Thursday, August 29, 2013

ജീവിതപ്പാത





ഇത്തിരി നേരം കളിക്കാം നമുക്കെന്നു
ചേലയിൽ തൂങ്ങികൊഞ്ചുന്നു കുട്ടൻ
കുട്ടാ, നേരമില്ലൊട്ടുമിപ്പോളെന്നു
മെല്ലെയാ കുഞ്ഞിക്കൈകൾ ഞാനടർത്തി
കുളിച്ചില്ല, കുപ്പായമിട്ടില്ല, പുസ്തകസഞ്ചി
കാണുന്നില്ലെനിക്കു പാലു വേണ്ട
നേരമേറെയായ് വണ്ടിയിപ്പോഴെത്തും
അമ്മിണി മുഖം കറുപ്പിച്ചു നില്ക്കുന്നു
ഉച്ചയൂണിനു പൊതി കെട്ടണമച്ഛനു
പൊട്ടിയ കുടുക്കൊന്നു തുന്നിപ്പിടിപ്പിക്കണം
കണ്ണടയെവിടെ, കൈലേസു കാണുന്നില്ല
എട്ടിന്റെ ഫാസ്റ്റിന്നു കിട്ടില്ല നിശ്ചയം
വട്ടം തിരിഞ്ഞും തലങ്ങു വിലങ്ങോടിയും
ശ്വാസം വിടാനമ്മയ്ക്കു നേരമില്ല
ദൈവമേ! കനിഞ്ഞു നീ കടം തരുമോ
കൈകൾ രണ്ടും , ഇത്തിരി നേരവും
പണികളെല്ലമൊതുക്കീ അമ്മയെത്തി
കുട്ടാ, വരിക നമുക്കിത്തിരി കളിക്കാം
പിന്നെ കുളിപ്പിച്ചു ചോറു നല്കി
കഥയൊന്നു ചൊല്ലി ചായുറക്കി
നാളുകളോടി മറഞ്ഞതറിഞ്ഞില്ലമ്മ
കണ്ണുകൾ മിഴിച്ചമ്പരന്നു നിന്നു
ചമയങ്ങൾ സ്വയം ചാർത്തിയിറങ്ങുന്നു
അമ്മിണി കലാശാലയിൽ പോകുന്നു
കുട്ടനോ കൂട്ടുകാരേറെയുണ്ടിപ്പോൾ
അമ്മയ്ക്കു ക്രിക്കറ്റ്, ഫൂട്ബാൾ വല്ലതുമറിയുമോ
കഥകൾ ചൊല്ലുവാൻ പുസ്തകങ്ങളും
താളുകൾ മറയുന്നിതൊന്നൊന്നായി
അമ്മിണി മുതിർന്നു പോയ് കുട്ടികളും
പതിയുമൊത്തു കഴിയുന്നു ദൂരെ സുഖമായ്
കുട്ടനും ദൂരെയായ് ജോലിയും കുടുംബവും
വാഴ്വൂ സുഖമായ് കടൽ കടന്നക്കരെ
അമ്മയ്ക്കില്ല തിരക്കൊട്ടുമിപ്പോൾ
പകലിന്നു നീളമേറെ നീണ്ടു പോയ്
ഉഴക്കരി വേവിക്കണം രണ്ടൂ പേർക്കായി
ചെയ്യുവാൻ ജോലി മറ്റൊന്നുമില്ല
മനസ്സിൽ മൌഢ്യം വന്നു കയറാതെ
നോക്കുവാനമ്മ പാടു പെടുന്നു
തുന്നലും വരയും പൊടി തുടച്ചെടുക്കുന്നു
തേടുന്നു പുസ്തകങ്ങൾ പലവിധം
കടലാസും  പേനയുമെടുക്കുന്നു കയ്യിൽ
സാഹസങ്ങൾ പലതും കുത്തിക്കുറിക്കുന്നു
നാളുകൾ നീങ്ങുന്നു വഴി പോലെ
കാലചക്രമുരുളുന്നു ത്വരിതമായ്
അനായാസേന മരണം , വിനാ ദൈന്യേന ജീവനം
മന്ത്രമുരുക്കഴിക്കുന്നിതമ്മ നിത്യവും.


(piccourtesy: http://brokenheartsanonymous.files.wordpress.com/2013/07/portraitsilhouettewindowwoman-765bfbc1be46ff78cdd80e2329ff7315_h.jpg)


Sunday, June 30, 2013

പ്രഭാതം



കണ്ണിന്നിമ്പമേകുന്നൊരു മയിൽ
കർണ്ണകഠോരം കേകാരവമോടെ
ചാലിട്ടു ലാത്തുന്നുണ്ടങ്ങുമിങ്ങും
കുറ്റിച്ചെടിമറക്കുള്ളിലായ്
കണ്ണീൽ പ്പെടുമോ കൌതുകമൊടു
നിഷ്ഫലം തെല്ലു ഞാൻ നോക്കിനിന്നു
കാഴ്ച്ചവട്ടത്തു വന്നില്ലചെടികൾതൻ
മറവിൽ ഒളിച്ചു കളിക്കയത്രെ.


“ഊം എന്നു മൂളുന്നൊരു മൂങ്ങ
അങ്ങേ മരത്തിൻ കൊമ്പത്തിരുന്നു
പ്രഭാതത്തിലല്ലോമുടങ്ങാതെ
തൊണ്ടതൻ സാധകം ചെയ്തിടേണ്ടൂ.
കാണുന്നതില്ലതിനേയും ഘോരം
പുറപ്പെടും മൂളൽ മാത്രം


കലപില കളനാദം പൊഴിച്ചു
കുഞ്ഞുകിളികൾ തിടുക്കമായി
ചില്ലകളിൽ വന്നിരുന്നും പറന്നും
താണിറങ്ങിത്താഴെ മണ്ണിൽ വന്നും
തത്തി,തത്തി നടന്നും കൊത്തി-
പ്പെറുക്കുകയാണന്നത്തെയന്നം


കോലാഹലം മുഴക്കുന്നു കാക്കകൾ
കാകാരവം, മേലെ വാനത്തിൽ
ചിറകുകൾ വീശി ആയത്തിൽ
വേഗം പറന്നു ദൂരെ മറയുന്നു.


ഛിൽ,ഛിൽ ചിലച്ചു ബഹളമായ്
കൂടെ വരുന്നു ഞാനെന്നൊരണ്ണാൻ
മതിലിന്മുകളിലും, മേല്ക്കൂരതന്നിലും
കലപിലയോടി തലങ്ങും വിലങ്ങും
കണ്ടതെല്ലാം വാരി കുഞ്ഞിക്കയ്യിലെടുത്തു
വായിൽ നിറച്ചു വാലിളക്കി
കൂട്ടരുമായ്ക്കളിയാടിടുന്നു
കൌതുകമേറുന്നു നോക്കിനില്ക്കാൻ


പ്രഭാതഭേരി ഈവിധം ചുറ്റിലും
മെല്ലെപ്പരക്കുന്നു,വെളിച്ചമായി
കുഞ്ഞിളംകാറ്റൊന്നു വീശി പതുക്കെ
മെയ്യിൽത്തലോടി മനം കുളിർപ്പിച്ചു
കുശലങ്ങളോതി ഉല്ലാസമായ്
ചാഞ്ചാടിയാടിക്കടന്നു പോയി


രണ്ടുനാലു കാലികളുണ്ടലഞ്ഞു നടക്കുന്നു
എങ്ങെങ്കിലുമുണ്ടോ പുല്ക്കൊടിത്തൂമ്പുകൾ?
വെള്ളക്കുടങ്ങളും ഒക്കിലേന്തി
മന്ദമായ് നടന്നു മങ്കമാരും
സൌമ്യമായ്, ശാന്തമായ് നീങ്ങും പുലരിയിൽ
ചൂളം വിളിച്ചലറിപ്പഞ്ഞിതാ
ലക്ഷ്യവും നോക്കി ഓടി അണയുന്നു
കടകടാഘോഷമോടൊരു തീവണ്ടി.
ചക്രം തിരിഞ്ഞു ചലിക്കുന്നു നിത്യവും
കാലരഥം തെറ്റാതെയഭംഗുരം


Saturday, June 29, 2013

പ്രണയം.



സൌമ്യമായൊഴുകും പുഴപോൽ
സ്നേഹമയിയാം അമ്മയെപ്പോൽ
കാരുണ്ണ്യാമൃതമായ് പൊഴിയുന്നു
സ്നിഗ്ധമായൊഴുകുന്നിതെൻ പ്രണയം


കുതിച്ചാർത്തുവരും മാരിയെപ്പോൽ
കണ്ണുകൾ ചിന്നും മിന്നലൊളിപോൽ
പ്രചണ്ഡാരവമോടെ പതിക്കുന്നു
തീവ്രമാം വർഷമെന്നപോലെൻ പ്രണയം


ഉഷ്ണജ്വാലയായ് തപിപ്പിക്കും
തീഷ്ണമാം സൂര്യാതപം പോൽ
ആലസ്യത്തിൽ മയക്കും ശ്രാന്തി പോൽ
തിളക്കുന്നിതെന്നിൽ പ്രണയം


മന്ദമായ് വീശും ചെറുകാറ്റുപോൽ
ഊയലാട്ടും തളിർക്കരങ്ങൾ പോൽ
സുഗന്ധം പരത്തും വസന്തം പോൽ
മെല്ലെ പരക്കുന്നിതെന്നിൽ പ്രണയം


കോരിത്തരിപ്പിക്കും തുഷാരബിന്ദുപോൽ
ശീതം  വിതറും കുളിർമഞ്ഞു പോൽ
പട്ടുനൂലായ് പൊഴിയും ഹിമകണം പോൽ
മൂടിപ്പുതപ്പിക്കുന്നിതെൻ പ്രണയം


പ്രണയത്തിൽ മുങ്ങി പ്രണയമയിയായ്
പ്രപഞ്ചം നിറയും സ്നേഹസാഗരമായ്
പ്രണയത്തിലലിഞ്ഞലിഞ്ഞു ഞാൻ

പ്രണയസ്വരൂപമായ് തീരുന്നു ഞാൻ.


(pic courtesy: http://www.ifimages.com/photos/8iJ4E6djdeHPsNd0djEIcUNDsQA/author-519/Golden-Lemon-Kitts-Wind-Blowing.jpg)

Friday, November 18, 2011

വര്‍ണ്ണ ശകലങ്ങള്‍

ചുറ്റും കാണുന്ന കാഴ്ച്ചകള് , അലസനിമിഷങ്ങളില്‍ മനസ്സിലുണരുന്ന ചിന്തകള്‍ എല്ലാം അപ്പപ്പോള്‍ താളില്‍ പകര്‍ന്നപ്പോള്‍:

1. പെയ്തു തോര്‍ന്ന മഴയില്‍ കുളിച്ചു തുവര്‍ത്തി തിളങ്ങുന്ന പച്ചപ്പട്ടു പരവതാനിയില്‍ അങ്ങിങ്ങായി കൊളുത്തി വെച്ച കൊച്ചു ചിരാതുകള്‍ പോലെ മഞ്ഞ പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു...

2. ജനലില്‍ക്കൂടി നോക്കുമ്പോള്‍ ചുറ്റുപാടും തളിര്‍ത്തും പൂത്തും നില്‍ക്കുന്ന മരങ്ങള്‍ക്കിടയില്‍ രണ്ടു മരങ്ങള്‍ മാത്രം ഉണങ്ങി പൊട്ടിത്തെറിച്ച് അവശേഷിച്ച കായ്ത്തൊണ്ടുകളും പേറി നിര്‍ജീവമായി നില്‍ക്കുന്നതെന്തേ എന്ന ആശ്ചര്യത്തിലായിരുന്നു ഞാന്‍. ഹാവൂ!അവയിലും കുഞ്ഞുതളിരുകള്‍ കൂമ്പി വരുവാന്‍ തുടങ്ങിയിരിക്കുന്നു.

3. പടഹ ഘോഷ്ങ്ങളില്ല, മിന്നല്പിണരുകളില്ല, മഴ നൂലുകള്‍ മാനത്തു നിന്നും പൊഴിയുന്നു.

4. മൂന്നു കിളികള്‍ ഒത്തൊരുന്മിച്ചു

ധാന്യ മണികള്‍

ഒന്നൊന്നായി കൊത്തിയെടുത്തു

തത്തി തത്തി പാറിയിറങ്ങി

5. അച്ചടക്കത്തോടുകൂടിയും , വരിതെറ്റാതെയും , ഭാരം ചുമന്നും. എതിരെ വരുന്നവരോടു കുശലം പറഞ്ഞും ധൃതിയില്‍ ദൂരേ ദൂരേക്കു...

6. ശാന്തമായി പരന്നു കിടക്കുന്ന വിണ്‍കടലില്‍ തോണിക്കാരനില്ലാതെ അലസം നീങ്ങുന്ന ഒരു വെണ്മുകില്‍ തോണി.

7. മന്ദ്രമധുരമായി ശ്രുതിശുദ്ധമായി ത്രിസ്ഥാനങ്ങളില്‍ തൊട്ടു ഓംകാരധ്വനി ഒഴുകിപരക്കുന്നു.

8. സാന്ധ്യാകാശം സിന്ദ്ദൂരച്ഛവി പൂണ്ടുനില്‍ക്കുന്നു. ഗേറ്റിനുമുകളിലെ കമ്പിയില്‍ നാലഞ്ചു കുഞ്ഞിപ്പക്ഷികള്‍ പലവഴിയായി പറന്നെത്തി. തമ്മില്‍ എന്തൊക്കെയോ പറയാന്‍ തുടങ്ങി. അന്നത്തെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണോ?അതിലൊന്നു പെട്ടെന്നുഒരു നിമിഷം മൌനമായി ഇരുന്നു വേഗത്തില്‍ പറന്നു പോയി. കൂട്ടില്‍ തന്നെ കാത്തിരിക്കുന്ന കുഞ്ഞുമക്കളെ ഓര്‍ത്തിരിക്കാം.

9. ഉമ്മറത്തു തൂക്കിയ കുടമണി കിലുങ്ങിയപ്പോള്‍ അതിഥിയാരെന്നു അറിയാന്‍ ഓടിച്ചെന്നു. വിശിഷ്ടാതിഥി തന്നെ. നിറപ്പകിട്ടും നീളന്‍ വാലുമുള്ള സുന്ദരന്‍ കിളി ജിജ്ഞാസയോടെ മണിനാക്കില്‍ കെട്ടിയ ചരടു കൊക്കുകൊണ്ടാഞ്ഞു വലിക്കുകയാണു.

10. ജനിച്ചനിമിഷം മുതല്‍ വേര്‍പിരിയാത്ത കൂട്ടുകാരി! എനിക്കു ചുറ്റും വലയം തീര്‍ത്തു അലയാനാണല്ലോ നിന്റ്റെ നിയോഗം. എന്നിലെ ചൈതന്യം നശിച്ചാല്‍ , തിരി കെട്ടാല്‍ നിനക്കു മോചനമായി.

Friday, October 21, 2011

ഒരുകുട്ടിപ്പാട്ട്


പച്ചിലച്ചാറ്ത്തിന്നിടയില്‍ മിന്നും

വെള്ളിപ്പൂക്കള്‍ കൊഴിഞ്ഞല്ലോ

ചില്ലകള്‍തോറും നീളന്‍ കായകള്‍

തോരണമണിഞ്ഞു നില്‍പ്പല്ലോ

പിന്മുറ്റത്താ മരവും നോക്കി

നിശ്ചലയായി ഇരിപ്പൂ ഞാന്‍

തത്തി തത്തിയടുത്തെത്തീ കലപില-

ചിലച്ചൊരു കിളിപ്പൈതല്‍

എന്തേയിങ്ങനെ ഇരിപ്പൂ മൌനം

മാനവും നോക്കി കിളീയാരാഞ്ഞു

കൌതുകമോടെ സ്വാഗതമോതി

നിര്‍ഭയമണയും കിളിയോടായ് ഞാന്‍

ഒരുപിടി ധാന്യം കയ്യിലെടുത്തു

കിളിക്കുമുന്നില്‍ വിതറീ ഞാന്‍

മണികളോരോന്നായ് കൊത്തിയെടുത്തു

ചാരത്തെത്തീ കിളീക്കുഞ്ഞു

നന്ദിയെഴുന്നൊരു മിഴികളുയറ്ത്തി

യാത്ര പറഞ്ഞു കിളിക്കുഞ്ഞു

നേരം മങ്ങീ സന്ധ്യയണഞ്ഞൂ

നാളെക്കാണാമെന്നോതീ

വന്നതുപോലേ മന്ദം മന്ദം

വാനിലുയറ്ന്നൂ കിളിക്കുഞ്ഞു!


Friday, November 12, 2010

ദാഹജലം

ശുഷ്കിച്ചു നീണ്ടൂള്ള കൈകള്‍ വിരിച്ചു
ദാഹാര്‍ത്തമായാലസ്യമാര്‍ന്നു മങ്ങീ
നിശ്ശബ്ദമായ്,നിര്‍വികാരമായ് നില്‍ക്കുന്നൂ
ചില്ലയൊന്നിറുന്നുവീഴുവാനൊരുങ്ങി


മൃദുസാന്ത്വനമൊന്നു കാതില്‍ മന്ദമായ്
മൊഴിയുവാനില്ലൊരു തളിര്‍ക്കുരുന്നുപോലും
ചെറുകാറ്റിലൂടെത്തും മര്‍മ്മരങ്ങളായ്
കേള്‍ക്കുവാനില്ലൊരു ചെല്ലച്ചിരിയൊച്ചയും


ഇറ്റുനീരിനായ് തേടി തലങ്ങും വിലങ്ങുമായ്
നനവറ്റ ഭൂമിയിലലയുന്നു വേരുകള്‍
അഗാധമാം ഉള്‍ത്തളങ്ങളിലെങ്ങോ
ആണ്ടൂപോയ് ധാത്ത്രിതന്‍ വാത്സല്യപീയുഷം


താതനാം കര്‍മസാക്ഷിതന്‍ കിരണങ്ങള്‍
ശിരസ്സിന്മുകളിലെരിയുന്നു ക്രുദ്ധമായ്
ക്രൂരമീദണ്ടനമെന്തിനെന്നറിയാതെ
വേപഥു പൂണ്ടു നില്‍ക്കുന്നൊരുമാമരം.

Friday, September 24, 2010

ഓണം- കാലങ്ങളിലൂടെ

ഇക്കൊല്ലവും ഞങ്ങളുടെ വായനശാലയിലെ വനിതാവിഭാഗം ഓണം കേമമായി ആഘോഷിക്കുകയുണ്ടായി. വിശിഷ്ടാതിഥികളെ ക്ഷണിച്ചു. കൈകൊട്ടിക്കളി, ഓണപ്പാട്ടുകള്‍, പൂവിടല്‍ തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരുന്നു. സംഘാംഗങ്ങള്‍ സ്വന്തം വീടുകളില്‍ പാകം ചെയ്തു കൊണ്ടു വന്ന ഓണവിഭവങ്ങള്‍ വിളംബിയ സദ്യയോടുകൂടിയാണ് ആഘോഷം സമാപിച്ചത്.കൂട്ടത്തില്‍ സംഘാംങ്ങളുടെ സൃഷ്ടികള്‍ ചേര്‍ത്ത് ഒരു വിശേഷാല്‍പ്രതിയും ഒരുക്കി. അതിലേക്കു എന്തെങ്കിലും ഒന്നെഴുതണമെന്ന ആവശ്യം വന്നപ്പോള്‍ എന്തു വേണം എന്ന ആലോചനയിലായി. വിഷയം ഓണം തന്നെയാകുന്നതാണ് ഭംഗി എന്ന അഭിപ്രായവും കൂടി ആയപ്പോള്‍ ഒരുചുറ്റുമതില്‍ക്കെട്ടിനുള്ളില്‍പ്പെട്ടതുപോലെയും ആയി.അങ്ങിനെ എന്‍റെ പഴയ ഓണക്കാലത്തേക്കു മനസ്സിനെ ഒന്നു പിന്നോക്കം നടത്താമെന്നു കരുതി.

എന്‍റെ കുട്ടിക്കാലത്ത് ഓണം തീര്‍ത്തും ഒരു ഗാര്‍ഹികാഘോഷമായിരുന്നു. സമപ്രായക്കാരായ കുട്ടികള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഒരു ഉത്സവം തന്നെയായിരിക്കും. പൂവിടല്‍, മാതേവരെ വെക്കല്‍, ഓണസദ്യ എല്ലാംപതിവാണ്. എന്‍റെ കുട്ടിക്കാലം മിക്കവാറും ഞാന്‍ ചെറിയമ്മയുടേയും കുടുംബത്തിന്‍റെ‍യും കൂടെയായിരുന്നു. അമ്മമ്മയും ഉണ്ട്. ചെറിയമ്മയ്ക്ക് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഞാന്‍ അവരുടെ മകള്‍ തന്നെയാണ് അന്നും ഇന്നും. ചെറിയമ്മയുടെ അഞ്ച് ആണ്മക്കള്‍ .എല്ലാവരും എന്നില്‍ താഴെ. ഒന്നാമത് മൂത്ത പെണ്‍കുട്ടി, പിന്നെ താഴെയുള്ളവരെയെല്ലാം നോക്കേണ്ട ചുമതലയും. ,കുട്ടിക്കളിയും ബഹളംവെപ്പും ഒന്നും അനുവദനീയമല്ല. എങ്കിലും സഹോദരന്മാരോടൊത്തു പൂക്കള്‍ പറിക്കാനും, പൂവിടാനും ഒക്കെ ഉത്സാഹമായി കൂടാറുണ്ട്. വിശാലമായ തൊടിയില്‍ തന്നെ ധാരാളം പൂക്കള്‍‍ ഉള്ളതുകൊണ്ടു പൂവിനു ക്ഷാമം തീരെയില്ല. ഓരോദിവസവും മാറിമാറി പല വലുപ്പത്തിലും ആകൃതിയിലും പൂവിടുന്നതു വലിയ ആഹ്ലാദമായിരുന്നു. തൃക്കാക്കരാപ്പനെ വെക്കും. ഇതിനെല്ലാം വലിയ ഉത്സാഹത്തോടെ ചെറിയമ്മയും ഒപ്പമുണ്ടാകും. സദ്യ കേമം തന്നെയാകും. വീട്ടുപണിക്ക് അകത്തും , പുറത്തും സഹായിക്കുന്നവര്‍ക്കു സദ്യ നല്‍കും. താമസം തൃപ്പൂണിത്തുറയിലായിരുന്നു. അവിടത്തെ അത്തച്ചമയ ഘോഷയാത്ര പ്രസിദ്ധമാണല്ലൊ.പടിക്കല്‍ കൂടീ കടന്നു പോകുന്ന ഘോഷയാത്ര കാണാന്‍ ഞങ്ങളും ചെന്നു നില്‍ക്കും. ഓണപ്പുടവയെപ്പറ്റി ഓര്‍മിക്കത്തക്കതായി ഒന്നുമില്ല. അമ്മമ്മയും , ചെറിയമ്മയും , ഞാനും മാത്രമാണു സ്ത്രീപ്രജകള്‍ എന്നതുകൊണ്ട് കൈകൊട്ടിക്കളിയുടേയും പ്രസക്തിയില്ല.

അച്ഛനമ്മമാരുടെ കൂടെയുള്ള ഓണം!. വളരെ വിരളമായ അവസരമായിരുന്നു അത്. പൂവിടലോ, മാതേവരെ വെക്കലോ ഒന്നും പതിവില്ല. സദ്യയും ഓണപ്പുടവയും തീര്‍ച്ചയായും ഉണ്ട്. കേരളത്തിലെ ഒരു പ്രസിദ്ധ ആയുര്‍വേദ സ്ഥാപനത്തില്‍‍ പ്രധാന വൈദ്യനായിരുന്നു എന്‍റെ അച്ഛന്‍ . വൈദ്യശാല ഇന്നത്തെയത്ര ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞിരുന്നില്ല അന്ന്. അതുകൊണ്ടുതന്നെ വൈദ്യശാല ഞങ്ങളുടെ വീടും , ജീവനക്കാര്‍ കുടുംബാംഗങ്ങളും എന്നപോലെയാണ് കഴിഞ്ഞിരുന്നത്. എല്ലാവര്‍ക്കും മുതിര്‍ന്ന കാരണവര്‍ അച്ഛന്‍ തന്നെ. എന്തെങ്കിലും കാരണം കൊണ്ടു ഓണക്കാലത്ത് നാട്ടില്‍ പോകാന്‍ കഴിയാത്ത ജീവനക്കാരേയും , അച്ഛന്‍റെ കീഴില്‍ വൈദ്യം പരിശീലിക്കുന്ന വിദ്യാര്‍ത്ഥികളെയും ഒക്കെ ക്ഷണിച്ചു എല്ലാവര്‍ക്കും ഓണസദ്യ നല്‍കുന്ന പതിവു ഉണ്ടായിരു ന്നു. നടപ്പുരയില്‍ ഇലകള്‍ ഇട്ട് എല്ലാവരേയും ഇരുത്തി വിഭവങ്ങള്‍ വീണ്ടും വീണ്ടും വിളംബിച്ച്, തമാശകളും , പൊട്ടിച്ചിരികളുമായി ഊട്ടുന്ന അച്ഛന്‍റെ രൂപം ഇന്നും മനസ്സില്‍ സജീവമായി നില്‍ക്കുന്നുണ്ട്. എനിക്കു ഓര്‍ക്കാന്‍ ഏറെ ഇഷ്ടമുള്ള ഓണസംകല്‍പ്പവും ഇതുതന്നെയാണ്. നിറങ്ങളും , പകിട്ടും ഒക്കെ ഭ്രമിപ്പിക്കുന്ന ആ പ്രായത്തില്‍ ഓണപ്പുടവയായി കിട്ടാറുള്ളത് ഇണപ്പുടവകളാണ്. അതില്‍ വലിയ ആവേശമൊന്നും തോന്നിയിരുന്നില്ല.

ഇന്നത്തെ പെണ്‍കുട്ടികള്‍ കോളേജ് ജീവിതവുമായി ആഹ്ലാദിക്കുന്ന പ്രായത്തില്‍ ഞാന്‍ വിവാഹിതയായി നാടുവിട്ടു. പിന്നീട് ഓണം ആഘോഷിക്കുന്നതിന്‍റെ മട്ടു മുഴുവന്‍ മാറി. തിരുവോണം പലപ്പോഴും പ്രവര്‍ത്തിദിവസങ്ങളിലായിരിക്കും വരുന്നത്. അപ്പോള്‍ ഏറ്റവും അടുത്ത ഒരു ഒഴിവുദിവസമായിരിക്കും ഓണം ആഘോഷിക്കുന്നത്. സദ്യയൊരുക്കി സുഹൃത്തുക്കളെയൊക്കെ വിളിച്ചു ഒന്നിച്ച് ഓണം ആഘോഷിക്കാറുണ്ട്. അന്നേക്കു ഓണം ഗൃഹാന്തരീ‍ക്ഷത്തില്‍ നിന്നും കുറേശ്ശയായി പുറത്തേക്കു കടക്കാന്‍ തുടങ്ങിയിരുന്നു.

പിന്നീട് ഊരുചുറ്റലൊക്കെ കഴിഞ്ഞ് നാട്ടില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ ഞങ്ങളുടെ ഓണം വിവാഹിതയായ മകളുടെ കൂടെയായി. സ്വന്തമായി നടത്തിവരുന്ന ഒരു ആയുര്‍വേദ ഏജെന്‍സി മൂന്നാലു ദിവസം അടച്ചിടാന്‍ അപ്പോഴാണ് സൌകര്യം എന്ന നിലയ്ക്ക് മകളുടെ അടുത്തേക്കു പോകാന്‍ ആ അവസരം ഉപയോഗിക്കുകയാണ് പതിവ്. തമിഴ്നാട്ടില്‍ ആയതുകൊണ്ട് അവിടെയും ഓണം പ്രവര്‍ത്തിദിവസംതന്നെ. എങ്കിലും മരുമകന്‍ അവധിയെടുക്കും. . ഓണവിഭവങ്ങളൊക്കെ ഒരുക്കി അവര്‍ രണ്ടുപേരും കൂടി അയല്‍ക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഒക്കെ കൊണ്ടുപോയി കൊടുക്കും. മരുമകന്‍റെ അമ്മയും അമ്മമ്മയും ഒക്കെ അവിടെത്തന്നെയാണ്. അവര്‍ മുറ്റത്ത് പൂവിടാറുണ്ട്. മാതേവരെ വെക്കാറുണ്ട്.

ഇങ്ങിനെ പല ഘട്ടങ്ങളില്‍ പലതരത്തില്‍ ഞങ്ങള്‍ ഓണം ആഘോഷിച്ചു. ഇന്ന് ഓണം സംഘടനകള്‍, വായനശാലകള്‍ തുടങ്ങി ഒരു സമൂഹം ചേര്‍ന്നു ആഘോഷിക്കുന്നു. നല്ലതുതന്നെ. വീടുകളില്‍ മിക്കവാറും എല്ലാവരും T.V. യുടെ മുന്‍പിലായിരിക്കും. പൂവിടല്‍, കൈകൊട്ടിക്കളി തുടങ്ങിയവയെല്ലാം ചാനലുകാര്‍ നടത്തിക്കോളും. വിശേഷിച്ച് പുതിയ സിനിമകള്‍ , നടീ നടന്മാരുടെ അഭിമുഖം അങ്ങിനെ വേറെയും. ഓണസദ്യയ്ക്കു അങ്ങിനെയൊരു സൌകര്യമില്ലെന്നു വിഷമിക്കാനില്ല. വിഭവസ്മൃദ്ധമായ ഓണസദ്യ ഏറ്റെടുത്തു വിളംബുന്നവര്‍ ഇന്ന് നാട്ടിന്‍പുറങ്ങളില്‍ പോലും സുലഭമാണ്.

കാലം മാറുന്നതിനനുസരിച്ചു മറ്റെല്ലാകാര്യങ്ങളേയും പോലെ അഘോഷരീതികളും മാറാതെ തരമില്ല. ആഘോഷങ്ങളെല്ലാം മനുഷ്യര്‍ക്ക് ദു:ഖം മറന്നു ആഹ്ലാദിക്കാനുള്ള അവസരങ്ങളാണ്. പ്രത്യേകിച്ചും ഓണക്കാലം, മാനുഷരെല്ലാം ഒന്നിച്ചു ഒരുമയോടെ ആഹ്ലാദിക്കാന്‍ ആഹ്വാനം ചെയ്യുന്നു. ഈ ഓണക്കാലം വൈരാഗ്യവും , സ്പര്‍ദ്ധയും, വെറുപ്പും ഒക്കെ മാറ്റിവെച്ചു എല്ലാവിധ വേറുവിത്യാസങ്ങളും ഉപേക്ഷിച്ച് എല്ലാവരുമൊരുമിച്ച് നമുക്ക് ഉല്ലസിക്കാം.