ഇപ്പോള്‍ പിറന്ന പിഞ്ചുകുഞ്ഞ്. തങ്കം പോലെ തിളങ്ങുന്നു. ജന്മനാ സിദ്ധിച്ച കവചകുണ്ഡലങ്ങള്‍ മേനിയില്‍ കിടന്നു ജ്വലിക്കുന്നു. കുന്തിയുടെ കാനീനപുത്രന്‍ . ഉള്ളം വിങ്ങുകയാണ്. ഇവനെയുമെടുത്തു എങ്ങോട്ടെങ്കിലും ഓടിയാലോ , ഒരു നിമിഷം ചിന്തിച്ചു പോയി. കുന്തിക്കതു ചെയ്യാനാവില്ല. പിതാവായ ശൂരസേനന്‍റെ , സുഹൃത്തിനോടുള്ള പ്രതിജ്ഞയാല്‍ ബന്ധിതയാണ് ഈ പൃഥ. കുന്തിഭോജമഹാരാജാവ് തന്നിലര്‍പ്പിച്ചിരിക്കുന്ന വാത്സല്യ , വിശ്വാസങ്ങള്‍ തിരസ്കരിക്കാന്‍ ഇവള്‍ക്കു കഴിവില്ല. അപമാനഭീതി , മാതൃത്വത്തെ പരാജയപ്പെടുത്തി. കര്‍ത്തവ്യബോധം , മാതൃത്വത്തെ കടപുഴക്കി എറിഞ്ഞു. സത്പാത്രത്തില്‍ എത്തിച്ചേരണേ എന്നു സര്‍വദൈവങ്ങളേയും വിളിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ടു കുഞ്ഞിനെ പെട്ടിയിലടച്ചു പുഴയിലൊഴുക്കുകതന്നെ ചെയ്യേണ്ടിവന്നു. കഠിനഹൃദയയാണ് താനെന്നു അവള്‍ക്കു സ്വയം അറിയാമായിരുന്നു.
പിന്നീടു ഈ പൃഥയുടെ ജീവിതത്തില്‍ എന്തെല്ലാം സംഭവങ്ങള്‍! ഇന്നിപ്പോള്‍ തന്‍റെ പ്രഥമപുത്രനെ കാണാന്‍ പുറപ്പെടുകയാണ് ഈ അമ്മ. എന്തിന്? ഇത്രയും നാള്‍ കാത്തു സൂക്ഷിച്ച രഹസ്യം വെളിപ്പെടുത്തി അവന്‍റെ വീര്യം നശിപ്പിക്കാനോ? ഇത്ര കാലം ശത്രുക്കളായി കരുതിയിരുന്നവര്‍ സഹോദരന്മാരാണെന്നു അറിയിച്ചു അവരുടെ ജീവന്‍ യാചിക്കുവാനോ?എല്ലാവരുടേയും നന്മയാണ് ഈ മാതാവ് കാങ്ക്ഷിക്കുന്നതു. ഈ അമ്മയുടെ അഞ്ചു പുത്രന്മാര്‍ക്കു, തന്‍റെ സഹോദരപുത്രന്‍ ശ്രീകൃഷ്ണന്‍ സഖാവായി ഉള്ളപ്പോള്‍ യാതൊരാശങ്കയ്ക്കും അവകാശമില്ല. എന്നാല്‍ ! കര്‍ണ്ണന്‍ ! അവനാരുണ്ടു തുണ? സ്വന്തം വീര്യ ശൌര്യ, പരാക്രമങ്ങള്‍ മാത്രം. ധര്‍മാത്മാവായ, ആദര്‍ശധീരനായ കര്‍ണ്ണന്‍ സൌഹൃദത്തിന്‍റെ , കടപ്പാടിന്‍റെ പേരില്‍ അധര്‍മപക്ഷത്തോടു ചേര്‍ന്നിരിക്കുന്നു. ഈ അമ്മയുടെ ഉള്ളം വേവുകയാണ്.
നദീതീരത്ത് മണല്‍ത്തിട്ടയില്‍ , സൂര്യനെ നോക്കി ധ്യാനത്തില്‍ നില്‍ക്കുന്ന പുത്രന്‍റെ ദീര്‍ഘകായത്തിന്‍റെ നിഴലില്‍ ആ അമ്മ നിന്നു. ഈ അവസരത്തില്‍ പൂര്‍വകാലസ്മരണകള്‍ മനസ്സാകുന്ന വേദിയില്‍ തിക്കി തിരക്കി കയറിവരുകയാണ്. ഈ പൃഥക്കു സുഖം എന്നതു എന്നും നിമിഷനേരം നിലനില്‍ക്കുന്ന ഒരു സ്വപ്നം പോലെയാണ്. ബാല്യത്തില്‍തന്നെ സ്വന്തം പിതാവ് സുഹൃത്തിനു നല്‍കിയ വാക്കു പാലിക്കാന്‍ വേണ്ടി മാതാപിതാക്കളെ പിരിയേണ്ടി വന്നു. കുന്തിഭോജരാജാവിന്‍റെ കൊട്ടാരത്തിലെത്തിയ പൃഥ കുന്തിയായി മാറി. മാതാപിതാക്കളെ പിരിഞ്ഞ് അന്യഗൃഹത്തില്‍ കഴ്യേണ്ടി വരുമ്പോഴുള്ള ദു:ഖം ഇവള്‍ക്കു നന്നായിട്ടറിയാം. കര്‍ണ്ണാ!മകനേ! പിഞ്ചു കണ്ണുകള്‍ തുറന്നപ്പോള്‍ മുതല്‍ രാധയും അതിരഥനും തന്നെയാണു നിന്‍റെ മാതാപിതാക്കള്‍ . എന്നാല്‍ ഈ കുന്തി തിരിച്ചറിവു വന്നതിനു ശേഷമാണു പെറ്റമ്മയെ പിരിഞ്ഞത്. പുതിയ കൊട്ടാരത്തില്‍ അവള്‍ക്കു നിറവേറ്റേണ്ടി വന്ന ചുമതല കഠിനമായതായിരുന്നു. കൌമാരം വിടപറഞ്ഞുതുടങ്ങുന്ന, നിഷ്കളങ്ക പ്രായത്തില്‍ , ക്രോധത്തിന്‍റെ മൂര്‍ത്തസ്വരൂപനായ ദുര്‍വാസാവുമഹര്‍ഷിയെ പരിചരിച്ചു പ്രീതിപ്പെടുത്താനുള്ള നിയോഗം അവളിലര്‍പ്പിക്കപ്പെട്ടു. കഠിനനിഷ്ഠയോടെ അവള്‍ ആ ദൌത്യം നിര്‍വഹിക്കുകയും ചെയ്തു. മഹര്‍ഷി പ്രീതനായി. വരുംവരായ്കകള്‍ തിരിച്ചറിയാന്‍ കഴിയാത്ത ആ ബാലികയ്ക്കു മഹര്‍ഷി നല്‍കിയ അനുഗ്രഹമോ? വിചിത്രം തന്നെ. “ദേവാഹൂതി മന്ത്രം.”ആ ബാലിക കൌതുകം പൂണ്ടു മന്ത്രത്തിന്‍റെ ഫലപ്രാപ്തി പരീക്ഷിച്ചറിയാന്‍ ഒരുങ്ങിയതിനെ കുറ്റപ്പെടുത്തുന്നത് എങ്ങിനെയാണ്? നന്മതിന്മകള്‍ ചൂണ്ടിക്കാണിക്കാന്‍ അവള്‍ക്കരികില്‍ അമ്മ ഉണ്ടായിരുന്നില്ലല്ലോ. സൂര്യതേജസ്സില്‍ ആകൃഷ്ടയായ അവള്‍ മന്ത്രം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. വിവേകമുറക്കാത്ത ബാലികയ്ക്കു മന്ത്രശക്തിയേകിയ മഹര്‍ഷിയാണോ കുറ്റക്കാരന്‍? ആഹ്വാനം ചെയ്തത് , ഭവിഷ്യത്തില്‍ അജ്ഞയായ ഒരു കുമാരിയാണെന്നു കരുതാതിരുന്ന ജ്ഞാനമൂര്‍ത്തിയായ ആ തേജപു:ഞ്ജമാണോ അപരാധി?അതോ വിധാതാവോ? ആ ഒരൊറ്റ നിമിഷം കൊണ്ടു ആ ബാലിക ആപാദചൂഡം മാറിപ്പോയി. വൃദ്ധയായ ദാസി മാത്രമേ അവള്‍ക്കു ആശ്രയമായി ഉണ്ടായിരുന്നുള്ളു. എല്ലാ മോഹങ്ങളേയും, വികാരങ്ങളേയും സ്വപ്നങ്ങളേയും ചുട്ടുകരിച്ചുകൊണ്ടു ആ കന്യകാമാതാവു തന്‍റെ കുഞ്ഞിനെ നെഞ്ചില്‍നിന്നും പറിച്ചെറിയുകതന്നെ ചെയ്തു.
വര്‍ഷങ്ങളായി അവള്‍ പശ്ചാത്താപത്തിലും മാതൃസ്നേഹത്തിലും വെന്തെരിയുകയാണ്. മകന്‍റെ തേജസ്സുറ്റ രൂപം അവളുടെ മുന്‍പില്‍ തന്നെ വളര്‍ന്നു വന്നു . “സൂതപുത്രന്‍, സൂതപുത്രന്‍ “എന്നു ജനങ്ങള്‍ക്കൊപ്പം തന്‍റെ മറ്റു അഞ്ജു പുത്രന്മാരും അധി:ക്ഷേപിക്കുമ്പോള്‍ മകന്‍റെ മനസ്സു അമര്‍ഷത്തില്‍ തിളച്ചുമറിയുന്നതും അറിഞ്ഞു മൌനം ദീക്ഷിക്കേണ്ടി വന്നു. കരയില്‍ പിടിച്ചിട്ട മത്സ്യം പോലെ മകന്‍ പിടയുന്നതു കാണുമ്പോള്‍ എല്ലാം മറന്നു ഓടിച്ചെന്നു ആശ്വസിപ്പിക്കാന്‍ കരള്‍ വെമ്പി. ഇതെല്ലാം വീക്ഷിച്ചു ആ പിതൃത്വം , ആ കര്‍മസാക്ഷി മുകളില്‍ ആകാശനീലിമയില്‍ നിര്‍വികാരനായി സ്വഛന്ദം നില്‍ക്കുന്നതു കണ്ട് മനസ്സ് നീറി. ആ പിതാവെന്തേ നിശ്ചിന്തനായത്! അല്ലെങ്കില്‍ , ഓരോ ജീവനും ഈ ഭൂമിയില്‍ ജന്മമെടുക്കുന്നതു ഈശ്വരന്‍റെ പ്രത്യേക നിയോഗം നിറവേറ്റാനായിരിക്കുമല്ലൊ.
യതാര്‍ത്ഥമാതാവിനെ തിരിച്ചറിയുമ്പോള്‍ നിന്‍റെ മനസ്സില്‍ ഉണ്ടാകാവുന്ന കോളിളക്കങ്ങള്‍ ഈ അമ്മ സംകല്‍പ്പിക്കാറുണ്ട്. ഈ അമ്മയോടു നിനക്കു തോന്നുന്ന ഈര്‍ഷ്യക്കും , വെറുപ്പിനും, അവജ്ഞക്കും അളവുണ്ടാകുമോ? എന്നാല്‍ മകനേ! നീ ഒന്നറിയണം. ഒരമ്മയ്ക്കും തന്‍റെ ഓമല്‍ സന്താനത്തെ നിര്‍വികാരയായി, നിഷ്കരുണം ത്യജിക്കാനാവില്ല. ആ അമ്മ ശപിക്കപ്പെട്ട ആ ദിനത്തെ ചൊല്ലി കണ്ണീരൊഴുക്കാത്ത ഒരു ദിവസം പോലും ഇന്നേവരെ കടന്നുപോയിട്ടില്ല. കന്യകയായ , നിരാലംബയായ , രാജനീതിയാല്‍ ബന്ധിതയായ, ആനൂഢയൌവനയായ, ഒരു കുമാരിയുടെ നി:സ്സഹായാവസ്ഥ നിനക്കു മനസ്സിലാകുമോ?ഈ അമ്മ തന്‍റെ ചെയ്തികളെ ന്യായീകരിക്കുകയല്ല. അവള്‍ മറ്റെന്തു ചെയ്യുമായിരുന്നു? ജനിച്ച പുത്രനെ എല്ലാ അപമാനങ്ങളും സഹിച്ചു വളര്‍ത്തി എന്നുതന്നെ ഇരിക്കട്ടെ, വളര്‍ന്നു വരുമ്പോള്‍ നിന്‍റെ നേര്‍ക്കു നീളുന്ന പരിഹാസം നിറഞ്ഞ വിരലുകള്‍ക്കു മുന്നില്‍ ഇപ്പോഴുള്ളതിലധികം തല കുനിക്കേണ്ടി വരില്ലേ? അങ്ങിനത്തെ അവസരത്തില്‍ “ജനിച്ച ഉടനെ കഴുത്തു ഞെരിച്ചു കൊല്ലാതിരുന്നതെന്തേ” എന്നു അമ്മയുടെ ദയനീയമായ മുഖത്തു നോക്കി നീ ചോദിക്കുമായിരുന്നില്ലേ? തന്‍റെ കുഞ്ഞ് ലോകത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ സുഖമായിവളരട്ടെ എന്നാണു ഈ അമ്മ ആശിച്ചത്. ഒരു പരിധി വരെ അതു സംഭവിക്കുകയും ചെയ്തു. നിനക്കു വാത്സല്യനിധികളായ അച്ഛനമ്മമാരെ കിട്ടി. എന്നാല്‍ വിധിവൈപരീത്യം തന്നെ. നിന്‍റെ ആകര്‍ഷകരൂപവും, അല്‍ഭുതപരാക്രമവും, മന:സ്ഥൈര്യവും കണ്ട് അനുമോദിക്കുന്നതിനു പകരം , അവഹേളിക്കാനാണു ജനങ്ങള്‍ തുനിഞ്ഞത്. ദുര്യോധനന്‍ പറഞ്ഞതുപോലെ സിംഹത്തിനു സൃഗാലസന്തതി ഉണ്ടാകില്ലെന്നു മനസ്സിലാക്കാന്‍ ആരും തുനിഞ്ഞില്ല. നിനക്കു നേരിട്ട ഈ അപമാനഭാരം തന്നെ ആയിരിക്കാം പിന്നീടുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കെല്ലാം ഒരു ഹേതു. നീയെന്നും ആരാധിക്കുന്ന , നിന്‍റെ ഗുരുനാഥനെന്നു വിശേഷിപ്പിക്കുന്ന ആ മാര്‍ത്താണ്ഡദേവനാണ് നിന്‍റെ പിതാവെന്നു അറിയുമ്പോള്‍ നിന്‍റെ വികാരം എന്തായിരിക്കും?ആ ഭക്തിയും സ്നേഹവും അചഞ്ചലമായിരിക്കുമോ? സ്വല്പം പോലും അമര്‍ഷം ഉണ്ടാകില്ലേ?
കുന്തിയുടെ ജീവിതത്തില്‍ പിന്നെയും സംഭവങ്ങളുടെ കുതിച്ചു ചാട്ടങ്ങളായിരുന്നു. പുകള്‍പെറ്റ കുരുവംശത്തിന്‍റെ സ്നുഷയായി. എന്നിട്ടോ? ദിഗ്വിജയിയായ പാണ്ഡുമഹാരാജാവ് കീര്‍ത്തിയ്ക്കൊപ്പം സപത്നിയേയും കൊണ്ടുവ്ന്നു. അന്നത്തേ രാജകുഡുംബങ്ങളില്‍ ഇതു അസാധാരണസംഭവമല്ലല്ലോ. സപത്നിയേയും സഹോദരിയായി സ്നേഹിക്കാന്‍ കുന്തി മടിച്ചില്ല. എന്നിട്ടും ആശ്വാസത്തിന്‍റേയും , ആഹ്ലാദത്തിന്‍റേയും നാളുകള്‍ വളരെ കുറച്ചേ ഉണ്ടായുള്ളു . രാജകുഡുംബത്തില്‍ അശനിപാതം കണക്കേയാണ് പാണ്ഡുമഹാരാജാവിനു മഹര്‍ഷിശാപമേറ്റ വിവരം എത്തിയത്. വിരക്ത്നായി വനത്തിലേയ്ക്കു പോയ മഹാരാജാവിനോടൊപ്പം സപത്നിയും, കുന്തിയും അനുഗമിച്ചു. കുലവൃദ്ധിക്കായി രാജനിയോഗമനുസരിച്ചു”ദേവാഹൂതി” മന്ത്രമുപയോഗിച്ച് മൂന്നു അമാനുഷപുത്രന്മാര്‍ക്കു കുന്തിയും രണ്ടു പേര്‍ക്കു മാദ്രിയും ജന്മമേകി.വരം നല്‍കിയ മഹര്‍ഷി ഈ ദൈവനിയോഗം മുന്‍ കൂട്ടി കണ്ടിരിക്കുമോ?രാജവംശത്തിന്‍റെ നന്മയ്ക്കും , അഭിവൃദ്ധിക്കും മുന്നില്‍ സ്ത്രീയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് സ്ഥാനമെവിടെ? ജ്യേഷ്ഠത്തി ഗാന്ധാരീ ദേവി അന്ധനായ പതിയുടെ സഹധര്‍മിണീത്വം പൂര്‍ത്തിയാക്കാന്‍ കറുത്ത പട്ടുകൊണ്ടു കണ്ണുകള്‍ മൂടിക്കെട്ടി സ്വയം അന്ധത വരിച്ച മനസ്വിനിയാണ്. വാസ്തവത്തില്‍ അതായിരുന്നുവൊ ശരി? ഭര്‍ത്താവിന്‍റെ അന്ധത്ത്വം സ്വന്തം കാഴ്ച്ച കൊണ്ടു പരിഹരിക്കുകയല്ലേ വേണ്ടിയിരുന്നത് ? ആവോ? ധര്‍മ്മനീതിയുടെ പോക്ക് വിധാതാവിനു പോലും നിശ്ചയിക്കാവുന്നതല്ലെന്നല്ലേ പറയുന്നത്!
വനത്തിലായിരുന്നെങ്കിലും സന്തോഷവും, സമാധാനവും അനുഭവിച്ച കുറച്ചു വര്‍ഷങ്ങള്‍ കടന്നു പോയി. വീണ്ടും വിധി ജീവിതത്തില്‍ ക്രൂരമായ ഇടി ഏല്‍പ്പിച്ചു. ശാപഗ്രസ്തനായ രാജാവ് ഒരു ദുര്‍ബലനിമിഷത്തിന്‍റെ പ്രേരണയില്‍ ജീവന്‍ വെടിയുകയും, അതിനു കാരണം സ്വയം ആരോപിച്ചു മാദ്രി ഭര്‍ത്താവിന്‍റെ ചിതയില്‍ സതി അനുഷ്ഠിക്കുകയും ചെയ്തു. പറക്ക മുറ്റാത്ത അഞ്ചു പുത്രന്മാരോടു കൂടി കുന്തി നിരാലംബയായി. കൊട്ടാരത്തിലേയ്ക്കു മടങ്ങാതെ നിവൃത്തിയില്ലായിരുന്നു. മക്കള്‍ക്കു അര്‍ഹതപ്പെട്ട സ്ഥാനം നേടിക്കൊടുക്കേണ്ടതായി കുന്തിയുടെ അടുത്ത കടമ. മനസ്സില്‍ പലവിധ ആശങ്കകളും ഉയര്‍ന്നു വന്നു. അവകാശത്തര്‍ക്കങ്ങള്‍ ഉയരുമെന്നു കുന്തിക്കറിയാമായിരുന്നു. കടമയുടേയും സൌഹൃദത്തിന്‍റെ പേരില്‍ തന്‍റെ കാനീനപുത്രന്‍ ശത്രുപക്ഷത്തു ചേരുന്നതു നോക്കി നില്‍ക്കേണ്ടി വന്നു. കുന്തിക്കു മൌനം തന്നെ യായിരുന്നു അപ്പോഴും കരണീയം.
ഓരോ ദിവസവും പുതിയ പുതിയ സംഭവങ്ങളും കൊണ്ടാണു പുലര്‍ന്നിരുന്നത്. അഭ്യാസപരീക്ഷ, അരക്കില്ലം, ദ്രൌപദീപരിണയം, ഇന്ദ്രപ്രസ്ഥ്സ്ഥാപനം, രാജസൂയം, ശിശുപാലവധം സംഭവങ്ങളുടെ കുത്തൊഴുക്കായിരുന്നു. അഭ്യാസക്കളരിയില്‍ മത്സര രംഗത്തു വെച്ചു ജ്യേഷ്ഠപുത്രനെ മറ്റുമക്കള്‍ അവഹേളിക്കുന്നതു കണ്ടു മനം നൊന്തു. ശ്രീകൃഷ്ണകൃപയും , കഠിനപ്രയത്നവും കൊണ്ടു നേടിയെടുത്ത സര്‍വൈശ്വര്യങ്ങളും ചൂതുകളിയുടെ പേരില്‍ അന്യാധീനപ്പെടുന്നതു കണ്ടു. ദ്യൂതസഭയില്‍ സഭാമദ്ധ്യേ ,ഗുരുജനങ്ങളെ സാക്ഷിനിര്‍ത്തി കൃഷ്ണ അപമാനിതയാവുന്നതറിഞ്ഞു മനസ്സു ഉല്‍ക്കടമായി ക്ഷോഭിച്ചു. സ്ത്രീയുടെ അപമാനം കുലവൃദ്ധന്മാരും , വന്ദ്യഗുരുജനങ്ങളും നോക്കിനിന്നതറിഞ്ഞ് ഹൃദയം നുറുങ്ങി. “കുലടയെന്നു വിളിച്ചു ദ്രൌപദിയെ അപമാനിച്ചപ്പോള്‍ ചോദ്യം ചെയ്യാന്‍ ആരും മുതിര്‍ന്നില്ല. കര്‍ണ്ണാ! മകനേ!ആദര്‍ശശാലിയും , സദ്ഗുണസമ്പന്നനും കരുണാമയനും ആയ നിന്‍റെ മുഖത്തുനിന്ന് അത്തരം അപ:ശബ്ദങ്ങള്‍ പുറപ്പെട്ടതെങ്ങിനെ? അല്ലെങ്കില്‍ ആരേയാണ് പഴിക്കേണ്ടത്?സ്വയംവരവേളയില്‍ നിന്നെ അപമാനിക്കാന്‍ ദ്രൌപദിയും ഒട്ടും മടിച്ചില്ലല്ലോ. അജയ്യരും , മഹാശൌരികളുമായ മക്കള്‍ സത്യത്തിന്‍റെയും , ധര്‍മ്മത്തിന്‍റെയും പേരില്‍ കൈകള്‍ കെട്ടി ശിരസ്സു കുനിച്ചു നി:സ്സഹായരായി നോക്കി നില്‍ക്കുന്നതും കാണേണ്ടി വന്നു.
മക്കള്‍ക്കു ദ്വാദശവത്സരം വനവാസവും ഒരു കൊല്ലം അജ്ഞാതവാസവും. എന്തിനു വേണ്ടിയുള്ളതായിരുന്നു ഈ ശിക്ഷ?മക്കള്‍ വനത്തില്‍ കഷ്ടപ്പെട്ടു കാലം കഴിക്കുമ്പോള്‍ മനസ്സിനെ കല്ലാക്കികൊണ്ടു നാട്ടില്‍ വിദുരഗൃഹത്തില്‍ കഴിഞ്ഞുകൂടി. അവസാനമിതാ കൃഷ്ണന്‍റെ ദൂതു പരാജയപ്പെട്ടു ഘോരയുദ്ധം ആസന്നമായിരിക്കുന്നു.
കര്‍ണ്ണാ നിന്‍റെ മുന്‍പില്‍ പാപിയായ ഈ അമ്മയിതാ വന്നിരിക്കുന്നു. ഒരിക്കലെങ്കിലും നിന്‍റെ മുഖത്തുനിന്നു അമ്മേയെന്ന വിളി കേള്‍ക്കാന്‍ ഇവള്‍ എത്ര കാലമായി ആഗ്രഹിക്കുന്നു? സത്യമറിയുമ്പോള്‍ നിന്‍റെ മന:സ്സിലുയരുന്ന ചോദ്യങ്ങള്‍ ഈ അമ്മ അറിയുന്നുണ്ട്. എങ്കിലും ദുര്‍ബലയായ ഒരു രാജകന്യകയുടെ നി:സ്സഹായാവസ്ഥ നീ മനസ്സിലാക്കുമൊ? നഷ്ടപ്പെടുത്തിയ പുത്രസാമീപ്യത്തിന്നു വേണ്ടി വര്‍ഷങ്ങളായി മനമുരുകുക്കൊണ്ടിരിക്കുന്ന അമ്മയുടെ ദു:ഖം നീ അറിയുമോ?
ഉവ്വ്. ഒടുവില്‍ നീ മനസ്സിലാക്കി. മദ്ധ്യമപാണ്ഡവന്‍റെ ഒഴികെ മറ്റ് അനുജന്മ്മാരുടെ ജീവന്‍ നീ ദാനമായി നല്‍കി. പക്ഷെ ഈ അമ്മ നിന്‍റേയും രക്ഷ കാംക്ഷിച്ചിരുന്നു. അമ്മ്യ്ക്കു എന്നും മക്കള്‍ അഞ്ചായിരിക്കുമെന്നു നീ പറഞ്ഞു. ഒന്നുകില്‍ അര്‍ജുനനോടുകൂടി അഞ്ചു പേര്‍. അല്ലെങ്കില്‍ കര്‍ണനോടു കൂടി അഞ്ച് പേര്‍. നിന്‍റെ തീരുമാനത്തിനു മാറ്റമില്ലായിരുന്നു. അമ്മയ്ക്കു ആരേയും ഉപേക്ഷിക്കാന്‍ കഴിയുമായിരുന്നില്ല. ഓരോരുത്തരും ഒന്നിനൊന്നു മികച്ചവര്‍. ഒരു വിധത്തില്‍ ഈ അമ്മ ഏറ്റവും ഭാഗ്യവതി തന്നെ. എതിരില്ലാത്ത വീര്യത്തോടു കൂടിയ വിശ്വവിജയികളായ ആറു പുത്രന്മാര്‍. വിശ്വവിജയി കര്‍ണ്ണന്‍, ദയാപയോനിധി കര്‍ണ്ണന്‍, വില്ലാളിവീരന്‍ കര്‍ണ്ണന്‍, !എന്തെല്ലാം വിശേഷണങ്ങള്‍! പക്ഷേ വിധിയെ തടുക്കാന്‍ ആര്‍ക്കാണു കഴിയുന്നത്. ഭാഗ്യവതിയായിരിക്കെ തന്നെ ഏറ്റവും നിര്‍ഭാഗ്യവതിയും !
ഘോരയുദ്ധം അനിവാര്യമായിരുന്നു. അഭിമനുവിനെപ്പോലെയുള്ള വീരസാഹസികരായ ചെറു മക്കള്‍ വീരഗതി പ്രാപിച്ചു. ജീവിതം നുകരും മുന്‍പേ രാജവധുക്കള്‍ വിധവകളായി. പൂജ്യരായ ഗുരുജനങ്ങള്‍ സ്വര്‍ഗം പൂകി. സഹോദരന്മാര്‍ തമ്മിലടിച്ചു നശിച്ചു. ഇനി ഈ അമ്മയ്ക്കു അനുഭവിക്കാന്‍ ബാക്കി എന്താണുള്ളത്. അതേ! ഒന്നു കൂടിയുണ്ട്. സ്വന്തം സഹോദരനെയാണ് മഹാശത്രുവായി കരുതി വധിച്ചത് എന്നറിയുമ്പോളുള്ള ശേഷിച്ച മക്കളുടെ തിരസ്കാരം. രഹസ്സ്യം മറച്ചു വെച്ച്, കലഹത്തിനു മൂര്‍ച്ച കൂട്ടി എന്ന ആരോപണം. അതും സംഭവിച്ചു. എന്നാള്‍ ഈ അമ്മയ്ക്കൊന്നറിയാം . പ്രഥമപുത്രനോടുള്ള കടമയില്‍ വീഴ്ച വന്നതൊഴിച്ചാല്‍ ബാക്കി എല്ലാ ചുമതലകളും ഈ അമ്മ വിധിയാംവണ്ണം നിര്‍വഹിച്ചു എന്നു തന്നെയാണ് കുന്തി കരുതുന്നത്. നിഷ്ക്രിയരായ മക്കള്‍ക്ക് “വിദുളാവാക്യം“ എന്ന സന്ദേശം നല്‍കി ഊര്‍ജ്വസ്വലരാക്കി പ്രവര്‍ത്തനനിരതരാക്കേണ്ടതായിരുന്നു കുന്തിയുടെ അന്നത്തെ കടമ. അന്നു ഈ അമ്മ തെല്ലും ഭീരുവായില്ല. ഇന്നു മക്കള്‍ വിജയശ്രീലാളിതരായി, ശ്രേയസ്കരരായി. ഈ അമ്മയ്ക്കിനി ഒന്നും നേടുവാനില്ല. കര്‍മങ്ങളൊന്നും ബാക്കിയില്ല. വനവാസം തന്നെയാണു ഉചിതം. ജ്യെഷ്ഠനേയും പത്നിയേയും പരിചരിച്ചു അവരുടെ കൂടെ വനത്തില്‍ കഴിയാനാണു ഇനി ഇവളുടെ നിശ്ചയം. ജീവിതത്തിലെ ഭുരിഭാഗവും വനത്തില്‍ കഴിച്ചു കൂട്ടിയ കുന്തിയ്ക്കു അതിനു പ്രത്യേക ആലോചനയോ തയ്യാറെടുപ്പുകളൊ ഒന്നും ആവശ്യമില്ല. വൃദ്ധരായ ജ്യേഷ്ഠനോടും ജ്യേഷ്ഠത്തിയോടുമൊന്നിച്ച് കുന്തി വനത്തിലേയ്ക്കു പുറപ്പെടുകയാണ്.
ലോകത്തിലെ എല്ലാ മക്കളുടേയും ദു:ഖങ്ങള്‍ ഈ അമ്മ ഏറ്റുവാങ്ങുന്നു. മക്കളെല്ലാവരും സുഖത്തോടെ , ശ്രേയസ്സോടെ , സമാധാനത്തോടെ കഴിയാനിട വരട്ടെ എന്നാണ് ഈ അമ്മയുടെ പ്രാര്‍ഥന.
‘