Wednesday, May 21, 2008

വിശ്വശില്പി

വിശ്വശില്പി
-------------------


വിജനമാം അംബര വീഥിമദ്ധ്യത്തിലായ്

വീണുകിടക്കുന്നൊരു വെള്ളിത്തളിക

തിളക്കമാര്‍ന്നുള്ള വൈരമണികള്‍

തൂകികിടക്കുന്നു ചുറ്റിലുമായ്

ആരുടെ ഭാണ്ഡത്തില്‍നിന്നൂര്‍ന്നതാവാം

ഈടുറ്റതാകുമീനിധിപ്രകര്‍ഷം

മുത്തുപതിച്ചുള്ള പൊന്നിന്‍ വളകളും

വജ്രാഭ ചൊരിയുന്ന ഹാരജാലങ്ങളും

നീളെ ചിതറികിടക്കുന്നു പാതയില്‍

പൊന്നിധിപ്പേടകം തട്ടിമറിഞ്ഞ പോല്‍



മിനുമിനുപ്പാര്‍ന്നൊരാ നീലനീരാളം

ച്ചുളിനീര്‍ത്തിഭംഗിയില്‍ വിരിച്ചതിന്മേല്‍

അല്‍ഭുതമാമ്മാറഴകിയറ്റീടുന്ന

ചാരുവാം ചിത്രങ്ങള്‍ രചിച്ചതാരോ?

വര്‍ണ്ണശബളാഭമല്ലിവയെങ്കിലും

വൈരമണികളും സുവര്‍ണ്ണത്തരികളും

നീളെപ്പതിച്ചു മിന്നുന്നതിന്മദ്ധ്യേ

ആരോമല്‍ക്കുരുന്നിനെയങ്കത്തിലേന്തിടും

അമ്മതന്‍ മുഖകാന്തിയാര്‍ന്നുള്ളോരാ

വെണ്മണിത്തിങ്കളിന്‍ മന്ദഹാസം തിളങ്ങുന്നു



സന്ധ്യയില്‍ ‍ സ്നാനവും കഴിച്ചു വിടുര്‍ത്തിട്ട

ക്കൂരിരുള്‍ കറുപ്പാര്‍ന്നിടതൂര്‍ന്നവേണിയില്‍

താരകജാലങ്ങളാം പൂമാലചാര്‍ത്തി

പാതിമുഖം കാട്ടി മന്ദഹാസം ചൊരിഞ്ഞു

വിണ്ണിന്‍ കതകിന്‍ പിന്നിലായ് ലജ്ജിച്ചു

അംബിളിപ്പെണ്‍കൊടി അവനമ്രയായ് നില്‍ക്കുന്നു

രാഗവിലോലനായ് സാഗരനാഥനോ

ആശ്ലേഷോത്സുകാല്‍ തിരക്കൈകളുയര്‍ത്തുന്നു

വേപഥു പൂണ്ടൊരാ പൂവല്‍ക്കരങ്ങളില്‍

ചേര്‍ത്തുപിടിച്ചുള്ള പാല്‍ച്ചഷകം

തുള്ളിത്തുളുമ്പിയോ മേദിനിയാകവേ

പാലൊളിപ്രഭയില്‍ ക്കുളിച്ചു നില്‍പ്പൂ



മതിമയക്കീടുമീ മോഹനദ്രുശ്ശ്യങ്ങള്‍

ആരചിച്ചീടുമാവിശ്വശില്പി

തന്നുടെ സ്രുഷ്ടിവൈഭവം താനല്ലൊ,

താനുമെന്നോര്‍ത്തങ്ങമ്പരന്നീടവേ

നമ്രശിരസ്കയായ്പ്രാര്‍ഥനാലോലയായ്

അഞ്ജലീബ്ദ്ധയായ് അര്‍പ്പിപ്പൂ വന്ദനം.

2 comments:

വൈഖരി said...

പ്രപഞ്ച സ്രുഷ്ടാവിനു മുന്‍പില്‍ നമ്രശിരസ്കയായ് ...

Sureshkumar Punjhayil said...

Good work... Best Wishes...!