Friday, January 1, 2010

തിരുവാതിര

ധനുമാസത്തില്‍ തിരുവാതിരാ, ഭഗവാന്‍ തന്‍റെ തിരുനാളാണ്

ഭഗവതിയ്ക്കു തിരുനോല്‍മ്പാണ് ഉണ്ണരുത് ഉറങ്ങരുത്-“---


കുളത്തില്‍ സ്ത്രീകളും കുട്ടികളും തുടിച്ചു പാടുന്നു. മനസ്സും ഒന്ന് തുടിച്ചുണര്‍ന്നു. വെളുപ്പാന്‍ കാലത്ത് താടി വിറപ്പിക്കുന്ന തണുപ്പില്‍ കുളത്തില്‍ തുടിച്ചു പാടുന്ന ഈണങ്ങള്‍ , ഊഞ്ഞാലില്‍ ഉയരത്തില്‍ ഉയരത്തില്‍ കുതിക്കുമ്പോഴത്തെ ആഹ്ലാദം, എട്ടങ്ങാടി, പുഴുക്ക്, വറുത്തുപ്പേരി, ഇളനീര്‍, കൂവ വിരകിയത്, പാതിരാപ്പൂ ചൂടല്‍, മംഗല ആതിര ചൊല്ലി ശിവപാര്‍വതിമാരെ സ്തുതിച്ചു, വിസ്തരിച്ച കൈകൊട്ടിക്കളി എല്ലാ ചട്ങ്ങുകളും ഇക്കൊല്ലത്തെ തിരുവാതിരയ്ക്ക് ഞങ്ങള്‍‍ കുറച്ചു പേര്‍ യാഥാര്‍ഥ്യത്തിലേയ്ക്കു മടക്കികൊണ്ടുവന്നു.

ഇന്നു ആണ്ടറുതികളും ആഘോഷങ്ങളുമെല്ലാം ഉമ്മറത്തെ ചതുരപ്പെട്ടിയിലേയ്ക്കു ചുരുങ്ങിയഇരുക്കുകയാണ‍ല്ലൊ. കുട്ടികള്‍ക്കെല്ലാമൊന്നു യാഥാര്‍ഥ്യത്ത്യമാക്കി കൊടുക്കണമെന്നും, മുതിര്‍ന്നവര്‍ക്ക് പഴയ ഓര്‍മകളിലേയ്ക്കു ഒരു യാത്ര വേണമെന്നും , എല്ലാറ്റിനുമുപരി കൂട്ടായ്മയുടെ ആഹ്ലാദം, നിറഞ്ഞാസ്വദിക്കണമെന്നും ഒരു മോഹം ഉണര്‍ന്നു. അങ്ങിനെയാണ് ഞങ്ങള്‍ ഇങ്ങിനെയൊരു സംരംഭത്തിന്നു തുടക്കമിട്ടത്. ഞങ്ങളുടെ നാട്ടില്‍ പഴക്കമേറിയ, ഇന്നും വളരെ നല്ല നിലയില്‍ നടന്നു പോരുന്ന ഒരു വായനശാലയുണ്ട്. ഈയിടെയായി അതിനോടനുബന്ധിച്ച് ഒരു വനിതാവിഭാഗവും തുടങ്ങിയിരിക്കുന്നു. ഇവരാണു ഈ സംരംഭത്തിന്നു മുതിര്‍ന്നത്. വിവരമറിഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കും അത്യുത്സാഹമായി. വനിതാവിഭാഗം പ്രവര്‍ത്തകര്‍ വീടുവീടാന്തരം കേറിയിറങ്ങി എല്ലാവരേയും ഈ സുദിനത്തില്‍ പങ്കെടുക്കുവാന്‍ പ്രോത്സാഹിപ്പിച്ചു. പഴയ തറവാട്ട് നാലുകെട്ടില്‍ എല്ലാവരും ഒത്തുകൂടി. സ്തീകള്‍ മാത്രമല്ലാ, പുരുഷന്മാരും ഈ ആഘോഷമൊരു അവിസ്മരണീയമായ അനുഭവമാക്കി തീര്‍ക്കാന്‍ ഉത്സാഹത്തൊടെ സഹകരിച്ചു.

പിന്നത്തെ മേളം എന്തു പറയാന്‍!!!!!! മുതിര്‍ന്നവര്‍ക്കെല്ലാം ശാരീരികാസ്വാസ്ഥ്യങ്ങള്‍ പമ്പ കടന്നു. പൂര്‍ണമനസ്സോടെ ഊഞ്ഞാലാടാനും പാട്ടു പാടാനും കാണിച്ച ഉത്സാഹം കണ്ടുനിന്നവര്‍ക്കു ഊര്‍ജം പകര്‍ന്നു നല്‍കി. അടുക്കളയില്‍ തകൃതിയായി കൂവ വിരകല്‍, ഉപ്പുമാവുണ്ടാക്കല്‍, അങ്ങിനെ ഒരുവക തിരക്ക്. നടുമുറ്റത്ത് അരിമാവ് അണിഞ്ഞ ആവണപ്പലകള്‍, ശിവപാര്‍വതീചിത്രം, കത്തിച്ച നിലവിളക്കു, ദശപുഷ്പം, പാതിരാപ്പുവ്, അടക്കാമണിയന്‍ തുടങ്ങിയവ ഒരുക്കി. മൂന്നു കൂട്ടാന്‍ (വെറ്റില, അടക്ക, ചുണ്ണാമ്പ്) മറ്റൊരു ദിക്കില്‍. കുട്ടികളെല്ലാം അമിതാവേശത്തില്‍. (പാതിരാപ്പൂവ്, അടക്കാമണിയന്‍ തുടങ്ങിയ ചെടികള്‍ പലര്‍ക്കും അപരിചിതമായിരുന്നു. )

എല്ലാവരും കൂടി കുളത്തില്‍ പ്പോയി തുടിച്ചു പാടി കുളിച്ചു (കുളത്തിലിറങ്ങാന്‍ പറ്റാത്തവര്‍ കരയില്‍ കാഴ്ച്ചക്കാരായി) മടങ്ങിയെത്തി. നടുമുറ്റത്തിറങ്ങി ഒരോരുത്തരായി ആവണപ്പലകയില്‍ ഇരുന്നു, പൂ ചൂടി, മൂന്നും കൂട്ടി മുറുക്കി, മംഗല ആതിര പാടി കളിച്ചു. പാര്‍വതീഭക്തയായ ഒരു കന്യകയ്ക്കു വേളി ദിവസം തന്നെ വൈധവ്യം വന്നു ഭവിച്ചപ്പോള്‍ അവളുടെ ദു:ഖത്തില്‍ മനമലിഞ്ഞ കരുണാമയിയായ പാര്‍വതീദേവി തന്‍റെ പതിയായ മഹേശ്വരനോട് അപേക്ഷിച്ച് തന്‍റെ ഭക്തയ്ക്ക് മാംഗല്യ ഭാഗ്യം തിരിച്ചു നല്‍കുന്നു. ഇതാണ് മംഗല ആതിര എന്ന പാട്ടിന്‍റെ സാരം. ഈ പാട്ടു പാടി സ്തുതിച്ചു സ്ത്രീകള്‍ മാംഗല്യവും, എല്ലാ ശ്രേയസ്സും നേടും എന്നാണു ഫലശ്രുതി. തിരുവാതിരദിവസം സ്ത്രീകള്‍ അരിഭക്ഷണം ഉപേക്ഷിക്കുനു. ഇളനീര്‍, കൂവ തുടങ്ങിയ തണുത്ത വിഭവങ്ങളും , കായ്കനികളുമാണ് കഴിക്കുന്നത്. വരാന്‍ പോകുന്ന വേനലിനെ ചെറുക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്നും പറയാറുണ്ട്. ഇനിയാണു വിസ്തരിച്ച കൈകൊട്ടിക്കളി. തിരുവാതിരയ്ക്കു ഉറക്കമൊഴിക്കണമെന്നതുകൊണ്ട് പുലരുന്നതുവരെയും ആവാം കൈകൊട്ടിക്കളി. (തിരുവാതിരക്കളീ, പാട്ടുപാടിക്കളി എന്നൊക്കെ പ്രാദേശികമായി ഭാഷാഭേദങ്ങള്‍ ഉണ്ട്.)

ഞങ്ങളില്‍ ഈ ആഘോഷങ്ങളുടെ ചുമതലക്കാരില്‍ രണ്ടു പേര്‍ തിരുവാതിരയുടെ പ്രത്യേകതയും , പ്രാധാന്യവും , ആചാരവിധികളും വിവരിച്ചു.
അതിനു ശേഷം നിറഞ്ഞ മനസ്സോടെ എല്ലാവരും പിരിയുകയും ചെയ്തു. അങ്ങിനെ ഇക്കൊല്ലത്തെ തിരുവാതിര സ്മരണയില്‍ പൊന്‍പീലി വിരിയിച്ചു സമാപിച്ചു.

10 comments:

വൈഖരി said...

അവിസ്മരണീയമായൊരു തിരുവാതിരാഘോഷം... പഴയ ഓര്‍മകളിലേയ്ക്കു ഒരു യാത്ര...

ചീര I Cheera said...

വേഗം കഴിഞ്ഞുപോയോ എന്നൊരു തോന്നൽ ബാക്കി വെച്ചുകൊണ്ടൊരു ഉഗ്രൻ പോസ്റ്റ്!

എന്തായാലും മടങ്ങിവരവിനൊരു സുസ്വാഗതം :)

തിരുവാതിര ഓർമ്മയുണ്ടായിരുന്നു, ഇവിടെ ഒന്നും പതിവില്ല എന്നതാണു സത്യം. :(

ചീര I Cheera said...

ഒരു സംശയം കൂടി..
തിരുവാതിരക്കളിയും കൈക്കൊട്ടിക്കളിയും അവതരണത്തിലോ അതിന്റെ ഉദ്ദേശ്ശങ്ങൾക്കോ എന്തെങ്കിലും വ്യത്യാസം ഉണ്ടോ?

എതിരന്‍ കതിരവന്‍ said...

പി ആർ:
കൈകൊട്ടിക്കളി എന്നത് നൃത്തരൂപം. അത് അനുഷ്ഠാനപരമായി തിരുവാതിരയ്ക്ക് കളിയ്ക്കുമ്പോൾ തിരുവാതിരകളി. തിരുവാതിരയ്ക് ഉള്ള കളി അതിസാധാരണമായതോടെ തിരുവാതിരകളി എന്ന പേര് പൊതുവേ ഉപയോഗിക്കപ്പെട്ടു. ‘ഓണത്തിനു തിരുവാതിരകളി‘ ഉണ്ടായിരുന്നു എന്ന പ്രയോഗത്തിലെ തമാശ് മനസ്സിലാക്കുമല്ലൊ.
കാർത്തിക തിരുനാളിന്റെ നൃത്തപാഠവഴിയായ ‘ബാലരാമഭരത’ ത്തിൽ കൈകൊട്ടിക്കളി ഒരു നൃത്തരൂപമായി സൂചിപ്പിച്ചിട്ടുണ്ട്. സംസ്കൃതീകരിച്ച് “ഹസ്തതാഡനലീല” എന്നാക്കിയിട്ടുണ്ടെന്നേ ഉള്ളു.

ഷൈജൻ കാക്കര said...

കലോൽസവങ്ങളിൽ പെൺകുട്ടികൾക്ക്‌ തിരുവാതിരകളിയും ആൺകുട്ടികൾക്ക്‌ കൈക്കൊട്ടികളിയുമല്ലേ?

തിരുവാതിരകളിയിൽ കൂടുതലായി കണ്ടുവരുന്നത്‌ ലാസ്യഭംഗിയും ഭക്തിയുമല്ലേ? കൈകൊട്ടിക്കലിയിൽ ചടുലതയും നാടൻപാട്ടു വരെ കടന്ന്‌ വരുന്നില്ലേ?

തിരുവാതിര ഒരു പരിതിവരെ സവർണ്ണ വിഭാഗത്തിന്റെ ചട്ടകൂടിനുള്ളിൽ വളർന്നപ്പോൾ കൈകൊട്ടിക്കളി അവർണ്ണ വിഭഗത്തിലും എന്തിന്‌ മറ്റു മതങ്ങൾപോലും കളിച്ച്‌ രസിച്ചിരുന്നു എന്നൊരു വിത്യസവുമ്മില്ലേ?

ഇതൊക്കെ എന്റെ നിരിക്ഷണങ്ങൾ മാത്രം, തിരുത്തിയാൽ കൊള്ളം.

Typist | എഴുത്തുകാരി said...

ഇവിടേയും എല്ലാവര്‍ഷവും ഒത്തുകൂടി തിരുവാതിര ആഘോഷിക്കാറുണ്ട്.

വൈഖരി said...

ശ്രീ. പി, ആര്‍,

നന്ദി.

കൈകൊട്ടിക്കളി, തിരുവാതിരക്കളി, പാട്ടുപാടിക്കളി എന്നെല്ലാം ഒരേ കലാരൂപത്തിന്‍റെ വ്യത്യസ്ത പേരുകള്‍ എന്നേ ഞാന്‍ ധരിച്ചിട്ടുള്ളു. ശ്രീ എതിരന്‍ കതിരവന്‍ തന്ന വിശദീകരണം യുക്തമായിതോന്നി. അഘോഷാവസരങ്ങളില്‍ ഗൃഹാങ്കണങ്ങളില്‍ സ്ത്രീകള്‍ക്ക് മനം നിറഞ്ഞ് സന്തോഷിക്കാന്‍ ഒരവസരം. ആട്ടത്തിലും , പാട്ടിലും തനിക്കുള്ള കഴിവ് പ്രകടിപ്പിക്കാന്‍ കിട്ടുന്ന അവസരം അവര്‍ ഉചിതമായി ഉപയോഗപ്പെടുത്തുന്നു. ഇത്രയൊക്കെയേ കൈകൊട്ടിക്കളിയെ പ്പറ്റി എനിക്കറിയൂ. ഉത്സവാവസരങ്ങളിലും മറ്റും പുരുഷന്മാരും കൈകൊട്ടിക്കളി പതിവ്ണ്ടെന്നു കേട്ടിട്ടുണ്ട്. ഞാന്‍ കണ്ടീട്ടില്ല.

ചിലയിടങ്ങളില്‍ ഓണമല്ലേ തിരുവാതിരയില്ലേ (തിരുവാതിരക്കളി) എന്ന് ചോദിക്കുന്നതു കേട്ടു ഞാന്‍ അമ്പരന്നിട്ടുണ്ട്. ഓണക്കാലത്ത്, മഹാബലിയെപ്പറ്റി , വാമനനെപ്പറ്റി, വിഷ്ണു , കൃഷ്ണന്‍ എന്നിവരെപ്പറ്റിയും , നമ്മുടെ മലയാളനാടിനെപ്പറ്റിയുമൊക്കെ പാടിക്കളിക്കാറുണ്ട്. തിരുവാതിരയ്ക്കു, പാര്‍വതീസ്വയംവരം, ശിവപാര്‍വതീസ്തുതികള്‍ എന്നിവയൊക്കെ പാടിക്കളിക്കുന്നു. വെണ്മതിശേഖര, പാര്‍വണേന്ദുമുഖി, ബന്ധുരാംഗിമാരേ, ആതിരക്കാലമണഞ്ഞുവല്ലോ ഇതൊക്കെ പി..ആര്‍ കേട്ടിരിക്കുമല്ലോ. കഥകളിപ്പദങ്ങളും പാടാറുണ്ട്.ഒറ്റപ്പാട്ടുകള്‍, കുമ്മി , ധാരാളം നാടന്‍പാട്ടുകള്‍, വഞ്ചിപ്പാട്ട്, കുറത്തി, ഒക്കെ വളരെ ചടുലമായ ചുവടുകളും , ഇര‍ട്ടിചവുട്ടിയും ഒക്കെ ആയി ആവേശത്തോടെ കളിക്കാറുണ്ട്.
ഈ അവസ്ഥയില്‍ ഇതിന് ഒരു സവര്‍ണ, അവര്‍ണ ഭേദമൊക്കെ കൊണ്ടുവരേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നില്ല. ഏതു വിഭാഗമായാലും അവനവന്‍റെ കഴിവിനും , പരിചയത്തിനും യോജിച്ച മട്ടില്‍ ആഹ്ലാദിക്കുന്നു എന്നു കണക്കാക്കാനാണ് എനിക്കിഷ്ടം.
ഇവിടെ വന്ന എല്ലാവര്‍ക്കും എന്‍റെ നന്ദി.“പുതുവത്സരാശംസകള്‍”

ഷൈജൻ കാക്കര said...

വൈഖരി

പഴയ കാലത്ത്‌ തിരുവാതിര കളി "ഉയർന്ന" തറവാടുകളിൽ നടത്തുകയും ചുറ്റുവട്ടത്തെ സ്ത്രീകൾ പങ്കെടുക്കുകയും ചെയ്‌തിരുന്നു. അവിടെ അവർണർക്കോ അന്യ്‌ മതസ്ഥർക്കോ പ്രവേശനം ഉണ്ടായിരുന്നില്ല.

അതെ സമയം കൈകൊട്ടിക്കളി കൂടുതൽ ജനകിയമാവുകയും "തെരുവിലും" കളിക്കുകയും ചെയ്തു. തിരുവാതിര കളിക്കാത്ത ക്രിസ്താനികളും പുലയരും, ആണുങ്ങളും എല്ലം കൈക്കൊട്ടിക്കളി കളിച്ചു രസിച്ചു.

തിരുവാതിര കളി ച്ചിട്ടവട്ടങ്ങളിൽ വളർന്നപ്പോൾ കൈകൊട്ടിക്കളി കൂടുതുൽ നാടൻ കലാരൂപമായി നിലനിന്നു. തിരുവാതിരകളിയെ പറ്റി കൂടുതൾ രേഖപെടുത്തലുകളുണ്ടായപ്പൊൾ ആ ഭാഗ്യം കൈകൊട്ടിക്കളിക്കുണ്ടായില്ല.

സവർണ അവർണ വിവക്ഷ ഇതിലൊതുങ്ങുന്നതാണ്‌.

ചീര I Cheera said...

എതിരൻ കതിരവൻ:
വളരെ നന്ദി. ‘ഹസ്തതാഡനലീല’ എന്നത് കേൾക്കാൻ രസായി തോന്നി.
വൈഖരിയുടെ കമന്റിനും വളരെ നന്ദി.
ഈയിടെ ഇവിടെ ഒരു മലയാളി സമാജത്തിൽ ഓണത്തിന് “തിരുവാതിരകളി” മത്സരം വെച്ചിരുന്നു. :) (അങ്ങിനെയായിരുന്നു നോട്ടീസിലും മറ്റും) ഞാനാകെ ആശയകുഴപ്പത്തിലായി- അപ്പൊ മത്സരാർത്ഥികൾ കളിച്ചത് യഥർത്ഥത്തിൽ കൈക്കൊട്ടിക്കളിയായിരുന്നുവോ, അതോ തിരുവാതിരകളിയായിരുന്നുവോ എന്ന്ൻ. അപ്പോഴാണ് കൂടുതൽ ആലോചിച്ചതും.

(’തിരുവാതിരക്കളി‘ എന്നു വേണ്ടാന്നു തോന്നുന്നു, തിരുവാതിരകളി മതിയാവും ലേ.)
:)

ശ്രീ said...

വൈകിയാണ് വായിച്ചത്... നല്ല പോസ്റ്റ്