ഒരു സായന്തനസ്വപ്നം
----------------------------------------
ഉമ്മറതിണ്ണയില്‍ നിശ്ചലയായേകയായ്
അംബരവീഥിയില്‍ മിഴി നട്ടിരിക്കവേ
മന്ദം ചരിക്കും വെണ്മുകില്‍മാലകള്‍
മോഹനീയമാമൊരു ചിത്രം രചിക്കയായ്
ഭാവനകള്‍ ചിറകടിച്ചുയര്‍ന്നുവോ
ഭാവുകമായിതെന്‍ മാനസം മെല്ലവേ
സാന്ധ്യരാഗദീപ്തിയാല്‍ ചേലുറ്റ
പൂഞ്ചേലയണിഞ്ഞു ഗൊപകുമാരികള്‍
ആനന്ദ നര്‍ത്തനമാടുന്നതിന്‍ മദ്ധ്യേ
കാറൊളിവര്‍ണനാം ഗോപകുമാരനായ്
രൂപമിയലുന്ന കാര്‍മുകില്‍ത്തുണ്ടൊന്നു
ചാഞ്ചാടിയാടുന്നു മെല്ലവേ നീങ്ങുന്നു
പീലിത്തിരുമുടിയും കുണ്ഡലശോഭയും
പുഞ്ചിരിത്തൂകുന്ന ചാരുവദനവും
ഒട്ടൊന്നുചായ്ച്ച ശിരസ്സിന്നഴകും
കാരുണ്യമോലും തിരുമിഴി ശോഭയും
കരവല്ലിയിലേന്തുന്നോരോടക്കുഴലും
താളം ചവിട്ടും പാദദ്വയങ്ങളും
വിശ്വനടനം നടക്കുമാ വേദിയെ
വീക്ഷിച്ചുനിര്‍നിമേഷയായിരുന്നു ഞാന്‍
വട്ടത്തില്‍ കൈകോര്‍ത്തും ആലോലമാടിയും
നര്‍ത്തനമാടുന്നു ഗോപികാവ്രുന്ദവും
കാറ്റിലൂടെ മന്ദമൊഴുകിയെത്തുന്നുവോ
കര്‍ണപീയുഷമാം മുരളീതന്‍ വൈഖരി
ആനന്ദസാഗരവീചിയിലൂടവേ
പാരമൊഴുകിഞാനലിഞ്ഞീടവേ
സാന്ധ്യശോഭ മങ്ങീ തമസ്സാഗതമായി
നര്‍ത്തനവേദിയുമെങ്ങോ മറഞ്ഞുപോയ്
തിങുമിരുട്ടിനാല്‍ കനത്തിതമ്പരം
മങ്ങിയെന്‍ മാനസം ശോകതപ്തമായ്
കണ്മുന്‍പില്‍ തെളിഞ്ഞൊരാ സുന്ദര ദ്രുശ്യം
മറഞ്ഞുപോയ് ഏറ്റം വിഷാദമാര്‍ന്നുപോയ്...
---------------------------------------------------------------------------
1 comment:
ഒരു സന്ധ്യനേരത്തു മേഘങ്ങളെ നോക്കിയിരുന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞതു...
Post a Comment