Sunday, November 23, 2008

ജന്മനിയോഗങ്ങള്‍

മനുഷ്യനായി ജനിച്ചാല്‍ മനുജധര്‍മം നിറവേറ്റിയേ പറ്റൂ. ധര്‍മ്മപാലനത്തിനായി ഈ ഭൂമിയില്‍
മനുഷ്യനായി പിറന്നവനാണ് ഈ കൃഷ്ണന്‍.

കാരാഗൃഹത്തിലാണു ജനനം. ഇടയവംശത്തില്‍ ഗോപാലനായി വളര്‍ന്നു. വൃന്ദാവനവും, കാളിന്ദിയും , ഗോവര്‍ധനപര്‍വതവുമെല്ലാം തന്‍റെ കളിത്തട്ടായി. വെണ്‍നിലാവു പരന്ന യാമിനിയില്‍ യമുനയിലെ ഓളങ്ങള്‍ വെട്ടിത്തിളങ്ങുന്നതു മറക്കുന്നതെങ്ങിനെ? യശോദാമ്മയുടെ വാത്സല്യദുഗ്ദ്ധം നുകരാന്‍ കഴിഞ്ഞ കണ്ണന്‍ എത്ര ധന്യന്‍?

നന്ദപിതാവിന്‍റെ സ്നേഹലാളനകള്‍ക്ക് അതിരുണ്ടായിരുന്നില്ലല്ലൊ. ഗോപാലരോടൊത്തുള്ള ലീലാവിലാസങ്ങള്‍ , ഗോപികമാരുടെ ആത്മാര്‍പ്പണം , എല്ലാം ഓര്‍ക്കുമ്പോ‍ള്‍ ശിഷ്ടസംരക്ഷണത്തിനും , ദുഷ്ടശിക്ഷണത്തിനും ആണ് തന്‍റെ നിയോഗം എന്നത് പലപ്പോഴും മറന്നുപോകുന്നു. വൃന്ദാവനത്തിന്‍റെ കാനനഭംഗിയില്‍ മുഴുകി , ഗോപീഗോപാലരോടൊത്തു ആഹ്ലാദതിമിര്‍പ്പില്‍ കാലം കഴിക്കാനല്ല വിധി തന്നെ നിയോഗിച്ചിരിക്കുന്നത് . അല്ലെങ്കില്‍ താന്‍ സ്വയം നിയോഗിതനായിരിക്കുന്നത് . തന്‍റെ ധര്‍മ്മം വേറെയാണ്. ഉല്‍കൃഷ്ടകുലത്തില്‍ മാത്രമല്ല , ഇടയച്ചേരികളിലും പുണ്ണ്യജന്മങ്ങള്‍ ഉടലെടുക്കാമെന്ന് താന്‍ ലോകത്തിന്ന് കാണിച്ചുകൊടുത്തു.


തന്‍റെ ധര്‍മ്മരക്ഷണമെന്ന നിയോഗം പാലിക്കപ്പെടേണ്ട സമയമായപ്പോള്‍ തനിക്ക് വൃന്ദാവനം ഉപേക്ഷിക്കേണ്ടിവന്നു. കംസനിഗ്രഹം നടത്തി മധുരയില്‍ സദ്ഭരണം ഏര്‍പ്പെടുത്തേണ്ടത് തന്‍റെ ചുമതലയായിരുന്നു. മനുഷ്യജീവിതത്തില്‍ അതാതു കാലത്തില്‍ അനുഷ്ഠിക്കപ്പെടേണ്ട കര്‍ത്തവ്യങ്ങള്‍ക്കായി ലോകത്തെ ഉദ്യുക്തമാക്കുക എന്നതും തന്‍റെ ജീവിതം കൊണ്ട് സാധിക്കേണ്ട കര്‍മ്മമായിരുന്നുവല്ലൊ.ദു:ഖത്തോടെ തനിക്കു വിട നല്‍കിയ യശോദയുടേയും, നന്ദഗോപന്‍റേയും മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞുകിടക്കുന്നു. വൃന്ദാവനവും , ഗോക്കളും ഗോപാലന്മ്മാരും കണ്ണന് അന്യമായി. അവരുടെ ദു:ഖങ്ങള്‍ തന്‍റേതായി മാറി. നിര്‍മമനാണ് താന്‍ എന്നു ഒരു നൊടിയിട മറന്നു പോയി. എന്നാല്‍ ഒന്നിനോടും അമിതമായ മമത വെച്ചു പുലര്‍ത്തരുതെന്നു പഠിപ്പിക്കലും തന്‍റെ ധര്‍മ്മമായിരുന്നു. ഓരോരോ കാലങ്ങളില്‍ ഓരോരോ കര്‍മങ്ങള്‍ മനുഷ്യജന്മത്തില്‍ വിധിച്ചിട്ടുണ്ടെന്നും, ഫലമിച്ഛിക്കാതെ ആ കര്‍മ്മങ്ങള്‍ നിറവെറ്റണമെന്നും , വിധിയുടെ നിയോഗം ബ്രഹ്മന്നുപോലും തടുക്കാവതല്ല എന്നും, ഉള്ള ഉപദേശങ്ങള്‍ അവര്‍ക്കു നല്‍കാന്‍ ഗോകുലത്തിലേക്കു ഉദ്ധവനെ നിയോഗിച്ചയച്ചതും അതു കൊണ്ടുതന്നെ. തന്നോളം ഭക്തി മറ്റാര്‍ക്കുമില്ലെന്ന ഉദ്ധവന്‍റെ ഔദ്ധത്ത്യത്തിന് ഒരു പാഠവും അത്യാവശ്ശ്യമായിരുന്നു.


വൃന്ദാവനത്തില്‍ ഏവരുടേയും കണ്ണിലുണ്ണിയായി , ക്രീഡാലോലനായി കഴിഞ്ഞിരുന്ന ആ ബാലഗോപാലന്‍തന്നെയാണ് , മധുരയില്‍ ദുഷ്ടനിഗ്രഹം ചെയ്ത് , ധര്‍മപാലനവ്യഗ്രനായി രാജ്യം ഭരിക്കുന്ന ശ്രീകൃഷ്ണന്‍. ഇവിടന്നങ്ങോട്ട് തന്‍റെ കര്‍മവേദി രാജശാസനമാണ്. മാതാപിതാക്കളുടെ മനസ്സില്‍ പ്രതിഷ്ഠിതനായ കണ്ണന്‍ അവരെ വിട്ടു എങ്ങും പോയിട്ടില്ലെന്നും ഒരിക്കലും അവരെ ഉപേക്ഷിക്കുകയില്ലെന്നും അറിയിക്കാന്‍ തന്‍റെ സന്തത സഹചാരിയും, സഖാവും , മന്ത്രിയുമായ ഉദ്ധവനെപ്പോലെ ഉചിതജ്ഞനായ മറ്റാരാണുള്ളത്!


രാധ!!! രാധയെ ഓര്‍മിക്കാത്ത ഒരു നിമിഷം പോലും കണ്ണനുന്ണ്ടോ? ആരാണ് കണ്ണന് രാധ. നിര്‍വചിക്കാന്‍ കഴിയില്ല. രാധയുടെ ഏകാന്തത, രാധയുടെ കണ്ണുനീര്‍, രാധയുടെ വിരഹദു:ഖം, രാധയുടെ കണ്ണനു വേണ്ടിയുള്ള അനന്തമായ കാത്തിരുപ്പ് ഇതെല്ലാം വര്‍ണ്ണിക്കാത്ത ഒരു കവിയും ലോകത്തില്‍ ഉണ്ടായിട്ടില്ല. കണ്ണന്‍റെ ഹൃദയം ആരും അറിഞ്ഞില്ല. കണ്ണനത് ആരേയും അറിയിക്കാനും നിവൃത്തിയില്ല. കൃഷ്ണന്‍ രാജാവാണ്. രാജാവിന്‍റെ ജീവിതപഥം വേറെയാണ് . രാജാവിന് സ്വന്തമായൊരു ജീവിതമില്ല. അതേ, അന്നത്തെ, രാജനീതിക്കും, ആചാരത്തിനും എല്ലാം അനുസൃതമായി കൃഷ്ണന്‍ ഒന്നിലധികം വേളി കഴിച്ചു. പലരും പുരസ്കാരമായി കാഴ്ച്ച വെച്ചത് വധുക്കളെയായിരുന്നു. അന്നത്തെ നാട്ടുനടപ്പില്‍ അത് അസാധാരണമായിരുന്നില്ല. കളങ്കലേശമില്ലാതേയും ആര്‍ക്കും ഒരു പരാതിയുമില്ലാതേയും കൃഷ്ണന്‍ അവരെയെല്ലാം പരിപാലിച്ചു. ഈ ജന്മ നിയോഗമായിരുന്നു അത്. അതിനര്‍ഥം കൃഷ്ണന്‍ രാധയെ മറന്നു എന്നല്ല. കൃഷ്ണനും രാധയും രണ്ടല്ല. രാധ കണ്ണനും, കണ്ണന്‍ രാധയുമാണ്. സുചരിതയും സുശീലയുമായ രാധ അതറിയുന്നുണ്ട്. പരിഭവലേശമില്ലാതെ കണ്ണന്‍റെ ഓര്‍മ്മകളില്‍ മുഴുകിക്കഴിയുന്ന രാധയോടു ചോദിക്കൂ‍. അവള്‍‍ പറയും , രാധയില്‍നിന്നു നിമിഷാര്‍ദ്ധം പോലും കണ്ണന്‍ വേറിട്ടിട്ടില്ലെന്ന്. അവരെ പരസ്പരം പിരിക്കാന്‍ ഒരു നിയതിക്കും സാദ്ധ്യമല്ലെന്ന്.

വ്യത്യസ്ത കര്‍മ്മയോഗങ്ങളില്‍പ്പെട്ടു വിഭിന്ന ജീവിതം നയിക്കുന്ന രാധാകൃഷ്ണന്മാര്‍ എന്നും ഒന്നിച്ചിരിക്കുന്നു. യുഗയുഗാന്തരങ്ങളായി ഉള്ളില്‍ കണ്ണനേയും പ്രതിഷ്ഠിച്ചു രാധ കഴിയുന്നു. കണ്ണന്‍റെ ജീവശ്വാസമാണ് രാധിക. രാധികയ്ക്കോ, താന്‍ സ്വയം തന്നെയാണു കണ്ണന്‍.
സമസ്ത സൃഷ്ടികളേയും ഊര്‍ജ്വസ്വലാരാക്കി, കര്‍മോത്സുകരാക്കുന്ന‍ ഉള്ളില്‍ വിളങ്ങുന്ന ആ ഏക ചൈതന്യം തന്നെയാണു കണ്ണന്‍. ആ ചൈതന്യത്തെ സര്‍വദാ തേടിനടക്കുന്ന ജീവാത്മാവു തന്നെ രാധ. ഈ അറിവു മനസ്സില്‍ ഉണര്‍ന്നാല്‍ ജീവിതം ധന്യമായി.