“അമ്മയാകുന്നതു എത്ര ആനന്ദകരമാണു.ഇലകള്‍ എത്ര സുന്ദരമാണെങ്കിലും പൂക്കളില്ലാതെ ലതക്കു ശോഭ കൈവരികയില്ല. ഇലകള്‍ ലതയുടെ സമ്പത്താണു. പക്ഷെ പൂക്കള്‍ അതിന്റെ സൗന്ദര്യവും സുഖസാരവുമാണു. പൂവിന്റെ രൂപത്തില്‍ അതു ഒരു വിചിത്ര ലോകം സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ ആനന്ദത്തിനു തുല്യമായി ഈ ലോകത്തു മറ്റൊരാനന്ദമില്ല.
അമ്മയുടെ മനസ്സു വിഭ്രാന്തിയാര്‍ന്നതാണു. മക്കള്‍ വേഗം വലുതാവണമെന്നും, പ്രസിദ്ധിയാര്‍ജിക്കണമെന്നും, പരാക്രമിയും,വിജയശ്രീലാളിതനുമാകണമെന്നും അമ്മ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ മക്കള്‍ എപ്പോഴും കുട്ടിയായിരിക്കണമെന്നും തന്റെ സംരക്ഷണത്തില്‍ സുരക്ഷിതനായിരിക്കണമെന്നും ഒരാപത്തും വന്നു ഭവിക്കരുതെന്നും ആഗ്രഹിക്കും.
മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും. ആകാശത്തില്‍ പാടിപ്പറക്കുന്ന പക്ഷിക്കു കൂടുമായുള്ള ബന്ധം മാത്രമെ താനും അവരും തമിലുള്ളു എന്നനുഭവപ്പെടും. അവരുടെ ലോകം പൂര്‍ണ വികാസം നേടുമ്പോള്‍ അമ്മക്കു അതില്‍ എന്തെങ്കിലും സ്ഥാനം ലഭിക്കുമോ എന്തോ! “
യയാതി-ഖാണ്ഡേക്കര്‍
ഒരിക്കല്‍ താനും ഒരു മകളായിരുന്നു, തനിക്കും ഒരമ്മയുണ്ടു എന്ന ചിന്ത ഈ അവസ്ഥയില്‍ വരുന്നു. ശൈശവവും, ബാല്യവും താണ്ടി യൗവ്വനത്തിലെത്തി. ജീവിതം മറ്റൊരാളുടെ ജീവിതവുമായി കൂട്ടിക്കെട്ടി. പഴയ കൂടു ഉപേക്ഷിച്ചു ഇണക്കൊപ്പം പറന്നു പോയ പക്ഷി തനിക്കായൊരു കൂടു മെനയുന്നു. വീണ്ടും ചക്രം ചലിക്കുന്നു. ഇതു തന്നെയല്ലെ സംസാര ചക്രം?
മൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ, മനുഷ്യനൊഴികെ മറ്റേതെങ്കിലും ജീവികള്‍ക്കോ ഇങ്ങിനെയൊരവസ്ഥ ഉണ്ടാകുന്നില്ലല്ലോ. ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പുതിയ തലമുറ വേര്‍പെട്ടു പോകുന്നതില്‍ അവ ദു:ഖിക്കാറില്ല. വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...
6 comments:
മക്കള്‍ വളര്‍ന്നു വലുതാകുമ്പോള്‍...ഒരമ്മയുടെ മനസ്സു ചാരിതാര്ത്ഥത്ഥ്യത്തിന്റെയും ഒപ്പം നഷ്ടബോധത്തിന്റെയും ഇടയില്‍ കിടന്നു ചാഞ്ചാടുന്നു...
“മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും.”
വളരെ ശരിയാണ്... ചിലപ്പോഴെല്ലാം എന്റെ അമ്മ ഇതു പോലെ ഞങ്ങളെ ഓര്‍ത്ത് നെടുവിര്പ്പിറ്റുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
അവരുടെ വാര്‍ദ്ധക്യ കാലത്ത് അവരെ കഴിയുന്നത്ര സ്നേഹത്തോടെ പരിപാലിക്കുക എന്നതേ അച്ഛനമ്മമാരോട് മക്കള്‍ക്ക് ചെയ്യാന്‍ കഴിയൂ...
നല്ല പോസ്റ്റ്...
വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...
:) കൂടുതല്‍ എന്തു പറയാനാണ്..
നന്ദി ശ്രീ, ഇക്കു!
ഇന്നത്തെ എല്ലാ അച്ഛനമ്മാരുടെ ദു:ഖമല്ലേ അത് വൈഖരി അത് ? (ഈ പേരിന്റെ പ്രത്യേകത കണ്ടാണ് ഇവിടെ എത്തിയത്,എന്താണ് അതിന്റെ അര്‍ത്ഥം ?)
ഈ ‘ദു:ഖം‘, ഇന്നത്തെ എന്നല്ല എന്നത്തെയുമാണെന്നു തോന്നുന്നു- ഇതാണു ജീവിതം-
പിന്നെ, വൈഖരി എന്ന വാക്കിന്റെ അര്‍ത്ഥം- അതു എന്റെ profile-ല്‍ തന്നെയുണ്ടു - ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന ശബ്ദം, നാദം.
Post a Comment