കവിത്വമെനിക്കില്ലതെല്ലെങ്കിലും
കവിതയൊന്നു കുറിക്കുവാന്‍ മോഹം
വിദ്വത്വവുമില്ലൊട്ടും നിനയ്ക്കുകില്‍
വാക്കുകള്‍ക്കായി കൊതിപ്പു ഞാന്‍
ഉത്തമദേശികശിക്ഷണഭാഗ്യവും
കൈവന്നതില്ല തെല്ലുമോര്‍ത്താല്‍
എങ്കിലുമെന്‍ മനതാരില്‍ പലവിധ
സങ്കല്പജാലങ്ങളുണരുന്നു
കല്പനാപുഷ്പജാലങ്ങള്‍ വിടരുന്നു
മാനസവാടിയില്‍ വര്‍ണ്ണരാജി പരത്തുന്നു
ചിത്ര വര്‍ണ്ണാങ്കിതമാകും ശലഭങ്ങള്‍
പാറിപ്പറക്കുന്നിതന്തരംഗത്തില്‍
ചക്രവാളത്തില്‍ കുഴിയെ കുലച്ചതാം
വാര്‍മഴവില്ലിന്‍ ഭംഗിയില്‍ മയങ്ങവേ
തരളിതമാകുന്നു മാനസം മുഗ്ധമായ്
വര്‍ണ്ണാഞ്ചിതമാം പീലി നിവര്‍ത്തുന്നു
തടിനിതന്‍ കളനാദം ശ്രവിക്കേ
നടരാജനര്‍ത്തനമെന്നില്‍ തുടിക്കുന്നു
കാനനത്തിന്‍ കാര്‍നിറമോര്‍ക്കവേ
കുരിരുള്‍കാന്തിയറിയുകയായ്
സഹസ്രാംശുകിരണങ്ങള്‍ മന്ദമായ് ഭുമിയെ
കനകാംബരം ചാര്‍ത്തിക്കും വേളയില്‍
ഹര്‍ഷപുളകിതമാകുന്നു മന്‍ മനം
ആനന്ദനര്‍ത്തനം മെല്ലെ തുടങ്ങുന്നു
താളില്‍ പകര്‍ത്തുവാന്‍ വെന്‍പുന്നു ചിന്തകള്‍
ത്രാണിയെനിക്കില്ലെന്നറിവു ഞാന്‍
എങ്കിലുമെന്‍ ഹ്രുത്തിലുണരുന്നസംകല്പങ്ങല്‍
വല്ലവിഥേനയും കുറിക്കുന്നീതീവിധം
അര്‍ത്ഥചമല്‍ക്കാരസൌഭഗമാര്‍ന്നൊരു
കവനമിതെന്ന മേനിയെനിക്കില്ലാ
മനസ്സിലുണരുന്ന ചിന്തകളെല്ലാം
മൊഴികളായി താളില്‍ പകര്‍ന്നുവെങ്കില്‍
സന്തുഷ്ടയായി ഞാന്‍ ക്രുതാര്‍ഥയായി ഞാന്‍
സഫലമെന്നോര്‍പ്പു ഞാന്‍ മമ യത്നം...
………………… …………….. ……………… ………………..
1 comment:
മനസ്സിലുണരുന്ന ചിന്തകളെല്ലാം
മൊഴികളായി താളില്‍ പകര്‍ത്തുവാന്‍ ഒരു ശ്രമം...
Post a Comment