കരിമുകിലൊത്തിടതൂര്‍ന്നു തിങ്ങിയ
കാരിരുള്‍ ജടാഭാരമെങ്ങോ മറഞ്ഞുപോയ്
മര്‍ത്യതൃഷ്ണതന്‍പ്രഹരമേറ്റങ്ങു
കാനനഭൂവാകെ മരുപ്പറമ്പായ്
കാലകാലനാം മഹാകാളശിരസ്സതു
ജടാവിഹീനമാം കപാലമായ്
ആശ്രയമറ്റ തടിനിയാണ്ടു പോയ്
ഭൂദേവിതന്നങ്കത്തിലാഴത്തില്‍
അമ്പിളിക്കീറില്ല, മാന്‍ കുരുന്നില്ല
ചര്‍മവസനവും പോയ്മറഞ്ഞു
വിരുപാക്ഷവിഗ്രഹം ത്രിലോചനവിഭ്രമം
ദിഗമ്പരനാമമന്വര്‍ഥമായി
കപാല, ശൂല , ഡമരു സമന്വിതം
ഭീഷണരൂപം ദുര്‍നിരീക് ഷ്യം
വിഹായസ്സിലുയര്‍ന്നീടും വാമപാദവും
ചക്രവാളത്തിലമര്‍ന്ന ദക്ഷിണപാദവും
അന്തികേ മഹാദേവിയും ചേര്‍ന്നങ്ങു
പ്രചണ്ട താണ്ടവനര്‍ത്തനം തുടങ്ങുന്നു
ആര്‍ത്തിയും, അധികാരദാഹവും
ചീര്‍ത്തു, നീതിയുംധര്‍മവും വെടിഞ്ഞു
ആര്‍ത്തുഴറും മര്‍ത്യചെയ്തികള്‍ കണ്ടു
ക്രുദ്ധനായുണര്‍ന്നെഴുന്നേറ്റു രുദ്രനും
താണ്ഡവനര്‍ത്തനഘോഷം തുടങ്ങുന്നു
വിഭ്രാമകമാകുമീ കാലവിപര്യയം
കണ്ടു കലിയാര്‍ന്നു നെറ്റിക്കണ്‍ മിഴിച്ചുവോ?
പൃഥ്വി വിറക്കുന്നു രണ്ടായ് പിളരുന്നു
ചാരമതുമാത്രമവശേഷിക്കുന്നു.
കൊടുംകാറ്റടിക്കുന്നു മണിമേടകള്‍ തകരുന്നു
മക്കളെ തെല്ലു നേരം പൊറുക്കുവിന്‍
ശാന്തരായ് ചെറ്റു ചിന്തയിലാഴുവിന്‍
എന്തിനീമത്സരമെന്നതോര്‍ക്കുവിന്‍
അന്ത്യത്തില്‍ ശേഷിപ്പതെന്തെന്നതോര്‍ക്കുവിന്‍
കൊള്ളയും കൊലയും വെടിയുവിന്‍
സമസൃഷ്ടിയില്‍ തെല്ലു കാരുണ്ണ്യം പൊഴിക്കുവിന്‍
മത്സരം വെടിയുവിന്‍, സ്നേഹമന്ത്രം ജപിക്കുവിന്‍
ജീവിതപ്പാതയില്‍ കൈകോര്‍ത്തു ചരിക്കുവിന്‍
രാമനും രഹീമും യേശുവും നന്മതന്‍
സ്നേഹമന്ത്രമെന്നതോര്‍ക്കുവിന്‍
കാരുണ്ണ്യമാര്‍ന്നൊരു മര്‍ത്ത്യമനസ്സല്ലൊ
ശ്രീകോവിലവര്‍ക്കെന്നതോര്‍ക്കുവിന്‍
സ്നേഹസ്വരുപമാര്‍ന്നതാം പുലരികള്‍
ഉദിച്ചുയരട്ടെ ധര്‍മനീതിപുലരട്ടെ
ഉടുക്കിന്‍ ദ്രുത താളത്തിനൊത്തു
ആനന്ദനര്‍ത്തനമാടട്ടെ ജഗദീശന്‍