Tuesday, June 2, 2009

മറയുന്ന പുഴ.

വെള്ളിക്കൊലുസ്സുകള്‍കിലുക്കീയരുമയായ്

തുള്ളിമദിച്ചൊഴുകീയൊരു നദീ

ഇതുവഴി കളകളനാദം പൊഴിച്ചന്‍പോടെ

കേളീഭാവമാര്‍ന്നാഹ്ലാദവായ്പോടെ

വര്‍ഷര്‍ത്തുവിലക്കരെയിക്കരെ തീരം-

കവര്‍ന്നും തടംതല്ലിയലച്ചും

സാഗരനാഥനോടന്‍പിലണയുവാന്‍

വെന്‍പിക്കുതിച്ചുപാഞ്ഞിരുന്നു

ഭാരതപ്പുഴയെന്നത്രെയവള്‍ക്കു പേര്‍,

നിളയെന്നുമരുമയായ് ഓതിടും.ഇന്നവളേറെ ശുഷ്ക്കിച്ചുപോയ്

ഇല്ലിറ്റുവെള്ളം കാലിണ നനയ്ക്കുവാന്‍

എങ്ങുപോയ് മറഞ്ഞെന്നറിവീല

തിങ്ങിനിറഞ്ഞുമുള്‍ച്ചെടിക്കാടുകള്‍

അങ്ങിങ്ങു കെട്ടിക്കിടക്കുന്നു നിശ്ചലം

തീരെച്ചെറുതാം നീര്‍ത്തളങ്ങള്‍

മണല്‍ത്തിട്ടുപോലുമില്ലകാണുവാന്‍

ചിന്നിച്ചിതറികിടക്കുന്നുമാലിന്യം

പോയകാലത്തിന്‍ മധുരസ്മരണകള്‍

അയവിറക്കിമയങ്ങുന്നുകരിമ്പാറകള്‍
ഈനദീതീരത്തു പണ്ടു വീരയുവാക്കള്‍

ചാവേര്‍പ്പടയൊരുങ്ങീ മാമാങ്കമാടീ

ഓത്തന്മാര്‍,ശ്രൌതികളൊത്തുചേര്‍ന്നു

വേദനിര്‍ഘോഷങ്ങളുയര്‍ന്നുപൊങ്ങീ

ഇത്തീരങ്ങളിലായ്പന്തിരുകുലങ്ങള്‍തന്‍

സംസ്കൃതിപിറന്നുപുലര്‍ന്നിതത്രെ

കുളിര്‍ജലപ്രവാഹമായ് വാത്സല്യമൂറും

ജീവജലം പകര്‍ന്നൊഴുകീ നിളാദേവീഈതീരത്തൊരുകവികോകിലം മുഗ്ധമായ്

പാടീമധുരമായ് ഭാഷതന്നീണങ്ങള്‍

മലയാളഭാഷയാമമൃതം പകര്‍ന്നൂ

സാഹിതീകേദാരമേറെ ത്തെളിഞ്ഞു

കാവ്യങ്ങള്‍,കവനങ്ങള്‍,കഥകളെന്നിങ്ങനെ

കേളിയേറും പലവിധ ഭാഷാവിചാരങ്ങള്‍

സാഹിതീസൌഹൃദസല്ലാപമുയര്‍ന്നു

സരസ്വതീദേവീയെഴുന്നരുളീഅലസമാംനിദ്രയിലമര്‍ന്നിരുന്നൊരാ

ആട്ടവിളക്കുപൊടിതട്ടിത്തെളിയിച്ചൂ

തുള്ളലും, കൂത്തും,കൂടിയാട്ടവും

കേളീയരങ്ങുകളാടീത്തിമര്‍ത്തൂ

മോഹിനീ രൂപമാര്‍ന്നൂതരുണികള്‍

മോഹിനീലാസ്യനൃത്തമാടീ

കലാകേരളമേറെയഭിമാനിതയായ്

തീരങ്ങള്‍ പുളകങ്ങളേറ്റുവാങ്ങീഇന്നീതടിനീയേറെശുഷ്ക്കിച്ചുപോയ്

വിധമാകുവാനെന്തൊരുകാരണം?

പുഴതന്‍ മാറിടം കീറിമുറിച്ചു

മണലാം മേദസ്സു വാരിനിറച്ചു

ഭീമമാം ശകടങ്ങള്‍ തലങ്ങും വിലങ്ങുമായ്

ഭീഷണമായലറിപ്പാഞ്ഞുപോയീ

വനവൃക്ഷങ്ങള്‍വെട്ടിവെളുപ്പിച്ചുമാനുഷര്‍

സ്വാര്‍ഥമതികളാംനിര്‍ദയമാനസര്‍

മാനത്തുനിന്നുകനിവാര്‍ന്നുവര്‍ഷിക്കും

മാരിയുള്‍ക്കൊള്ളുവാനാവതില്ലാ

വന്‍തരുക്കളാംജടാകലാപമില്ലാതെയായ്

വാനില്‍നിന്നുപതിക്കും ഗംഗയെതാങ്ങുവാന്‍പുളകച്ചാര്‍ത്തണിഞ്ഞൊഴുകിയിരുന്നൊരീ

പുഴയെങ്ങുപോയ് മറഞ്ഞുവെന്നിറിവീലാ‍

ഊഷരഭൂവായ് മണല്‍ക്കാടായ്മാറിയല്ലോ

തീഷ്ണാതപമേറ്റുച്ചുടുനിശ്വാസമുയര്‍ന്നല്ലോ

ആവിയായ്മേല്‍പ്പോട്ടുപൊങ്ങിയുയര്‍ന്നുവോ

അന്തര്‍വാഹിനിയായ് ധരയിലൊളിച്ചുവോ

എന്തയേ!നിനക്കീ ദുര്‍വിധി ഭവിക്കുവാന്‍

മക്കള്‍തന്‍ ദുഷ്കൃതി വലയ്ക്കുന്നിതോ തവ

വാത്സല്യദുഗ്ധം വറ്റിവരണ്ടുവോ

വാര്‍ദ്ധക്ക്യമാര്‍ന്നു ജരയും പടര്‍ന്നുവോ

അന്ത്യനാളുകള്‍ ‍കാത്തു നീ ശയിപ്പതോ?

അന്ത്യനിശ്വാസമുയിര്‍ക്കുന്നുവോ നിളേ നീ
അശ്രുപൂര്‍ണാഞ്ജലിയര്‍പ്പിക്കുന്നു നിനക്കു ഞാന്‍
അമ്മേ കൈക്കൊള്‍കയെന്‍ നമോവാകം!

4 comments:

വൈഖരി said...

പുഴയെങ്ങുപോയ് മറഞ്ഞുവെന്നറിവീലാ...

വരവൂരാൻ said...

വെള്ളിക്കൊലുസ്സുകള്‍കിലുക്കീയരുമയായ്
തുള്ളിമദിച്ചൊഴുകീയൊരു നദീ
ഭാരതപ്പുഴയെന്നത്രെയവള്‍ക്കു പേര്‍,
നിളയെന്നുമരുമയായ് ഓതിടും

പുളകച്ചാര്‍ത്തണിഞ്ഞൊഴുകിയിരുന്നൊരീ
പുഴയെങ്ങുപോയ് മറഞ്ഞുവെന്നിറിവീലാ‍
ഊഷരഭൂവായ് മണല്‍ക്കാടായ്മാറിയല്ലോ
തീഷ്ണാതപമേറ്റുച്ചുടുനിശ്വാസമുയര്‍ന്നല്ലോ


കാണാറുണ്ട്‌ ആ വേദന പലപ്പോഴും നേരിട്ട്‌
ആശംസകൾ, നന്നായിട്ടുണ്ട്‌

P.R said...

............. :(

ദാ ഇപ്പോള്‍ മധുരയില്‍ ‘വൈകൈ‘നദിയുടെ അവസ്ഥ കാണിയ്ക്കുന്നു, ടി.വി.യില്‍.

‘അമ്മമാര്‍’ ശുഷ്ക്കിച്ചു പോവാന്‍ മക്കളുടെ ദുഷ്പ്രവര്‍ത്തികള്‍ മാത്രം കാരണമാവരുതേ.. എന്നും ആഗ്രഹിയ്ക്കാന്‍ തോന്നാറുണ്ട്.

ഈയിടെ ആ ഭാഗത്തുകൂടെ പോയിരുന്നൂന്ന് തോന്നുന്നു?

ഇക്കൊല്ലം മഴ കുറയുംന്നും കേട്ടു.

വൈഖരി said...

ശ്രീ വരവൂരാന്‍,

നല്ല വാക്കുകള്‍ക്കു നന്ദി.

പി.ആര്‍,

അതെ ആ വഴി പോയിരുന്നു. കുന്തിപ്പുഴ, തൂത, ചെറുതുരുത്തി, പട്ടാമ്പി എല്ലാം മനസ്സില്‍ വലിയ വിങ്ങലായി മാറുകയാണ്..