Saturday, July 4, 2009
ഒരു ദിവസത്തിന്‍റെ അന്ത്യം.
നെഞ്ചില്‍ തോന്നുന്ന അസ്വാസ്ഥ്യം കൂടുന്നുണ്ടോ?വകവെച്ചില്ല. ഒരോരോ ആവശ്യങ്ങള്‍ക്കായി ഒന്നുരണ്ടു തവണ കോണി ഇറങ്ങിക്കേറി. ഇടവിട്ടുള്ള ചുമയും , നെഞ്ചുവേദനയും മാറുന്നില്ലല്ലോ?ഇന്നെന്താ ഇങ്ങിനെ എന്നു ആലോചിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ചുമയ്ക്കുള്ള മരുന്നു കഴിച്ചു നോക്കാം. റ്റിവിയില്‍ എന്തൊ നല്ലൊരു പടമുണ്ടെന്നു കുട്ടികള്‍ പറയുന്നതു കേട്ടു. ഒന്നു നോക്കാം. ഇപ്പോള്‍ ഏതായാലും മണി പന്ത്രണ്ടിനോടടുക്കുന്നു. കുറച്ചുനേരം അതിനുമുന്‍പില്‍ ഇരുന്നു നോക്കട്ടെ.
മനസ്സിന് ഏകാഗ്രത കിട്ടുന്നില്ല. ഇടക്കു വല്ലാത്തൊരു വിയര്‍പ്പ്. ഒരു മണി ആയി. ഊണു കഴിച്ചു നോക്കട്ടെ. വിശപ്പു തോന്നുന്നുണ്ട്. എങ്കിലും രുചിയില്ല. നന്നായി വിയര്‍ക്കുന്നു. പതിവില്ലാതെ പ്രകൃതിയുടെ വിളി. ബാത്രൂമിലൊന്നു പോയിവന്നപ്പോഴേക്കും കുളിച്ചപോലെ വിയര്‍പ്പുകൊണ്ടു നനഞ്ഞിരിക്കുന്നു. എഴുനേല്‍ക്കാന്‍ പോലും വയ്യെന്നപോലെ ക്ഷീണവും തോന്നുന്നുണ്ട്. എന്താണ് സംഭവിച്ചുകൊണ്ടീരിക്കുന്നത് ? പതുക്കെ മനസ്സില്‍ ഒരു ചിന്ത വന്നു കയറി. വലതു കൈ ചുമല്‍ മുതല്‍ കൈത്തണ്ട വരെ കഴച്ചു പൊട്ടുകയാണ്. മകള്‍ എടുത്തു തന്ന വായുഗുളിക കഴിച്ചു.
അസ്വാസ്ഥ്യങ്ങള്‍ വര്‍ദ്ധിക്കുകതന്നെയാണ്. കാറിക്കാറിയുള്ള ചുമയ്ക്കും, നെഞ്ചുവേദനയ്ക്കും ഒട്ടും കുറവില്ല. മുത്താഴം കഴിഞ്ഞാല്‍ നാലു ചാല്‍ നടക്കണമെന്നത് ഇന്നു പറ്റുമെന്നു തോന്നുന്നില്ല. ചാരുകസാലയില്‍ ഇരിക്കുവാനും സ്വൈര്യം കിട്ടുന്നില്ലല്ലോ. ഒന്നു കിടന്നാലോ? നെഞ്ചില്‍ ലേപനം പുരട്ടി തടവുന്നുണ്ട് മകള്‍. കയ്യിന്‍റെ കഴപ്പ് മുതുകിലേയ്ക്കും വ്യാപിച്ചിരിക്കുകയാണ്. ഇരിക്കാനും കിടക്കാനും സ്വസ്ഥതയില്ലാത്തതുപോലെ.
ചെറിയ തോതിലുള്ള ഔഷധപ്രയോഗമൊന്നും മതിയാവില്ലെന്നാണു തോന്നുന്നത്. മക്കളും, മരുമക്കളും ഒന്നും പരിഭ്രമം പുറമേയ്ക്കു നടിക്കുന്നില്ലെങ്കിലും , ഞാന്‍ ശങ്കിക്കുന്നതുതന്നെയാണ് അവരുടേയും മനസ്സില്‍ എന്നു തോന്നുന്നു. ഡോക്ടര്‍ കൂടിയായ മരുമകന്‍ ആശുപത്രിയിലേക്കു പോകാമെന്നു നിര്‍ദ്ദേശിക്കുന്നു. രക്തസമ്മര്‍ദ്ദം വളരെ കൂടിയിട്ടുണ്ട് എന്നാണു പറയുന്നത്. രക്തസമ്മര്‍ദ്ദം കുറയാന്‍ പതിവായി കഴിക്കാറുള്ള ഗുളിക തലചുറ്റല്‍ തോന്നിയതിനാല്‍ രണ്ടു ദിവസമായി കഴിക്കാറില്ല. അതുകൊണ്ടായിരിക്കുമോ ഇത്ര പെട്ടെന്ന് രക്തസമ്മര്‍ദ്ദം കൂടിയത്? ഏതായാലും ഏറ്റവും വെറുക്കുന്ന ഒരു സ്ഥലമാണ് ആശുപത്രി. എന്തു ചെയ്യാനാണ്? ദൈവനിശ്ചയത്തിന്ന് വഴങ്ങുകതന്നെ വേണമല്ലൊ. മനസ്സില്‍ ശങ്കിക്കുന്നതു തന്നെ യാണ് അസുഖം എന്ന് ഏകദേശം തീര്‍ച്ചപ്പെട്ട മട്ടുണ്ട്.
കുറച്ചെങ്കിലും ഭയം തോന്നുന്നുണ്ടൊ? ഉള്ളിലേക്കൊന്നു ചുഴിഞ്ഞു നോക്കി. സുഖക്കേടിന്‍റെ തീവ്രത ആശുപത്രിയില്‍ ചെന്നാലല്ലേ അറിയൂ. സാധാരണ ഗതിയില്‍ ഒന്നു-ഒന്നൊന്നര മണിക്കൂര്‍ വേണം ലക്ഷ്യ്ത്തിലേക്കെത്താന്‍. ഇപ്പോഴാകട്ടെ സന്ദര്‍ഭത്തിന്‍റെ ഗൌരവം, തലേന്നു വരെ പെയ്ത മഴയില്‍ ചളിക്കുളമായി കിടക്കുന്ന പാത എല്ലാം കൂടി രണ്ടു മണിക്കൂറിലധികമെടുത്തു എത്തികിട്ടാന്‍. പിന്നെ താമസമുണ്ടായില്ല ആശുപത്രിസേവകര്‍ വന്ന് icu വിലെത്തിച്ചതേ അറിഞ്ഞുള്ളു.( തക്ക സമയത്തെത്തി എന്നാണു പിന്നിടു ഡോക്ടര്‍ പറഞ്ഞത്.)മക്കളുടെ മടിയില്‍ തലവെച്ചു കിടന്നു അവരുടെ പരിചരണം ഏല്‍ക്കാന്‍ സാധിച്ച ഞാന്‍ ഭാഗ്യവതി തന്നെ. എത്ര മാതാപിതാക്കള്‍ അവശ്യസന്ദര്‍ഭങ്ങളില്‍ സന്താനസാമീപ്യം ലഭിക്കാതെ ദു:ഖിക്കുന്നു. .
പരിപൂര്‍ണമായും ഡോക്റ്റരുടെ അധീനതയിലായിക്കഴിഞ്ഞു. അവര്‍ തിടുക്കത്തില്‍ ചെയ്യുന്നതെന്തൊക്കെയോ ഒരു സ്വപ്നത്തിലെന്നവണ്ണം അറിയുന്നുണ്ടായിരുന്നു. നെഞ്ചിലുണ്ടായിരുന്ന അസ്വാസ്ഥ്യം ക്രമേണ കുറഞ്ഞു തുടങ്ങി. ശരീരം അവര്‍ക്കു വിട്ടുകൊടുത്ത്, മനസ്സ് പതുക്കെ പിന്നിലേക്കു സഞ്ചരിക്കാന്‍ തുടങ്ങി. തിരിഞ്ഞുനോക്കുമ്പോള്‍, ഇന്നുവരെയുള്ള ജീവിതത്തിന്‍റെ കണക്കെടുക്കുമ്പോള്‍ എപ്പോഴും ഭാഗ്യം തുണച്ചിട്ടേയുള്ളു . എല്ലാവരാലും ബഹുമാനിതയായി, ജീവിതത്തില്‍ നേടാവുന്ന സുഖസൌകര്യങ്ങളൊക്കെ അനുഭവിച്ച് ഇത്രയും കാലം കഴിഞ്ഞു. പ്രസിദ്ധനായ പതിയെ ലഭിച്ചു. സമൂഹത്തില്‍ മാന്യസ്ഥാനം, മക്കള്‍ക്കെല്ലാം വലിയ ബുദ്ധിമുട്ടുകളൊന്നുമില്ലാത്ത ജീവിതം ഇവയെല്ലാം ലഭിക്കാനും, തനിക്കതിന്നു സാക്ഷ്യം വഹിക്കാനുമുള്ള ഭാഗ്യമുണ്ടായല്ലൊ. അരങ്ങൊഴിഞ്ഞുള്ള യാത്രയും സുഗമമാക്കിത്തരണേ ഭഗവാനേ എന്നു മാത്രമേ ഇനി പ്രാര്‍ഥനയുള്ളു.
ചുമലില്‍ക്കൂടി കൈത്തന്ണ്ടവരെയുള്ള കുത്തിക്കടച്ചില്‍ ഇപ്പോഴും കഠിനമായുണ്ട്. രണ്ടാമത്തെ തവണയാണ് ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. വല്യ്ക്കല്ലേ ഗുരുവായൂരപ്പാ!മക്കളുടെ ഒരോരുത്തരുടേയും മുഖത്ത് അതേ പ്രാര്‍ഥന തെളിഞ്ഞു കാണാം . ഇത്രയും കാലം അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയും , നേര്‍വഴി കാണിച്ചുംജീവിച്ചു. തന്‍റെ അസാന്നിദ്ധ്യത്തില്‍ അവര്‍ കഷ്ടപ്പെടുമോ? ജീവിതപ്പോരാട്ടത്തില്‍ മത്സരിച്ചു മുന്നേറാന്‍ തക്ക താന്‍പോരിമയും , സാമര്‍ഥ്യവും അവര്‍ക്കു കുറവാണെന്നാണ് തന്‍റെ കണക്കുകൂട്ടല്‍. അങ്ങിനൊയൊരു ധാരണയോടെയാണ് അവരെ ഇതുവരെ നയിച്ചിരുന്നത്. അങ്ങിനെ വരില്ലെന്നു മനസ്സ് പറയായ്കയല്ല. ഓരോരുത്തരും മദ്ധ്യവയസ്സിലെത്തിക്കഴിഞ്ഞു. താങ്ങാന്‍ കരുത്തുള്ള കൈകള്‍ അവര്‍ക്കു പിന്നിലുണ്ടുതാനും. ഓരോരുത്തര്‍ക്കും വെവ്വേറെ കുടുംബപ്രാരബ്ധങ്ങളുമായി. ഇനി ആശങ്കപ്പെടേണ്ടതില്ല. ദൈവത്തിന്‍റെ ഇഷ്ടം നടക്കട്ടെ.
നാല്‍പ്പത്തെട്ടു മണിക്കൂര്‍ ഈ മുറിയില്‍ കിടക്കണമത്രെ. വിവരിക്കാനാവാത്ത ഒരു ലാഘവം തോന്നുന്നു. എല്ലാത്തില്‍നിന്നും മോചനം നേടിയ പ്രതീതി. ഇഷ്ടാനിഷ്ടങ്ങളോ, രാഗവൈരാഗ്യങ്ങളോ ഒന്നും മനസ്സിനെ അലട്ടുന്നില്ല. ചിന്തകളില്‍നിന്നും വര്‍ത്തമാനത്തിലേക്കു തിരിച്ചു വന്നപ്പോള്‍ കതകിനപ്പുറത്ത് ചില്ലുകിളിവാതില്‍ക്കല്‍ നിന്ന് ആരൊക്കെയോ എത്തിനോക്കുന്നുണ്ട്. അതിനിടയില്‍ മക്കളുടെ മുഖവും കാണാനുണ്ട്. അപ്പോള്‍ മാത്രം മനസ്സിലെവിടേയോ ഒരു ചലനം!വീണ്ടും കണ്ണുകളടച്ചു ശാന്തമായി കിടന്നു.
Tuesday, June 2, 2009
മറയുന്ന പുഴ.
വെള്ളിക്കൊലുസ്സുകള്‍കിലുക്കീയരുമയായ്
തുള്ളിമദിച്ചൊഴുകീയൊരു നദീ
ഇതുവഴി കളകളനാദം പൊഴിച്ചന്‍പോടെ
കേളീഭാവമാര്‍ന്നാഹ്ലാദവായ്പോടെ
വര്‍ഷര്‍ത്തുവിലക്കരെയിക്കരെ തീരം-
കവര്‍ന്നും തടംതല്ലിയലച്ചും
സാഗരനാഥനോടന്‍പിലണയുവാന്‍
വെന്‍പിക്കുതിച്ചുപാഞ്ഞിരുന്നു
ഭാരതപ്പുഴയെന്നത്രെയവള്‍ക്കു പേര്‍,
നിളയെന്നുമരുമയായ് ഓതിടും.
ഇന്നവളേറെ ശുഷ്ക്കിച്ചുപോയ്
ഇല്ലിറ്റുവെള്ളം കാലിണ നനയ്ക്കുവാന്‍
എങ്ങുപോയ് മറഞ്ഞെന്നറിവീല
തിങ്ങിനിറഞ്ഞുമുള്‍ച്ചെടിക്കാടുകള്‍
അങ്ങിങ്ങു കെട്ടിക്കിടക്കുന്നു നിശ്ചലം
തീരെച്ചെറുതാം നീര്‍ത്തളങ്ങള്‍
മണല്‍ത്തിട്ടുപോലുമില്ലകാണുവാന്‍
ചിന്നിച്ചിതറികിടക്കുന്നുമാലിന്യം
പോയകാലത്തിന്‍ മധുരസ്മരണകള്‍
അയവിറക്കിമയങ്ങുന്നുകരിമ്പാറകള്‍
ഈനദീതീരത്തു പണ്ടു വീരയുവാക്കള്‍
ചാവേര്‍പ്പടയൊരുങ്ങീ മാമാങ്കമാടീ
ഓത്തന്മാര്‍,ശ്രൌതികളൊത്തുചേര്‍ന്നു
വേദനിര്‍ഘോഷങ്ങളുയര്‍ന്നുപൊങ്ങീ
ഇത്തീരങ്ങളിലായ്പന്തിരുകുലങ്ങള്‍തന്‍
സംസ്കൃതിപിറന്നുപുലര്‍ന്നിതത്രെ
കുളിര്‍ജലപ്രവാഹമായ് വാത്സല്യമൂറും
ജീവജലം പകര്‍ന്നൊഴുകീ നിളാദേവീ
ഈതീരത്തൊരുകവികോകിലം മുഗ്ധമായ്
പാടീമധുരമായ് ഭാഷതന്നീണങ്ങള്‍
മലയാളഭാഷയാമമൃതം പകര്‍ന്നൂ
സാഹിതീകേദാരമേറെ ത്തെളിഞ്ഞു
കാവ്യങ്ങള്‍,കവനങ്ങള്‍,കഥകളെന്നിങ്ങനെ
കേളിയേറും പലവിധ ഭാഷാവിചാരങ്ങള്‍
സാഹിതീസൌഹൃദസല്ലാപമുയര്‍ന്നു
സരസ്വതീദേവീയെഴുന്നരുളീ
അലസമാംനിദ്രയിലമര്‍ന്നിരുന്നൊരാ
ആട്ടവിളക്കുപൊടിതട്ടിത്തെളിയിച്ചൂ
തുള്ളലും, കൂത്തും,കൂടിയാട്ടവും
കേളീയരങ്ങുകളാടീത്തിമര്‍ത്തൂ
മോഹിനീ രൂപമാര്‍ന്നൂതരുണികള്‍
മോഹിനീലാസ്യനൃത്തമാടീ
കലാകേരളമേറെയഭിമാനിതയായ്
തീരങ്ങള്‍ പുളകങ്ങളേറ്റുവാങ്ങീ
ഇന്നീതടിനീയേറെശുഷ്ക്കിച്ചുപോയ്
ഈ വിധമാകുവാനെന്തൊരുകാരണം?
പുഴതന്‍ മാറിടം കീറിമുറിച്ചു
മണലാം മേദസ്സു വാരിനിറച്ചു
ഭീമമാം ശകടങ്ങള്‍ തലങ്ങും വിലങ്ങുമായ്
ഭീഷണമായലറിപ്പാഞ്ഞുപോയീ
വനവൃക്ഷങ്ങള്‍വെട്ടിവെളുപ്പിച്ചുമാനുഷര്‍
സ്വാര്‍ഥമതികളാംനിര്‍ദയമാനസര്‍
മാനത്തുനിന്നുകനിവാര്‍ന്നുവര്‍ഷിക്കും
മാരിയുള്‍ക്കൊള്ളുവാനാവതില്ലാ
വന്‍തരുക്കളാംജടാകലാപമില്ലാതെയായ്
വാനില്‍നിന്നുപതിക്കും ഗംഗയെതാങ്ങുവാന്‍
പുളകച്ചാര്‍ത്തണിഞ്ഞൊഴുകിയിരുന്നൊരീ
പുഴയെങ്ങുപോയ് മറഞ്ഞുവെന്നിറിവീലാ
ഊഷരഭൂവായ് മണല്‍ക്കാടായ്മാറിയല്ലോ
തീഷ്ണാതപമേറ്റുച്ചുടുനിശ്വാസമുയര്‍ന്നല്ലോ
ആവിയായ്മേല്‍പ്പോട്ടുപൊങ്ങിയുയര്‍ന്നുവോ
അന്തര്‍വാഹിനിയായ് ധരയിലൊളിച്ചുവോ
എന്തയേ!നിനക്കീ ദുര്‍വിധി ഭവിക്കുവാന്‍
മക്കള്‍തന്‍ ദുഷ്കൃതി വലയ്ക്കുന്നിതോ തവ
വാത്സല്യദുഗ്ധം വറ്റിവരണ്ടുവോ
വാര്‍ദ്ധക്ക്യമാര്‍ന്നു ജരയും പടര്‍ന്നുവോ
അന്ത്യനാളുകള്‍ കാത്തു നീ ശയിപ്പതോ?