Wednesday, August 8, 2007

പ്രകൃതീശ്വരി

മനസ്സു ചിലപ്പോള്‍ ആഹ്ലാദത്താല്‍ നിറഞ്ഞു തുളുമ്പുന്നു. സന്തോഷഭരിതമായ ചിന്തകള്‍. ചുറ്റിലും വിരിയുന്ന, പ്രകൃതീശ്വരിയുടെ മനോഹര ചിത്രങ്ങള്‍ ഹൃദയത്തെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മൈതാനത്തില്‍ മേയുന്ന പശുക്കള്‍ ഏതോ വിസ്മൃതിയിലാണ്ട പോലെ നി:ശ്ശബ്ദം, നിശ്ചലം നില്‍ക്കുന്നു- അദ്രുശ്യമായ എന്തിനെയാണവര്‍ തിരയുന്നതു? എന്തിനുവേണ്ടിയാണു വിടര്‍ന്ന ചെവികളോടെ കാതോര്‍ക്കുന്നതു? സര്‍വ്വേശ്വരന്റെ ചൈതന്യം അനുഭവിച്ചറിയുകയാണോ?

വിവിധ തരം പൂക്കള്‍ എത്രയാണു വികസിച്ചു നില്‍ക്കുന്നതു? എന്തൊരു സൗരഭ്യം? എങ്കിലും ഇടയില്‍ ചില ദുര്‍ഗ്ഗന്ധമാര്‍ന്നതും, കുരൂപികളും ഉണ്ടെന്നതും ശരി തന്നെ. കളകളാരവം പൊഴിക്കുന്ന നദികള്‍, തെളിനീര്‍ച്ചാലുകള്‍, അടുത്തു തന്നെ ഉയര്‍ന്നു നില്‍ക്കുന്ന കരിം പാ
റക്കെട്ടുകള്‍.മഹാവൃക്ഷങ്ങള്‍ക്കു ചുവടെ കൊച്ചു പുല്‍ക്കൊടികള്‍. ക്രൂരതയാര്‍ന്ന വന്യമൃഗങ്ങള്‍. ഏറ്റവും ശാന്തരായ ചെറുജീവികള്‍. എവിടെയും വൈരുദ്ധ്യം തന്നെ.

അറ്റം കാണാത്ത സാഗരനീലിമയ്ക്കൊപ്പം അനന്തവിശാലമായ നീലാകാശം. സാഗരത്തില്‍ നീന്തിപുളയ്ക്കുന്ന ജലജന്തുക്കള്‍.വാനത്തില്‍ പാറിപ്പറക്കുന്ന പക്ഷിജാലങ്ങള്‍.സാഗരത്തില്‍ വര്‍ണശബളിമയോലുള്ള പവിഴപ്പുറ്റുകള്‍. വാനത്തില്‍ തേജോമയങ്ങളായ നക്ഷത്ര സമൂഹങ്ങള്‍.വിസ്മയഭരിതം തന്നെ.

ഇത്രയും മനോഹരിയും,ശാന്തയും ആയ ഈ ക്ഷമാദേവി തന്നെ ചിലപ്പോള്‍ സര്‍വ്വനാശകാരിണിയായും മാറുന്നുവല്ലൊ. എന്തൊക്കെ മാരകായുദ്ധങ്ങളാണു അവളുടെ ആവനാഴിയില്‍! അതിവര്‍ഷം,അനാവൃഷ്ടി,ഭൂമികുലുക്കം, അഗ്നിപര്‍വ്വതം...മനുഷ്യനില്‍ നീയന്ത്രിക്കാനാവാത്ത വിധം ക്രൂരതയും, പകയും വളരുന്നതു കണ്ടു മടുത്തിട്ടാണോ ഈ നിറമാറ്റം സംഭവിക്കുന്നതു?

2 comments:

വൈഖരി said...

പ്രകൃതിയുടെ നവരസങ്ങള്‍ കണ്ടു അന്ധാളിച്ചു നില്‍ക്കുമ്പോള്‍...

SHAN ALPY said...

Visit my Blog

http://shanalpyblogspotcom.blogspot.com/