Friday, November 18, 2011

വര്‍ണ്ണ ശകലങ്ങള്‍

ചുറ്റും കാണുന്ന കാഴ്ച്ചകള് , അലസനിമിഷങ്ങളില്‍ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലാം അപ്പപ്പോള്‍ താളില്‍ പകര്‍ന്നപ്പോള്‍:

1. പെയ്തു തോര്‍ന്ന മഴയില്‍ കുളിച്ചു തുവര്‍ത്തി തിളങ്ങുന്ന പച്ചപ്പട്ടു പരവതാനിയില്‍ അങ്ങിങ്ങായി കൊളുത്തി വെച്ച കൊച്ചു ചിരാതുകള്‍ പോലെ മഞ്ഞ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു...

2. ജനലില്‍ക്കൂടി നോക്കുമ്പോള്‍ ചുറ്റുപാടും തളിര്‍ത്തും പൂത്തും നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ രണ്ടു മരങ്ങള്‍ മാത്രം ഉണങ്ങി പൊട്ടിത്തെറിച്ച് അവശേഷിച്ച കായ്ത്തൊണ്ടുകളും പേറി നിര്‍ജീവമായി നില്‍ക്കുന്നതെന്തേ എന്ന ആശ്ചര്യത്തിലായിരുന്നു ഞാന്‍. ഹാവൂ!അവയിലും കുഞ്ഞുതളിരുകള്‍ കൂമ്പി വരുവാന്‍ തുടങ്ങിയിരിക്കുന്നു.

3. പടഹ ഘോഷ്ങ്ങളില്ല, മിന്നല്പിണരുകളില്ല, മഴ നൂലുകള്‍ മാനത്തു നിന്നും പൊഴിയുന്നു.

4. മൂന്നു കിളികള്‍ ഒത്തൊരുന്മിച്ചു

ധാന്യ മണികള്‍

ഒന്നൊന്നായി കൊത്തിയെടുത്തു

തത്തി തത്തി പാറിയിറങ്ങി

5. അച്ചടക്കത്തോടുകൂടിയും , വരിതെറ്റാതെയും , ഭാരം ചുമന്നും. എതിരെ വരുന്നവരോടു കുശലം പറഞ്ഞും ധൃതിയില്‍ ദൂരേ ദൂരേക്കു...

6. ശാന്തമായി പരന്നു കിടക്കുന്ന വിണ്‍കടലില്‍ തോണിക്കാരനില്ലാതെ അലസം നീങ്ങുന്ന ഒരു വെണ്മുകില്‍ തോണി.

7. മന്ദ്രമധുരമായി ശ്രുതിശുദ്ധമായി ത്രിസ്ഥാനങ്ങളില്‍ തൊട്ടു ഓംകാരധ്വനി ഒഴുകിപരക്കുന്നു.

8. സാന്ധ്യാകാശം സിന്ദ്ദൂരച്ഛവി പൂണ്ടുനില്‍ക്കുന്നു. ഗേറ്റിനുമുകളിലെ കമ്പിയില്‍ നാലഞ്ചു കുഞ്ഞിപ്പക്ഷികള്‍ പലവഴിയായി പറന്നെത്തി. തമ്മില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണോ?അതിലൊന്നു പെട്ടെന്നുഒരു നിമിഷം മൌനമായി ഇരുന്നു വേഗത്തില്‍ പറന്നു പോയി. കൂട്ടില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞുമക്കളെ ഓര്‍ത്തിരിക്കാം.

9. ഉമ്മറത്തു തൂക്കിയ കുടമണി കിലുങ്ങിയപ്പോള്‍ അതിഥിയാരെന്നു അറിയാന്‍ ഓടിച്ചെന്നു. വിശിഷ്ടാതിഥി തന്നെ. നിറപ്പകിട്ടും നീളന്‍ വാലുമുള്ള സുന്ദരന്‍ കിളി ജിജ്ഞാസയോടെ മണിനാക്കില്‍ കെട്ടിയ ചരടു കൊക്കുകൊണ്ടാഞ്ഞു വലിക്കുകയാണു.

10. ജനിച്ചനിമിഷം മുതല്‍ വേര്‍പിരിയാത്ത കൂട്ടുകാരി! എനിക്കു ചുറ്റും വലയം തീര്‍ത്തു അലയാനാണല്ലോ നിന്റ്റെ നിയോഗം. എന്നിലെ ചൈതന്യം നശിച്ചാല്‍ , തിരി കെട്ടാല്‍ നിനക്കു മോചനമായി.

3 comments:

വൈഖരി said...

ചുറ്റും കാണുന്ന കാഴ്ച്ചകള് , അലസനിമിഷങ്ങളില്‍ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലാം അപ്പപ്പോള്‍ താളില്‍ പകര്‍ന്നപ്പോള്‍:

ചീര I Cheera said...
This comment has been removed by the author.
ചീര I Cheera said...

ചില നിമിഷങ്ങൾ ചില നേരങ്ങളിൽ എത്ര വിലപ്പെട്ടതായി മാറുന്നു, അല്ലേ... കുഞ്ഞുചിരാതുകളും, മഴനൂലുകളും, കുഞ്ഞു തളിരുകളും, വെണ്മുകിൽ തോണിയും, കുഞ്ഞിക്കിളികളും, വരിതെറ്റാതെ, ഭാരം ചുമന്നു ധൃതിയിൽ ദൂരേയ്ക്കു പോകുന്നവരും, എല്ലാവരും ഏതോ നിമിഷങ്ങളിൽ പ്രിയപ്പെട്ടവരാവുന്നു... അവസാനം ആ വേർപിരിയാത്ത കൂട്ടുകാരിയെ ഓർമ്മിയ്ക്കുന്നു... ഒരു ഓർമ്മപ്പെടുത്തൽ പോലെ!