Monday, August 18, 2008

മഞ്ഞുകാലം

ഹായ്!എന്തിമ്പമാര്‍ന്ന മനോഹരമായ കാഴ്ച!വെണ്മാനമാകുന്ന വന്‍ കിടക്ക ചോര്‍ത്തി പുതു കിടക്ക ചമയ്ക്കുന്നതാരാണു? ചോര്‍തിയ പഞ്ഞി കെട്ടുകെട്ടായി മാനത്തു നിന്നു തുതുരാ വീഴുന്നതു കാണാനെന്തുഭംഗി! ഓടിച്ചെന്നു ഇരുകൈകള്‍കൊണ്ടും പഞ്ഞി വാരിയെടുക്കാന്‍ തോന്നും. ഭൂമി മുഴുവന്‍ പഞ്ഞിത്തുണ്ടുകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു.

വെണ്മേഘത്തരുണികളുടെ ആനന്ദനൃത്തഘോഷത്തിനിടയ്ക്കു കാലിലണീഞ്ഞ ചിലമ്പുകളീല്‍ നിന്നു മുത്തുകള്‍ പൊഴിഞ്ഞു വീഴുകയാണെന്നു തോന്നുന്നു. അവസാനമില്ലാതെ ഒന്നിനു പിന്‍പേ ഒന്നായി അവ താഴേയ്ക്കു പതിക്കുന്നതു കാണാന്‍ എന്തു ഭംഗി.

നനുത്ത വെണ്‍പട്ടിനാല്‍ ആകാശത്തിനും ഭൂമിക്കുമിടക്കു ഒരു തിരശ്ശീല പിടിച്ചതാണെന്നും തോന്നുന്നുണ്ടു. വാനില്‍ നടക്കുന്ന നൃത്തമഹോത്സവത്തിനു അരങ്ങത്തു പിടിച്ച തിരശ്ശീലയായിരിക്കുമോ? പളപളാ മിന്നുന്ന വെണ്‍പട്ടുഏറ്റവും മൃദുലവും ശീതളവുമായിരിക്കുന്നു.

ഇനി ഒരുപക്ഷേ ഈ ഭൂമിയാണോ നടനവേദി? അപ്സരകന്യകമാര്‍ നൃത്ത ഭൂഷകളണിഞ്ഞു ഭൂമിയിലേക്കു മന്ദം മന്ദം ഇറങ്ങി വരികയാണോ? ദിക്കുകള്‍ മുഴുവന്‍ ധവളാഭമായിരിക്കുന്നു. ഭൂമിയെ അലങ്കരിച്ചിരിക്കുന്ന അനേകലക്ഷം ആലക്തിക വിളക്കുകളുടെ പ്രകാശം തട്ടി മഞ്ഞുപാളികളീലൂടെ വിവിധ വര്‍ണ്ണങ്ങള്‍ പ്രതിഫലിക്കുന്ന കാഴ്ച വര്‍ണനാതീതം തന്നെ. സര്‍വത്ര പ്രകാശധോരണി തന്നെ.

ഇലകള്‍ കൊഴിഞ്ഞു അസ്ഥിമാത്രങ്ങളായി നില്‍ക്കുന്ന വൃക്ഷങ്ങളെല്ലാം മഞ്ഞു കൊണ്ടു മൂടി അടിമുടി വെള്ള അങ്കി ചാര്‍ത്തി നില്‍ക്കുന്നു. പാദങ്ങള്‍ ഭൂമിയില്‍ തൊടുന്നില്ല. ഞെരിയാണീക്കറ്റം മഞ്ഞു മൂടിയിരിക്കുകയാണു. വെണ്മയാര്‍ന്ന കേശഭാരത്തോടും , താടിമീശകളോടും കൂടി ക്രിസ്മസ് അപ്പൂപ്പന്മാര്‍ യേശുദേവന്‍റെ ആഗമനവേളയില്‍ വരവേല്‍ക്കാന്‍ നിരനിരയായി ഒരുങ്ങിനില്‍ക്കുകയാണെന്നു തോന്നും. എങ്ങും വിശുദ്ധിയുടെ വെണ്മയുടെ മഹാപ്രളയം തന്നെ. ഇങ്ങിനെ മനം മയക്കുന്ന മഹനീയമായ ചിത്രം ആരചിച്ച ആ വിശ്വകലാകാരന്നു അനന്തകോടിപ്രണാമം.