ഇക്കൊല്ലവും ഞങ്ങളുടെ വായനശാലയിലെ വനിതാവിഭാഗം ഓണം കേമമായിആഘോഷിക്കുകയുണ്ടായി. വിശിഷ്ടാതിഥികളെ ക്ഷണിച്ചു. കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, പൂവിടല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സംഘാംഗങ്ങള്‍ സ്വന്തം വീടുകളില്പാകം ചെയ്തു കൊണ്ടു വന്ന ഓണവിഭവങ്ങള്‍ വിളംബിയ സദ്യയോടുകൂടിയാണ് ആഘോഷംസമാപിച്ചത്.കൂട്ടത്തില്‍ സംഘാംങ്ങളുടെ സൃഷ്ടികള്‍ ചേര്‍ത്ത് ഒരു വിശേഷാല്പ്രതിയുംഒരുക്കി. അതിലേക്കു എന്തെങ്കിലും ഒന്നെഴുതണമെന്ന ആവശ്യം വന്നപ്പോള്‍ എന്തു വേണംഎന്ന ആലോചനയിലായി. വിഷയം ഓണം തന്നെയാകുന്നതാണ് ഭംഗി എന്ന അഭിപ്രായവും കൂടിആയപ്പോള്‍ ഒരുചുറ്റുമതില്‍ക്കെട്ടിനുള്ളില്‍പ്പെട്ടതുപോലെയും ആയി.അങ്ങിനെ എന്റെപഴയ ഓണക്കാലത്തേക്കു മനസ്സിനെ ഒന്നു പിന്നോക്കം നടത്താമെന്നു കരുതി.
എന്റെ കുട്ടിക്കാലത്ത് ഓണം തീര്‍ത്തും ഒരു ഗാര്‍ഹികാഘോഷമായിരുന്നു.സമപ്രായക്കാരായ കുട്ടികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഉത്സവംതന്നെയായിരിക്കും. പൂവിടല്‍, മാതേവരെ വെക്കല്‍, ഓണസദ്യ എല്ലാംപതിവാണ്. എന്റെകുട്ടിക്കാലം മിക്കവാറും ഞാന്‍ ചെറിയമ്മയുടേയും കുടുംബത്തിന്റെയുംകൂടെയായിരുന്നു. അമ്മമ്മയും ഉണ്ട്. ചെറിയമ്മയ്ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്ഞാന് അവരുടെ മകള്‍ തന്നെയാണ് അന്നും ഇന്നും. ചെറിയമ്മയുടെ അഞ്ച് ആണ്മക്കള്.എല്ലാവരും എന്നില്‍ താഴെ. ഒന്നാമത് മൂത്ത പെണ്‍കുട്ടി, പിന്നെ താഴെയുള്ളവരെയെല്ലാംനോക്കേണ്ട ചുമതലയും. ,കുട്ടിക്കളിയും ബഹളംവെപ്പും ഒന്നും അനുവദനീയമല്ല. എങ്കിലുംസഹോദരന്മാരോടൊത്തു പൂക്കള്‍ പറിക്കാനും, പൂവിടാനും ഒക്കെ ഉത്സാഹമായി കൂടാറുണ്ട്.വിശാലമായ തൊടിയില്‍ തന്നെ ധാരാളം പൂക്കള്‍ ഉള്ളതുകൊണ്ടു പൂവിനു ക്ഷാമം തീരെയില്ല.ഓരോദിവസവും മാറിമാറി പല വലുപ്പത്തിലും ആകൃതിയിലും പൂവിടുന്നതു വലിയആഹ്ലാദമായിരുന്നു. തൃക്കാക്കരാപ്പനെ വെക്കും. ഇതിനെല്ലാം വലിയ ഉത്സാഹത്തോടെചെറിയമ്മയും ഒപ്പമുണ്ടാകും. സദ്യ കേമം തന്നെയാകും. വീട്ടുപണിക്ക് അകത്തും , പുറത്തും സഹായിക്കുന്നവര്‍ക്കു സദ്യ നല്‍കും. താമസം തൃപ്പൂണിത്തുറയിലായിരുന്നു.അവിടത്തെ അത്തച്ചമയ ഘോഷയാത്ര പ്രസിദ്ധമാണല്ലൊ.പടിക്കല്‍ കൂടീ കടന്നുപോകുന്നഘോഷയാത്ര കാണാന്ഞങ്ങളുംചെന്നു നില്ക്കും. ഓണപ്പുടവയെപ്പറ്റിഓര്മിക്കത്തക്കതായി ഒന്നുമില്ല. അമ്മമ്മയും , ചെറിയമ്മയും , ഞാനും മാത്രമാണുസ്ത്രീപ്രജകള് എന്നതുകൊണ്ട് കൈകൊട്ടിക്കളിയുടേയും പ്രസക്തിയില്ല.
അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം!. വളരെ വിരളമായ അവസരമായിരുന്നു അത്. പൂവിടലോ, മാതേവരെ വെക്കലോ ഒന്നും പതിവില്ല. സദ്യയും ഓണപ്പുടവയും തീര്‍ച്ചയായും ഉണ്ട്.കേരളത്തിലെ ഒരു പ്രസിദ്ധ ആയുര്‍വേദ സ്ഥാപനത്തില്പ്രധാന വൈദ്യനായിരുന്നു എന്റെഅച്ഛന്‍ . വൈദ്യശാല ഇന്നത്തെയത്ര ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നില്ല അന്ന്.അതുകൊണ്ടുതന്നെ വൈദ്യശാല ഞങ്ങളുടെ വീടും , ജീവനക്കാര്‍ കുടുംബാംഗങ്ങളുംഎന്നപോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാവര്ക്കും മുതിര്‍ന്ന കാരണവര്‍ അച്ഛന് തന്നെ.എന്തെങ്കിലും കാരണം കൊണ്ടു ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത ജീവനക്കാരേയും , അച്ഛന്റെ കീഴില്‍ വൈദ്യം പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒക്കെ ക്ഷണിച്ചുഎല്ലാവര്ക്കും ഓണസദ്യ നല്കുന്ന പതിവു ഉണ്ടായിരു ന്നു. നടപ്പുരയില്‍ ഇലകള്‍ ഇട്ട്എല്ലാവരേയും ഇരുത്തി വിഭവങ്ങള്‍ വീണ്ടും വീണ്ടും വിളംബിച്ച്, തമാശകളും , പൊട്ടിച്ചിരികളുമായി ഊട്ടുന്ന അച്ഛന്റെ രൂപം ഇന്നും മനസ്സില്‍ സജീവമായിനില്ക്കുന്നുണ്ട്. എനിക്കു ഓര്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള ഓണസംകല്പ്പവുംഇതുതന്നെയാണ്. നിറങ്ങളും , പകിട്ടും ഒക്കെ ഭ്രമിപ്പിക്കുന്ന ആ പ്രായത്തില്ഓണപ്പുടവയായി കിട്ടാറുള്ളത് ഇണപ്പുടവകളാണ്. അതില്‍ വലിയ ആവേശമൊന്നുംതോന്നിയിരുന്നില്ല.
ഇന്നത്തെ പെണ്‍കുട്ടികള്‍ കോളേജ് ജീവിതവുമായി ആഹ്ലാദിക്കുന്ന പ്രായത്തില്ഞാന് വിവാഹിതയായി നാടുവിട്ടു. പിന്നീട് ഓണം ആഘോഷിക്കുന്നതിന്റെ മട്ടു മുഴുവന്‍മാറി. തിരുവോണം പലപ്പോഴും പ്രവര്‍ത്തിദിവസങ്ങളിലായിരിക്കും വരുന്നത്. അപ്പോള്ഏറ്റവും അടുത്ത ഒരു ഒഴിവുദിവസമായിരിക്കും ഓണം ആഘോഷിക്കുന്നത്. സദ്യയൊരുക്കിസുഹൃത്തുക്കളെയൊക്കെ വിളിച്ചു ഒന്നിച്ച് ഓണം ആഘോഷിക്കാറുണ്ട്. അന്നേക്കു ഓണംഗൃഹാന്തരീക്ഷത്തില് നിന്നും കുറേശ്ശയായി പുറത്തേക്കു കടക്കാന്‍ തുടങ്ങിയിരുന്നു.
പിന്നീട് ഊരുചുറ്റലൊക്കെ കഴിഞ്ഞ് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്ഞങ്ങളുടെഓണം വിവാഹിതയായ മകളുടെ കൂടെയായി. സ്വന്തമായി നടത്തിവരുന്ന ഒരുആയുര്‍വേദ ഏജെന്സിമൂന്നാലു ദിവസം അടച്ചിടാന്‍ അപ്പോഴാണ് സൌകര്യം എന്ന നിലയ്ക്ക് മകളുടെ അടുത്തേക്കുപോകാന്ആ അവസരം ഉപയോഗിക്കുകയാണ് പതിവ്. തമിഴ്നാട്ടില്‍ ആയതുകൊണ്ട് അവിടെയുംഓണംപ്രവര്ത്തിദിവസംതന്നെ. എങ്കിലും മരുമകന് അവധിയെടുക്കും. . ഓണവിഭവങ്ങളൊക്കെഒരുക്കി അവര്‍ രണ്ടുപേരും കൂടി അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെകൊണ്ടുപോയി കൊടുക്കും. മരുമകന്റെ അമ്മയും അമ്മമ്മയും ഒക്കെ അവിടെത്തന്നെയാണ്.അവര്‍ മുറ്റത്ത് പൂവിടാറുണ്ട്. മാതേവരെ വെക്കാറുണ്ട്.
ഇങ്ങിനെ പല ഘട്ടങ്ങളില്‍ പലതരത്തില്‍ ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഇന്ന് ഓണംസംഘടനകള്, വായനശാലകള്‍ തുടങ്ങി ഒരു സമൂഹം ചേര്‍ന്നു ആഘോഷിക്കുന്നു. നല്ലതുതന്നെ.വീടുകളില്‍ മിക്കവാറും എല്ലാവരും T.V. യുടെ മുന്പിലായിരിക്കും. പൂവിടല്‍, കൈകൊട്ടിക്കളി തുടങ്ങിയവയെല്ലാം ചാനലുകാര് നടത്തിക്കോളും. വിശേഷിച്ച് പുതിയസിനിമകള്‍ , നടീ നടന്മാരുടെ അഭിമുഖം അങ്ങിനെ വേറെയും. ഓണസദ്യയ്ക്കു അങ്ങിനെയൊരുസൌകര്യമില്ലെന്നു വിഷമിക്കാനില്ല. വിഭവസ്മൃദ്ധമായ ഓണസദ്യ ഏറ്റെടുത്തു വിളംബുന്നവര്ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമാണ്.
കാലം മാറുന്നതിനനുസരിച്ചുമറ്റെല്ലാകാര്യങ്ങളേയും പോലെ അഘോഷരീതികളുംമാറാതെതരമില്ല.ആഘോഷങ്ങളെല്ലാം മനുഷ്യര്‍ക്ക് ദു:ഖം മറന്നുആഹ്ലാദിക്കാനുള്ളഅവസരങ്ങളാണ്. പ്രത്യേകിച്ചും ഓണക്കാലം, മാനുഷരെല്ലാം ഒന്നിച്ചുഒരുമയോടെആഹ്ലാദിക്കാന്ആഹ്വാനംചെയ്യുന്നു.ഈ ഓണക്കാലം വൈരാഗ്യവും , സ്പര്‍ദ്ധയും, വെറുപ്പും ഒക്കെ മാറ്റിവെച്ചു എല്ലാവിധ വേറുവിത്യാസങ്ങളുംഉപേക്ഷിച്ച് എല്ലാവരുമൊരുമിച്ച് നമുക്ക് ഉല്ലസിക്കാം.
കുളത്തില്‍ സ്ത്രീകളും കുട്ടികളും തുടിച്ചു പാടുന്നു. മനസ്സും ഒന്ന് തുടിച്ചുണര്‍ന്നു. വെളുപ്പാന്‍ കാലത്ത് താടി വിറപ്പിക്കുന്ന തണുപ്പില്‍ കുളത്തില്‍ തുടിച്ചു പാടുന്ന ഈണങ്ങള്‍ , ഊഞ്ഞാലില്‍ ഉയരത്തില്‍ ഉയരത്തില്‍ കുതിക്കുമ്പോഴത്തെ ആഹ്ലാദം, എട്ടങ്ങാടി, പുഴുക്ക്, വറുത്തുപ്പേരി, ഇളനീര്, കൂവ വിരകിയത്, പാതിരാപ്പൂ ചൂടല്‍, മംഗല ആതിര ചൊല്ലി ശിവപാര്‍വതിമാരെ സ്തുതിച്ചു, വിസ്തരിച്ച കൈകൊട്ടിക്കളി എല്ലാ ചട്ങ്ങുകളും ഇക്കൊല്ലത്തെ തിരുവാതിരയ്ക്ക് ഞങ്ങള്‍ കുറച്ചു പേര് യാഥാര്‍ഥ്യത്തിലേയ്ക്കു മടക്കികൊണ്ടുവന്നു.
ഇന്നു ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം ഉമ്മറത്തെ ചതുരപ്പെട്ടിയിലേയ്ക്കു ചുരുങ്ങിയഇരുക്കുകയാണല്ലൊ. കുട്ടികള്‍ക്കെല്ലാമൊന്നു യാഥാര്‍ഥ്യത്ത്യമാക്കി കൊടുക്കണമെന്നും, മുതിര്‍ന്നവര്‍ക്ക് പഴയ ഓര്‍മകളിലേയ്ക്കു ഒരു യാത്ര വേണമെന്നും , എല്ലാറ്റിനുമുപരി കൂട്ടായ്മയുടെ ആഹ്ലാദം, നിറഞ്ഞാസ്വദിക്കണമെന്നും ഒരു മോഹം ഉണര്‍ന്നു. അങ്ങിനെയാണ് ഞങ്ങള്‍ ഇങ്ങിനെയൊരു സംരംഭത്തിന്നു തുടക്കമിട്ടത്. ഞങ്ങളുടെ നാട്ടില്‍ പഴക്കമേറിയ, ഇന്നും വളരെ നല്ല നിലയില്‍ നടന്നു പോരുന്ന ഒരു വായനശാലയുണ്ട്. ഈയിടെയായി അതിനോടനുബന്ധിച്ച് ഒരു വനിതാവിഭാഗവും തുടങ്ങിയിരിക്കുന്നു. ഇവരാണു ഈ സംരംഭത്തിന്നു മുതിര്‍ന്നത്. വിവരമറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും അത്യുത്സാഹമായി. വനിതാവിഭാഗം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കേറിയിറങ്ങി എല്ലാവരേയും ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. പഴയ തറവാട്ട് നാലുകെട്ടില്‍ എല്ലാവരും ഒത്തുകൂടി. സ്തീകള്‍ മാത്രമല്ലാ, പുരുഷന്മാരും ഈ ആഘോഷമൊരു അവിസ്മരണീയമായ അനുഭവമാക്കി തീര്‍ക്കാന്‍ ഉത്സാഹത്തൊടെ സഹകരിച്ചു.
പിന്നത്തെ മേളം എന്തു പറയാന്‍!!!!!! മുതിര്‍ന്നവര്‍ക്കെല്ലാം ശാരീരികാസ്വാസ്ഥ്യങ്ങള്‍ പമ്പ കടന്നു. പൂര്‍ണമനസ്സോടെ ഊഞ്ഞാലാടാനും പാട്ടു പാടാനും കാണിച്ച ഉത്സാഹം കണ്ടുനിന്നവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്കി. അടുക്കളയില്‍ തകൃതിയായി കൂവ വിരകല്‍, ഉപ്പുമാവുണ്ടാക്കല്‍, അങ്ങിനെ ഒരുവക തിരക്ക്. നടുമുറ്റത്ത് അരിമാവ് അണിഞ്ഞ ആവണപ്പലകള്‍, ശിവപാര്‍വതീചിത്രം, കത്തിച്ച നിലവിളക്കു, ദശപുഷ്പം, പാതിരാപ്പുവ്, അടക്കാമണിയന്‍ തുടങ്ങിയവ ഒരുക്കി. മൂന്നു കൂട്ടാന്‍ (വെറ്റില, അടക്ക, ചുണ്ണാമ്പ്) മറ്റൊരു ദിക്കില്‍. കുട്ടികളെല്ലാം അമിതാവേശത്തില്‍. (പാതിരാപ്പൂവ്, അടക്കാമണിയന്‍ തുടങ്ങിയ ചെടികള്‍ പലര്‍ക്കും അപരിചിതമായിരുന്നു. )
എല്ലാവരും കൂടി കുളത്തില്‍ പ്പോയി തുടിച്ചു പാടി കുളിച്ചു (കുളത്തിലിറങ്ങാന്‍ പറ്റാത്തവര്‍ കരയില്‍ കാഴ്ച്ചക്കാരായി) മടങ്ങിയെത്തി. നടുമുറ്റത്തിറങ്ങി ഒരോരുത്തരായി ആവണപ്പലകയില്‍ ഇരുന്നു, പൂ ചൂടി, മൂന്നും കൂട്ടി മുറുക്കി, മംഗല ആതിര പാടി കളിച്ചു. പാര്‍വതീഭക്തയായ ഒരു കന്യകയ്ക്കു വേളി ദിവസം തന്നെ വൈധവ്യം വന്നു ഭവിച്ചപ്പോള്‍ അവളുടെ ദു:ഖത്തില്‍ മനമലിഞ്ഞ കരുണാമയിയായ പാര്‍വതീദേവി തന്റെ പതിയായ മഹേശ്വരനോട് അപേക്ഷിച്ച് തന്റെ ഭക്തയ്ക്ക് മാംഗല്യ ഭാഗ്യം തിരിച്ചു നല്കുന്നു. ഇതാണ് മംഗല ആതിര എന്ന പാട്ടിന്റെ സാരം. ഈ പാട്ടു പാടി സ്തുതിച്ചു സ്ത്രീകള്‍ മാംഗല്യവും, എല്ലാ ശ്രേയസ്സും നേടും എന്നാണു ഫലശ്രുതി. തിരുവാതിരദിവസം സ്ത്രീകള്‍ അരിഭക്ഷണം ഉപേക്ഷിക്കുനു. ഇളനീര്, കൂവ തുടങ്ങിയ തണുത്ത വിഭവങ്ങളും , കായ്കനികളുമാണ് കഴിക്കുന്നത്. വരാന്‍ പോകുന്ന വേനലിനെ ചെറുക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്നും പറയാറുണ്ട്. ഇനിയാണു വിസ്തരിച്ച കൈകൊട്ടിക്കളി. തിരുവാതിരയ്ക്കു ഉറക്കമൊഴിക്കണമെന്നതുകൊണ്ട് പുലരുന്നതുവരെയും ആവാം കൈകൊട്ടിക്കളി. (തിരുവാതിരക്കളീ, പാട്ടുപാടിക്കളി എന്നൊക്കെ പ്രാദേശികമായി ഭാഷാഭേദങ്ങള്‍ ഉണ്ട്.)
ഞങ്ങളില്‍ ഈ ആഘോഷങ്ങളുടെ ചുമതലക്കാരില്‍ രണ്ടു പേര് തിരുവാതിരയുടെ പ്രത്യേകതയും , പ്രാധാന്യവും , ആചാരവിധികളും വിവരിച്ചു.
അതിനു ശേഷം നിറഞ്ഞ മനസ്സോടെ എല്ലാവരും പിരിയുകയും ചെയ്തു. അങ്ങിനെ ഇക്കൊല്ലത്തെ തിരുവാതിര സ്മരണയില്‍ പൊന്പീലി വിരിയിച്ചു സമാപിച്ചു.
എഴുന്നേറ്റപ്പോള്‍ തന്നെ എന്തോ ഒരു ആലസ്യം പോലെ. ഒരു ഉന്മേഷമില്ലായ്മ. തൊണ്ടയ്ക്കു ഒരു അസ്വാസ്ഥ്യം തോന്നുന്നു. ചുമയും ഉണ്ട്. ഒന്നും അത്ര കാര്യമാക്കിയില്ല. ദിനചര്യകളെല്ലാം പതിവുപോലെ ചെയ്തു. ശരീരത്തിനാകെ ഒരു വെല്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിലും മനസ്സിനു ഒരു ശാന്തി തോന്നുന്നു. കാറ്റില്‍ പറക്കുന്ന പഞ്ഞിപോലെ ഒരു അനുഭവം. ഒരാഴ്ച്ചക്കു ശേഷം ഇന്നിതാ അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. പുറമെ പരന്ന വെളിച്ചം മനസ്സിന്നുള്ളിലേയ്ക്കും കിനിഞ്ഞിറങ്ങുന്നതുപോലെ ഒരനുഭൂതി. പ്രാതല്‍ കഴിച്ചു. പേപ്പര്‍ വായിച്ചു. പൂപ്പാത്രം ഒരുക്കി. എല്ലാം ഒരു യന്ത്രം പോലെ ചെയ്തുതീര്‍ത്തു.
നെഞ്ചില്‍ തോന്നുന്ന അസ്വാസ്ഥ്യം കൂടുന്നുണ്ടോ?വകവെച്ചില്ല. ഒരോരോ ആവശ്യങ്ങള്‍ക്കായി ഒന്നുരണ്ടു തവണ കോണി ഇറങ്ങിക്കേറി. ഇടവിട്ടുള്ള ചുമയും , നെഞ്ചുവേദനയും മാറുന്നില്ലല്ലോ?ഇന്നെന്താ ഇങ്ങിനെ എന്നു ആലോചിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചുമയ്ക്കുള്ള മരുന്നു കഴിച്ചു നോക്കാം. റ്റിവിയില്‍ എന്തൊ നല്ലൊരു പടമുണ്ടെന്നു കുട്ടികള്‍ പറയുന്നതു കേട്ടു. ഒന്നു നോക്കാം. ഇപ്പോള്‍ ഏതായാലും മണി പന്ത്രണ്ടിനോടടുക്കുന്നു. കുറച്ചുനേരം അതിനുമുന്പില് ഇരുന്നു നോക്കട്ടെ.
മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല. ഇടക്കു വല്ലാത്തൊരു വിയര്‍പ്പ്. ഒരു മണി ആയി. ഊണു കഴിച്ചു നോക്കട്ടെ. വിശപ്പു തോന്നുന്നുണ്ട്. എങ്കിലും രുചിയില്ല. നന്നായി വിയര്‍ക്കുന്നു. പതിവില്ലാതെ പ്രകൃതിയുടെ വിളി. ബാത്രൂമിലൊന്നു പോയിവന്നപ്പോഴേക്കും കുളിച്ചപോലെ വിയര്‍പ്പുകൊണ്ടു നനഞ്ഞിരിക്കുന്നു. എഴുനേല്‍ക്കാന്‍ പോലും വയ്യെന്നപോലെ ക്ഷീണവും തോന്നുന്നുണ്ട്. എന്താണ് സംഭവിച്ചുകൊണ്ടീരിക്കുന്നത് ? പതുക്കെ മനസ്സില്‍ ഒരു ചിന്ത വന്നു കയറി. വലതു കൈ ചുമല് മുതല്‍ കൈത്തണ്ട വരെ കഴച്ചു പൊട്ടുകയാണ്. മകള്‍ എടുത്തു തന്ന വായുഗുളിക കഴിച്ചു.
അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിക്കുകതന്നെയാണ്. കാറിക്കാറിയുള്ള ചുമയ്ക്കും, നെഞ്ചുവേദനയ്ക്കും ഒട്ടും കുറവില്ല. മുത്താഴം കഴിഞ്ഞാല്‍ നാലു ചാല് നടക്കണമെന്നത് ഇന്നു പറ്റുമെന്നു തോന്നുന്നില്ല. ചാരുകസാലയില്‍ ഇരിക്കുവാനും സ്വൈര്യം കിട്ടുന്നില്ലല്ലോ. ഒന്നു കിടന്നാലോ? നെഞ്ചില്‍ ലേപനം പുരട്ടി തടവുന്നുണ്ട് മകള്‍. കയ്യിന്റെ കഴപ്പ് മുതുകിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. ഇരിക്കാനും കിടക്കാനും സ്വസ്ഥതയില്ലാത്തതുപോലെ.
ചെറിയ തോതിലുള്ള ഔഷധപ്രയോഗമൊന്നും മതിയാവില്ലെന്നാണു തോന്നുന്നത്. മക്കളും, മരുമക്കളും ഒന്നും പരിഭ്രമം പുറമേയ്ക്കു നടിക്കുന്നില്ലെങ്കിലും , ഞാന്‍ ശങ്കിക്കുന്നതുതന്നെയാണ് അവരുടേയും മനസ്സില്‍ എന്നു തോന്നുന്നു. ഡോക്ടര്‍ കൂടിയായ മരുമകന് ആശുപത്രിയിലേക്കു പോകാമെന്നു നിര്‍ദ്ദേശിക്കുന്നു. രക്തസമ്മര്‍ദ്ദം വളരെ കൂടിയിട്ടുണ്ട് എന്നാണു പറയുന്നത്. രക്തസമ്മര്‍ദ്ദം കുറയാന്‍ പതിവായി കഴിക്കാറുള്ള ഗുളിക തലചുറ്റല്‍ തോന്നിയതിനാല്‍ രണ്ടു ദിവസമായി കഴിക്കാറില്ല. അതുകൊണ്ടായിരിക്കുമോ ഇത്ര പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടിയത്? ഏതായാലും ഏറ്റവും വെറുക്കുന്ന ഒരു സ്ഥലമാണ് ആശുപത്രി. എന്തു ചെയ്യാനാണ്? ദൈവനിശ്ചയത്തിന്ന് വഴങ്ങുകതന്നെ വേണമല്ലൊ. മനസ്സില്‍ ശങ്കിക്കുന്നതു തന്നെ യാണ് അസുഖം എന്ന് ഏകദേശം തീര്‍ച്ചപ്പെട്ട മട്ടുണ്ട്.
കുറച്ചെങ്കിലും ഭയം തോന്നുന്നുണ്ടൊ? ഉള്ളിലേക്കൊന്നു ചുഴിഞ്ഞു നോക്കി. സുഖക്കേടിന്റെ തീവ്രത ആശുപത്രിയില്‍ ചെന്നാലല്ലേ അറിയൂ. സാധാരണ ഗതിയില്‍ ഒന്നു-ഒന്നൊന്നര മണിക്കൂര്‍ വേണം ലക്ഷ്യ്ത്തിലേക്കെത്താന്. ഇപ്പോഴാകട്ടെ സന്ദര്‍ഭത്തിന്റെ ഗൌരവം, തലേന്നു വരെ പെയ്ത മഴയില്‍ ചളിക്കുളമായി കിടക്കുന്ന പാത എല്ലാം കൂടി രണ്ടു മണിക്കൂറിലധികമെടുത്തു എത്തികിട്ടാന്‍. പിന്നെ താമസമുണ്ടായില്ല ആശുപത്രിസേവകര് വന്ന് icu വിലെത്തിച്ചതേ അറിഞ്ഞുള്ളു.( തക്ക സമയത്തെത്തി എന്നാണു പിന്നിടു ഡോക്ടര്‍ പറഞ്ഞത്.)മക്കളുടെ മടിയില്‍ തലവെച്ചു കിടന്നു അവരുടെ പരിചരണം ഏല്ക്കാന് സാധിച്ച ഞാന്‍ ഭാഗ്യവതി തന്നെ. എത്ര മാതാപിതാക്കള്‍ അവശ്യസന്ദര്‍ഭങ്ങളില്‍ സന്താനസാമീപ്യം ലഭിക്കാതെ ദു:ഖിക്കുന്നു. .
പരിപൂര്‍ണമായും ഡോക്റ്റരുടെ അധീനതയിലായിക്കഴിഞ്ഞു. അവര്‍ തിടുക്കത്തില്‍ ചെയ്യുന്നതെന്തൊക്കെയോ ഒരു സ്വപ്നത്തിലെന്നവണ്ണം അറിയുന്നുണ്ടായിരുന്നു. നെഞ്ചിലുണ്ടായിരുന്ന അസ്വാസ്ഥ്യം ക്രമേണ കുറഞ്ഞു തുടങ്ങി. ശരീരം അവര്‍ക്കു വിട്ടുകൊടുത്ത്, മനസ്സ് പതുക്കെ പിന്നിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍, ഇന്നുവരെയുള്ള ജീവിതത്തിന്റെ കണക്കെടുക്കുമ്പോള്‍ എപ്പോഴും ഭാഗ്യം തുണച്ചിട്ടേയുള്ളു . എല്ലാവരാലും ബഹുമാനിതയായി, ജീവിതത്തില്‍ നേടാവുന്ന സുഖസൌകര്യങ്ങളൊക്കെ അനുഭവിച്ച് ഇത്രയും കാലം കഴിഞ്ഞു. പ്രസിദ്ധനായ പതിയെ ലഭിച്ചു. സമൂഹത്തില്‍ മാന്യസ്ഥാനം, മക്കള്‍ക്കെല്ലാം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ജീവിതം ഇവയെല്ലാം ലഭിക്കാനും, തനിക്കതിന്നു സാക്ഷ്യം വഹിക്കാനുമുള്ള ഭാഗ്യമുണ്ടായല്ലൊ. അരങ്ങൊഴിഞ്ഞുള്ള യാത്രയും സുഗമമാക്കിത്തരണേ ഭഗവാനേ എന്നു മാത്രമേ ഇനി പ്രാര്ഥനയുള്ളു.
ചുമലില്‍ക്കൂടി കൈത്തന്ണ്ടവരെയുള്ള കുത്തിക്കടച്ചില് ഇപ്പോഴും കഠിനമായുണ്ട്. രണ്ടാമത്തെ തവണയാണ് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. വല്യ്ക്കല്ലേ ഗുരുവായൂരപ്പാ!മക്കളുടെ ഒരോരുത്തരുടേയും മുഖത്ത് അതേ പ്രാര്‍ഥന തെളിഞ്ഞു കാണാം . ഇത്രയും കാലം അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും , നേര്‍വഴി കാണിച്ചുംജീവിച്ചു. തന്റെ അസാന്നിദ്ധ്യത്തില്‍ അവര്‍ കഷ്ടപ്പെടുമോ? ജീവിതപ്പോരാട്ടത്തില്‍ മത്സരിച്ചു മുന്നേറാന്‍ തക്ക താന്‍പോരിമയും , സാമര്‍ഥ്യവും അവര്‍ക്കു കുറവാണെന്നാണ് തന്റെ കണക്കുകൂട്ടല്‍. അങ്ങിനൊയൊരു ധാരണയോടെയാണ് അവരെ ഇതുവരെ നയിച്ചിരുന്നത്. അങ്ങിനെ വരില്ലെന്നു മനസ്സ് പറയായ്കയല്ല. ഓരോരുത്തരും മദ്ധ്യവയസ്സിലെത്തിക്കഴിഞ്ഞു. താങ്ങാന്‍ കരുത്തുള്ള കൈകള്‍ അവര്‍ക്കു പിന്നിലുണ്ടുതാനും. ഓരോരുത്തര്‍ക്കും വെവ്വേറെ കുടുംബപ്രാരബ്ധങ്ങളുമായി. ഇനി ആശങ്കപ്പെടേണ്ടതില്ല. ദൈവത്തിന്റെ ഇഷ്ടം നടക്കട്ടെ.
നാല്പ്പത്തെട്ടു മണിക്കൂര്‍ ഈ മുറിയില്‍ കിടക്കണമത്രെ. വിവരിക്കാനാവാത്ത ഒരു ലാഘവം തോന്നുന്നു. എല്ലാത്തില്‍നിന്നും മോചനം നേടിയ പ്രതീതി. ഇഷ്ടാനിഷ്ടങ്ങളോ, രാഗവൈരാഗ്യങ്ങളോ ഒന്നും മനസ്സിനെ അലട്ടുന്നില്ല. ചിന്തകളില്‍നിന്നും വര്‍ത്തമാനത്തിലേക്കു തിരിച്ചു വന്നപ്പോള്‍ കതകിനപ്പുറത്ത് ചില്ലുകിളിവാതില്ക്കല് നിന്ന് ആരൊക്കെയോ എത്തിനോക്കുന്നുണ്ട്. അതിനിടയില്‍ മക്കളുടെ മുഖവും കാണാനുണ്ട്. അപ്പോള്‍ മാത്രം മനസ്സിലെവിടേയോ ഒരു ചലനം!വീണ്ടും കണ്ണുകളടച്ചു ശാന്തമായി കിടന്നു.