മക്കളേ!!!!!!!!!
പാല്‍ചുരത്തും നെഞ്ചിനെ വെട്ടല്ലെ മക്കളേ
ചുട്ടുകരിക്കൊല്ല സഹജാതരെ മക്കളേ
അതിരുകള്‍ വരഞ്ഞിടാനധികാരമേകിയില്ലാരും
എന്നതറിഞ്ഞീടുക സ്വാര്‍ഥരാം മക്കളേ
വേണ്ടുന്നതൊക്കെയും കനിവായ് ചുരത്തുമീ
മാതാവിന് നെഞ്ചകം വിങ്ങുന്നു മക്കളേ
ആര്‍ത്തി പെരുത്തു സര്‍വവും തനിക്കെന്നു
അഹങ്കാരതാണ്ടവമാടായ്ക മക്കളേ
അത്യാര്‍ത്തിയും കൊടും പകയുമായ്
അധികാരവാളാല്‍ കൊത്തായ്ക പരസ്പരം
ബ്രഹ്മാസ്ത്രവും കരഗതമെന്നു ഹുങ്കാല്‍
കത്തിയെരിക്കായ്ക സഹജരെ നിര്‍ദ്ദയം
ദീനരായലയുമരുമക്കിടാങ്ങളും
വേദന തിന്നും വൃദ്ധജനങ്ങളും
കണ്ണൂനീരുവറ്റി ഇരുണ്ട പ്രേതങ്ങളായ്
അലഞ്ഞു തിരിയും യോഷാസമൂഹവും
പൃഥ്വിയില്‍ തിങ്ങി നിറയുന്നു മക്കളേ
ഭീതയായ് സ്തംഭിച്ചു നില്പ്പൂ ഞാന്‍ മക്കളേ
മേധയില്‍ കുരുത്തീടും കുടിലതന്ത്രങ്ങളാല്‍
പുതുപുത്തനാം തീയുണ്ടകള്‍ നിര്‍മ്മിച്ചു മക്കളേ
സഹജര്‍ക്കുനേര്‍ക്കായ് അയച്ചു വിനോദിക്കും
രാക്ഷസക്രൌര്യം വെടിയുക മക്കളേ
പകയും , വെറുപ്പും ചീര്‍ത്തൊരാ മൂര്ത്തിയാം
ചിരംജീവിദ്രൌണിയെ യാഗാശ്വമായി
അഴിച്ചുവിടൊല്ല ഭ്രാന്തരാം മക്കളേ
ബന്ധിപ്പതിന്നസാധ്യമെന്‍ മക്കളേ
ആയിരം നാമങ്ങള്‍ നിങ്ങളെനിക്കേകി
ക്ഷമാ, സര്‍വംസഹ, ധാത്രിയെന്നിങ്ങനേ
സഹനസീമകള്‍ താണ്ടൂന്നു മക്കളെ
സര്‍വംഹരയായി മാറ്റാതെ മക്കളേ
ക്രോധമെന്നിലുണര്‍ത്താതെ മക്കളേ
പുത്രഘാതിനിയെന്ന പേര് വരുത്തായ്ക മക്കളേ
വാത്സല്യമൂറുംനെഞ്ചകമാകെ
ദു:ഖ തീക്കനല്‍ വാരി ചൊരിയായ്ക മക്കളേ!
7 comments:
ഇല്ല ഇല്ല....മക്കളെല്ലാം മുടിയന്മാരായ പുത്രന്മാരാ.....അവര്‍ അവര്‍ക്ക് തോന്നിയത് ചെയ്യും. ഉപദേശിക്കാന്‍ പോകണ്ട. നന്നാവില്ല....
നന്നായിരിക്കുന്നു... അവര്‍ നന്നാവട്ടെ...
ആശംസകള്‍...
അമ്മയുടെ ഈ ആത്മരോദനം കേള്‍ക്കാന്‍ മക്കള്‍ക്ക് ത്രാണിയുണ്ടാവട്ടെ !
ഓരോ പദത്തിലും, ഒരമ്മയുടെ വേദനയും, നിസ്സഹായതയും, അടക്കി പ്പിടിച്ച രോഷവും, വ്യക്തമായി പ്രതിഫലിക്കുന്നുണ്ടു.
തീക്ഷ്ണം!
മക്കള്‍ ധൂര്ത്തരായാലും, ദുഷ്ടരായാലും അമ്മയ്ക്കു ഉപേക്ഷിക്കാന്‍ കഴിയുകയില്ലല്ലോ. അവര്‍ ദീപം കണ്ടോടി വന്ന ഇയ്യാമ്പാറ്റകളെപ്പോലെ നശിക്കുമ്പോള്‍ മനം നൊന്തു കരയാതിരിക്കാനും കഴിയുന്നില്ല.
അമ്മയുടെ മനസ്സിന്റെ വിങ്ങല്‍ പങ്കിട്ട എല്ലാവര്ക്കും നന്ദി.
Post a Comment