Monday, August 18, 2008

മഞ്ഞുകാലം

ഹായ്!എന്തിമ്പമാര്‍ന്ന മനോഹരമായ കാഴ്ച!വെണ്മാനമാകുന്ന വന്‍ കിടക്ക ചോര്‍ത്തി പുതു കിടക്ക ചമയ്ക്കുന്നതാരാണു? ചോര്‍തിയ പഞ്ഞി കെട്ടുകെട്ടായി മാനത്തു നിന്നു തുതുരാ വീഴുന്നതു കാണാനെന്തുഭംഗി! ഓടിച്ചെന്നു ഇരുകൈകള്‍കൊണ്ടും പഞ്ഞി വാരിയെടുക്കാന്‍ തോന്നും. ഭൂമി മുഴുവന്‍ പഞ്ഞിത്തുണ്ടുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.

വെണ്മേഘത്തരുണികളുടെ ആനന്ദനൃത്തഘോഷത്തിനിടയ്ക്കു കാലിലണീഞ്ഞ ചിലമ്പുകളീല്‍ നിന്നു മുത്തുകള്‍ പൊഴിഞ്ഞു വീഴുകയാണെന്നു തോന്നുന്നു. അവസാനമില്ലാതെ ഒന്നിനു പിന്‍പേ ഒന്നായി അവ താഴേയ്ക്കു പതിക്കുന്നതു കാണാന്‍ എന്തു ഭംഗി.

നനുത്ത വെണ്‍പട്ടിനാല്‍ ആകാശത്തിനും ഭൂമിക്കുമിടക്കു ഒരു തിരശ്ശീല പിടിച്ചതാണെന്നും തോന്നുന്നുണ്ടു. വാനില്‍ നടക്കുന്ന നൃത്തമഹോത്സവത്തിനു അരങ്ങത്തു പിടിച്ച തിരശ്ശീലയായിരിക്കുമോ? പളപളാ മിന്നുന്ന വെണ്‍പട്ടുഏറ്റവും മൃദുലവും ശീതളവുമായിരിക്കുന്നു.

ഇനി ഒരുപക്ഷേ ഈ ഭൂമിയാണോ നടനവേദി? അപ്സരകന്യകമാര്‍ നൃത്ത ഭൂഷകളണിഞ്ഞു ഭൂമിയിലേക്കു മന്ദം മന്ദം ഇറങ്ങി വരികയാണോ? ദിക്കുകള്‍ മുഴുവന്‍ ധവളാഭമായിരിക്കുന്നു. ഭൂമിയെ അലങ്കരിച്ചിരിക്കുന്ന അനേകലക്ഷം ആലക്തിക വിളക്കുകളുടെ പ്രകാശം തട്ടി മഞ്ഞുപാളികളീലൂടെ വിവിധ വര്‍ണ്ണങ്ങള്‍ പ്രതിഫലിക്കുന്ന കാഴ്ച വര്‍ണനാതീതം തന്നെ. സര്‍വത്ര പ്രകാശധോരണി തന്നെ.

ഇലകള്‍ കൊഴിഞ്ഞു അസ്ഥിമാത്രങ്ങളായി നില്‍ക്കുന്ന വൃക്ഷങ്ങളെല്ലാം മഞ്ഞു കൊണ്ടു മൂടി അടിമുടി വെള്ള അങ്കി ചാര്‍ത്തി നില്‍ക്കുന്നു. പാദങ്ങള്‍ ഭൂമിയില്‍ തൊടുന്നില്ല. ഞെരിയാണീക്കറ്റം മഞ്ഞു മൂടിയിരിക്കുകയാണു. വെണ്മയാര്‍ന്ന കേശഭാരത്തോടും , താടിമീശകളോടും കൂടി ക്രിസ്മസ് അപ്പൂപ്പന്മാര്‍ യേശുദേവന്‍റെ ആഗമനവേളയില്‍ വരവേല്‍ക്കാന്‍ നിരനിരയായി ഒരുങ്ങിനില്‍ക്കുകയാണെന്നു തോന്നും. എങ്ങും വിശുദ്ധിയുടെ വെണ്മയുടെ മഹാപ്രളയം തന്നെ. ഇങ്ങിനെ മനം മയക്കുന്ന മഹനീയമായ ചിത്രം ആരചിച്ച ആ വിശ്വകലാകാരന്നു അനന്തകോടിപ്രണാമം.

6 comments:

വൈഖരി said...

അനുഭവസ്ഥരുടെ വാക്കുകളില്‍നിന്നും ചിത്രങ്ങള്‍ കണ്ടും മനസ്സില്‍ പതിഞ്ഞ മനോഹരമായ ഒരു മഞ്ഞുകാലത്തെ കുറിച്ച്.

akberbooks said...

കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
www.akberbooks.blogspot.com
or
kunjukathakal-akberbooks.blogspot.com

Sarija N S said...

തലക്കെട്ട് കണ്ട് എന്‍റെ മഞ്ഞുകാലത്തെ ഇങ്ങുകൊണ്ടു പോന്നോ എന്നു സംശയിച്ച് വന്നതാ :)

നവരുചിയന്‍ said...

പഞ്ഞിതുണ്ടുകള്‍ കൊണ്ടു നിറഞ്ഞ ഭുമി !!!! മഞ്ഞു കാലം!!! എന്നൊക്കെ പറഞ്ഞു വെറുതെ വിഷമിപ്പിക്കാതെ .... ഇവിടെ ചെന്നൈയില്‍ ഇപ്പോളും നല്ല ചൂടു ആണ് ....
:(

Ardra said...

ഈ അടുത്ത കാലത്തു ഞാന്‍ മഞ്ഞു കണ്ടു, തൊട്ടു നോക്കി...എന്റെ കണ്ണുകളില്‍ തെളിഞ്ഞതു നിശ്ചലമായ, നിര്‍ജീവമായ,മരവിപ്പിക്കുന്ന അപാരത-
എങ്കിലും ഇതു വായിച്ചപ്പോള്‍ ആ ദ്രുശ്യത്തിനു ഒരു പുതിയ ഭംഗിയും, മാസ്മരികതയും അനുഭവപ്പെട്ടു...വാക്കുകളുടെ ഒരു മറിമായം ഞാന്‍ ആലോചിച്ചു നോക്കാണു...

വൈഖരി said...

dear sarija. n.s.

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ സമാധാനമായിരിക്കുമല്ലൊ.

navaruchiyan,

കേരളത്തിലെ കൊടുംചൂടിലിരുന്നാണു ഞാന്‍ ആ കുറിപ്പെഴുതിയതു. ഭാവനയില്‍ കാണാന്‍ നല്ല സുഖമല്ലെ.എന്നാല്‍ വര്‍ഷത്തില്‍ എട്ടു മാസത്തോളം കൊടും മഞ്ഞിന്‍റെ സൂചിക്കുത്തുകളേറ്റു കഴിയുന്ന അന്നാട്ടുകാര്‍ അല്പം സൂര്യകിരണങ്ങള്‍ക്കും, ഇളംവെയിലിനും വേണ്ടി സ്വപ്നം കാണുകയായിരിക്കും എന്നതും വാസ്തവമല്ലെ?


dear aardra
മരവിപ്പിക്കുന്ന മഞ്ഞിന്‍റെ നിര്‍ജീവതയ്ക്കും, ശൂന്യതയ്ക്കുമൊപ്പം തന്നെ അവിടമെങ്ങും പരന്നു നില്‍ക്കുന്ന പരമശാന്തത --(കരുണം) ഭാവനയില്‍ കാണാന്‍ കഴിഞ്ഞാലോ!ആകാശം മുട്ടെ പൊങ്ങിയുയരുന്ന തിരമാലകള്‍കൊണ്ടു പ്രക്ഷുബ്ധമായ കടല്‍ കണ്ടാല്‍ ക്രോധം മൂര്‍ത്തരൂപത്തില്‍ അറിയുന്നില്ലേ? മെല്ലെ മെല്ലെ തിരകളിളക്കി കരയോടു സല്ലപിക്കുമ്പോള്‍ തൊട്ടിലാട്ടുന്ന കൈകളെയോ സ്നേഹപൂര്‍വം തലോടി സാന്ത്വനിപ്പിക്കുന്ന കൈകളേയോ സങ്കല്‍പ്പിച്ചാല്‍ എത്ര മനോഹരം! ആകാശത്തോളം തലയുയര്‍ത്തി നില്‍ക്കുന്ന ആ പര്‍വതനിരകളുടെ
ഗാംഭീര്യമൊന്നു നോക്കു. വീരരസം മൂര്‍ത്തിവത്തായി പ്രത്യക്ഷപ്പെട്ന്നില്ലേ ?

എല്ലാവര്‍ക്കും നന്ദി.