‍റെ മറ്റു അഞ്ജു പുത്രന്മാരും അധി:ക്ഷേപിക്കുമ്പോള്‍ മകന്‍റെ മനസ്സു അമര്‍ഷത്തില്‍ തിളച്ചുമറിയുന്നതും അറിഞ്ഞു മൌനം ദീക്ഷിക്കേണ്ടി വന്നു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ മകന്‍ പിടയുന്നതു കാണുമ്പോള്‍ എല്ലാം മറന്നു ഓടിച്ചെന്നു ആശ്വസിപ്പിക്കാന്‍ കരള്‍ വെമ്പി. ഇതെല്ലാം വീക്ഷിച്ചു ആ പിതൃത്വം , ആ കര്‍മസാക്ഷി മുകളില്‍ ആകാശനീലിമയില്‍ നിര്‍വികാരനായി സ്വഛന്ദം നില്‍ക്കുന്നതു കണ്ട് മനസ്സ് നീറി. ആ പിതാവെന്തേ നിശ്ചിന്തനായത്! അല്ലെങ്കില്‍ , ഓരോ ജീവനും ഈ ഭൂമിയില്‍ ജന്മമെടുക്കുന്നതു ഈശ്വരന്‍റെ പ്രത്യേക നിയോഗം നിറവേറ്റാനായിരിക്കുമല്ലൊ.

യതാര്‍ത്ഥമാതാവിനെ തിരിച്ചറിയുമ്പോള്‍ നിന്‍റെ മനസ്സില്‍ ഉണ്ടാകാവുന്ന കോളിളക്കങ്ങള്‍ ഈ അമ്മ സംകല്‍പ്പിക്കാറുണ്ട്. ഈ അമ്മയോടു നിനക്കു തോന്നുന്ന ഈര്‍ഷ്യക്കും , വെറുപ്പിനും, അവജ്ഞക്കും അളവുണ്ടാകുമോ? എന്നാല്‍ മകനേ! നീ ഒന്നറിയണം. ഒരമ്മയ്ക്കും തന്‍റെ ഓമല്‍ സന്താനത്തെ നിര്‍വികാരയായി, നിഷ്കരുണം ത്യജിക്കാനാവില്ല. ആ അമ്മ ശപിക്കപ്പെട്ട ആ ദിനത്തെ ചൊല്ലി കണ്ണീരൊഴുക്കാത്ത ഒരു ദിവസം പോലും ഇന്നേവരെ കടന്നുപോയിട്ടില്ല. കന്യകയായ , നിരാലംബയായ , രാജനീതിയാല്‍ ബന്ധിതയായ, ആനൂഢയൌവനയായ, ഒരു കുമാരിയുടെ നി:സ്സഹായാവസ്ഥ നിനക്കു മനസ്സിലാകുമോ?ഈ അമ്മ തന്‍റെ ചെയ്തികളെ ന്യായീകരിക്കുകയല്ല. അവള്‍ മറ്റെന്തു ചെയ്യുമായിരുന്നു? ജനിച്ച പുത്രനെ എല്ലാ അപമാനങ്ങളും സഹിച്ചു വളര്‍ത്തി എന്നുതന്നെ ഇരിക്കട്ടെ, വളര്‍ന്നു വരുമ്പോള്‍ നിന്‍റെ നേര്‍ക്കു നീളുന്ന പരിഹാസം നിറഞ്ഞ വിരലുകള്‍ക്കു മുന്നില്‍ ഇപ്പോഴുള്ളതിലധികം തല കുനിക്കേണ്ടി വരില്ലേ? അങ്ങിനത്തെ അവസരത്തില്‍ “ജനിച്ച ഉടനെ കഴുത്തു ഞെരിച്ചു കൊല്ലാതിരുന്നതെന്തേ” എന്നു അമ്മയുടെ ദയനീയമായ മുഖത്തു നോക്കി നീ ചോദിക്കുമായിരുന്നില്ലേ? തന്‍റെ കുഞ്ഞ് ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ സുഖമായിവളരട്ടെ എന്നാണു ഈ അമ്മ ആശിച്ചത്. ഒരു പരിധി വരെ അതു സംഭവിക്കുകയും ചെയ്തു. നിനക്കു വാത്സല്യനിധികളായ അച്ഛനമ്മമാരെ കിട്ടി. എന്നാല്‍ വിധിവൈപരീത്യം തന്നെ. നിന്‍റെ ആകര്‍ഷകരൂപവും, അല്‍ഭുതപരാക്രമവും, മന:സ്ഥൈര്യവും കണ്ട് അനുമോദിക്കുന്നതിനു പകരം , അവഹേളിക്കാനാണു ജനങ്ങള്‍ തുനിഞ്ഞത്. ദുര്യോധനന്‍ പറഞ്ഞതുപോലെ സിംഹത്തിനു സൃഗാലസന്തതി ഉണ്ടാകില്ലെന്നു മനസ്സിലാക്കാന്‍ ആരും തുനിഞ്ഞില്ല. നിനക്കു നേരിട്ട ഈ അപമാനഭാരം തന്നെ ആയിരിക്കാം പിന്നീടുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ഒരു ഹേതു. നീയെന്നും ആരാധിക്കുന്ന , നിന്‍റെ ഗുരുനാഥനെന്നു വിശേഷിപ്പിക്കുന്ന ആ മാര്‍ത്താണ്ഡദേവനാണ് നിന്‍റെ പിതാവെന്നു അറിയുമ്പോള്‍ നിന്‍റെ വികാരം എന്തായിരിക്കും?ആ ഭക്തിയും സ്നേഹവും അചഞ്ചലമായിരിക്കുമോ? സ്വല്പം പോലും അമര്‍ഷം ഉണ്ടാകില്ലേ?

കുന്തിയുടെ ജീവിതത്തില്‍ പിന്നെയും സംഭവങ്ങളുടെ കുതിച്ചു ചാട്ടങ്ങളായിരുന്നു. പുകള്‍പെറ്റ കുരുവംശത്തിന്‍റെ സ്നുഷയായി. എന്നിട്ടോ? ദിഗ്വിജയിയായ പാണ്ഡുമഹാരാജാവ് കീര്‍ത്തിയ്ക്കൊപ്പം സപത്നിയേയും കൊണ്ടുവ്ന്നു. അന്നത്തേ രാജകുഡുംബങ്ങളില്‍ ഇതു അസാധാരണസംഭവമല്ലല്ലോ. സപത്നിയേയും സഹോദരിയായി സ്നേഹിക്കാന്‍ കുന്തി മടിച്ചില്ല. എന്നിട്ടും ആശ്വാസത്തിന്‍റേയും , ആഹ്ലാദത്തിന്‍റേയും നാളുകള്‍ വളരെ കുറച്ചേ ഉണ്ടായുള്ളു . രാജകുഡുംബത്തില്‍ അശനിപാതം കണക്കേയാണ് പാണ്ഡുമഹാരാജാവിനു മഹര്‍ഷിശാപമേറ്റ വിവരം എത്തിയത്. വിരക്ത്നായി വനത്തിലേയ്ക്കു പോയ മഹാരാജാവിനോടൊപ്പം സപത്നിയും, കുന്തിയും അനുഗമിച്ചു. കുലവൃദ്ധിക്കായി രാജനിയോഗമനുസരിച്ചു”ദേവാഹൂതി” മന്ത്രമുപയോഗിച്ച് മൂന്നു അമാനുഷപുത്രന്മാര്‍ക്കു കുന്തിയും രണ്ടു പേര്‍ക്കു മാദ്രിയും ജന്മമേകി.വരം നല്‍കിയ മഹര്‍ഷി ഈ ദൈവനിയോഗം മുന്‍ കൂട്ടി കണ്ടിരിക്കുമോ?രാജവംശത്തിന്‍റെ നന്മയ്ക്കും , അഭിവൃദ്ധിക്കും മുന്നില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമെവിടെ? ജ്യേഷ്ഠത്തി ഗാന്ധാരീ ദേവി അന്ധനായ പതിയുടെ സഹധര്‍മിണീത്വം പൂര്‍ത്തിയാക്കാന്‍ കറുത്ത പട്ടുകൊണ്ടു കണ്ണുകള്‍ മൂടിക്കെട്ടി സ്വയം അന്ധത വരിച്ച മനസ്വിനിയാണ്. വാസ്തവത്തില്‍ അതായിരുന്നുവൊ ശരി? ഭര്‍ത്താവിന്‍റെ അന്ധത്ത്വം സ്വന്തം കാഴ്ച്ച കൊണ്ടു പരിഹരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ആവോ? ധര്‍മ്മനീതിയുടെ പോക്ക് വിധാതാവിനു പോലും നിശ്ചയിക്കാവുന്നതല്ലെന്നല്ലേ പറയുന്നത്‌!

വനത്തിലായിരുന്നെങ്കിലും സന്തോഷവും, സമാധാനവും അനുഭവിച്ച കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി. വീണ്ടും വിധി ജീവിതത്തില്‍ ക്രൂരമായ ഇടി ഏല്‍പ്പിച്ചു. ശാപഗ്രസ്തനായ രാജാവ് ഒരു ദുര്‍ബലനിമിഷത്തിന്‍റെ പ്രേരണയില്‍ ജീവന്‍ വെടിയുകയും, അതിനു കാരണം സ്വയം ആരോപിച്ചു മാദ്രി ഭര്‍ത്താവിന്‍റെ ചിതയില്‍ സതി അനുഷ്ഠിക്കുകയും ചെയ്തു. പറക്ക മുറ്റാത്ത അഞ്ചു പുത്രന്മാരോടു കൂടി കുന്തി നിരാലംബയായി. കൊട്ടാരത്തിലേയ്ക്കു മടങ്ങാതെ നിവൃത്തിയില്ലായിരുന്നു. മക്കള്‍ക്കു അര്‍ഹതപ്പെട്ട സ്ഥാനം നേടിക്കൊടുക്കേണ്ടതായി കുന്തിയുടെ അടുത്ത കടമ. മനസ്സില്‍ പലവിധ ആശങ്കകളും ഉയര്‍ന്നു വന്നു. അവകാശത്തര്‍ക്കങ്ങള്‍ ഉയരുമെന്നു കുന്തിക്കറിയാമായിരുന്നു. കടമയുടേയും സൌഹൃദത്തിന്‍റെ പേരില്‍ തന്‍റെ കാനീനപുത്രന്‍ ശത്രുപക്ഷത്തു ചേരുന്നതു നോക്കി നില്‍ക്കേണ്ടി വന്നു. കുന്തിക്കു മൌനം തന്നെ യായിരുന്നു അപ്പോഴും കരണീയം.

ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങളും കൊണ്ടാണു പുലര്‍ന്നിരുന്നത്. അഭ്യാസപരീക്ഷ, അരക്കില്ലം, ദ്രൌപദീപരിണയം, ഇന്ദ്രപ്രസ്ഥ്സ്ഥാപനം, രാജസൂയം, ശിശുപാലവധം സംഭവങ്ങളുടെ കുത്തൊഴുക്കായിരുന്നു. അഭ്യാസക്കളരിയില്‍ മത്സര രംഗത്തു വെച്ചു ജ്യേഷ്ഠപുത്രനെ മറ്റുമക്കള്‍ അവഹേളിക്കുന്നതു കണ്ടു മനം നൊന്തു. ശ്രീകൃഷ്ണകൃപയും , കഠിനപ്രയത്നവും കൊണ്ടു നേടിയെടുത്ത സര്‍വൈശ്വര്യങ്ങളും ചൂതുകളിയുടെ പേരില്‍ അന്യാധീനപ്പെടുന്നതു കണ്ടു. ദ്യൂതസഭയില്‍ സഭാമദ്ധ്യേ ,ഗുരുജനങ്ങളെ സാക്ഷിനിര്‍ത്തി കൃഷ്ണ അപമാനിതയാവുന്നതറിഞ്ഞു മനസ്സു ഉല്‍ക്കടമായി ക്ഷോഭിച്ചു. സ്ത്രീയുടെ അപമാനം കുലവൃദ്ധന്മാരും , വന്ദ്യഗുരുജനങ്ങളും നോ‍ക്കിനിന്നതറിഞ്ഞ് ഹൃദയം നുറുങ്ങി. “കുലടയെന്നു വിളിച്ചു ദ്രൌപദിയെ അപമാനിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. കര്‍ണ്ണാ! മകനേ!ആദര്‍ശശാലിയും , സദ്ഗുണസമ്പന്നനും കരുണാമയനും ആയ നിന്‍റെ മുഖത്തുനിന്ന് അത്തരം അപ:ശബ്ദങ്ങള്‍ പുറപ്പെട്ടതെങ്ങിനെ? അല്ലെങ്കില്‍ ആരേയാണ് പഴിക്കേണ്ടത്?സ്വയംവരവേളയില്‍ നിന്നെ അപമാനിക്കാന്‍ ദ്രൌപദിയും ഒട്ടും മടിച്ചില്ലല്ലോ. അജയ്യരും , മഹാശൌരികളുമായ മക്കള്‍ സത്യത്തിന്‍റെയും , ധര്‍മ്മത്തിന്‍റെയും പേരില്‍ കൈകള്‍ കെട്ടി ശിരസ്സു കുനിച്ചു നി:സ്സഹായരായി നോക്കി നില്‍ക്കുന്നതും കാണേണ്ടി വന്നു.

മക്കള്‍ക്കു ദ്വാദശവത്സരം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും. എന്തിനു വേണ്ടിയുള്ളതായിരുന്നു ഈ ശിക്ഷ?മക്കള്‍ വനത്തില്‍ കഷ്ടപ്പെട്ടു കാലം കഴിക്കുമ്പോള്‍ മനസ്സിനെ കല്ലാക്കികൊണ്ടു നാട്ടില്‍ വിദുരഗൃഹത്തില്‍ കഴിഞ്ഞുകൂടി. അവസാനമിതാ കൃഷ്ണന്‍റെ ദൂതു പരാജയപ്പെട്ടു ഘോരയുദ്ധം ആസന്നമായിരിക്കുന്നു.

കര്‍ണ്ണാ നിന്‍റെ മുന്‍പില്‍ പാപിയായ ഈ അമ്മയിതാ വന്നിരിക്കുന്നു. ഒരിക്കലെങ്കിലും നിന്‍റെ മുഖത്തുനിന്നു അമ്മേയെന്ന വിളി കേള്‍ക്കാന്‍ ഇവള്‍ എത്ര കാലമായി ആഗ്രഹിക്കുന്നു? സത്യമറിയുമ്പോള്‍ നിന്‍റെ മന:സ്സിലുയരുന്ന ചോദ്യങ്ങള്‍ ഈ അമ്മ അറിയുന്നുണ്ട്. എങ്കിലും ദുര്‍ബലയായ ഒരു രാജകന്യകയുടെ നി:സ്സഹായാവസ്ഥ നീ മനസ്സിലാക്കുമൊ? നഷ്ടപ്പെടുത്തിയ പുത്രസാമീപ്യത്തിന്നു വേണ്ടി വര്‍ഷങ്ങളായി മനമുരുകുക്കൊണ്ടിരിക്കുന്ന അമ്മയുടെ ദു:ഖം നീ അറിയുമോ?

ഉവ്വ്. ഒടുവില്‍ നീ മനസ്സിലാക്കി. മദ്ധ്യമപാണ്ഡവന്‍റെ ഒഴികെ മറ്റ് അനുജന്മ്മാരുടെ ജീവന്‍ നീ ദാനമായി നല്‍കി. പക്ഷെ ഈ അമ്മ നിന്‍റേയും രക്ഷ കാംക്ഷിച്ചിരുന്നു. അമ്മ്യ്ക്കു എന്നും മക്കള്‍‍ അഞ്ചായിരിക്കുമെന്നു നീ പറഞ്ഞു. ഒന്നുകില്‍ അര്‍ജുനനോടുകൂടി അഞ്ചു പേര്‍. അല്ലെങ്കില്‍ കര്‍ണനോടു കൂടി അഞ്ച് പേര്‍. നിന്‍റെ തീരുമാനത്തിനു മാറ്റമില്ലായിരുന്നു. അമ്മയ്ക്കു ആരേയും ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഓരോരുത്തരും ഒന്നിനൊന്നു മികച്ചവര്‍. ഒരു വിധത്തില്‍ ഈ അമ്മ ഏറ്റവും ഭാഗ്യവതി തന്നെ. എതിരില്ലാത്ത വീര്യത്തോടു കൂടിയ വിശ്വവിജയികളായ ആറു പുത്രന്മാര്‍. വിശ്വവിജയി കര്‍ണ്ണന്‍, ദയാപയോനിധി കര്‍ണ്ണന്‍, വില്ലാളിവീരന്‍ കര്‍ണ്ണന്‍, !എന്തെല്ലാം വിശേഷണങ്ങള്‍! പക്ഷേ വിധിയെ തടുക്കാന്‍ ആര്‍ക്കാണു കഴിയുന്നത്. ഭാഗ്യവതിയായിരിക്കെ തന്നെ ഏറ്റവും നിര്‍ഭാഗ്യവതിയും !

ഘോരയുദ്ധം അനിവാര്യമായിരുന്നു. അഭിമനുവിനെപ്പോലെയുള്ള വീരസാഹസികരായ ചെറു മക്കള്‍ വീരഗതി പ്രാപിച്ചു. ജീ‍വിതം നുകരും മുന്‍പേ രാജവധുക്കള്‍ വിധവകളായി. പൂജ്യരായ ഗുരുജനങ്ങള്‍ സ്വര്‍ഗം പൂകി. സഹോദരന്മാര്‍ തമ്മിലടിച്ചു നശിച്ചു. ഇനി ഈ അമ്മയ്ക്കു അനുഭവിക്കാന്‍ ബാക്കി എന്താണുള്ളത്. അതേ! ഒന്നു കൂടിയുണ്ട്. സ്വന്തം സഹോദരനെയാണ് മഹാശത്രുവായി കരുതി വധിച്ചത് എന്നറിയുമ്പോളുള്ള ശേഷിച്ച മക്കളുടെ തിരസ്കാരം. രഹസ്സ്യം മറച്ചു വെച്ച്, കലഹത്തിനു മൂര്‍ച്ച കൂട്ടി എന്ന ആരോപണം. അതും സംഭവിച്ചു. എന്നാള്‍ ഈ അമ്മയ്ക്കൊന്നറിയാം . പ്രഥമപുത്രനോടുള്ള കടമയില്‍ വീഴ്ച വന്നതൊഴിച്ചാല്‍ ബാക്കി എല്ലാ ചുമതലകളും ഈ അമ്മ വിധിയാംവണ്ണം നിര്‍വഹിച്ചു എന്നു തന്നെയാണ് കുന്തി കരുതുന്നത്. നിഷ്ക്രിയരായ മക്കള്‍ക്ക് “വിദുളാവാക്യം“ എന്ന സന്ദേശം നല്‍കി ഊര്‍ജ്വസ്വലരാക്കി പ്രവര്‍ത്തനനിരതരാക്കേണ്ടതായിരുന്നു കുന്തിയുടെ അന്നത്തെ കടമ. അന്നു ഈ അമ്മ തെല്ലും ഭീരുവായില്ല. ഇന്നു മക്കള്‍ വിജയശ്രീലാളിതരായി, ശ്രേയസ്കരരായി. ഈ അമ്മയ്ക്കിനി ഒന്നും നേടുവാനില്ല. കര്‍മങ്ങളൊന്നും ബാക്കിയില്ല. വനവാസം തന്നെയാണു ഉചിതം. ജ്യെഷ്ഠനേയും പത്നിയേയും പരിചരിച്ചു അവരുടെ കൂടെ വനത്തില്‍ കഴിയാനാണു ഇനി ഇവളുടെ നിശ്ചയം. ജീവിതത്തിലെ ഭുരിഭാഗവും വനത്തില്‍ കഴിച്ചു കൂട്ടിയ കുന്തിയ്ക്കു അതിനു പ്രത്യേക ആലോചനയോ തയ്യാറെടുപ്പുകളൊ ഒന്നും ആവശ്യമില്ല. വൃദ്ധരായ ജ്യേഷ്ഠനോടും ജ്യേഷ്ഠത്തിയോടുമൊന്നിച്ച് കുന്തി വനത്തിലേയ്ക്കു പുറപ്പെടുകയാണ്.

ലോകത്തിലെ എല്ലാ മക്കളുടേയും ദു:ഖങ്ങള്‍ ഈ അമ്മ ഏറ്റുവാങ്ങുന്നു. മക്കളെല്ലാവരും സുഖത്തോടെ , ശ്രേയസ്സോടെ , സമാധാനത്തോടെ കഴിയാനിട വരട്ടെ എന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന.














Monday, August 18, 2008

മഞ്ഞുകാലം

ഹായ്!എന്തിമ്പമാര്‍ന്ന മനോഹരമായ കാഴ്ച!വെണ്മാനമാകുന്ന വന്‍ കിടക്ക ചോര്‍ത്തി പുതു കിടക്ക ചമയ്ക്കുന്നതാരാണു? ചോര്‍തിയ പഞ്ഞി കെട്ടുകെട്ടായി മാനത്തു നിന്നു തുതുരാ വീഴുന്നതു കാണാനെന്തുഭംഗി! ഓടിച്ചെന്നു ഇരുകൈകള്‍കൊണ്ടും പഞ്ഞി വാരിയെടുക്കാന്‍ തോന്നും. ഭൂമി മുഴുവന്‍ പഞ്ഞിത്തുണ്ടുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.

വെണ്മേഘത്തരുണികളുടെ ആനന്ദനൃത്തഘോഷത്തിനിടയ്ക്കു കാലിലണീഞ്ഞ ചിലമ്പുകളീല്‍ നിന്നു മുത്തുകള്‍ പൊഴിഞ്ഞു വീഴുകയാണെന്നു തോന്നുന്നു. അവസാനമില്ലാതെ ഒന്നിനു പിന്‍പേ ഒന്നായി അവ താഴേയ്ക്കു പതിക്കുന്നതു കാണാന്‍ എന്തു ഭംഗി.

നനുത്ത വെണ്‍പട്ടിനാല്‍ ആകാശത്തിനും ഭൂമിക്കുമിടക്കു ഒരു തിരശ്ശീല പിടിച്ചതാണെന്നും തോന്നുന്നുണ്ടു. വാനില്‍ നടക്കുന്ന നൃത്തമഹോത്സവത്തിനു അരങ്ങത്തു പിടിച്ച തിരശ്ശീലയായിരിക്കുമോ? പളപളാ മിന്നുന്ന വെണ്‍പട്ടുഏറ്റവും മൃദുലവും ശീതളവുമായിരിക്കുന്നു.

ഇനി ഒരുപക്ഷേ ഈ ഭൂമിയാണോ നടനവേദി? അപ്സരകന്യകമാര്‍ നൃത്ത ഭൂഷകളണിഞ്ഞു ഭൂമിയിലേക്കു മന്ദം മന്ദം ഇറങ്ങി വരികയാണോ? ദിക്കുകള്‍ മുഴുവന്‍ ധവളാഭമായിരിക്കുന്നു. ഭൂമിയെ അലങ്കരിച്ചിരിക്കുന്ന അനേകലക്ഷം ആലക്തിക വിളക്കുകളുടെ പ്രകാശം തട്ടി മഞ്ഞുപാളികളീലൂടെ വിവിധ വര്‍ണ്ണങ്ങള്‍ പ്രതിഫലിക്കുന്ന കാഴ്ച വര്‍ണനാതീതം തന്നെ. സര്‍വത്ര പ്രകാശധോരണി തന്നെ.

ഇലകള്‍ കൊഴിഞ്ഞു അസ്ഥിമാത്രങ്ങളായി നില്‍ക്കുന്ന വൃക്ഷങ്ങളെല്ലാം മഞ്ഞു കൊണ്ടു മൂടി അടിമുടി വെള്ള അങ്കി ചാര്‍ത്തി നില്‍ക്കുന്നു. പാദങ്ങള്‍ ഭൂമിയില്‍ തൊടുന്നില്ല. ഞെരിയാണീക്കറ്റം മഞ്ഞു മൂടിയിരിക്കുകയാണു. വെണ്മയാര്‍ന്ന കേശഭാരത്തോടും , താടിമീശകളോടും കൂടി ക്രിസ്മസ് അപ്പൂപ്പന്മാര്‍ യേശുദേവന്‍റെ ആഗമനവേളയില്‍ വരവേല്‍ക്കാന്‍ നിരനിരയായി ഒരുങ്ങിനില്‍ക്കുകയാണെന്നു തോന്നും. എങ്ങും വിശുദ്ധിയുടെ വെണ്മയുടെ മഹാപ്രളയം തന്നെ. ഇങ്ങിനെ മനം മയക്കുന്ന മഹനീയമായ ചിത്രം ആരചിച്ച ആ വിശ്വകലാകാരന്നു അനന്തകോടിപ്രണാമം.

Wednesday, July 16, 2008

താണ്ടവം

കരിമുകിലൊത്തിടതൂര്‍ന്നു തിങ്ങിയ

കാരിരുള്‍ ജടാഭാരമെങ്ങോ മറഞ്ഞുപോയ്

മര്‍ത്യതൃഷ്ണതന്‍പ്രഹരമേറ്റങ്ങു

കാനനഭൂവാകെ മരുപ്പറമ്പായ്

കാലകാലനാം മഹാകാളശിരസ്സതു

ജടാവിഹീനമാം കപാലമായ്

ആശ്രയമറ്റ തടിനിയാണ്ടു പോയ്

ഭൂദേവിതന്നങ്കത്തിലാഴത്തില്‍

അമ്പിളിക്കീറില്ല, മാന്‍ കുരുന്നില്ല

ചര്‍മവസനവും പോയ്മറഞ്ഞു

വിരുപാക്ഷവിഗ്രഹം ത്രിലോചനവിഭ്രമം

ദിഗമ്പരനാമമന്വര്‍ഥമായി

കപാല, ശൂല , ഡമരു സമന്വിതം

ഭീഷണരൂപം ദുര്‍നിരീക് ഷ്യം

വിഹായസ്സിലുയര്‍ന്നീടും വാമപാദവും

ചക്രവാളത്തിലമര്‍ന്ന ദക്ഷിണപാദവും

അന്തികേ മഹാദേവിയും ചേര്‍ന്നങ്ങു

പ്രചണ്ട താണ്ടവനര്‍ത്തനം തുടങ്ങുന്നു

ആര്‍ത്തിയും, അധികാരദാഹവും

ചീര്‍ത്തു, നീതിയുംധര്‍മവും വെടിഞ്ഞു

ആര്‍ത്തുഴറും മര്‍ത്യചെയ്തികള്‍ കണ്ടു

ക്രുദ്ധനായുണര്‍ന്നെഴുന്നേറ്റു രുദ്രനും

താണ്ഡവനര്‍ത്തനഘോഷം തുടങ്ങുന്നു

വിഭ്രാമകമാകുമീ കാലവിപര്യയം

കണ്ടു കലിയാര്‍ന്നു നെറ്റിക്കണ്‍ മിഴിച്ചുവോ?

പൃഥ്വി വിറക്കുന്നു രണ്ടായ് പിളരുന്നു

ചാരമതുമാത്രമവശേഷിക്കുന്നു.

കൊടുംകാറ്റടിക്കുന്നു മണിമേടകള്‍ തകരുന്നു

മക്കളെ തെല്ലു നേരം പൊറുക്കുവിന്‍

ശാന്തരായ് ചെറ്റു ചിന്തയിലാഴുവിന്‍

എന്തിനീമത്സരമെന്നതോര്‍ക്കുവിന്‍

അന്ത്യത്തില്‍ ശേഷിപ്പതെന്തെന്നതോര്‍ക്കുവിന്‍‍

കൊള്ളയും കൊലയും വെടിയുവിന്‍

സമസൃഷ്ടിയില്‍ തെല്ലു കാരുണ്ണ്യം പൊഴിക്കുവിന്‍

മത്സരം വെടിയുവിന്‍, സ്നേഹമന്ത്രം ജപിക്കുവിന്‍‍

ജീവിതപ്പാതയില്‍ കൈകോര്‍ത്തു ചരിക്കുവിന്‍

രാമനും രഹീമും യേശുവും നന്മതന്‍

സ്നേഹമന്ത്രമെന്നതോര്‍ക്കുവിന്‍‍

കാരുണ്ണ്യമാര്‍ന്നൊരു മര്‍ത്ത്യമനസ്സല്ലൊ

ശ്രീകോവിലവര്‍ക്കെന്നതോര്‍ക്കുവിന്‍

സ്നേഹസ്വരുപമാര്‍ന്നതാം പുലരികള്‍

ഉദിച്ചുയരട്ടെ ധര്‍മനീതിപുലരട്ടെ

ഉടുക്കിന്‍ ദ്രുത താളത്തിനൊത്തു

ആനന്ദനര്‍ത്തനമാടട്ടെ ജഗദീശന്‍

Friday, June 27, 2008

രത്നാകരം

രത്നാകരം

അലകളിളകി മറിയുന്ന കടലെന്നപോലെ മനസ്സില്‍ വിചാരതരംഗങ്ങള്‍ ഇളകിമറിയുന്നു. ഭാവനയാകുന്ന ചെറുതോണിയിലേറി സാഗരമദ്ധ്യത്തിലേയ്ക്കു തുഴയുകയാണു. കാണാക്കയങ്ങളിലും , വന്‍ തിരമാലകളിലും പെട്ടു വഞ്ചി ചാഞ്ചാടുന്നു. മുത്തും, പവിഴവും , രത്നവും തേടി അലയുന്ന ഞാന്‍ എത്തുന്നതെവിടെയാണു ആവോ? പെറുക്കിയെടുക്കുന്ന മുത്തും, പവിഴവും കൊണ്ടു മനോഹരമായ ഹാരം തീര്‍ക്കാന്‍ എന്‍റെ മനസ്സു കൊതിക്കുന്നു. പരിമിതവിഭവയായ എനിക്കു ഈ ആഗ്രഹം ചേര്‍ന്നതു തന്നെയോ? മനസിന്‍റെ മോഹങ്ങള്‍ നിയന്ത്രണാതീതം തന്നെ.

അലകളില്‍ ഊഞ്ഞാലാടിക്കൊണ്ടു എന്‍റെ തോണി യഥേഷ്ടം സഞ്ചരിക്കുന്നു. രത്നാകരത്തില്‍നിന്നും എനിക്കു വേണ്ടതു വേര്‍തിരിച്ചെടുക്കാന്‍‍ എനിക്കു കഴിയുമോ? അദ്ധ്വാനം മാത്രം പോരാ ജഞാനവും അതിനാവശ്യമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ശ്രേഷ്ഠനായ ഗുരുവില്‍നിന്നു ശിക്ഷണം ലഭിക്കാതെ പോയതിന്‍റെ കുറവു അറിയുന്നെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ചു ദു:ഖിക്കുന്നതു വ്യര്‍ഥം തന്നെ. അറിവാകുന്ന വഴികാട്ടിയുടെ അഭാവത്തില്‍ ഞാനും , എന്‍റെ ചെറുതോണിയും ലക്ഷിയത്തില്‍ എത്തുന്നതെങ്ങിനെ?

കൈവശമുള്ള പരിമിതമായ കോപ്പുകളുമായി മുമ്പോട്ടു തന്നെ പോകട്ടെ. കിട്ടുന്ന പവിഴമണികള്‍ നിറം കെട്ടതായാലും ഭംഗിയില്ലാത്തതായാലും എനിക്കു അവ നിധികള്‍ തന്നെ. എന്നാലാവുന്ന വിധം ഒരു ഹാരം തീര്‍ത്തു ഞാനെന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കട്ടെ.

Sunday, June 15, 2008

ഋതുഭേദം

ഋതുഭേദം

വേനല്‍ച്ചൂടില്‍ വയലേലകളെല്ലാം വരണ്ടു വിണ്ടു കീറിയിരിക്കുന്നു. ഒരിറ്റു വെള്ളത്തിനായി മുറിവേറ്റ ചുണ്ടുകള്‍ പിളര്‍ന്നു നരച്ച ആകാശത്തിനോടു യാചിക്കുകയാണോ എന്നു തോന്നും. സഹസ്രകിരണന്‍ തന്‍റെ ചണ്ഡരശ്മികളെക്കൊണ്ടു മേദിനിയെ പൊള്ളിക്കുകയാണു. പുഴകളെല്ലാം കുറ്റിക്കാടുകളായി മാറിയിരിക്കുകയാണു. അങ്ങിങ്ങായി ചെറിയ നീര്‍ത്തളങ്ങള്‍ മാത്രം. ചുറ്റും കാട്ടുപൊന്തകളും , കുറ്റിച്ചെടികളും, മണല്‍ത്തിട്ടും പരന്നുകിടക്കുന്നു. കന്നുകാലികള്‍ ശിരസ്സു നിലത്തു അമര്‍ത്തി ജലസ്പര്‍ശത്തിനായി തേടുന്നു. കരിഞ്ഞ പുല്‍ക്കൊടികള്‍ മുട്ടുമടക്കി കിടക്കുന്നു. വിയര്‍പ്പു പോലും ആവിയായി മേലോട്ടു പൊങ്ങുകയാണു. ഈ താപത്തിന്നൊരവസാനം എവിടെ?

ഹായ്! മാനത്തിന്‍റെ അങ്ങേ കോണില്‍ കാണുന്നതെന്താണു? ഒരു ചെറിയ കറുപ്പു പരിവേഷം പ്രത്യക്ഷപ്പെടുന്നുവോ? അതെ. പതുക്കെപ്പതുക്കെ വലുപ്പം വെച്ചുവരുന്ന കാര്‍മേഘം എത്ര മനോഹരം. ഹാ! കഷ്ടം! ആ മേഘക്കുരുന്നു എങ്ങോ പോയി മറഞ്ഞു. വീണ്ടും ഒരിറ്റുവെള്ളത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരുപ്പുതന്നെ.

അതാ, മാനം വീണ്ടും കാര്‍മേഘങ്ങള്‍കൊണ്ടു ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ കൂട്ടമായാണു കാര്‍മുകിലെത്തിയിരിക്കുന്നതു. ചെറു
തായി ഇടി മുരളുന്നുവോ?ഒരു തുള്ളീ മുഖത്തു പതിച്ചുവോ? അതെ. ഒന്നു, രണ്ടു, മൂന്നു........ ഹായ്! വര്‍ഷം അടീവെച്ചടിവെച്ചു എത്തുന്നു. മനസ്സു ഉത്സാഹം കൊണ്ടൂ കുതികൊള്ളുകയാണു. മിന്നലാകുന്ന ഹാരങ്ങള്‍ ചാര്‍ത്തി മേഘത്തരുണികള്‍ ഘോഷയാത്ര തുടങ്ങി. ചടപടായമാനഘോഷത്തോടെ വര്‍ഷം കനക്കുന്നു. എന്തൊരാശ്വാസം! ദാഹാര്‍ത്തയായ ഭൂമി ഒരൊറ്റ ശ്വാസത്തില്‍തന്നെ തന്നില്‍ പതിച്ച നീര്‍-ത്തുള്ളികളെ കുടിച്ചുതീര്‍ത്തുവോ? ഹര്‍ഷപുളകിതയായി അവള്‍ പൊട്ടിച്ചിരിക്കുന്നുവോ? പുല്‍നാമ്പുകള്‍ ‍കിളിര്‍ത്തുപൊങ്ങുന്നു. ലഹരി പിടിപ്പിക്കുന്ന മണ്ണിന്‍ മണം എങ്ങും പരക്കുന്നു. വൃക്ഷങ്ങളെല്ലാം പുതു തളിരുകള്‍ ചൂടി വര്‍ഷാഗമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഈ പേമാരി ഇങ്ങിനെ നില്‍ക്കാതെ കോരിച്ചൊരിയാന്‍ തുടങ്ങിയിട്ടു ദിവസങ്ങളെത്രയായി. കൃഷിയാകെ നശിച്ചു. പുഴകളും , കുളങ്ങളും , നിറഞ്ഞൊഴുകുന്നു. എവിടെ നോക്കിയാലും ജലമയം തന്നെ. സൂര്യന്‍ ആകാശത്തു തന്‍റെ കൊട്ടാരത്തില്‍ മറഞ്ഞിട്ടു എത്ര ദിവസങ്ങളായി.
ഇടിയും, മിന്നലും വരുത്തിയ നാശനഷ്ടങ്ങള്‍ക്കു കണക്കില്ല. രണ്ടു മണി അരിയിട്ടു തിളപ്പിച്ച വെള്ളം അകത്തു ചെന്നിട്ടു നാളുകളേറെ ആയി.

ഇന്നെന്താണു , ദിനകരന്‍ വാതില്‍പ്പൊളി പാതി തുറന്നു പുറത്തേയ്ക്കു എത്തി നോക്കുന്നുവോ? ഇളംവെയില്‍ പൊന്നുരുക്കി ഒഴിച്ച പോലെ തിളങ്ങുന്നു. വെള്ളം കുറേശ്ശയായി പിന്‍ വാങ്ങുകയാണു. ആകപ്പാടെയൊരു ഉന്മേഷം തോന്നുന്നു. തേച്ചു കഴുകി കത്തിച്ചു വെച്ച വിളക്കു പോലെ ശോഭിക്കുന്ന ഭൂമി. ചെടികള്‍ ചെറുതായി വീശുന്ന കാറ്റില്‍ ഉന്മത്തമായി തലയാട്ടി രസിക്കുന്നു. ഇളംവെയിലും ചാറ്റല്‍മഴയും ഒളിച്ചുകളിക്കുകയാണു. മഴക്കാലം പതുക്കെ പിന്‍ വാങ്ങുകയാണെന്നു തോന്നുന്നു. വര്‍ഷമേ വിട.

പ്രഭാതങ്ങള്‍ മൂടല്‍മഞ്ഞില്‍ മങ്ങിപ്പോയിരിക്കുന്നു. പരസ്പരം കാണാന്‍ കഴിയുന്നില്ല. ദിവസങ്ങള്‍ക്കു നീളം കുറഞ്ഞിരിക്കുന്നു. നേരം വൈകി ഉണരുന്ന മാര്‍ത്താണ്ഡന്‍ നേരത്തെ തന്നെ ഉറങ്ങാനും പോകുന്നു. ആകാശപ്പൂമുഖവാതില്‍ നേരത്തെ അടച്ചു പുതച്ചുമൂടി ഉറങ്ങാന്‍ സുഖം തന്നെ എന്നായിരിക്കുമോ? വൃക്ഷങ്ങളില്‍ നിന്നും കൊഴിഞ്ഞ ഇലകളാല്‍ ഭൂമിക്കു ചാരനിറം പൂണ്ട ഒരു പുതു പരവതാനി ലഭിച്ചിരിക്കുന്നു. മരങ്ങള്‍ അസ്ഥികൂടങ്ങളെപ്പോലെ മേല്പോട്ടു നോക്കി തപസ്സു ചെയ്തു നില്‍ക്കുന്നു. ഹൌ എന്തൊരു തണുപ്പു ! മദ്ധ്യാഹ്നമായിട്ടും കുറവു തോന്നുന്നില്ല. ഈ ഇളം വെയിലത്തു ഇരിക്കാന്‍ നല്ല സുഖം തന്നെ. പെട്ടെന്നു തന്നെ അസ്തമയമായല്ലോ.

ചെടികളെല്ലാം മണ്ണീനുള്ളില്‍ അപ്രത്യക്ഷമായിരിക്കുകയാണു. അവയുടെ പുനരുജ്ജീവനത്തിന്നു ഉള്ള ഊഴവും കാത്തു ദീര്‍ഘനിദ്രയിലമര്‍ന്നിരിക്കുന്നു. എന്നാലും ആകപ്പാടെ ഉത്സാഹം തോന്നുന്ന കാലം തന്നെ.

ഉത്സവകാലങ്ങളുടെ തുടക്കവുമായല്ലൊ. പൂച്ചെടികളെല്ലാം പുഷ്പിതകളായി അടിമുടി കോരിത്തരിച്ചു നില്‍ക്കുന്നു. പ്രഭാതങ്ങളില്‍ തളിരിലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞിന്‍ കണങ്ങളില്‍ സൂര്യന്‍ കണ്ണാടി നോക്കുന്നു. തണുപ്പുകൊണ്ടു വിറയ്ക്കുകയാണെങ്കിലും വസന്തകാലത്തിന്‍റെ ‍ വരവില്‍ ആഹ്ലാദം അലതല്ലുന്നു.

കാലം വീണ്ടും മാറുകയാണു. ശീതം പതുക്കെപ്പതുക്കെ പിന്മാറുന്നു. മദ്ധ്യാഹ്നങ്ങളില്‍ ഉഷ്ണം സഹിക്കാതായിത്തുടങ്ങി. സൂര്യനു എന്തൊരു തിളക്കം! ചൂടു കൂടി വരുന്നു. ദാഹം സഹിക്കുന്നില്ല. മാനത്തേക്കു നോക്കാന്‍ കഴിയുന്നില്ല. കണ്ണഞ്ചിപ്പോകുന്നു. സൂര്യതേജസ്സു ഒരു തീഗോളമായി മാറിയിരിക്കുകയാണു. ഇത്രയും ക്രുദ്ധനാവാനെന്തേ? സുഖം മാത്രം കാംക്ഷിക്കുന്ന മാനവനോടു ഈര്‍ഷ്യ തോന്നിയിട്ടാണോ?സുഖവും ദുക്ഖവും , രാവും പകലും പോലെ മാറിമാറിവരുമെന്നും രണ്ടായാലും ഒരുപോലെ വര്‍ത്തിക്കണമെന്നും മനുഷ്യനോടു ഉപദേശിക്കുകയായിരിക്കുമോ?എങ്കിലും ഈ തീജ്വാലയില്‍നിന്നും ഒരു മോചനം ആഗ്രഹിച്ചുപോകുന്നു.

അതാ!മാനത്തു അങ്ങേ കോണില്‍ ഒരു കറുപ്പു രാശി പടരുന്നു. കാര്‍മുകില്‍ തന്നെ. വീണ്ടും വര്‍ഷം വന്നെത്തുകയായി. .

Wednesday, May 28, 2008

കല്പന

ഭാവനയാകും ചിറകുകള്‍‍ വീശി ഞാന്‍

പാറിപ്പറക്കുന്നു ഗഗനവീഥിയില്‍

സുന്ദരസ്വപ്നമാം സ്യന്ദനമേറി ഞാന്‍

സങ്കല്‍പ‍വാനത്തിലൊഴുകുന്നു മന്ദമായ്

ഹര്‍ഷപുളകിതമാകുന്നു മാനസം

വെണ്മു‍കി‍ല്‍മാലകള്‍ക്കൊപ്പം ചരിക്കവെ

പാറിപ്പറക്കും പറവകള്‍ക്കൊപ്പമായ്

ചിറകുകള്‍ വീശി മേല്‍പ്പൊട്ടുയരവേ

മന്ദസമീരന്ണന്‍ തന്നുടെ കൈകളില്‍

ആമന്ദമാടി ഞാന്‍ ഉല്ലാസസമന്വിതം

വാനവില്ലാകും തോണിയിലേറി ഞാന്‍

മെല്ലേത്തുഴയുന്നിതംബരസാഗരേ

മത്തമയൂരം പോല്‍ പീലിവിടര്‍ത്തി ഞാന്‍

ആത്തമോദേന നര്‍ത്തനമാടുന്നു

വൈരമണികള്‍‍ തിളങ്ങുമാ നീരാളം

മെല്ലെ നീര്‍ത്തി പുതയ്ക്കുന്നു മാനസം.

Wednesday, May 21, 2008

വിശ്വശില്പി

വിശ്വശില്പി
-------------------


വിജനമാം അംബര വീഥിമദ്ധ്യത്തിലായ്

വീണുകിടക്കുന്നൊരു വെള്ളിത്തളിക

തിളക്കമാര്‍ന്നുള്ള വൈരമണികള്‍

തൂകികിടക്കുന്നു ചുറ്റിലുമായ്

ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം

ഈടുറ്റതാകുമീനിധിപ്രകര്‍ഷം

മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും

വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും

നീളെ ചിതറികിടക്കുന്നു പാതയില്‍

പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍



മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം

ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍

അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന

ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?

വര്‍ണ്ണശബളാഭമല്ലിവയെങ്കിലും

വൈരമണികളും സുവര്‍ണ്ണത്തരികളും

നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ

ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും

അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ

വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു



സന്ധ്യയില്‍ ‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട

ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍

താരകജാലങ്ങളാം പൂമാലചാര്‍ത്തി

പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു

വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു

അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു

രാഗവിലോലനായ് സാഗരനാഥനോ

ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു

വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍

ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം

തുള്ളിത്തുളുമ്പിയോ മേദിനിയാകവേ

പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ



മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍

ആരചിച്ചീടുമാവിശ്വശില്പി

തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,

താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ

നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്

അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.

Friday, May 16, 2008

ക്രുതാര്‍ത്ഥത




കവിത്വമെനിക്കില്ലതെല്ലെങ്കിലും

കവിതയൊന്നു കുറിക്കുവാന്‍ മോഹം

വിദ്വത്വവുമില്ലൊട്ടും നിനയ്ക്കുകില്‍

വാക്കുകള്‍ക്കായി കൊതിപ്പു ഞാന്‍

ഉത്തമദേശികശിക്ഷണഭാഗ്യവും

കൈവന്നതില്ല തെല്ലുമോര്‍ത്താല്‍

എങ്കിലുമെന്‍ മനതാരില്‍ പലവിധ

സങ്കല്പജാലങ്ങളുണരുന്നു

കല്പനാപുഷ്പജാലങ്ങള്‍ വിടരുന്നു

മാനസവാടിയില്‍ വര്‍ണ്ണരാജി പരത്തുന്നു

ചിത്ര വര്‍ണ്ണാങ്കിതമാകും ശലഭങ്ങള്‍

പാറിപ്പറക്കുന്നിതന്തരംഗത്തില്‍

ചക്രവാളത്തില്‍ കുഴിയെ കുലച്ചതാം

വാര്‍മഴവില്ലിന്‍ ഭംഗിയില്‍ മയങ്ങവേ

തരളിതമാകുന്നു മാനസം മുഗ്ധമായ്

വര്‍ണ്ണാഞ്ചിതമാം പീലി നിവര്‍ത്തുന്നു

തടിനിതന്‍ കളനാദം ശ്രവിക്കേ

നടരാജനര്‍ത്തനമെന്നില്‍ തുടിക്കുന്നു

കാനനത്തിന്‍ കാര്‍നിറമോര്‍ക്കവേ

കുരിരുള്‍കാന്തിയറിയുകയായ്

സഹസ്രാംശുകിരണങ്ങള്‍ മന്ദമായ് ഭുമിയെ

കനകാംബരം ചാര്‍ത്തിക്കും വേളയില്‍

ഹര്‍ഷപുളകിതമാകുന്നു മന്‍ മനം

ആനന്ദനര്‍ത്തനം മെല്ലെ തുടങ്ങുന്നു

താളില്‍ പകര്‍ത്തുവാന്‍ വെന്‍പുന്നു ചിന്തകള്‍

ത്രാണിയെനിക്കില്ലെന്നറിവു ഞാന്‍

എങ്കിലുമെന്‍ ഹ്രുത്തിലുണരുന്നസംകല്പങ്ങല്‍

വല്ലവിഥേനയും കുറിക്കുന്നീതീവിധം

അര്‍ത്ഥചമല്‍ക്കാരസൌഭഗമാര്‍ന്നൊരു

കവനമിതെന്ന മേനിയെനിക്കില്ലാ

മനസ്സിലുണരുന്ന ചിന്തകളെല്ലാം

മൊഴികളായി താളില്‍ പകര്‍ന്നുവെങ്കില്‍

സന്തുഷ്ടയായി ഞാന്‍ ക്രുതാര്‍ഥയായി ഞാന്‍

സഫലമെന്നോര്‍പ്പു ഞാന്‍ മമ യത്നം...

………………… …………….. ……………… ………………..


Thursday, May 15, 2008

ഒരു സായന്തനസ്വപ്നം

ഒരു സായന്തനസ്വപ്നം
----------------------------------------

ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്

അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ

മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍

മോഹനീയമാമൊരു ചിത്രം രചിക്കയായ്

ഭാവനകള്‍‍ ചിറകടിച്ചുയര്‍ന്നുവോ

ഭാവുകമായിതെന്‍ മാനസം മെല്ലവേ

സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ

പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍

ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ

കാറൊളിവര്‍ണനാം ഗോപകുമാരനായ്

രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു

ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു

പീലിത്തിരുമുടിയും കുണ്ഡലശോഭയും

പുഞ്ചിരിത്തൂകുന്ന ചാരുവദനവും

ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും

കാരുണ്യമോലും തിരുമിഴി ശോഭയും

കരവല്ലിയിലേന്തുന്നോരോടക്കുഴലും

താളം ചവിട്ടും പാദദ്വയങ്ങളും

വിശ്വനടനം നടക്കുമാ വേദിയെ

വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍

വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും

നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും

കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ

കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി

ആനന്ദസാഗരവീചിയിലൂടവേ

പാരമൊഴുകിഞാനലിഞ്ഞീടവേ

സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി

നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്

തിങുമിരുട്ടിനാല്‍ കനത്തിതമ്പരം

മങ്ങിയെന്‍ മാനസം ശോകതപ്തമായ്

കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം

മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...



---------------------------------------------------------------------------