Tuesday, January 27, 2009

കണ്ണനില്ലാത്ത വൃന്ദാവനം


കണ്ണന്‍റെ പുല്ലാങ്കുഴലിനെ പുല്‍കി
കടമ്പിന്‍ തണലിലിരിക്കുന്നു രാധിക.
തപ്തമാം നിശ്വാസച്ചൂടേറ്റു വലഞ്ഞുവോ
ഓളമൊതുക്കി മയങ്ങുന്നു യമുനയും .
ചുണ്ടില്‍നിന്നുതിരും പുല്‍ക്കൊടിതന്നെയും
അറിയായതെ നില്‍പ്പാണു പൈക്കിടാങ്ങള്‍.
അങ്ങകലെ നിന്നെത്തുന്നുവോ വേണുവിന്‍
മോഹനഗാനം കാതോര്‍ത്തു നില്‍ക്കുന്നു.
ആടാന്‍ മറന്നു നില്‍പ്പാണൊരാണ്മയില്‍
കൊണ്ടല്‍ വര്‍ണ്ണനെ പേര്‍ത്തും നിനക്കയാല്‍
മാലേയഗന്ധവും പേറിയണഞ്ഞോരു
മാരുതനും ചെറ്റു സ്തംഭിതമായിതോ!
ചിന്താസരണിയില്‍ ലീനയായിരിക്കുന്നു
കണ്ണന്‍റെ കാമിനി തീവ്രതപസ്വിനി,
യമുന തന്നോളവും , നീലനിലാവും
കടമ്പിന്‍ ചുവടും പ്രിയസഖികളും
ചേര്‍ന്നന്നൊരുക്കിയ നടനവേദിയും
മുരളിപൊഴിക്കും മധുരരാഗങ്ങളും
മിന്നലിന്‍ കാന്തിയാര്‍ന്നൊരീ രാധയോ
കാറൊളിവര്‍ണ്ണനു പൊന്‍ ഹാരമായി
ഒട്ടുതലചായ്ച്ചു നില്‍ക്കുമാ കണ്ണന്‍റെ
മാറില്‍ പ്രഭ ചൊരിഞ്ഞു നിന്നതും
രാഗലോലയായ് ഹര്‍ഷ വിവശയായ്
ആനന്ദനര്‍ത്തനമാടി ക്കളിച്ചതും
സ്മൃതിപഥത്തിലൊന്നൊന്നായ് വിടരുന്നു
മൂകമായ് ക്കേഴുന്നിതന്തരംഗം
കാണുവതെന്നിനി മോഹനവിഗ്രഹം
കേൾക്കുവതെന്നിനി മുരളിതന്‍ വൈഖരി....