Sunday, December 14, 2008

സപ്തസ്വരമാല

സപ്തസ്വരാക്ഷരവര്‍ണ്ണസുമങ്ങളാല്‍
ചാരുവാം മാല്യമതൊന്നൊരുക്കി
അംബികേ നിന്‍ തിരു പാദപ്ത്മങ്ങളില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.

ഷട്ജമാമാധാരനാദശ്രുതിയിലായ്
സംഗീതശില്പമുയര്‍ന്നു നില്‍പ്പൂ
ഷട്ജത്തിലത്രേ മയൂരഹര്‍ഷാരവം
പിച്ചിമലരല്ലോ ഷട്ജസ്വരം

രിഷഭസ്വരംതാന്‍ ദ്വിതീയമായതു
ഋഷഭധ്വനിയതു രിഷഭമത്രേ
ചെമ്പകപുഷ്പവും ഇളം മഞ്ഞവര്‍ണ്ണവും
രിഷഭസ്വരത്തിന്നടയാളമാം.

ഗാന്ധാരനാദം താന്‍ മേഷാരവങ്ങളും
പുന്നാഗമലരല്ലോ ഗാന്ധാരവും
സൌവര്‍ണ്ണവര്‍ണ്ണമായ് ശോഭിച്ചീടുന്നിതു
ഗാന്ധാരമാകും തൃതീയസ്വരം.

മധ്യമമാകും ചതുര്‍ഥസ്വരത്തിലായ്
വിരഹിയാം ക്രൌഞ്ചങ്ങള്‍ കേണീടുന്നു
ശുഭ്രമാം വര്‍ണ്ണവും മാലതീപുഷ്പവും
മദ്ധ്യമസ്വരത്തിലിണങ്ങി നില്‍പ്പൂ.

പഞ്ചമശ്രുതിയിലായ്, തളിരുന്ണ്ടു മത്തരായ്
കേളിയില്‍ കൂകുന്നു കോകിലങ്ങള്‍
കേതകീപുഷ്പത്തില്‍ പഞ്ചമം കല്പിതം
കര്‍ണ്ണപീയൂഷമീ നാദരൂപം.

ധൈവതസ്വരത്തില്‍ മുഴങ്ങുന്നു വാജിതന്‍-
ആരവം ഗംഭീരഘോഷമോടെ
അരളീപുഷ്പങ്ങളും, പീതമാം വര്‍ണ്ണവും
ധൈവതസ്വരത്തിന്നു കല്പിതമായ്

നിഷാദമാകുന്ന സപ്തമീസുസ്വരം
കളഭധ്വനിയിലുയര്‍ന്നു കേള്‍പ്പൂ
ചിത്രവര്‍ണ്ണങ്ങളില്‍ ജലജങ്ങളെന്നപോല്‍
നിഷാദസ്വരമതു ശോഭിക്കുന്നു

ഈവിധം ചിത്രമാം വര്‍ണ്ണങ്ങള്‍ ചേര്‍ന്നൊരു
സ്പ്തസ്വരാക്ഷരപുഷ്പമാല
വാണീഭഗവതീ നിന്‍ പാദമൂലത്തില്‍
ഭക്തി കലര്‍ന്നു ഞാനര്‍പ്പിക്കുന്നു.
സംഗീതസാഗരത്തില്‍നിന്നൂറുന്ന
സുധാബിന്ദുവൊരിറ്റു നുകരുവാന്‍
സരസിജാസന വല്ലഭേ ശാരദേ
സന്തുഷ്ടിയാര്‍ന്നനുഗ്രഹമേകണേ .

1 comment:

കെ.കെ.എസ് said...

ഗാന്ധാരനാദം താന്‍ മേഷാരവങ്ങളും
പുന്നാഗമലരല്ലോ ഗാന്ധാരവും
സൌവര്‍ണ്ണവര്‍ണ്ണമായ് ശോഭിച്ചീടുന്നിതു
ഗാന്ധാരമാകും തൃതീയസ്വരം.
-തേച്ചുമിനുക്കിയ ഓട്ടുവിളക്കിൽ എള്ളെണ്ണയൊഴിച്ചു
തിരിയിട്ടതു പോലെ സുന്ദരമായകവിത.