Friday, November 12, 2010

ദാഹജലം

ശുഷ്കിച്ചു നീണ്ടൂള്ള കൈകള്‍ വിരിച്ചു
ദാഹാര്‍ത്തമായാലസ്യമാര്‍ന്നു മങ്ങീ
നിശ്ശബ്ദമായ്,നിര്‍വികാരമായ് നില്‍ക്കുന്നൂ
ചില്ലയൊന്നിറുന്നുവീഴുവാനൊരുങ്ങി


മൃദുസാന്ത്വനമൊന്നു കാതില്‍ മന്ദമായ്
മൊഴിയുവാനില്ലൊരു തളിര്‍ക്കുരുന്നുപോലും
ചെറുകാറ്റിലൂടെത്തും മര്‍മ്മരങ്ങളായ്
കേള്‍ക്കുവാനില്ലൊരു ചെല്ലച്ചിരിയൊച്ചയും


ഇറ്റുനീരിനായ് തേടി തലങ്ങും വിലങ്ങുമായ്
നനവറ്റ ഭൂമിയിലലയുന്നു വേരുകള്‍
അഗാധമാം ഉള്‍ത്തളങ്ങളിലെങ്ങോ
ആണ്ടൂപോയ് ധാത്ത്രിതന്‍ വാത്സല്യപീയുഷം


താതനാം കര്‍മസാക്ഷിതന്‍ കിരണങ്ങള്‍
ശിരസ്സിന്മുകളിലെരിയുന്നു ക്രുദ്ധമായ്
ക്രൂരമീദണ്ടനമെന്തിനെന്നറിയാതെ
വേപഥു പൂണ്ടു നില്‍ക്കുന്നൊരുമാമരം.

3 comments:

വൈഖരി said...

വേപഥു പൂണ്ടു നില്‍ക്കുന്നൊരുമാമരം...

ചീര I Cheera said...

എനിയ്ക്കു അതേപടി മനസ്സിലായോ?
അതോ ഞാൻ മനസ്സിലാക്കിയതു തന്നെയാണോ?

ചീര I Cheera said...

എവിടെ?