ഹയ്യടാ! എന്തൊരു ഉത്സാഹം! എന്തൊരു ഉന്മേഷം! അല്ലേ? പ്രസാദത്തുടിപ്പോടെ നില്‍ക്കുന്ന നിന്നെ കാണുമ്പോള്‍ എന്റെ മനസ്സിലും സന്തോഷം പടരുകയാണ്. ഈ ആഹ്ലാദത്തിമര്‍പ്പിന് കാരണവും മനസ്സിലായി ട്ടോ. ഇന്നലെ കാര്‍മേഘങ്ങള്‍ നിറഞ്ഞ് ഇടിയും മിന്നലും ആയി കണ്ടപ്പോള്‍ തന്നെ മനസ്സില്‍ കരുതിയതാണ് , ഇന്നത്തെ നിന്റെ ഈ ആഹ്ലാദത്തിമര്‍പ്പ്. സന്ധ്യയ്ക്കു കോരിച്ചൊരിഞ്ഞ മഴ എന്നെയും കുറച്ചൊന്നുമല്ലല്ലൊ സന്തോഷിപ്പിച്ചത്? അടിമുടി കോരിത്തരിച്ചു പൊട്ടിച്ചിരിച്ചുകൊണ്ടുള്ള നിന്റെയീ നില്‍പ്പ്. ഹൌ! എന്തൊരു ഭംഗി!
എന്നാലും , ഞാനോര്‍ക്കുകയാണ്. എത്ര ദിവസങ്ങളായി വാടി തലകുനിച്ചു നില്‍ക്കുന്ന നിന്റെ അരികിലേക്കു ദാഹജലവുമായി ഞാന്‍ എത്തിത്തുടങ്ങിയിട്ട്? വര്‍ഷം ചതിച്ചതിനാല്‍ ഇത്തവണ വളരെ നേര്‍ത്തെ തന്നെ നിറപാത്രവുമായി നിന്നരികില്‍ എത്തിത്തുടങ്ങിയിരുന്നു. നിനക്കറിയാത്തതല്ലല്ലോ, എന്റെയീ പ്രായമേറിയ കാലുകള്‍ വാതം കൊണ്ടു വേദനിക്കുന്നതിനെപ്പറ്റി ഞാന്‍ നിന്നോടു ആവലാതി പറയാറുള്ളതല്ലെ? മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും നല്ല വിഷമമുണ്ടെന്നതും നീ കാണാറുള്ളതല്ലേ? നിന്റെ തളര്‍ന്ന രൂപം കാണുമ്പോള്‍ അതെല്ലാം ഞാന്‍ മറക്കുമായിരുന്നു. ദാഹജലവുമായി നിന്റെ അടുക്കല്‍ എത്താതിരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഇന്നിപ്പോള്‍ കാണുന്ന ഈ നിറചിരിയില്ലെങ്കിലും ഒരു കുഞ്ഞു മന്ദഹാസം ഞാന്‍ അര്‍ഹിച്ചിരുന്നില്ലേ?കുനിഞ്ഞ തല നിവര്‍ത്താന്‍ പോലും നിനക്കാകുമായിരുന്നില്ല എന്നാണോ?
ഹായ്! പോട്ടെ! സാരമില്ല. എന്റെ കൊച്ചു മുല്ലക്കുഞ്ഞേ! ഇന്ന് ആനന്ദത്തോടെ ചാഞ്ചാടുന്ന നിന്നെ കാണുമ്പോള്‍ എന്റെ മനസ്സ് ആഹ്ലാദം കൊണ്ട് നിറയുകയാണ്. അതുമതി. പട്ടുപോകാതെ നിവര്‍ന്നു നിന്നു ഇന്നിപ്പോള്‍ ചിരിക്കാന്‍ കഴിയുന്നത് ദിവസവും കിട്ടിയിരുന്ന ആ നീര്‍ത്തുള്ളികള്‍ കാരണമാണെന്നാണു നീ പറയുന്നത് അല്ലേ? അമ്പടി! മിടുക്കീ!