Friday, June 27, 2008

രത്നാകരം

രത്നാകരം

അലകളിളകി മറിയുന്ന കടലെന്നപോലെ മനസ്സില്‍ വിചാരതരംഗങ്ങള്‍ ഇളകിമറിയുന്നു. ഭാവനയാകുന്ന ചെറുതോണിയിലേറി സാഗരമദ്ധ്യത്തിലേയ്ക്കു തുഴയുകയാണു. കാണാക്കയങ്ങളിലും , വന്‍ തിരമാലകളിലും പെട്ടു വഞ്ചി ചാഞ്ചാടുന്നു. മുത്തും, പവിഴവും , രത്നവും തേടി അലയുന്ന ഞാന്‍ എത്തുന്നതെവിടെയാണു ആവോ? പെറുക്കിയെടുക്കുന്ന മുത്തും, പവിഴവും കൊണ്ടു മനോഹരമായ ഹാരം തീര്‍ക്കാന്‍ എന്‍റെ മനസ്സു കൊതിക്കുന്നു. പരിമിതവിഭവയായ എനിക്കു ഈ ആഗ്രഹം ചേര്‍ന്നതു തന്നെയോ? മനസിന്‍റെ മോഹങ്ങള്‍ നിയന്ത്രണാതീതം തന്നെ.

അലകളില്‍ ഊഞ്ഞാലാടിക്കൊണ്ടു എന്‍റെ തോണി യഥേഷ്ടം സഞ്ചരിക്കുന്നു. രത്നാകരത്തില്‍നിന്നും എനിക്കു വേണ്ടതു വേര്‍തിരിച്ചെടുക്കാന്‍‍ എനിക്കു കഴിയുമോ? അദ്ധ്വാനം മാത്രം പോരാ ജഞാനവും അതിനാവശ്യമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. ശ്രേഷ്ഠനായ ഗുരുവില്‍നിന്നു ശിക്ഷണം ലഭിക്കാതെ പോയതിന്‍റെ കുറവു അറിയുന്നെങ്കിലും ഇപ്പോള്‍ അതിനെക്കുറിച്ചു ദു:ഖിക്കുന്നതു വ്യര്‍ഥം തന്നെ. അറിവാകുന്ന വഴികാട്ടിയുടെ അഭാവത്തില്‍ ഞാനും , എന്‍റെ ചെറുതോണിയും ലക്ഷിയത്തില്‍ എത്തുന്നതെങ്ങിനെ?

കൈവശമുള്ള പരിമിതമായ കോപ്പുകളുമായി മുമ്പോട്ടു തന്നെ പോകട്ടെ. കിട്ടുന്ന പവിഴമണികള്‍ നിറം കെട്ടതായാലും ഭംഗിയില്ലാത്തതായാലും എനിക്കു അവ നിധികള്‍ തന്നെ. എന്നാലാവുന്ന വിധം ഒരു ഹാരം തീര്‍ത്തു ഞാനെന്‍റെ ആഗ്രഹം പൂര്‍ത്തീകരിക്കട്ടെ.

2 comments:

siva // ശിവ said...

മുന്നോട്ട് പോകൂ...യാത്രാമംഗളങ്ങള്‍....കിട്ടുന്നത് അത് നിറം മങിയവയായാലും അമൂല്യമായതെന്ന് കരുതൂ...

സസ്നേഹം,

ശിവ

വൈഖരി said...

ശ്രീ: ശിവ,

നല്ല വാക്കുകള്‍ക്കു നന്ദി.