Wednesday, August 8, 2007

പ്രകൃതീശ്വരി

മനസ്സു ചിലപ്പോള്‍ ആഹ്ലാദത്താല്‍ നിറഞ്ഞു തുളുമ്പുന്നു. സന്തോഷഭരിതമായ ചിന്തകള്‍. ചുറ്റിലും വിരിയുന്ന, പ്രകൃതീശ്വരിയുടെ മനോഹര ചിത്രങ്ങള്‍ ഹൃദയത്തെ കോള്‍മയിര്‍ കൊള്ളിക്കുന്നു. മൈതാനത്തില്‍ മേയുന്ന പശുക്കള്‍ ഏതോ വിസ്മൃതിയിലാണ്ട പോലെ നി:ശ്ശബ്ദം, നിശ്ചലം നില്‍ക്കുന്നു- അദ്രുശ്യമായ എന്തിനെയാണവര്‍ തിരയുന്നതു? എന്തിനുവേണ്ടിയാണു വിടര്‍ന്ന ചെവികളോടെ കാതോര്‍ക്കുന്നതു? സര്‍വ്വേശ്വരന്റെ ചൈതന്യം അനുഭവിച്ചറിയുകയാണോ?

വിവിധ തരം പൂക്കള്‍ എത്രയാണു വികസിച്ചു നില്‍ക്കുന്നതു? എന്തൊരു സൗരഭ്യം? എങ്കിലും ഇടയില്‍ ചില ദുര്‍ഗ്ഗന്ധമാര്‍ന്നതും, കുരൂപികളും ഉണ്ടെന്നതും ശരി തന്നെ. കളകളാരവം പൊഴിക്കുന്ന നദികള്‍, തെളിനീര്‍ച്ചാലുകള്‍, അടുത്തു തന്നെ ഉയര്‍ന്നു നില്‍ക്കുന്ന കരിം പാ
റക്കെട്ടുകള്‍.മഹാവൃക്ഷങ്ങള്‍ക്കു ചുവടെ കൊച്ചു പുല്‍ക്കൊടികള്‍. ക്രൂരതയാര്‍ന്ന വന്യമൃഗങ്ങള്‍. ഏറ്റവും ശാന്തരായ ചെറുജീവികള്‍. എവിടെയും വൈരുദ്ധ്യം തന്നെ.

അറ്റം കാണാത്ത സാഗരനീലിമയ്ക്കൊപ്പം അനന്തവിശാലമായ നീലാകാശം. സാഗരത്തില്‍ നീന്തിപുളയ്ക്കുന്ന ജലജന്തുക്കള്‍.വാനത്തില്‍ പാറിപ്പറക്കുന്ന പക്ഷിജാലങ്ങള്‍.സാഗരത്തില്‍ വര്‍ണശബളിമയോലുള്ള പവിഴപ്പുറ്റുകള്‍. വാനത്തില്‍ തേജോമയങ്ങളായ നക്ഷത്ര സമൂഹങ്ങള്‍.വിസ്മയഭരിതം തന്നെ.

ഇത്രയും മനോഹരിയും,ശാന്തയും ആയ ഈ ക്ഷമാദേവി തന്നെ ചിലപ്പോള്‍ സര്‍വ്വനാശകാരിണിയായും മാറുന്നുവല്ലൊ. എന്തൊക്കെ മാരകായുദ്ധങ്ങളാണു അവളുടെ ആവനാഴിയില്‍! അതിവര്‍ഷം,അനാവൃഷ്ടി,ഭൂമികുലുക്കം, അഗ്നിപര്‍വ്വതം...മനുഷ്യനില്‍ നീയന്ത്രിക്കാനാവാത്ത വിധം ക്രൂരതയും, പകയും വളരുന്നതു കണ്ടു മടുത്തിട്ടാണോ ഈ നിറമാറ്റം സംഭവിക്കുന്നതു?

Thursday, August 2, 2007

അമ്മയുടെ മനസ്സു

“അമ്മയാകുന്നതു എത്ര ആനന്ദകരമാണു.ഇലകള്‍ എത്ര സുന്ദരമാണെങ്കിലും പൂക്കളില്ലാതെ ലതക്കു ശോഭ കൈവരികയില്ല. ഇലകള്‍ ലതയുടെ സമ്പത്താണു. പക്ഷെ പൂക്കള്‍ അതിന്റെ സൗന്ദര്യവും സുഖസാരവുമാണു. പൂവിന്റെ രൂപത്തില്‍ അതു ഒരു വിചിത്ര ലോകം സൃഷ്ടിക്കുന്നു. സൃഷ്ടിയുടെ ആനന്ദത്തിനു തുല്യമായി ഈ ലോകത്തു മറ്റൊരാനന്ദമില്ല.

അമ്മയുടെ മനസ്സു വിഭ്രാന്തിയാര്‍ന്നതാണു. മക്കള്‍ വേഗം വലുതാവണമെന്നും, പ്രസിദ്ധിയാര്‍ജിക്കണമെന്നും, പരാക്രമിയും,വിജയശ്രീലാളിതനുമാകണമെന്നും അമ്മ ആഗ്രഹിക്കുന്നു. അതോടൊപ്പം തന്നെ മക്കള്‍ എപ്പോഴും കുട്ടിയായിരിക്കണമെന്നും തന്റെ സംരക്ഷണത്തില്‍ സുരക്ഷിതനായിരിക്കണമെന്നും ഒരാപത്തും വന്നു ഭവിക്കരുതെന്നും ആഗ്രഹിക്കും.

മക്കള്‍ വളര്‍ന്നു വരുന്നതോടൊപ്പം തന്നെ അമ്മക്കു വിചിത്രമായ ഒരനുഭവം ഉണ്ടാകുന്നു. ചിലപ്പോള്‍ തന്നോടേറ്റവും അടുത്തുണ്ടെന്നു അനുഭവപ്പെടുന്നു. അടുത്ത ക്ഷണം തന്നെ അതൊരു തോന്നല്‍ മാത്രമാണെന്നറിയുന്നു. തന്നില്‍ നിന്നു വളരെ ദൂരെ അകന്നു പോകയാണെന്ന ചിന്ത ഉദിക്കും. ആകാശത്തില്‍ പാടിപ്പറക്കുന്ന പക്ഷിക്കു കൂടുമായുള്ള ബന്ധം മാത്രമെ താനും അവരും തമിലുള്ളു എന്നനുഭവപ്പെടും. അവരുടെ ലോകം പൂര്‍ണ വികാസം നേടുമ്പോള്‍ അമ്മക്കു അതില്‍ എന്തെങ്കിലും സ്ഥാനം ലഭിക്കുമോ എന്തോ! “
യയാതി-ഖാണ്ഡേക്കര്‍

ഒരിക്കല്‍ താനും ഒരു മകളായിരുന്നു, തനിക്കും ഒരമ്മയുണ്ടു എന്ന ചിന്ത ഈ അവസ്ഥയില്‍ വരുന്നു. ശൈശവവും, ബാല്യവും താണ്ടി യൗവ്വനത്തിലെത്തി. ജീവിതം മറ്റൊരാളുടെ ജീവിതവുമായി കൂട്ടിക്കെട്ടി. പഴയ കൂടു ഉപേക്ഷിച്ചു ഇണക്കൊപ്പം പറന്നു പോയ പക്ഷി തനിക്കായൊരു കൂടു മെനയുന്നു. വീണ്ടും ചക്രം ചലിക്കുന്നു. ഇതു തന്നെയല്ലെ സംസാര ചക്രം?
മൃഗങ്ങള്‍ക്കോ, പക്ഷികള്‍ക്കോ, മനുഷ്യനൊഴികെ മറ്റേതെങ്കിലും ജീവികള്‍ക്കോ ഇങ്ങിനെയൊരവസ്ഥ ഉണ്ടാകുന്നില്ലല്ലോ. ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞാല്‍ പുതിയ തലമുറ വേര്‍പെട്ടു പോകുന്നതില്‍ അവ ദു:ഖിക്കാറില്ല. വിശേഷബുദ്ധി,ദയ,കാരുണ്യം, സ്നേഹം എന്നീ ശ്രേഷ്ഠ വികാരങ്ങള്‍ക്കൊപ്പം മനുഷ്യനു ദൈവം ക്രൂരത, സ്വാര്‍ത്ഥത,അസൂയ എന്നീ വികാരങ്ങളും സമ്മാനിച്ചതെന്തിനാണു? വെളിച്ചത്തിനു ഇരുളുണ്ടെന്നും, സുഖത്തിനു ദു:ഖമുണ്ടെന്നും വിരുദ്ധ പ്രകൃതികള്‍ ചേര്‍ന്നാലേ ജീവിതമാകൂ എന്നും പഠിപ്പിക്കുവാനായിരിക്കാം...