Sunday, June 15, 2008

ഋതുഭേദം

ഋതുഭേദം

വേനല്‍ച്ചൂടില്‍ വയലേലകളെല്ലാം വരണ്ടു വിണ്ടു കീറിയിരിക്കുന്നു. ഒരിറ്റു വെള്ളത്തിനായി മുറിവേറ്റ ചുണ്ടുകള്‍ പിളര്‍ന്നു നരച്ച ആകാശത്തിനോടു യാചിക്കുകയാണോ എന്നു തോന്നും. സഹസ്രകിരണന്‍ തന്‍റെ ചണ്ഡരശ്മികളെക്കൊണ്ടു മേദിനിയെ പൊള്ളിക്കുകയാണു. പുഴകളെല്ലാം കുറ്റിക്കാടുകളായി മാറിയിരിക്കുകയാണു. അങ്ങിങ്ങായി ചെറിയ നീര്‍ത്തളങ്ങള്‍ മാത്രം. ചുറ്റും കാട്ടുപൊന്തകളും , കുറ്റിച്ചെടികളും, മണല്‍ത്തിട്ടും പരന്നുകിടക്കുന്നു. കന്നുകാലികള്‍ ശിരസ്സു നിലത്തു അമര്‍ത്തി ജലസ്പര്‍ശത്തിനായി തേടുന്നു. കരിഞ്ഞ പുല്‍ക്കൊടികള്‍ മുട്ടുമടക്കി കിടക്കുന്നു. വിയര്‍പ്പു പോലും ആവിയായി മേലോട്ടു പൊങ്ങുകയാണു. ഈ താപത്തിന്നൊരവസാനം എവിടെ?

ഹായ്! മാനത്തിന്‍റെ അങ്ങേ കോണില്‍ കാണുന്നതെന്താണു? ഒരു ചെറിയ കറുപ്പു പരിവേഷം പ്രത്യക്ഷപ്പെടുന്നുവോ? അതെ. പതുക്കെപ്പതുക്കെ വലുപ്പം വെച്ചുവരുന്ന കാര്‍മേഘം എത്ര മനോഹരം. ഹാ! കഷ്ടം! ആ മേഘക്കുരുന്നു എങ്ങോ പോയി മറഞ്ഞു. വീണ്ടും ഒരിറ്റുവെള്ളത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരുപ്പുതന്നെ.

അതാ, മാനം വീണ്ടും കാര്‍മേഘങ്ങള്‍കൊണ്ടു ഇരുളാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തവണ കൂട്ടമായാണു കാര്‍മുകിലെത്തിയിരിക്കുന്നതു. ചെറു
തായി ഇടി മുരളുന്നുവോ?ഒരു തുള്ളീ മുഖത്തു പതിച്ചുവോ? അതെ. ഒന്നു, രണ്ടു, മൂന്നു........ ഹായ്! വര്‍ഷം അടീവെച്ചടിവെച്ചു എത്തുന്നു. മനസ്സു ഉത്സാഹം കൊണ്ടൂ കുതികൊള്ളുകയാണു. മിന്നലാകുന്ന ഹാരങ്ങള്‍ ചാര്‍ത്തി മേഘത്തരുണികള്‍ ഘോഷയാത്ര തുടങ്ങി. ചടപടായമാനഘോഷത്തോടെ വര്‍ഷം കനക്കുന്നു. എന്തൊരാശ്വാസം! ദാഹാര്‍ത്തയായ ഭൂമി ഒരൊറ്റ ശ്വാസത്തില്‍തന്നെ തന്നില്‍ പതിച്ച നീര്‍-ത്തുള്ളികളെ കുടിച്ചുതീര്‍ത്തുവോ? ഹര്‍ഷപുളകിതയായി അവള്‍ പൊട്ടിച്ചിരിക്കുന്നുവോ? പുല്‍നാമ്പുകള്‍ ‍കിളിര്‍ത്തുപൊങ്ങുന്നു. ലഹരി പിടിപ്പിക്കുന്ന മണ്ണിന്‍ മണം എങ്ങും പരക്കുന്നു. വൃക്ഷങ്ങളെല്ലാം പുതു തളിരുകള്‍ ചൂടി വര്‍ഷാഗമനത്തെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

ഈ പേമാരി ഇങ്ങിനെ നില്‍ക്കാതെ കോരിച്ചൊരിയാന്‍ തുടങ്ങിയിട്ടു ദിവസങ്ങളെത്രയായി. കൃഷിയാകെ നശിച്ചു. പുഴകളും , കുളങ്ങളും , നിറഞ്ഞൊഴുകുന്നു. എവിടെ നോക്കിയാലും ജലമയം തന്നെ. സൂര്യന്‍ ആകാശത്തു തന്‍റെ കൊട്ടാരത്തില്‍ മറഞ്ഞിട്ടു എത്ര ദിവസങ്ങളായി.
ഇടിയും, മിന്നലും വരുത്തിയ നാശനഷ്ടങ്ങള്‍ക്കു കണക്കില്ല. രണ്ടു മണി അരിയിട്ടു തിളപ്പിച്ച വെള്ളം അകത്തു ചെന്നിട്ടു നാളുകളേറെ ആയി.

ഇന്നെന്താണു , ദിനകരന്‍ വാതില്‍പ്പൊളി പാതി തുറന്നു പുറത്തേയ്ക്കു എത്തി നോക്കുന്നുവോ? ഇളംവെയില്‍ പൊന്നുരുക്കി ഒഴിച്ച പോലെ തിളങ്ങുന്നു. വെള്ളം കുറേശ്ശയായി പിന്‍ വാങ്ങുകയാണു. ആകപ്പാടെയൊരു ഉന്മേഷം തോന്നുന്നു. തേച്ചു കഴുകി കത്തിച്ചു വെച്ച വിളക്കു പോലെ ശോഭിക്കുന്ന ഭൂമി. ചെടികള്‍ ചെറുതായി വീശുന്ന കാറ്റില്‍ ഉന്മത്തമായി തലയാട്ടി രസിക്കുന്നു. ഇളംവെയിലും ചാറ്റല്‍മഴയും ഒളിച്ചുകളിക്കുകയാണു. മഴക്കാലം പതുക്കെ പിന്‍ വാങ്ങുകയാണെന്നു തോന്നുന്നു. വര്‍ഷമേ വിട.

പ്രഭാതങ്ങള്‍ മൂടല്‍മഞ്ഞില്‍ മങ്ങിപ്പോയിരിക്കുന്നു. പരസ്പരം കാണാന്‍ കഴിയുന്നില്ല. ദിവസങ്ങള്‍ക്കു നീളം കുറഞ്ഞിരിക്കുന്നു. നേരം വൈകി ഉണരുന്ന മാര്‍ത്താണ്ഡന്‍ നേരത്തെ തന്നെ ഉറങ്ങാനും പോകുന്നു. ആകാശപ്പൂമുഖവാതില്‍ നേരത്തെ അടച്ചു പുതച്ചുമൂടി ഉറങ്ങാന്‍ സുഖം തന്നെ എന്നായിരിക്കുമോ? വൃക്ഷങ്ങളില്‍ നിന്നും കൊഴിഞ്ഞ ഇലകളാല്‍ ഭൂമിക്കു ചാരനിറം പൂണ്ട ഒരു പുതു പരവതാനി ലഭിച്ചിരിക്കുന്നു. മരങ്ങള്‍ അസ്ഥികൂടങ്ങളെപ്പോലെ മേല്പോട്ടു നോക്കി തപസ്സു ചെയ്തു നില്‍ക്കുന്നു. ഹൌ എന്തൊരു തണുപ്പു ! മദ്ധ്യാഹ്നമായിട്ടും കുറവു തോന്നുന്നില്ല. ഈ ഇളം വെയിലത്തു ഇരിക്കാന്‍ നല്ല സുഖം തന്നെ. പെട്ടെന്നു തന്നെ അസ്തമയമായല്ലോ.

ചെടികളെല്ലാം മണ്ണീനുള്ളില്‍ അപ്രത്യക്ഷമായിരിക്കുകയാണു. അവയുടെ പുനരുജ്ജീവനത്തിന്നു ഉള്ള ഊഴവും കാത്തു ദീര്‍ഘനിദ്രയിലമര്‍ന്നിരിക്കുന്നു. എന്നാലും ആകപ്പാടെ ഉത്സാഹം തോന്നുന്ന കാലം തന്നെ.

ഉത്സവകാലങ്ങളുടെ തുടക്കവുമായല്ലൊ. പൂച്ചെടികളെല്ലാം പുഷ്പിതകളായി അടിമുടി കോരിത്തരിച്ചു നില്‍ക്കുന്നു. പ്രഭാതങ്ങളില്‍ തളിരിലകളില്‍ പറ്റിയിരിക്കുന്ന മഞ്ഞിന്‍ കണങ്ങളില്‍ സൂര്യന്‍ കണ്ണാടി നോക്കുന്നു. തണുപ്പുകൊണ്ടു വിറയ്ക്കുകയാണെങ്കിലും വസന്തകാലത്തിന്‍റെ ‍ വരവില്‍ ആഹ്ലാദം അലതല്ലുന്നു.

കാലം വീണ്ടും മാറുകയാണു. ശീതം പതുക്കെപ്പതുക്കെ പിന്മാറുന്നു. മദ്ധ്യാഹ്നങ്ങളില്‍ ഉഷ്ണം സഹിക്കാതായിത്തുടങ്ങി. സൂര്യനു എന്തൊരു തിളക്കം! ചൂടു കൂടി വരുന്നു. ദാഹം സഹിക്കുന്നില്ല. മാനത്തേക്കു നോക്കാന്‍ കഴിയുന്നില്ല. കണ്ണഞ്ചിപ്പോകുന്നു. സൂര്യതേജസ്സു ഒരു തീഗോളമായി മാറിയിരിക്കുകയാണു. ഇത്രയും ക്രുദ്ധനാവാനെന്തേ? സുഖം മാത്രം കാംക്ഷിക്കുന്ന മാനവനോടു ഈര്‍ഷ്യ തോന്നിയിട്ടാണോ?സുഖവും ദുക്ഖവും , രാവും പകലും പോലെ മാറിമാറിവരുമെന്നും രണ്ടായാലും ഒരുപോലെ വര്‍ത്തിക്കണമെന്നും മനുഷ്യനോടു ഉപദേശിക്കുകയായിരിക്കുമോ?എങ്കിലും ഈ തീജ്വാലയില്‍നിന്നും ഒരു മോചനം ആഗ്രഹിച്ചുപോകുന്നു.

അതാ!മാനത്തു അങ്ങേ കോണില്‍ ഒരു കറുപ്പു രാശി പടരുന്നു. കാര്‍മുകില്‍ തന്നെ. വീണ്ടും വര്‍ഷം വന്നെത്തുകയായി. .

5 comments:

വൈഖരി said...

വേനല്‍ചൂടില്‍ വര്‍ഷത്തിന്‍റ്റെ വരവിനായി കാത്തിരുന്നപ്പോള്‍ തോന്നിയതാണു.

നിഗൂഢഭൂമി said...

അതെ...
'ഉശിരൊട്‌
വര്‍ഷം
പെയ്യട്ടെ'
[വൈലൊപ്പിള്ളി]

Ranjith chemmad said...

ഇത്രയും ക്രുദ്ധനാവാനെന്തേ? സുഖം മാത്രം കാംക്ഷിക്കുന്ന മാനവനോടു ഈര്‍ഷ്യ തോന്നിയിട്ടാണോ?

ഒപ്പ്.

Ardra said...

എന്റെ അമ്മമ്മ പറയാറുണ്ടു, മഴയുടെ അമ്മയുടെ സങ്കടത്തിനെ പറ്റി. മഴ കഷ്ടിയായാലും, അധികമായാലും മനുഷ്യന്മാര്‍ക്കു മഴയെ പറ്റി പരാതിയേ ഉള്ളു. മഴയുടെ അമ്മക്കു മഴയെ കുറിച്ചു ഓര്‍ത്തു എന്നും ദു:ഖിക്കാനെ യോഗമുള്ളു.

ഈ പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കിതാണു ഓര്‍മ്മ വന്നതു.

P.R said...

ഇതു വായിച്ചുകൊണ്ടിരിയ്ക്കുമ്പോള്‍ കേള്‍ക്കാം
"ഹയ്‌.. കര്‍ക്കടത്തിലാ ങ്ങനെ ചുട്ടൊള്ളുന്ന വെയില്‌"!